കവർച്ച!
ജ്യോതിഷിനെ പോലീസുകാർ മെഡിക്കൽകോളേജിലെത്തിക്കുമ്പോൾ ആകെ ക്ഷീണിതനായിരുന്നു. ബോധമുണ്ടായിരുന്നുവെന്നേയുള്ളു. ഒന്നും സംസാരിക്കാനുള്ള താക്കത്തില്ലായിരുന്നുവെന്നുതന്നെ പറയാം. നാട്ടിൻപുറത്ത് പണികുറവായിരുന്നതിനാൽ പട്ടിണി ജ്യോതിഷിൻ്റെ കുടുംബത്തിൽ പാർത്തു. പിന്നീടു കുടുംബത്തോടൊപ്പം പട്ടണത്തിലേക്കു ചേക്കേറി. ഒരമ്മയും മകനും മാത്രമുള്ള മാളികേക്കലെ വണ്ടിയോടിക്കലുൾപ്പെടെ ധാരാളം പണികൾ ചെയ്തുപോന്നു. അവിടത്തെ അമ്മയ്ക്കയാൾ വലിയ സഹായിയായി വർത്തിച്ചു.
'ഡ്രിപ്പും’ ഡോക്ടറുടെയും നർസിൻ്റെയും സമാശ്വാസവാക്കുകളും അയാളുടെയുള്ളിലേക്കു കടന്നു കുറെക്കഴിഞ്ഞപ്പോൾ,അയാൾ എന്തെങ്കിലും പറയാവുന്ന രീതിയിലെത്തി. ഡോക്ടറോടെല്ലാം അയാൾ പറഞ്ഞു, അദ്ദേഹമതുകേൾക്കാനും തയ്യാറായി," ഞാൻ മാളികേക്കലെ അമ്മ വിളിക്കുമ്പോളൊക്കെ പോവാരുന്നു. ഓരോസാധനങ്ങൾ കടേന്നു വാങ്ങി കൊടുക്കുവാരുന്നു. കാറോടിച്ച് അമ്മെ അമ്പലത്തിക്കൊണ്ടുപോവേം ചെയ്തിരുന്നു. അന്നും അമ്മവിളിച്ചപ്പമവിടെപ്പോയി. ബല്ലടിച്ചപ്പം ആരും കതകുതുറന്നില്ല. ഇടക്കിടയ്ക്കൊക്കെ ഒറങ്ങാറുള്ളമ്മ ഒറങ്ങുവാന്നുവെച്ച് ഞാൻ തിരിയെപ്പോയി. സന്ധ്യയായപ്പോളതാ രണ്ടു പോലീസുകാർ എൻറെ ചാപ്പേടെ മുറ്റത്ത്."
അയാൾ കഥമുഴുക്കെപ്പറഞ്ഞു. പോലീസുകാർ പിടിച്ചതെന്തിനെന്നയാൾ ചിന്തിച്ചു. കാര്യം പിടികിട്ടിയില്ല. പോലീസുകാർ ഒന്നും കേൾക്കാനും തയ്യാറല്ലായിരുന്നു.
ജ്യോതിഷ് മാളികയിൽനിന്നും പുറത്തേയ്ക്കു പോകാൻനിന്നപ്പോൾ ഒരു ഫോൺവിളി, പെട്ടെന്നു ഫോണെടുത്തപ്പോൾ, മകൾക്കുടുപ്പുതയ്ക്കാൻ കൊടുത്തകടയിലെ ബില്ല് താഴെവീണു. പക്ഷെ ബില്ലില്ലാതിരുന്നിട്ടും അയാളെയറിയാവുന്ന തയ്യൽക്കാരൻ ഉടുപ്പു കൊടുത്തു.
മാളികേക്കലെ അലമാരയിൽ നിന്നും പണവും പണ്ടവും സാമാന്യം നല്ല വലിപ്പത്തിൽ ആരോകവർന്നു. ബഹുരാഷ്ട്രക്കമ്പനിയിലെ ഉദ്യോഗസ്ഥനായ മകൻ വന്നപ്പോഴാണ് അലമാര തുറന്നുകിടക്കുന്നതു കണ്ടത്. പെട്ടെന്നുതന്നെ പരാതി പോലീസ് സ്റ്റേ ഷനിലെത്തി. അവർ വേഗം ചലിച്ചു , തയ്യൽക്കടയിലെ ബിൽ ജ്യോതിഷി നെ കള്ളന്മാരുടെ പട്ടികയിൽ ചേർക്കാൻ പോലീസിനെ സഹായിച്ചു.
ചുറ്റുവട്ടത്തുള്ളവരുടെ നാവുകൾ പൊടിപ്പും തൊങ്ങലും വച്ച് കഥമനഞ്ഞു, " അവനെയിനി സൂക്ഷിക്കണം, ആരുകണ്ടു നമ്മടെയൊക്കെ വീട്ടീ കേറത്തില്ലന്ന്? " അങ്ങനെ ജ്യോതിഷിനെയവർ ചെറുകള്ളനെന്നല്ല , പെരുംകള്ളനെന്ന ചാപ്പകുത്തി. പോലീസുകാർ ജ്യോതിഷിനെക്കൊണ്ട് മോഷ്ടിച്ചുവെന്നു സമ്മതിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഉദ്ദേശം സാധിക്കാതെ വന്നപ്പോൾ, കേസു രെജിസ്റ്റർപോലും ചെയ്യാതെ , അവരുടെ കൈയിൽ കിട്ടിയയിരയെ വേണ്ടപോലെകൈകാര്യം ചെയ്തു. ജ്യോതിഷ് എഴുനേൽക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലുമായി.
കാലദോഷം, ഒരുസത്യസന്ധനെ ഒന്നാന്തരം ചോരനാക്കുന്ന കളരിയഭ്യാസം സമൂഹം നന്നായി പ്രദർശിപ്പിച്ചു. എന്തുകൊണ്ടോ ചികിത്സിച്ചഡോക്ടർക്കയാളെ രക്ഷിക്കണമെന്ന് തോന്നി. അദ്ദേഹത്തിൻറെ ശ്രമഫലം കേസു രജിസ്റ്റർചെയ്തു, വിചാരണയിലെത്തിയപ്പോൾ, ഡോക്ടറോട് ജ്യോതിഷ് വെളിപ്പെടുത്തിയ കാര്യങ്ങൾ ഫോൺ റെക്കോർഡിങ്ങുവഴി കോടതിയിലെത്തി.
സംഭവിച്ചതിതാണ്, മാളികേക്കലെ അമ്മ കുളിക്കാൻ കയറിയപ്പോൾ ഇടാനുള്ള വേഷമെ ടുത്തശേഷം താക്കോൽ മേശപ്പുറത്തോട്ടു താത്കാലികമായി വച്ചു. മറവി കുടപിടിച്ചകാരണം അതു സൂഷ്മതയോടെ എടുത്തുവച്ചില്ല. ജോലിക്കാരിയുടെ കണ്ണും കൈയും അവിടേക്കു പാഞ്ഞു, വേണ്ടതെല്ലാം അവളുടെ ശേഖരിത്തിലായി., അപ്പോഴേക്കും അമ്മ കുളിമുറിതുറക്കുന്ന ശബ്ദംകേട്ടു, അലമാരയടച്ചിട്ടവൾ ഓടിപ്പോയി, നല്ലപിള്ള ചമഞ്ഞുനിന്നു.
ജ്യോതിഷിന് ഒരുവിധം സുഖമായപ്പോൾ ഡോക്ടർ അയാളുടെ കൂടുതൽവിവങ്ങൾ ചോദിച്ചറിഞ്ഞു." നാടെവിടെയാണ് ? എവിടെയാതാമസിക്കുന്നത്? " എന്നൊക്കെ.
"കുറെ ദൂരെയൊള്ള നാട്ടുമ്പൊറത്താ, പട്ടണത്തി വന്നുതാമസിക്കുവാ."
നാടിന്റെ പേരുകേട്ടപ്പോൾ ഡോക്ടർക്കു സുപരിചിതം, അഞ്ചുവർഷം തന്നെ ദത്തെടുത്ത നാട്, കാരണം അച്ഛൻ്റെ മാറ്റസ്വഭാവമുള്ള ജോലി. ഓർമ്മകൾ പന്തലുകെട്ടി അദ്ദേഹത്തെ അതിൽപ്പിടിച്ചിരുത്തി, ഓരോരുത്തരായി മനസ്സിലേക്കു പ്രയാണം നടത്തി- അയൽവീട്ടിലെ ജോലിക്കാരൻ വിജയൻ, കുടുംബം, വിജയൻറെ മകൾ ശാന്തി, അങ്ങനെ പലതും. ജ്യോതിഷിൻ്റെ അമ്മയുടെയും അച്ഛൻറേയും പേരുചോദിച്ചപ്പോൾ അച്ഛനെക്കുറിച്ചവനൊന്നും അറിയില്ലെന്നും അമ്മയുടെ പേര് ശാന്തിയെന്നും കേട്ടപ്പോൾ ഡോക്ടർക്കൽപ്പം ആശങ്ക. പണ്ടത്തെ കൂട്ടുകാരിൽ ചിലരുമായി ഇപ്പോഴും ബന്ധം തുടരുന്നുണ്ട്. പക്ഷെ ശാന്തിയുമായുള്ള ബന്ധം അവർക്കാർക്കും അറിയില്ലായിരുന്നു. കൂടുതൽ അന്വേഷിച്ചപ്പോൾ മനസ്സിലായി ജ്യോതിഷിൻ്റെ പിതൃത്വം തൻറെ സമ്പാദ്യമാണെന്ന്.
ഡോക്ടറുടെ ചെറുപ്പത്തിൻറെ തിരയിളക്കത്തിൽ പറ്റിയ അബദ്ധത്തിനുള്ള മറുപടിയായിരുന്നു ജ്യോതിഷ്. അയൽവീട്ടിലെ ജോലിക്കാരൻറെ മകൾക്കൊരു കുട്ടിയുണ്ടായത് പഠിപ്പിൻറെ തിരക്കുകൊണ്ടും അച്ഛനു മാറ്റമായി പട്ടണത്തിൽ കുടിയേറിയകാരണംകൊണ്ടും ഡോക്ടർ അറിഞ്ഞില്ല. കുട്ടിയുടെപിതൃത്വം നാട്ടുകാരുടെ ഭാവനയിൽ പലരുടേയും തലയിൽ കെട്ടിവച്ചിരുന്നു. കുറെയൊക്കെ സഹിച്ചെങ്കിലും കൂടുതൽ കേൾക്കാൻ ശാന്തി ഭൂമിയിലുണ്ടായില്ലാ, ഒരു പനി അത്രേയുള്ളു, യമരാജൻ കൂട്ടിക്കൊണ്ടുപോയി.
ഉപരിപഠനം, ഉദ്യോഗക്കയറ്റം, തുടങ്ങിയ അനേകംകോണിപ്പടികൾ കയറിയകാരണം വിവാഹമുൾപ്പെടെ പലതും ഡോക്ടറുടെ മനസ്സിൻറെ അടിത്തട്ടിലേയ്ക്കു മുങ്ങിപ്പോയിരുന്നു. ഇപ്പോൾ അയാൾക്ക് ജ്യോതിഷിനെയും കുടുംബത്തെയും ഏറ്റെടുത്താൾക്കൊള്ളാമെന്നുണ്ട്. പക്ഷെ എന്തു ന്യായീകരണം. സത്യം പറയണോ? വേണ്ട, പറഞ്ഞാൽ നിന്നിക്കുകയേയുള്ളൂ. എന്നാലും ഡോക്ടർ പറഞ്ഞു, "ഞാനിവിടെ ഒറ്റയ്ക്കല്ലേ, ജ്യോതിഷിൻ്റെ കേസൊക്കെ നമുക്ക് ശരിയാക്കാം. ഇനി ജ്യോതിഷ് എവിടെയും പോകേണ്ടാ ,എൻ്റെ സ്വത്തിന് അവകാശികളാരും തന്നെയില്ല, എൻറെ വീട്ടിൽ കൂടിക്കോളൂ, എൻ്റെ മകനെപ്പോലെ നിനക്കു കഴിയാം." ഡോക്ടർ പറഞ്ഞു നിർത്തി.
ജ്യോതിഷിൻ്റെ ചിന്താമണ്ഡലം ജോലിയിലേർപ്പെട്ടു, 'വേണോ, വേണ്ടയോ' എന്നകാര്യം തിരഞ്ഞെടുക്കാൻ. എന്തുകൊണ്ട് എന്നേപ്പോലൊരു കൂലിപ്പണിക്കാരനോടു ദയ! അവസാനം അവൻ്റെ മനസ്സിൽ ഒരു പൊൻസൂര്യൻ ഉദയം ചെയ്തു, ഡോക്ടറുടെ കൂടെ പോകാൻ വഴിതെളിച്ചു.
Comments
Post a Comment