സൗഹൃദം
പൊതുവെ ചുറുചുറുക്കുള്ള ചെറുപ്പക്കാരിയായിരുന്നു സുജാതയെന്ന ഇരുപത്തിരണ്ടുകാരി. കാണാനും സുന്ദരി. പക്ഷേ എന്ത് കാര്യം? ചെറുപ്പാക്കാർക്കൊക്കെ അതിനും അപ്പുറത്തേക്കായിരുന്നു നോട്ടം. കല്യാണാലോചനകൾ പലതു വന്നെങ്കിലും അവയെല്ലാം സ്ത്രീധനക്കല്ലിൽ തട്ടി ചിതറി തെറിച്ചിരുന്നു. തൊഴിലുറപ്പുകുടുംബത്തിൽപെട്ട മാതാപിതാക്കൾ എങ്ങനെ സ്‌ത്രീധനം കൊടുക്കാൻ?
അവളെ ശ്രദ്ധിച്ചിട്ടുള്ള, അവളുടെ ജോലി ശ്രദ്ധിച്ചിട്ടുള്ള ചെറുപ്പക്കാരൻ മൃത്യുഞ്ജയൻ അവളെ ധനമായിക്കണ്ടു, കല്യാണം നടന്നു. ഒരു ചെറിയ വീട് വാടകയ്‌ക്കെടുത്ത് താമസമായി. അവർ യോജിപ്പിലൂടെ സന്തോഷവും സമാധാനവും ആ വീട്ടിൽ നട്ടുവളർത്തി. ഭർത്താവിനൊപ്പം ഏതുജോലിക്കും അവൾ തയ്യാറായി. കഴിഞ്ഞയാഴ്ച ലോറിയിൽ നിന്നും ചരക്കിറക്കുന്ന പുതിയപണിയിൽ ദമ്പതികളേർപ്പെട്ടു. കാന്തൻ ഭാരമിറക്കുമ്പോൾ ലോറിക്കുമുകളിൽ കയറി അവളും യാതൊരു മടിയുംകൂടാതെ അയാളുടെ
ജോലിയിൽ കൂടെക്കൂടി. അങ്ങനെ സുജാത ജീവിതഭാരം ഇറക്കിവയ്ക്കാൻ ഭർത്താവിനെ സഹായിച്ചു പോന്നു.
സുജാതയുടെ സൗന്ദര്യം പക്ഷെ മുതലാളിയുടെ ചിന്തയിലൊരു കൂടുകൂട്ടി. അവൾ അയാളുടെ ഹൃദയത്തിൽ ആവാസമുറപ്പിച്ചു. സൗഹൃദമെന്ന മഹദ്ശബ്ദത്തെ കടമെടുത്ത് മുതലാളി മൃത്യുഞ്ജയനോടടുത്തു, അയാളുടെ വീടു മനസ്സിലാക്കി.
രണ്ടുമൂന്നു ദിവസങ്ങളിലൊക്കെ അയാൾ മൃത്യുഞ്ജയൻറെ അഭാവം പ്രതീക്ഷിച്ചുകൊണ്ട് ആ വീടിൻറെ പരിസരത്തേക്കു നടന്നെങ്കിലും, ഭാര്യാഭർതൃസംഭാഷണങ്ങൾ അയാളെ മടക്കിയയച്ചു.
പിന്നീടൊരു ദിവസം ഒരു പുതിയ ആശയം മുതലാളിയുടെ മനസ്സിൽ പിറവിയെടുത്തു. അയാൾ,
“മൃത്യുഞ്ജയാ, ആലപ്പുഴനിന്നും ലോറിയിൽ ലോഡ് വരാനുണ്ട്. നീ അവിടെ പോയി ആ ജോലിക്കാരെ സഹായിക്കണം. വണ്ടിക്കൂലിക്കും വട്ടച്ചിലവിനും ഇതാ ഈ കാശു വച്ചോളൂ.”
“എന്തുനല്ലമുതളാളി!” മൃത്യുഞ്ജയൻ ഓർത്തു.
“ഇച്ചിരി കാശിൻറെ അത്യാവിശമുണ്ടാരുന്നു.അതു തരപ്പെട്ടു.”
രാത്രിയായി. മുതലാളിയുടെ മനസ്സിനെ ഇക്കിളിപ്പെടുത്തി സുജാത അയാളിലേക്കു പറന്നെത്തി. അയാൾ മൃത്യുഞ്ജയൻറെ വീട്ടിലേക്കു നടന്നുതന്നെയാണ് ഇപ്രാവശ്യവും പോയത്. പൂച്ചകണക്കെ അയാൾ ഉള്ളിൽക്കയറി. സുജാത അടുക്കളയിൽ ആയിരുന്നു.
" ഇവിടെ ആരുമില്ലേ, ഇവിടെ ആരുമില്ലേ?" രണ്ടുപ്രാവശ്യം അയാൾ വിളിച്ചുചോദിച്ചു.
ധരിച്ചിരുന്ന വസ്ത്രത്തിൽ കൈ തുടച്ചുകൊണ്ട്, സുജാത, "ഓ! മുതലാളിയോ? എന്താ മുതലാളി?"
സമയം കളയാതെ അയാൾ കതകു കുറ്റിയിട്ടു, പെട്ടെന്നുതന്നെ അവളെ ആക്രമിക്കാൻ ശ്രമിച്ചു. അപ്രതീക്ഷിതം ആയിരുന്നു. എങ്കിലും അവൾ ചെറുത്തുനിന്നു.
പിടിവലിക്കിടയിൽ അവൾ ബലമായി അയാളെ കടിച്ചു. അയാൾക്കു നന്നെ വേദനിച്ചു, അയാൾ അവളെ പിടിച്ചൊരു തള്ളു കൊടുത്തു. തലയുടെ പിറകുവശം ശക്തിയായി ഭിത്തിയിലിടിച്ചു, അവൾ വീണു. മുതലാളി ഇടംവലം നോക്കാതെ കാതകുതുറന്ന് ഓടി.
“എന്താ കെതയ്ക്കുന്നത്, ഓടിയോ?” വീട്ടിലെത്തിയ മുതലാളിയോടു ഭാര്യ.
“ഓ! അല്പം നടക്കാമെന്നു കരുതി. സ്പീടിലാ നടന്നെ,” ഭയത്തിനു മൂടുപടമിടാൻ ശ്രമിച്ചു കൊണ്ടയാൾ വിക്കിവിക്കിപ്പറഞ്ഞു.
രാത്രി മദ്ധ്യവയസ്കയാകുന്നതിനുമുന്നെ മൃത്യുഞ്ജയനു വീട്ടിലെത്താൻ കഴിഞ്ഞു. സുജാതയുടെ കിടപ്പും അവിടെ വീണുകിടന്ന സിഗററ്റുലൈറ്ററും കണ്ടപ്പോൾ അയാൾ സംഭവങ്ങളുടെ ഇഴപിരിച്ചു. മനസ്സിലെ ചോദ്യചിഹ്നം മാഞ്ഞു. എല്ലാം മനസ്സിലായി. സുജാതയുടെ നിശ്ചലശരീരം അവളുടെ സ്ഥിതി നിർജ്ജീവമെന്നുവിളിച്ചോതി. "കഴിഞ്ഞു, എല്ലാം കഴിഞ്ഞു,” അയാൾ വിതുമ്പി.
വിഷാദവും വിദ്വേഷവും പിടിമുറുക്കിയ മനസ്സുമായി അവിടെ ഇരുന്നുപോയി. ‘ഇനിയെന്ത്’ എന്ന ചോദ്യത്തിനുത്തരവുമായി മൂലയിലിരുന്നമൺവെട്ടി കൺവെട്ടത്തു വന്നുപെട്ടു. അതു കൈയിലെടുത്തു. ”സുജയില്ലാതെ ഇനി എന്തിനുജീവിക്കണം? രാത്രി തീരുംമുമ്പെ അവിടെത്തണം, അയാൾ ഇനി ഒരുപെണ്ണിനെ ഉപദ്രവിക്കുവാൻ ഇടയാകരുത്. കഥകഴിക്കണം," അയാൾ തീരുമാനിച്ചു.
അതാ പെട്ടെന്നു പ്രിയപ്പെട്ടവളിൽ നിന്നൊരു ചെറിയഞരക്കം. വേഗം ഫോണെടുത്തു 108 ഡയൽചെയ്തു. "ആദ്യം എൻറെ സുജ, പിന്നെ ബാക്കിയുള്ള കാര്യം. ... എന്തായാലും അയാളെ ഞാൻ വിടില്ല." ആംബുലൻസിലിരുന്നും അയാൾ പല്ലു കടിച്ചു.
Comments
Post a Comment