അവൾ സുധീര!
അവൾ സുധീര! സുധീര ചിന്തയുടെ മൺവെട്ടിവച്ച് തന്റെ ചെറുജീവിതമൊന്നു കുഴിച്ചുനോക്കി. പലതും കൺമുന്നിൽ,അല്ല മനക്കണ്ണിൽ ഷാൻലിയർ വിളക്കിന്റെ വെളിച്ചത്തിൽ കാണുംപോലെ തെളിഞ്ഞുനിന്നു.
അവൾ മിടുക്കിയായിരുന്നു. ധീരയായിരുന്നു. നല്ലവർക്കും പ്രയാസമുള്ളവർക്കും അവൾ സഹായിയായ മിത്രവും, അല്ലാത്തവർക്ക് അവളൊരു പ്രഹേളികയുമായിരുന്നു.
സുധീര കാണാനാത്രയൊന്നും സുന്ദരിയല്ല, കഥപറയുന്ന, ആരും ഒന്ന് ശ്രദ്ധിക്കുന്ന കണ്ണുകൾ അവളുടെ സ്വത്തായിരുന്നു. പഠനത്തേയും ചിത്രകലയേയും അവൾ വരുതിയിലാക്കിയിരുന്നു. അവകൾ ശ്രമിച്ചാലും അവളെ തോൽപ്പിക്കുക അത്ര എളുപ്പമല്ല. കൈയടികൾ അവളുടെ സ്കൂൾ ജീവിതത്തിൽ മുഴങ്ങിനിന്നു.
അച്ഛനുമമ്മയും സാമ്പത്തിക ഭദ്രതയുയരത്തിൽ നില്കുന്നവരല്ലെങ്കിലും സുധീരയുടെ നൈപുണ്യംകൊണ്ടും, നാമം അർത്ഥവത്താക്കുംവിധം ധൈര്യംകൊണ്ടും ഭദ്രമായൊരു സ്ഥാനം അവൾ സ്കൂളിൽ നേടിയെടുത്തു. അനീതിക്കുത്തരം ചാട്ടുളിപോലെ, ന്യായം അവളുടെ വാക്കുകൾ കൊണ്ടുള്ള തലോടൽ കൈക്കലാക്കിയിരുന്നു.
പത്താം ക്‌ളാസ്സിലെത്തിയാൽ ചിലർ കലയോടു 'ബൈ' പറയും. പക്ഷെ സുധീരയ്ക്കു പഠനവും കലയും രണ്ടു കണ്ണുകൾ പോലെയായിരുന്നു. ഇത്രയൊക്കയാണവളെങ്കിലും, ഇവിടെ കാണാൻപോകുന്ന ചിത്രം തികച്ചും വേറിട്ടതുതന്നെ.
ഇന്ന് അവൾക്കു രാത്രി-രാത്രി അല്പം കാഴ്ചയ്ക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നോന്നൊരു സംശയം.സംശയമല്ല, വസ്തുതയാണ്. എന്നാലും അവൾ സുധീരമായി കാര്യങ്ങൾ ഭംഗിയാക്കി. എന്നാൽ വിധി സുധീരയോട് ക്രൂരത കാട്ടി മുന്നേറിക്കൊണ്ടിരുന്നു. തെളിച്ചമേറെയുള്ള പ്രകാശവും അവളുടെ കണ്ണുകളിലെ പ്രകാശത്തെ പ്രയാസപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.
സുധീരയ്ക്ക് കൗമാരം വിരുന്നുവന്ന് സ്വപ്‌നങ്ങൾ നെയ്യുന്ന പ്രായം. വർണ്ണക്കാഴ്ചകൾ മനം മയക്കേണ്ട സമയം. താൽക്കാലികപ്രശ്നമെന്നു കരുതിയ, പ്രിയപ്പെട്ടവർക്കു വൈഷമ്യം നൽകിയ, അവളുടെ വൈഷമ്യം വളരാൻ തുടങ്ങി. മാതാപിതാക്കൾ അവളെ ഒരു പ്രശസ്ത കണ്ണുഡോക്ടറെ കാണിച്ചു. ‘കോമ്പ്രീഹെൻസീവ് ഇലെക്ട്രോറെറ്റിനോഗ്രാം’, ചെയ്ത്, മറ്റുപരിശോധനകളും ചെയ്തശേഷം അവരുടെ മനസ്സിൽ തീ കോരിയിട്ടുകൊണ്ടു അവളുടെ രോഗവിവരം അദ്ദേഹം വെളിപ്പെടുത്തി.
" ഇത് 'റെറ്റിനൈറ്റിസ് പിഗ്മെന്റോസ' എന്ന രോഗമാണ്. ഇതിന്റെ കാരണം കൂടുതലും ജനറ്റിക്കലാണ്. പിന്നെ ജീനിനു പരിവർത്തനം വരുന്നതുകൊണ്ടുമുണ്ടാകാം.”
വിതുമ്പലടക്കി അമ്മ രുഗ്മിണി പറഞ്ഞു, " ഞങ്ങളുടെ അറിവിൽ കുടുംബത്തിൽ ആരുമങ്ങനെയില്ല. കാഴ്ചയ്ക്കു കുഴപ്പം വരുമോ ഡോക്ടർ? "
"കുഴപ്പം ... വരാം. പതുക്കെ സൈഡ് വിഷൻ നഷ്ടമാകാം, പിന്നെ നടുഭാഗം കൊണ്ട് കാണാനേ പറ്റൂ. ഇതിനു ടണൽ വിഷൻ എന്നു പറയും. എന്തായാലും നമുക്ക് ട്രീറ്റു ചെയ്തു നോക്കാം. കഴിയുന്നത്രയും പ്രൊട്ടക്ററു ചെയ്യാം."
സുധീരയുടെ കാഴ്ചശക്തി അവളെ ഉപേക്ഷിച്ചുകൊണ്ടേയിരുന്നു. സർക്കാർ കാര്യാലയത്തിൽ ഗുമസ്തരായിരുന്ന അച്ഛനും അമ്മയും ഉള്ളതെല്ലാം നഷ്ടപ്പെടുത്തിയും മകളെ ചികിത്സയ്ക്കു വിധേയയാക്കി. മിടുക്കി ഏതായാലും പത്താം ക്ലാസ് പൂർത്തിയാക്കി, അവൾ പഠനത്തോടു വിട പറഞ്ഞു. വീട്ടിലിരിപ്പായി. ആരേയും കാണേണ്ട. അവളുടെ അടുത്ത കൂട്ടുകാരിയായിരുന്ന അനന്യക്ക് മാത്രം വീട്ടിൽ വന്നു സംസാരിക്കാൻ അനുവാദമുണ്ട്.
സുധീരയുടെ മുഖത്തെ കണ്ണുകൾക്കൊപ്പം മറ്റുരണ്ടുകണ്ണുകളായിരുന്ന കലയും പഠനവും അവളിൽനിന്നുമകന്നു . കലയെന്നു കേൾക്കുമ്പോൾത്തന്നെ അവളിൽ കലി കുടിവയ്ക്കും. മാതാപിതാക്കളുടെ ദുഃഖം ദിനേ ദിനേ വർധിച്ചു വന്നു. എന്തു ചെയ്യേണ്ടു എന്ന ചോദ്യം മുള്ളുപോലെ മനസ്സിൽ കുത്തിക്കയറി.
മരുന്നുകളും ആശുപത്രി സന്ദർശനവുമൊക്കെയായി ദിസങ്ങൾ മാസങ്ങളിലും മാസങ്ങൾ വർഷങ്ങളിലും ചേക്കേറി. പതിനാലു വയസ്സിൽ തുടങ്ങിയ പ്രശ്നം അവൾക്കൊപ്പം വളർന്ന് ഇരുപത്തഞ്ചു വയസ്സായപ്പോഴേക്കും ടണൽ വിഷനായി മാറിക്കൊണ്ടിരിക്കുന്നു. പിന്നീടെന്തു സംഭവിക്കുമെന്ന പ്രവചനം അസാധ്യം.
ഇപ്പോൾ സുധീര തീരെ അധീരയായിരിക്കുന്നു.
അവളുടെ ഒരു അകന്നബന്ധുവായ അമിത് അവരുടെ വീട്ടിൽ അതിഥിയായെത്തി. അയാൾക്ക് പട്ടണത്തിൽ ജോലിയാണ്. പ്രായം മുപ്പത്തേഴ്. എന്തുകൊണ്ടോ വിവാഹിതനാകാൻ കഴിഞ്ഞില്ല. അയാൾ അവളേ വിവാഹം കഴിക്കാനുള്ള ആഗഹം അറിയിച്ചു. മാതാപിതാക്കൾക്കു മനസ്സിൽ വിരിഞ്ഞു വന്ന സന്തോഷത്തിനു സുഗന്ധമേറെ.
അവർ ഉല്ലാസപൂർവ്വം മകളോട് പറഞ്ഞു, " മോളെ നീ ഭാഗ്യവതിയാ, അമിത് നിന്നെ വിവാഹം കഴിച്ചോളാമെന്ന്. അമിത്തിനു പ്രായക്കൂടുതലുണ്ടെങ്കിലും ഞങ്ങളുടെ കാലം കഴിഞ്ഞാൽ നീ വഴിയാധാരമാകില്ല. നിന്നെയോർത്ത് ഞങ്ങക്കെപ്പോഴും സങ്കടമാ മോളെ."
" വേണ്ടാ, കുറെ കഴിയുമ്പോൾ അമിത് ചേട്ടനു ഞാനൊരു ഭാരമാകും, വാഴക്കാകും, മറ്റുള്ളവരുമായി കമ്പാരിസണാകും. അപ്പോഴായിരിക്കും ഞാൻ വഴിയാധാരമാകുന്നത്. "
ഇതെല്ലാം കേട്ട് അയാൾ അവളോട്, " സുധി നിനക്ക് പഠിക്കണമെന്നുണ്ടെങ്കിൽ പഠിക്കാൻ ഞാൻ സൗകര്യമേർപ്പെടുത്താം. ജോലി കിട്ടുമല്ലോ!" എന്ന് പറഞ്ഞു.
"ഒന്നും വേണ്ട ചേട്ടാ, ഞാൻ കുറെ മോട്ടിവേഷണൽ ക്ലാസ് അറ്റൻഡ് ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ ഞാനും തുടങ്ങി ഓൺലൈനിൽ ഒരു മോട്ടിവേഷണൽ ക്ലാസ്സ് . വടക്കേതിലെ അനന്യ എന്നെ ഏറെ സഹായിക്കുന്നുണ്ട്. ഞാൻ എന്റെ വിഷനും മനസ്സിലടച്ചുവച്ച് ഇങ്ങനെ ജീവിച്ചോളാം."
അടുത്ത ചെക്കപ്പിന് ഡോക്ടറുടെ അടുത്തെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു, " ഒരു പക്ഷെ ഇങ്ങനെ കുറേനാൾ തുടർന്നേക്കാം, അല്ലെങ്കിൽ കംപ്ലീറ്റു വിഷനും പോയേക്കാം. "
അനന്യ, " സുധീരേ നീ കൈ വന്ന ഭാഗ്യം തെറിപ്പിക്കല്ലേ. ഞാൻ കല്യാണം കഴിഞ്ഞുപോയാൽ നിനക്ക് കൂട്ടുവേണ്ടേ?”
അനന്യയുടെ നിർബന്ധവും। മാതാപിതാക്കളുട നിസ്സഹായമായ വാക്കുകളും അവളുടെ ദീർഘചിന്തനവും കാരണം വിവാഹിതയാകാനുള്ള ധൈര്യം സുധീരയുടെ കരം കവർന്നു.
അമിത്തിൻറെ സ്‌നേഹപൂർണമായ പെരുമാറ്റം സുധീരയിൽ മാറ്റത്തിൻറെ കാറ്റുവീശി. "നമ്മൾ ചിന്തിച്ചു തീരുമാനമെടുത്താൽ സന്തോഷത്തെ നമുക്ക് കൂടെ കൂട്ടാം," അവൾ ചിന്തിച്ചു.
Comments
Post a Comment