നേർവഴി!
സ്വന്തംമനസ്സിൻ്റെ അസ്വാസ്ഥ്യം കാരണം ശ്രീലത അൽപനേരം വാട്സപ്പ് നോക്കാമെന്നുകരുതി വീടിൻ്റെ ഉമ്മറത്തു വന്നിരുന്നു. ഒരു സുഹൃത്തയച്ച 'ഫോർവേഡ്' ഒരുകിളിയുടെ കൂടൊരുക്കലായിരുന്നു. "എത്ര ശ്രദ്ധയോടെയാണത് ഓരോ നേരിയനാരുമെടുത്ത് കൂടുമനയുന്നത്! അതിൽ അതു മുട്ടയിടും, വിരിയും, കുഞ്ഞുകിളികളേ പറക്കമുറ്റുംവരെ തീറ്റിക്കും. പിന്നീടവ പറന്നുപോകും. അമ്മക്കിളിക്കു ടെൻഷനില്ല, ചിന്തയില്ല, ആരും നേർവഴികാണിക്കേണ്ടതില്ല, എല്ലാം തനിയെ തേടും, അല്ലെങ്കിൽ അവളെ തേടിയെത്തും." ശ്രീലതയുടെ മനസ്സ് സൂചികുത്തിയിറക്കുമ്പോലെ നോവുന്നുണ്ട്. ചിന്തകൾ അവളുടെ മനസ്സിലെ അറകൾ നിറച്ചുകൊണ്ടേയിരുന്നു. പലപ്പോഴുമാ ചിന്തകൾ ഓരോമേഖലയിലായി സഞ്ചരിക്കും. അവസാനമത് അരിക്കൊമ്പനെപ്പോലെ കാടുകയറുകയും ചെയ്യും. അവർ സങ്കടപ്പെട്ടു ഭഗവാനോടു പരാതിപറയും, "ഭഗവാനേ! ഞാൻ എന്തുതെറ്റു ചെയ്തു, ഇത്രയുമനുഭവിക്കാൻ?എൻ്റെ കുഞ്ഞെന്തെയിങ്ങനെ? ആര് രക്ഷിക്കുമവനെ? ആരവന് നേരായവഴി കാണിച്ചുകൊടുക്കും? എങ്ങനെ രക്ഷിക്കാൻ? മുറിയിൽ അടച്ചിരിക്കുന്ന മകൻ, ആശിഷിനെക്കുറിച്ചാണവർ സങ്കടപ്പെട്ടത്." ...