വിഷമവൃത്തം!
(Checked)
രാധേശ് എന്തുചമയ്യണമെന്നറിയാതെ ആകെ നൊമ്പരപ്പെട്ടു. ഭാര്യ രതി ഒരുകോണിൽ, മകൾ ആതിര വേറൊരുകോണിൽ.രണ്ടുപേരും ഒരേവീട്ടിൽ രണ്ടുധ്രുവങ്ങളിൽ. ആരോടും മിണ്ടലില്ല, ആഹാരംവേണമെന്നില്ല, കുളിക്കണമെന്നില്ല.ടി.വി. വേണ്ടാ, പുറത്തുപോകേണ്ടാ, വായനവേണ്ടാ, ആൾക്കാരോട് ഇടപെടുന്നത് ഇഷ്ടത്തിൽപ്പെടുന്ന കാര്യമേയല്ല. ആകെയൊരു വിഷമവൃത്തത്തിലായി ആ കുടുംബമെന്നു പറഞ്ഞാൽ മതിയല്ലോ.
രാധേശ്, രതി, ആതിര-ഒരുനല്ലകുടുംബം. രാധേശ് വൈദ്യുതി ബോർഡിൽ, ഭാര്യ സർക്കാരാഫീസിൽ ഉദ്യോഗസ്ഥ. വലിയപ്രശ്നമില്ലാതെ പോകുന്നെങ്കിലും രതിക്കൊരു വിഷമമുണ്ട്. ഒരു കുട്ടികൂടി വേണം പക്ഷേ ഉണ്ടാകുന്നില്ല. ആതിര ഒറ്റക്കുട്ടിയായി ലാളനയധികമേറ്റുവളർന്നു. എന്തായാലും കാലചക്രം മാറിവന്നു. അവൾക്ക് ഏഴുവയസ്സായപ്പോൾ, ഭാഗ്യമെന്നു പറയാമെല്ലോ, ഒരു അനുജത്തി ലോകംകാണാനെത്തി.രേഷ്മയെന്നവൾ നാമകരണം ചെയ്യപ്പെട്ടു.
അമ്മയുടെ ഗർഭസമയത്ത് അവളുടെ വയറിൽ ചെവിചേർത്തു ആതിര,”എടാ, അനിയാ,നീ ഒന്നുവേഗം വാ ഇവിടെ, ചേച്ചിനിന്നെ കാത്തിരിക്കുവാ,”പറയുമായിരുന്നു.
പക്ഷേ പുതിയയംഗം പെണ്ണായത് ഇഷ്ടത്തിക്കൊട്ടും ഇഷ്ടമായില്ല. എന്നാലും അനുജത്തിക്ക് ഒരുവയസ്സാകുന്നതുവരെ അവൾക്കു പ്രിയയായിരുന്നു. പിന്നീട് പതിയെ അവൾ ചേച്ചിയെടുക്കുന്നതെന്തും വേണമെന്നു ശാഠ്യംപിടിക്കാൻ തുടങ്ങി. ആതിര കൊടുക്കുകയും ചെയ്തിരുന്നു. ഇല്ലെങ്കിൽ അമ്മ, രേഷ്മയുടെ കരച്ചിൽനിർത്താൻ കൊടുപ്പിക്കകയും പതിവായി.
കുട്ടികളുടെ പ്രായത്തിനുള്ളിൽ ദിവസങ്ങളും മാസങ്ങളും മൂന്നുനാലു വർഷങ്ങളും ഉരുണ്ടുപോയി. എന്നാൽ രേഷ്മയുടെ നിർബന്ധം പുഷ്ടിപ്രാപിച്ചതല്ലാതെ മെലിഞ്ഞില്ല. അവളുടെ പിടിവാശി ഇളയതെന്ന പരിഗണനയിൽ സാധിതമായി മുന്നോട്ടുനീങ്ങി. ആതിരയിൽ ഒരുതരം വിദ്വേഷം മുളപൊട്ടി. അവൾക്കനുജത്തിയോടുള്ള അടുപ്പത്തിൽ വിടവു പ്രത്യക്ഷപ്പെട്ടു. അവൾ ചെറിയ അനുസരണക്കേടിൻ്റെ പടികയറാൻ തുടങ്ങി. കുട്ടികളുടെ വഴക്ക് അവരുടെ അമ്മയിൽ കോപമെന്ന അതിഥിയെ ക്ഷണിച്ചുവരുത്തി. ഫലം, ആതിരയ്ക്കുകിട്ടുന്ന വഴക്കിൻ്റെ അളവേറിവന്നു. രേഷമയ്ക്കും അല്പമൊക്കെ വഴക്കുകിട്ടിയിരുന്നു. അമ്മയുടെ താരതമ്യപ്രഭാഷണങ്ങളും ഇടയിൽ പൊന്തിവന്നു.
“ ഹോ! എല്ലാരുടേമൊരു പുന്നാര!എല്ലാമവൾക്കുവേണം. ഞാനെന്തെടുത്താലും ഓടിവരും പിടിച്ചുവാങ്ങാൻ. ഞാൻ കൊടുത്തില്ലേൽ അമ്മ എൻ്റെകൈയീന്നു വാങ്ങിക്കൊടുക്കും,അമ്മയ്ക്കെന്നോടു സ്നേഹമൊന്നുമില്ല,” അവൾക്കുതോന്നി.
ആതിരയൊരിക്കൽ സഹികെട്ടൊച്ചവെച്ചു,“ഞാൻ ചീത്തക്കുട്ടിയല്ലേ! അമ്മയ്ക്കെന്നെ ഇഷ്ടമല്ലാ, ഇഷ്ടമല്ലാ, ഇഷ്ടമല്ലാ.”
പിന്നീടതുപതിവായി.
രതിയും മകളെ ശിക്ഷിക്കാൻ ശകാരം, അടി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. അച്ഛൻ കുട്ടികളെ വഴക്കുപറയാതെ കാര്യം മനഃസ്സിലാക്കാൻ ശ്രമിച്ചിരുന്നു. ചിലപ്പോൾ നല്ലസ്നേഹത്തിലും കരുതലിലും അമ്മയും പെരുമാറിയിരുന്നു. കുട്ടിക്കതു മനഃസിലായില്ലെന്നുമാത്രം.
ആ വേനലവധിക്കാലത്ത് എല്ലാവരുംകൂടി വാഴച്ചാൽ വെള്ളച്ചാട്ടം കാണാൻ പോയി. അവർ താഴെയിറങ്ങി പാറയിൽ നിലയുറപ്പിച്ചു. ജലധാര കുതിച്ചുചാടി ആഹ്ദിളാക്കുന്നതുകണ്ട്, അവർ രസിച്ചുനിന്നു. വൻമരങ്ങളും ചെറുലതകളും അവരുടെ ഉല്ലാസത്തിൽ പങ്കുചേർന്നു.മാരുതനും അളവറ്റ ആനന്ദംകാട്ടി അവരുടെ കൂട്ടത്തിൽക്കൂടി.
പെട്ടെന്ന് ഒരാവേശത്തിൽ ആതിര രേഷ്മയെ ഒരുതള്ളുകൊടുത്തു. രാധേശും രതിയും അയ്യോന്നുനിലവിളിച്ചുകൊണ്ട് കുട്ടിയെ എടുക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടു.ആരൊക്കെയോ സഹായത്തിനോടിയെത്തി. വളരെ പണിപ്പെട്ടു മുങ്ങൽ വിദഗ്ധർ കുട്ടിയെ പുറത്തെടുത്തു. പക്ഷേ കഷ്ടം! കുഞ്ഞു യാത്രയായിക്കഴിഞ്ഞിരുന്നു.രതി പെട്ടെന്നു മോഹാലസ്യപ്പെട്ടു.
അമ്മയ്ക്ക് ആതിരയോട് അടക്കാൻവയ്യാത്ത അരിശമായി.അത് അവളോടുമിണ്ടാതെയാകുന്നതിലെത്തിച്ചു. രാധേശിൻ്റെ സമാധാനവാക്കുകൾ കുറെനാളേയ്ക്കെങ്കിലും വെറും വീൺ വാക്കുകളായി പരിണമിച്ചു. ആതിരയ്ക്കും പ്രയാസമുണ്ടായിരുന്നെങ്കിലും അവളുടെ ചെറുപ്രായമവളെ എല്ലാം മറക്കാൻ സഹായിച്ചു.
ഏതായാലും രാധേശിൻ്റെ ബുദ്ധിപരമായ ബോധനവും സഹപ്രവർത്തകരുടെ നിരന്തര സന്ദർശനവും രതിയെ ഏറെക്കുറെ സാധാരണനിലയിലേയ്ക്കു കൊണ്ടുവന്നു. എത്രപിണങ്ങിയാലും പെറ്റമ്മയല്ലേ? മകളെ വെറുക്കുന്നതെങ്ങനെ!
എന്നാൽ ആതിരയ്ക്കു പക്വതവരുന്തോറും അല്പാല്പമായി കുറ്റബോധം അവളുടെ മനോമണ്ഡലത്തിലേയ്ക്ക് ഊർന്നിറങ്ങാൻ തുടങ്ങി. പഠിപ്പിൻ്റെ തിരക്ക് അതിനെ അതിൻ്റെ പൊന്തിയതല അല്പം താഴ്തിയിട്ടു.
പത്താംക്ലാസ്സു പരീക്ഷകഴിഞ്ഞപ്പോൾ ആതിരയ്ക്കു വേനലവധിക്കു നീളം കൂടുതൽ. സമയമധികം. അവളെ ചിന്തകൾ ഏറെയായി വേട്ടയാടാൻ തുടങ്ങി,”എന്തിനാണ് നീ അങ്ങനെ ചെയ്തത്? പാവം കുട്ടി, എത്ര വെള്ളംകുടിച്ചുകാണും? രക്ഷക്കായിട്ടെത്ര ശ്രമിച്ചുകാണും, ദുഷ്ടയാണു നീ!” സ്വന്തം മനസ്സവളെ കുറ്റപ്പെടുത്താൻ തുടങ്ങി. മനസ്സാക്ഷിയവളെ കുറ്റവാളിയാക്കിക്കൊണ്ടേയിരുന്നു. പരിണാമം മനസ്സിൽ അശാന്തി.
എത്ര ആലോചിച്ചിട്ടും അവൾക്കുമനസ്സിലാകുന്നില്ല അനുജത്തിയെ കൊല്ലാൻ വേണ്ടിയാണോ അവളതു ചെയ്തതെന്ന്,അല്ല. ഒരു ഇളക്കത്തിൽ ചെയ്തതോ, അതുമവൾക്കറിയില്ല. നിരന്തരചിന്ത അവളെ വിഷാദത്തിലെത്തിച്ചു. മകളുടെ സ്ഥിതികാരണം, മകളെ വളരെയധികം സ്നേഹിച്ചിരുന്ന അമ്മയേയും ദുഃഖം ആക്രമിക്കാൻ തുടങ്ങി. ഒരു മകൾ പോയി. ഇനി ഉള്ള കുട്ടിയുംകൂടി ഇങ്ങനെ ആയാലോ? ചിന്തിക്കും തോറും രതിയ്ക്കു മനസ്സ് നീറാൻ തുടങ്ങി. ഒരുതരം അസ്വസ്ഥത നിരന്തരം അവളിൽ വാസമുറപ്പിച്ചു. പതിയെ അത് വിഷാദത്തിൻ്റെ പടവുകൾ ചവുട്ടാൻ തുടങ്ങുന്നു.
രാധേശെന്തുചെയ്യും? ജോലിക്കുപോകണം. ജോലിക്കു പോകാൻ കൂട്ടാക്കാത്ത ഭാര്യ. നല്ല പരീക്ഷാഫലം നേടിയ മകൾ ഇനിപഠിക്കില്ലെന്നു പറയുന്നു.
“എല്ലാം കൂടി ആലോചിക്കുമ്പോൾ എനിക്കു വട്ടുവരുവോ, എന്തോ? ഞങ്ങളുടെ വയസ്സായ അച്ഛനമ്മമാരെ അറിയിക്കുന്നതെങ്ങനെ?” അയാളാകെ വിഷമിച്ചു.
എല്ലാവാതിലുമടയുമ്പോൾ ദൈവമൊരു വാതിൽ തുറക്കുമല്ലോ. അയാളുടെ കീഴിൽ സ്ഥലം മാറിവന്ന ഒരോഫീസറുടെ ഭാര്യ, നന്ദിനി പ്രാഗൽഭ്യം തെളിയിച്ച ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയിരുന്നു. അവരുടെ തുടരെയുള്ള സന്ദർശനം ആദ്യമൊക്കെ ആതിര നന്നായി എതിർത്തിരുന്നു. പലദിവസത്തെ ശ്രമഫലമായി ഒരുദിവസം അവളെ പുറത്തുകൊണ്ടുപോകാൻ സാധിച്ചു. അതവളിൽ ഒരുചെറിയ മാറ്റം വരുത്തി. പിന്നീടു ചെറിയ ചെറിയ ഉദാഹരണങ്ങളിൽക്കൂടെ ആതിരയുടെ മനസ്സിനെ അവർ പറഞ്ഞുപഠിപ്പിച്ചു, അവൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് . കാര്യങ്ങൾ നേരേയാകാനുള്ള തെളിച്ചമുള്ള സ്ഫുലിംഗങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇപ്പോഴത്തെ സ്ഥിതിവച്ചു നോക്കിയാൽ അവരുടെ ഉദ്യമത്തിൽ മധുരഫലങ്ങൾ കായ്ക്കാനിനി വൈകില്ല.
അവർ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളടങ്ങിയ ഒരു നിർദ്ദേശ ലഘുലേഖ(ഇൻസ്ട്രക്ഷൻ മാനുവൽ ) രാധേശിനു കൈമാറി.
A
Comments
Post a Comment