ഹൃദയതാളം
അനന്തൻ ഒരു കമ്പനിയിലെ സാമ്പത്തികവിഭാഗത്തിൽ ഉയർന്ന പദവിയിൽ വിരാജിക്കുന്നു. കോവിടുകാലംതൊട്ട് കമ്പനിയിൽ പോകേണ്ടി വന്നിട്ടില്ല, വീട്ടിലിരുന്നു ജോലി ചെയ്താൽ മതി. മകൻ ഡോ. നന്ദന് ആശുപത്രിയിലെത്താൻ അരമണിക്കൂർ വണ്ടിയോടിച്ചു പോകണം. ഒരുരീതിയിൽ പറഞ്ഞാൽ ‘ഒരു 'കാർ ടു ഡോർ’ ജീവി. കാലുകൾ കാറിലേക്ക് കയറാനും ഇറങ്ങാനും ഉള്ള അവയവങ്ങൾമാത്രം, റോടുകളൊക്കെ കാലുകൾക്ക് അപരിചിതർ.
കാറിന്റെയും കെ.പോപ് (കെ-പോപ്പ്, കൊറിയൻ പോപ്പുലർ മ്യൂസിക്)ന്റേയും താവളത്തിലെ ഒരു സ്ഥിരം അന്തേവാസി എന്ന് പറയാം.
അഞ്ജന തികച്ചുമൊരു വീട്ടമ്മ. വീട്ടുവളപ്പിൽ പിറകുവശത്തു പാർക്കുന്ന വെണ്ട, വഴുതന, കാന്താരി, കറിവേപ്പ്, തുടങ്ങിയവർക്ക് വേണ്ട പരിചരണം കൊടുക്കും, സൗഹൃദം പങ്കിടും. മുൻവശത്തെ താമസക്കാരായ മുല്ല, മന്താരം, ചെമ്പകം, തെച്ചി, തുളസി എന്നിവർക്കൊപ്പം സല്ലപിച്ചും സമയം ചെലവഴിക്കും. കാറ്റും കുശലത്തിനെത്താറുണ്ട്.
അടുക്കളയെ അവർ വളരെ വിദഗ്ദ്ധമായി പ്രയോജനപ്പെടുത്തുന്നു. പാത്രങ്ങളേ പട്ടിണിക്കിടാറില്ല. എപ്പോഴും ആഹാരമവിടെ സുലഭം. സ്റ്റീൽപ്പാത്രങ്ങൾ വെളുപ്പിച്ച് വെള്ളിപോലെയാക്കും. കുപ്പിപ്പാത്രങ്ങൾ പുതിയതാണോന്നുതോന്നുംവിധം വൃത്തിയാക്കും. ‘വീടിനു വിളക്കു നീ കുടുംബിനീ’യെന്ന് അഞ്ജനയെ നോക്കി പാടാൻപറ്റൂം. പിന്നെ മുറയ്ക്ക് ഗൂഗിൾ തിരയൽ മറ്റൊരു വിനോദം. പൊതുവായി നോക്കിയാൽ പൊരുത്തമുള്ളൊരു കുടുംബമാണത്.
പക്ഷേ ഭർത്താവ് അനന്തനും മകൻ നന്ദനും പുറത്തെ ലഘുഭക്ഷണം, ലഘുപാനീയമൊക്കെ വളരെ പ്രിയം.. അച്ചനും മകനും കൂടിച്ചേർന്ന് അഞ്ജനയെ കളിയാക്കുന്നതും ആ വീട്ടിലൊരു നേരമ്പോക്കാണ്.
ആഹാരകാര്യത്തിൽ എപ്പോഴുമവർക്കുരണ്ടുപേർക്കും അഞ്ജന മുന്നറിയിപ്പു കൊടുത്തിരുന്നു. അവർ കൊളെസ്ട്രോൾ, പ്രഷർ, ഷുഗർ, വിറ്റാമിൻ -ഡി, തൈറോയ്‌ഡ് തുടങ്ങിയ കാര്യങ്ങളേ കുറിച്ച് പാഠങ്ങൾ ഭർത്താവിനും ഡോക്ടർകൂടിയായ മകനും നല്കിപ്പോന്നു. പഴഞ്ചൊല്ലുകളെ കൂട്ടുപിടിക്കുന്നത് അവരുടെയൊരു സ്വഭാവത്തിൻറെ ഭാഗമായി മാറിയിട്ടുണ്ട്. ചിലപ്പോൾ ഒരുസ്പൂൺ തമാശക്കൂട്ടു ചേർത്ത് മകനോടു പറയുന്നൊരു പല്ലവിയുണ്ട്,
"നീ കാണുന്നതൊക്കെ ഡോർഡലിവറിവഴി വാങ്ങിവച്ച് രണ്ടുപേരുംകൂടി സദാ കഴിപ്പല്ലേ? കഴിച്ചോ, കഴിച്ചോ. പാവംഹൃദയം! അത് നിശബ്ദം എല്ലാം സഹിക്കുന്നു. അതിനെ ദ്രോഹിക്കല്ലേ. ’അളമുട്ടിയാൽ ചേരയും കടിക്കും.’ ഹൃദയം പ്രതികാരദാഹിയാകുമേ,പറഞ്ഞേക്കാം. പോരെങ്കിൽ അച്ഛന് സുഖം, വർക്ക് ഫ്രം ഹോം. നീ ഡോക്ടറല്ലേ? നീയൊന്നു ശ്രദ്ധിക്കേണ്ടതല്ലേ?”
അവൻ ചിരിച്ചുതള്ളും, “അമ്മ വിചാരിക്കുമ്പോലൊന്നും പ്രശ്നമില്ല. 20% കൊളസ്ട്രോൾ മാത്രവേ ഫൂഡീന്നു വരുവൊള്ളു.”
“അതിന്റെ കൂടെ എക്സർസൈസ് ഇല്ലാതെയും ഡെയ്‌ലി റുട്ടീൻ തെറ്റിച്ചുമിരുന്നാൽ എൽ. ഡി.എൽ കൂടില്ലെ?” അമ്മ പറയും.
“അച്ഛാ, ഈ അമ്മയെന്നാ ഡോക്ടറായത്? ദേ എന്നെ ലിപ്പിട് പ്രൊഫൈൽ പഠിപ്പിക്കുന്നു.”
“അവളെവിടുന്നോ കുറച്ചു മുറിവാർത്തകൾ വായിച്ച് മനുഷന്റെ സ്വൈര്യം കെടുത്തും.”
തരംകിട്ടുമ്പോൾ ഭർത്താവിനോടു പരിഭവപ്പെടും, ”ഞാനെന്തിനാ ഇതൊക്കെ ഉണ്ടാക്കുന്നത്? എനിക്കു തിന്നാനാണോ? എത്രയായിവിടെ ഫൂടു കളയുന്നേന്നറിയാമോ? ആ ചെറുക്കനും നിങ്ങടെ സ്വഭാവമാ കിട്ടിയിരിക്കുന്നെ! ‘യഥാരാജാ തഥാ പ്രജാ.’
ഈയിടെയായി അച്ഛനും തോന്നി തുടങ്ങി അഞ്ജന പറയുന്നതു ശരിയെന്ന്. അവർ ജീവിതരീതിയൊക്കെ മാറ്റി, പുറംഭക്ഷണത്തെ കുറെയൊക്കെ പുറത്താക്കി. അഞ്ജന പരാതികൾക്ക് തത്ക്കാലം അവധി കൊടുത്തു. കാലമൊരു ഗ്രീഷ്മവും വർഷവും പിന്നിട്ട് ശൈത്യത്തിലെത്തിനില്ക്കുന്നു.
അതാ അനന്തനൊരു ഫോൺവിളി. കുറെനാളായി കാറെടുക്കാൻ അയാളെ ഭാര്യ സമ്മതിക്കാറില്ലായിരുന്നു. എന്നിട്ടും അയാൾ കാറെടുത്ത് ഒന്നുംപറയാതെ ഓടിച്ചുപോയി. അവർ ഓടിവന്നപ്പോഴേക്കും കാർ പോയ്ക്കഴിഞ്ഞിരുന്നു. അവൾക്കാകെ വിവരമറിയാൻ കഴിയാഞ്ഞതു കൊണ്ട് വിഷമമായി.
ആശുപത്രിയിലേയ്ക്കു പോകുന്നവഴി നന്ദനൊരു അത്യാഹിതമുണ്ടായി. എതിരെ വന്നകാറ് നന്ദന്റെ കാറുമായി കൂട്ടിമുട്ടി. പോലീസുകാർ നന്ദനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഭാഗ്യംകൊണ്ട് വലിയകുഴപ്പമില്ലായിരുന്നു. അനന്തൻ അവിടെയെത്തിയപ്പോഴേക്കും നന്ദനെ മുറിയിലേക്കു കൊണ്ടുവന്നിരുന്നു.(ഡോക്ടറായതു കൊണ്ട് നല്ല ശ്രദ്ധയും കിട്ടി). ഭാര്യയോടു വിളിച്ചുപറയുന്നതിനുപകരം വീട്ടിൽ പൊയി അവരെ കൂട്ടിവരാൻ തീരുമാനിച്ചു.
ഒന്നല്ല രണ്ടുതവണ കാളിംഗ് ബെല്ലടിച്ചു. അഞ്ജന കതകുതുറക്കാൻ വന്നില്ല. അയാൾ ഫോൺ ചെയ്തു, മറുപടിയില്ല. ശുചിമുറിയിലായിരിക്കുമെന്നു കരുതി. കതകു കുറ്റിയിട്ടിട്ടുണ്ടോന്നു നോക്കിയാലോന്നു തോന്നി.നോക്കിയപ്പോൾ അതു കുറ്റിയില്ലാതെ അടഞ്ഞുകിടക്കുകയായിരുന്നു.
ബാത്ത്‌റൂം അടഞ്ഞുകിടക്കുന്നു, വിളി കേൾക്കാത്തപ്പോൾ തട്ടിത്തുറന്നു. അവർ അതാ തല ഭിത്തിയിൽ മുട്ടിച്ച് വല്ലാതെ ക്ലോസെറ്റിൽ ഇരിക്കുന്നു. ഇടിമിന്നൽപോലെ അയാളുടെ ഹൃദയം ത്രസിച്ചു,”എന്റെ..എന്റെ പ്രിയപ്പെട്ടവളുടെ ഹൃദയം ഞങ്ങളോടു പകവീട്ടിയതാണോ! ഏറെ ശ്രദ്ധചെലുത്തിയവൾ...ഈ ദുരന്തം?”
അയാൾ അവരെ കുലുക്കിവിളിച്ചു, മുഖത്തു വെള്ളം തളിച്ചു. ഒരുവിധം അവരെ അയാൾ ആശുപത്രിയിലെത്തിച്ചു.
നന്ദന്റെ അമ്മയെ നോക്കാൻ ഡോക്ടർമാർ ഓടിയെത്തി.
"ബ്ലോക്ക് ഉണ്ട്. അല്പം സീരിയസ്സാണ് സർജറി വേണ്ടിവരും. പരമാവധി ശ്രമിക്കാം," എന്ന ഡോക്ടർമാരുടെ വാക്കുകൾ
നിരീശ്വരവാദിയായ നന്ദനേയും അച്ഛനേയും ദൈവത്തിലേക്കു നയിച്ചു.
അഞ്ചു മണിക്കൂറു കഴിഞ്ഞ് അവരെ
സി.ഐ.സി.യു.-ൽ, പ്രവേശിപ്പിച്ചു.
"ഷീ ഈസ് ഓൾറൈറ്റ് നൗ. ഇനി പേടിക്കേണ്ട," ഡോക്ടർമാർ.
Comments
Post a Comment