പട്ടട കെട്ടിയ സ്വപ്നം

 

വിജയ കുമാർ

ഗൾഫിൽ പോയിട്ട് പതിനഞ്ചു പ്രാവശ്യം ആണ്ടുചക്രം ചുറ്റിചുറ്റിപ്പോയി.

അയാൾ എന്തുണ്ടാക്കി? എന്തുണ്ടാക്കാൻ, സ്വന്തമായി രണ്ടറ്റം കൂട്ടിമുട്ടിച്ചില്ലെങ്കിലും ഉള്ളതിന്റെ നല്ലഭാഗം നാട്ടിലേക്കയക്കും. രണ്ടുമക്കളേയും  ഭാര്യയേയും വലിയ അല്ലൽ ശല്യം ചെയ്യരുതെന്ന് അയാൾക്ക്‌ നിർബന്ധം. അതുകാരണം നാട്ടിലേക്കുള്ള വരവ് ഒന്നര വർഷത്തിൽ ഒരിക്കലെന്നു ചുരുക്കി.  മകൻ  ജിഷ്ണുവിനെ പഠിപ്പിച്ച് ബി. കോം. കഴിഞ്ഞ് പി. ജി. ഡി. സി. എ. ചെയ്യിച്ചു. മകൾ ഭാമ ബി. എസ് സി. നഴ്സിംഗി വിദ്യാർത്ഥിനി. മകൻ ജോലികിട്ടിയെന്നു പറഞ്ഞു പോയിട്ട് അഞ്ചുവർഷത്തോളമായി. ആദ്യമൊക്കെ നാടും വീടും അച്ഛനുമൊക്കെയായി ബന്ധപ്പെടാൻ ഫോൺ സഹായിച്ചിരുന്നു. അവനും ശമ്പളം കുറവായിരുന്നു. ഒരു ചെറിയ കമ്പനിയിൽ പ്രോഗ്രാം ഡെവലപ്പർ ആയിരുന്നു. വീട്ടിലേക്കു കാശയയ്ക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ടു വർഷമായി അവൻ വീടുമായുള്ള ബന്ധം വല്ലപ്പോഴുംമാത്രമാക്കി. അതും കാര്യമാത്രപ്രസക്തം. വിളികുറവ്. വരവില്ല.


ഓണക്കാലം മുട്ടി വിളിക്കാറായി. 'കാട്ടുകോഴിക്കെന്ത് ഓണം, ചങ്ക്രാന്തി' എന്നപോലെ വിജയ കുമാർ ഒരു ആഘോഷത്തിനും നാട്ടിലേക്കു വരവില്ല. ആ പൈസ കൂടി ഭാര്യക്കും മക്കൾക്കും കൊടുക്കും. വീട്   പണിയുക എന്നസ്വപ്നത്തിന് അയാൾ പട്ടട പണിഞ്ഞു. കഷ്ടം കുടിച്ചു വളർന്ന മകനാണ് ഇന്ന് തിരിഞ്ഞു നോക്കാത്തത്.



ഇപ്രാവശ്യം ഓണത്തിന് നാട്ടിൽ വന്നേ തീരൂ എന്ന് ഭാര്യ ശ്രീലത നിർബന്ധിക്കുന്നു," ചേട്ടൻ എത്ര നാളായി ഓണത്തിന് നാട്ടിൽ വന്നിട്ട്? ഇപ്രാവശ്യം വരണം."

"എടീ, നാട്ടിൽ വന്നാൽ പൈസ അയപ്പ് കമ്മിയാകും."

"സാരമില്ല, ഉള്ളതുകൊണ്ട് കഴിയാം. ചേട്ടനൊന്ന് വന്നാൽ മതി."

" എന്നാലും... "

" ഒരെന്നാലും വേണ്ട.

ഞങ്ങൾക്കൊന്നും വാങ്ങുകേം വേണ്ട."


വേഗം മനസ്സ് കുട്ടിക്കാലത്തെ ഓണനാളുകൾ സമ്മാനിച്ച ഇനിപ്പുള്ള അനുഭവങ്ങലിലേക്ക്  ' ലോംഗ് ജമ്പ്'  നടത്തി. അയൽവക്കത്തെ കൂട്ടുകാരും വലിയവീട്ടിലെ വിവേകും ഒക്കെചേർന്ന് വിവേകിന്റെ വീട്ടിലെ പ്ലാവിൽ ഊഞ്ഞാലിടും. വണ്ണമുള്ള വള്ളി കാവിൽ നിന്നും വെട്ടി എല്ലാവരും ചേർന്ന്  'ആർപ്പോ ഇയ്യോ, ഏലേല ഏലസ' എന്ന് ഉച്ചത്തിൽ വിളിച്ചുകൂവി വലിച്ച് പ്ലാഞ്ചോട്ടിൽ കൊണ്ടുവരും. കൂട്ടത്തിൽ മുതിർന്ന രാഘവൻ മരത്തിൽ കയറും. ബലമുള്ള ശാഖ അവനെ നോക്കി പുഞ്ചിരിക്കും. പിന്നെ അത് ഒരു വിരോധവുമില്ലാതെ ഊഞ്ഞാലിടാൻ നിന്നുകൊടുക്കും. പിന്നീടല്ലെ ഒൻപതാമുത്സവംപോലെ ആട്ടവും ഓട്ടവും ഉന്തലും ചില്ലിയാട്ടാവും ഒക്കെ അരങ്ങേരുന്നത്. ആണ്ടിലൊരിക്കൽ മാത്രം വീട്ടിലുണ്ടാക്കുന്ന സദ്യയും പായസവും അതിന്റെ രുചിയോർമ്മയും അങ്ങനെ എല്ലാംകൂടി മനസ്സിൽ ഓണം ഒരുക്കി. 'എത്ര നാളായി ഒന്ന് ഓണം കൂടിയിട്ട്?' എന്ന് ചിന്തിച്ച് വിജയന് വിഷമം വന്നു. ഇപ്രാവശ്യം പോവുകതന്നെ," അയാൾ ഉറപ്പിച്ചു. 


ഇടയ്ക്ക് മനസ്സു വിങ്ങി, "ഇടിഞ്ഞുപൊളിയാറായ വീടൊന്നു നന്നാക്കാൻ തന്നെക്കൊണ്ട് ഇതുവരെ സാധിച്ചിട്ടില്ല. എന്ത് ചെയ്യാം!". തന്നെ കാണുമ്പോൾ ആ വീട് പോലും കണ്ണീർ പൊഴിക്കും.


വിജയ കുമാർ നാട്ടിലെത്താൻ ഫ്ലൈറ്റിൽ കയറി. ഫ്ലൈറ്റിൽ ഉടനീളം വീടിന്റെ ശോച്യാവസ്ഥയും മകൾക്ക്  വിലയുള്ള പുത്തൻ വസ്ത്രം വാങ്ങാനുള്ള പരിമിതിയും മാറി മാറി മനസ്സിനെ നൊമ്പരപ്പെടുത്തി. എല്ലാപ്രാവശ്യവും ഭാരയ്ക്കും മകൾക്കും തുണിയെടുക്കാണും സദ്യ ഒരുക്കാനും വേണ്ട പണം അയാൾ അയച്ചിരുന്നു. ഇങ്ങോട്ടുള്ള വരവ് അതിനെയെല്ലാം ഇല്ലായ്മയിൽ മുക്കി കളഞ്ഞു. കൊച്ചിയിലിറങ്ങി കൊച്ചാലുംമൂട്ടിലേക്ക്  പോകാൻ ട്രെയിനിൽ സ്ഥലമില്ലാതെ കുത്തിപ്പിടിച്ചു കയറി ചെങ്ങന്നൂർ ഇറങ്ങി.

ഒരുവിധം നാട്ടിൽ എത്തി.


വീട്ടിൽ എത്താറായപ്പോൾ അയാൾക്ക്‌ സംശയം, "വഴിതെറ്റിപ്പോയോ? ഏ ഇല്ല, വഴി ഇത് തന്നെ."


അയാൾക്ക് ആകെ സങ്കടമായി. പഴയ വീടിനെ ഒരു ചെറിയ പുതിയ വീട് സ്വർഗ്ഗത്തിലേക്ക് അയച്ചിരിക്കുന്നു. ലത അയാളെ അറിയിക്കാതെ വീട് വിറ്റിരിക്കുന്നു. അന്ന് വാങ്ങിയ പഴയ വീടും ആസ്ഥാനവും അവളുടെ പേരിൽ ആക്കിയത് മഠയത്തരമായോ? അതാകാം നാട്ടിൽ വരാൻ അയാളെ അവൾ നിർബന്ധിച്ചത്. അയാളെ അറിയിക്കാഞ്ഞത് അതിലേറെ വിഷമവും. പക്ഷേ അവർ എവിടേക്കു പോയി?


"ആ വീട്ടുകാരോടുതന്നെ ചോദിക്കാം."

അയാൾ മുറ്റത്തുകയറി ബല്ലടിച്ചു. മകൾ വന്നു വാതിൽ തുറന്നു. അമ്പരന്നു നില്ക്കുന്ന അച്ഛനെ കൈപിടിച്ച് അവൾ അകത്തു കൊണ്ടുപോയി ഇരുത്തി.

ശ്രീലത ഓടിവന്ന് പെട്ടിയെടുത്ത് അകത്തുവച്ചു. കുടിക്കാൻ വെള്ളമൊക്കെകൊടുത്ത് കാര്യങ്ങൾ പറഞ്ഞു.

മകൻ ജിഷ്ണു രണ്ടുവർഷമായി പുതിയ കമ്പനിയിലാണ്. രസത്തിനു വേണ്ടി ഒരു 'സോഫ്റ്റ്‌വെയർ' നിമ്മിച്ചു. അത് പക്ഷേ കമ്പനിക്ക് വലിയ നേട്ടമായി. അവനെ ഉയർന്ന സസ്തികയിലേക്ക് നല്ല ശമ്പളത്തിൽ അസിസ്റ്റന്റ് മാനേജരാക്കി.

അവൻ വീട് നന്നാക്കാനുള്ള തയ്യാറെടുപ്പിൽ കാശു കൂട്ടിവച്ചു. 'ലോണും' എടുത്ത് ആറുമാസം മുമ്പ് നാട്ടിൽ വന്ന് വീട് ആകെയൊന്നു പുതുക്കാൻ ഏർപ്പാടാക്കി പോയി. ഒരുമാസം മുമ്പ് അത് പൂർത്തിയായി. അച്ഛനോട് പറയരുതെന്നും ഓണത്തിന് അച്ഛനെ വരുത്തി അപ്രതീക്ഷിത സന്തോഷം കൊടുക്കാമെന്ന് മൂവരും കൂടി തീരുമാനിച്ചു.


" അച്ഛാ, ഇനി അച്ഛൻ അന്യ നാട്ടിൽ പോയി കഷ്ടപ്പെടണ്ടാ. നിങ്ങൾക്കിനി ഞാനുണ്ട്." അവൻ ഉറപ്പോടെ പറഞ്ഞു.

അയല്പക്കവും അവരും ചേർന്ന് പൂക്കളം തയ്യാറാക്കി ഓണം ഘോഷിച്ചു. സന്തോഷം മുടിയഴിച്ചിട്ടു  തുമ്പിതുള്ളി.


Comments

Popular posts from this blog

അവൾ സുധീര!

സുഹൃത്ത്!

കവർച്ച!