കാക്കയും മുയലും
(കുട്ടിക്കഥ)
കുഞ്ഞുമക്കളെ അരികിൽ വിളിച്ച് അമ്മൂമ്മ കഥപറഞ്ഞു,”അന്നൊരുനാളിൽ ഒരുമുയൽ ആ കാട്ടിൽ നിന്നിരുന്നമരത്തിന്റെ ചുവട്ടിലൊരു മാളമുണ്ടാക്കി. മരത്തിന്റെ മുകളിൽ ഒരുകാക്കക്കൂടുണ്ടായിരുന്നു.
അതിൽ കാകനും കാകിയും സന്തോഷത്തോടെ പാർത്തിരുന്നു. അവർക്ക് വിരിഞ്ഞിട്ട് അധികമാകാത്ത കുഞ്ഞിക്കാക്കകളും ഉണ്ടായിരുന്നു. അച്ഛനും അമ്മയും മാറിമാറി ആഹാരം ശേഖരിച്ച് മക്കൾക്ക് നൽകിയിരുന്നു.
ഒരു ദിവസം കാക്ക കൂട്ടിൽ നിന്നും പുറത്തുവന്നപ്പോൾ ഒരുമുയലു താഴെ മരച്ചുവട്ടിൽ അവന്റെ മാളമുണ്ടാക്കിയതു കണ്ടു. അവൾക്കതിഷ്ടപ്പെട്ടില്ല.ഏറെനാൾ താമസമാക്കിയിരുന്നമരം അവൾക്കും അവളുടെ ആൺകാക്കയ്ക്കും കുഞ്ഞുങ്ങൾക്കും മാത്രമുള്ളതാക്കിമാറ്റിയവൾ,”എടാ!മുയലേ! ഇത്രേം വല്യകാട്ടിൽ ഇവിടംമാത്രേ മാളംവയ്ക്കാൻ നീ കണ്ടൊള്ളോ?’
“ലോകമെല്ലാവർക്കുകൂടിയല്ലേ? ആർക്കുമെവിടേയും വീടൊണ്ടാക്കാം. മറ്റൊള്ളൊരെ ശല്യപ്പെടുത്തരുതെന്നുമാത്രം,”മുയൽ.
കാക്ക ദേഷ്യത്തിൽ നോക്കിയിട്ടു അതുപറ്റില്ലെന്നും വേഗം അവിടെനിന്നും മാറിപ്പോകണമെന്നും പറഞ്ഞുപറന്നുപോയി.മുയലനങ്ങിയില്ല, വഴക്കിടാനും പോയില്ല.പലദിവസവും പെൺകാക്ക മുയലിനെ രൂക്ഷമായിനോക്കിക്കടന്നുപോകും.
ഒരുദിവസം ആൺകാക്കകൂട്ടിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന നാലിലൊരുകുഞ്ഞിനെ കാണാനില്ല. അവൻ വെപ്രാളത്തിൽ അവിടവിടെ പറന്നുനടന്നു. പിന്നീടവൻ ഏറ്റവുമടുത്തുള്ളതുമുയലായതിനാൽ അതിനോടു ചോദിക്കാൻചെന്നു. മുയലു കാക്കക്കുഞ്ഞിന്റെ മുറിവിൽകമ്മ്യൂണിസ്റ്റുചെടിയുടെനീരുപുരട്ടി അതിനെ ശുശ്രൂഷിക്കുന്നു. കുഞ്ഞുതാഴെ വീണിരുന്നു.
പെൺകാക്കപറന്നുവന്നു കാഴ്ച കണ്ടു. കുറ്റംചെയ്തവളെപ്പേലെ അവൾ പറഞ്ഞു,”ക്ഷമിക്കണം മുയൽചേട്ടാ. അറിവില്ലാതെ എന്തൊക്കയോ പറഞ്ഞു. ഇനിയെന്നും നമ്മൾ കൂട്ടുകാരായിരിക്കും.ഇവിടെ താമസിച്ചാൽ മതി. എങ്ങുംപോകരുത്. മുയലിനും കാക്കയ്ക്കും സന്തോഷമായി.
ഈകഥയിൽ നിന്നെന്തു മനസ്സിലാക്കി നിങ്ങൾ?
“അടുത്തുള്ളവർ സഹായിക്കും,” ഒരുകുട്ടി.
“ആരേം ചെറുതായിക്കാണരുത്,” രണ്ടാമൻ.
“ഈ ലേകത്തെവിടെയും ആർക്കും താമസിക്കാം,” മൂന്നാമൻ.
“ആപത്തിൽ സഹായിക്കണം,” കൂട്ടത്തിലെ ഒരേയൊരു പെൺകുട്ടി.
നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്. ആരോടും വഴക്കിടരുതെന്നും ശല്യത്തിനുവന്നാൽ മാറിപ്പോകണമെന്നും മക്കളോടു മാതാപിതാക്കൾക്കുള്ള സ്നേഹം വലുതെന്നും ഈ കഥയിൽ നമുക്കുകാണാം.
ഇനിപോയി ഉറങ്ങ്. നാളെ അമ്മൂമ്മ വേറെകഥ പറയാം.”
Comments
Post a Comment