അരണ്ടവെളിച്ചം
(കുട്ടിക്കഥകൾ)
രാത്രി, സമയം ഏഴരമണി. ആറുവയസ്സുകാരൻ പീയൂഷിന് എന്തോ ഒരു അസ്വാസ്ഥ്യംപോലെ. അന്നു നേരത്തേയുറങ്ങി. സ്വപ്നംകണ്ടിട്ടോയെന്തോ പെട്ടന്നു ഞെട്ടിയുണർന്നു കരയാൻ തുടങ്ങി, “ഭൂതം…! ഭൂ…തം!” എന്നുച്ചത്തിൽ കരഞ്ഞുവിളിച്ചു.
“മോൻ സ്വപ്നം കണ്ടതാ. ഭൂതമോ? അങ്ങനെയൊന്നുമൊരു സാധനവുമില്ല,” അമ്മ, വൃന്ദ മനസ്സിലാക്കാൻ ശ്രമിച്ചു.
“ഉണ്ട്, ആന്റി പറഞ്ഞു അതു വേറേവേറേ ‘ഷേപ്പിൽ’ വരുമെന്ന്.”
പീയൂഷിന് ഉച്ചവരെയേസ്കൂളുള്ളു. ജോലിക്കാരായ മാതാപിതാക്കൾ ആ അഞ്ചുവയസ്സുകാരനെ നോക്കാൻ പത്മാവതിയെന്ന സഹായിയെ സ്ഥിരം നിറുത്തിയിരുന്നു.ചിലദിവസങ്ങളിൽ അച്ഛനമ്മമാർ വരാൻ വൈകാറുണ്ട്. സഹായി പലതും പറഞ്ഞു കുട്ടിയെ ഭയപ്പെടുത്തി ഉറക്കുമായിരുന്നു. പേടിപ്പെടുത്താൻ അവർ പല ഉപായങ്ങളും പ്രയോഗിച്ചിരുന്നു. ഭൂതം, യക്ഷി, മറുത,പാമ്പ്, കള്ളൻ ഒക്കെ അവയിൽ ചിലത്. പട്ടി,പൂച്ച, എലിയെന്നിവയുടെ രൂപത്തിൽ വന്നുശരീരം വലുതാകും, ചിലപ്പോൾ മനുഷ്യരൂപമായിവന്ന് കുട്ടികളെ പിടിക്കുമെന്നൊക്കെ അഭിനയിച്ചു പറഞ്ഞുകേൾപ്പിച്ചിരുന്നു.
സി.സി.ക്യാമറ വച്ചുട്ടുള്ളതുകൊണ്ട് മർദ്ദനം, ശകാരം തുടങ്ങിയ അഭ്യാസങ്ങൾക്കവിടെ വേദിയില്ല.
അവർക്കു ടി.വി. കാണണം. കുട്ടി ഉണർന്നിരുന്നാൽ കാർട്ടൂൺ വെച്ചു മണിക്കൂറുകൾ താണ്ടുമവൻ.
“മോനൊറങ്ങ്, ഇല്ലെങ്കിൽ ആന്റി ഭൂതത്തിനേ വിളിക്കും,” ഈ രീതിയിൽ പറഞ്ഞ് കുട്ടിയെ ഉറക്കുമായിരുന്നു.
അന്ന് കുഞ്ഞിനു പനിയായി കിടപ്പായി. ഉറങ്ങിപ്പോയി. പെട്ടെന്ന് ഞെട്ടിയുണർന്നു. തുടർന്നവൻ കരയാൻ തുടങ്ങി,“അ….മ്മേ…ഭൂതം ..വ..ന്നു. ദേ അവിടെ, ആ..ആ..സൈഡ്ടേബിളിന്റെ… മോ..ളീ നിക്കുനു. അല്ല, പുറത്ത്…ചാടി...ചെടി…യേല്,” വിറച്ചുകൊണ്ട് അവൻ അച്ഛനെ മുറുകെ പുണർന്നുനിന്നു.
ഒരുവിധത്തിലും പുറത്തേക്കു പോകാൻ തയ്യാറാകാതിരുന്ന കുട്ടിയേ ഒരുവിധത്തിൽ സ്വാന്ത്വനിപ്പിച്ച് അവിടേക്കു കൊണ്ടുപോയി.
മുറ്റത്തൊരു ഹൃദ്യമായ തെറ്റി(തെച്ചി)ത്തോട്ടം വൃന്ദ വളർത്തുണ്ട്. കുലകുലയായി പുഷ്പങ്ങൾ ശിരസ്സിൽ ചൂടി മനോഹാരിതയേടെ, തലയെടുപ്പോടെ പുഞ്ചിരിച്ചു നില്ക്കുന്ന തെച്ചികൾ ആരെയുമാകർഷിക്കും. അവയുടെ ശിരോഭൂഷണം നുള്ളിച്ചേറിയിടാൻ പീയൂഷിനു പ്രിയവുമേറെ.
പലവർണ്ണപ്പൂക്കൾ ചേറിയിട്ടു കൈകൊട്ടി ആനന്ദിക്കുമവൻ. അവിടേക്കാണ് അവൻ അച്ഛനെ നയിച്ചത്,”മോനേ, ഇവിടെയൊന്നുമില്ലല്ലോ! നിനക്കിഷ്ടമുള്ള ചെടികളല്ലേ!” അവിടെ ഭൂതമൊന്നുമില്ല.
പത്മാവതിക്കു പറയേണ്ടിവന്നു,
“സന്ധ്യക്കു കുഞ്ഞവിടെ കളിച്ചുകൊണ്ടുനിന്നപ്പോൾ, ഒരു മുഴുത്ത ‘ആഫ്രിക്കൻ ഒച്ച്*’ ഒരുചെടിയുടെ ചുവിട്ടിലുണ്ടാരുന്നു. അരണ്ടവെളിച്ചത്തിൽ അതിനെക്കണ്ടു കുഞ്ഞു പേടിച്ചു. ഇതുവരെ അത്തരത്തിലുള്ള ഒച്ചിനെ അവൻ കണ്ടിട്ടില്ല.”
“പത്മാവതി അവനെ ഭൂതമെന്നു പറഞ്ഞു പേടിപ്പിക്കുന്നുണ്ടല്ലേ? മതി കുഞ്ഞിനെ നോട്ടം. ഞങ്ങൾ വേറെ വഴി നോക്കിക്കോളാം.” വൃന്ദക്കു ദേഷ്യം വന്നു.
Comments
Post a Comment