അമ്മയുടെ ശ്രീക്കുട്ടി, അമ്മൂമ്മയുടെ ശ്രീമോൾ!
(Cheched)
അവൾ ഒരു കടലാസ്സും പേനയുമെടുത്ത് എഴുതാൻ തുടങ്ങി, “ഞാൻ എന്നെക്കുറിച്ച്, അൽപ്പമെഴുതിക്കോട്ടെ ! സരസുവെന്ന പേരാണ് എല്ലാവരും വിളിച്ചതെങ്കിലും എൻ്റെപ്രിയപ്പെട്ടയമ്മ എന്നെ ശ്രീകുട്ടിയെന്നു വിളിക്കുന്നു ; അമ്മൂമ്മ ശ്രീമോളെന്നും. സ്വയം സമാധാനിപ്പിക്കാനോ എനിക്ക് സാന്ത്വനം നൽകാനോ ആയിരിക്കാം ഐശ്വര്യമുള്ളവൾ എന്ന അർത്ഥത്തിൽ എന്നെ അമ്മ ശ്രീകുട്ടിയും അമ്മൂമ്മ ശ്രീമോളുമാക്കിയത്. രണ്ടുപേർക്കും എന്നോടു നല്ല സ്നേഹമുണ്ടെന്നെനിക്കറിയാം. എങ്കിലും ചിലപ്പോൾ ഹൃദയം സംശയം പ്രകടിപ്പിക്കും ചേച്ചിയെയാണോ കൂടുതലിഷ്ടമെന്ന് . “ഏയ്! അങ്ങനൊന്നുമില്ല,”മനസ്സുശകാരിക്കും.
എനിക്കു വയസ്സിരുപത്തിയൊന്ന്. അച്ഛനും അമ്മയും അമ്മൂമ്മയും രണ്ടുപെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിലെ ഇളയമകൾ. എന്നെ കരിങ്കുരങ്ങു രസായനത്തിനു കൊള്ളാമെന്ന് ആളുകൾ തമാശയെന്നരീതിയിലുള്ള പരിഹാസം രേഖപ്പെടുത്തുന്നു,(ബോഡി ഷെയിമിംഗ്). എൻറെ കണ്ണാടിയുമതെല്ലാം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മുകളിലേയ്ക്കു പൊന്തിയ മൂക്കും തടിച്ച ചുണ്ടും ഇടുങ്ങിയ കണ്ണുകളും വീർത്ത കവിളും നെറ്റിയെ അപഹരിച്ച് ഇത്തിരിയാക്കി നിറുത്തിയ അനുസരണക്കേടുള്ള മുടിയും കറുപ്പുനിറവും ഒക്കെയുള്ള പെണ്ണിൻ്റെ രൂപം ഒന്നൂഹിക്കൂ, അതാണ് ഞാനെന്ന സരസു, അമ്മയുടെ ശ്രീകുട്ടി ! അമ്മൂമ്മയുടെ ശ്രീമോൾ ! ഞാനെന്നെ കണ്ണാടിയിൽ നോക്കി അധികം രസിക്കാറില്ല. കണ്ടു സുഖിക്കാൻ പറ്റാത്ത രൂപം, അത്രതതന്നെ. ‘ബ്യൂട്ടിപാർലർ’, ഒരുക്കം-എൻ്റെ ജീവിതനിഘണ്ഡുവിലില്ലതന്നെ. കാക്കകുളിച്ചാൽ കൊക്കാകില്ലല്ലോ.ബന്ധുക്കൾക്കും വേണ്ടപ്പെട്ടവർക്കും കളിയാക്കാനും കുറ്റപ്പെടുത്താനും ഒരു മനുഷ്യ ജീവിയെ വേണമെങ്കിൽ അതിവിടെയുണ്ട്, ഞാനെന്ന കഥാപാത്രം. അച്ഛൻ വല്ലപ്പോഴും എന്തെങ്കിലും മിണ്ടിയെങ്കിലായി. ഒരുകാര്യം പറയാമെല്ലോ, അച്ഛൻ ആ പ്രകൃതക്കാരനാണ്. അതുകൊണ്ട് അച്ഛനെനിക്കിട്ടിരിക്കുന്ന മാർക്ക് എത്രയെന്നറിയില്ല.
ദൈവം സൃഷ്ടി കർമ്മം നടത്തിയപ്പോൾ അന്നത്തെവീതം കഴിഞ്ഞ് അധികംവന്ന മാംസം, അൽപ്പം ആലങ്കാരികമായി പറഞ്ഞോട്ടെ, എൻ്റെനാസികയായും അധരമായും കപോലമായും മാറ്റിയെടുത്തുവെന്നു തോന്നുന്നു. മുടിയൽപ്പം കൂടുതലുണ്ടായിരുന്നു. അത് ഫാലപ്രദേശത്തും പതിച്ചുവച്ചു. ആ രൂപം കണ്ടപ്പോൾ ഭഗവാനു തോന്നിക്കാണും ഇവൾക്കു ഇടുങ്ങിയ മിഴികൾ മതിയെന്ന്.സുന്ദരീസുന്ദരന്മാർക്കു കണ്ണു കിട്ടാതിരിക്കാനാവാം അദ്ദേഹമെന്നെ ഭൂമിയിലേയ്ക്കു യാത്രയാക്കിയത്. ദൈവത്തിനു കഷ്ടം തോന്നിയതുകൊണ്ടോ എന്തോ രണ്ടു കാര്യം അല്പം അനുകൂലമാണ്, ശരീരവണ്ണം പാകം ; പല്ലു നന്ന്. അതുകൊണ്ട് ചിരിനന്ന്. എൻ്റെ തോന്നലാകാം.
അമ്മയുടെ കസിൻ്റെ മകൻ ജോലി സൗകര്യത്തിനായി ഞങ്ങളുടെ വീട്ടിൽ കുറച്ചു മാസങ്ങളായി താമസമുണ്ട്, രാംദേവ് - രാംചേട്ടൻ. പഠനം കഴിഞ്ഞയുടനെതന്നെ ജോലിയിൽ പ്രവേശിച്ചു. വീട്ടിൽ താമസമുണ്ടെങ്കിലും, രാംചേട്ടൻ അദ്ദേഹത്തിൻ്റെ മനസ്സിലെ മുഖ പുസ്തകത്തിലോ ഇൻസ്റ്റയിലോ വാട്സ്ആപ്പിലോ എന്നെ ചേർത്തിട്ടില്ല. എൻ്റെ സൈഡിലേക്ക് നോക്കുകപോലുമില്ല.
എൻ്റെ ചേച്ചി പി.ജി.ചെയ്യുന്നു. കാണാൻ സുന്ദരി , പഠിക്കാൻ മിടുക്കി, വരയ്ക്കാൻ മിടുക്കി, അതിഥികളുടെയും ബന്ധുക്കളുടെയും എല്ലാവരുടെയും പ്രശംസാപാത്രം. എനിക്കതിൽ അഭിമാനമൊക്കെയുണ്ട്. ഞാൻ ഒരുവിധം പന്ത്രണ്ടാം ക്ലാസു ജയിച്ചു. കോളേജ് എനിക്കു പറ്റിയയിടമല്ല എന്നു തോന്നി ;ഇനി പഠിക്കുന്നില്ലെന്നു ശഠിച്ചു. മാർക്കു കഷ്ടിയായിരുന്നതിനാൽ ആരും പഠനം തുടരാൻ വലിയതായി നിർബന്ധിച്ചുമില്ല.
രാംചേട്ടൻ ചേച്ചിയ്ക്കൊപ്പം കൂടുമ്പോൾ വാചാലനാണ്. അവർ തമ്മിൽ നല്ല കൂട്ടുകാരാണ്. അതിനു വേറെ അർത്ഥമുണ്ടോയെന്നൊന്നും എനിക്കു പറയാൻ പറ്റില്ല. ചേച്ചിയുമായിച്ചേർന്ന് എൻ്റെ ശരീരശാസ്ത്രത്തിൽ ഗവേഷണം നടത്തുന്നതിൽ അതീവ തല്പരനാണന്നുമാത്രം; ഫലം ചെറിയ പരിഹാസം.
എൻ്റെ വിരൂപതയോ, അപകർഷതാബോധമോവാകാം , അറിയില്ല, എനിക്കു കൂട്ടുകാർ കുറവാണ്. ടി.വി.യിലെ സുന്ദരിപ്പെണ്ണുങ്ങളെ കാണുമ്പോൾ അസൂയ മനസ്സിൽ കുടിവച്ചു താമസംതുടങ്ങും. അതുകൊണ്ട് ടി.വി. എൻ്റെ സമയം അധികമപഹരിക്കാറില്ല.
പട്ടണമാണെങ്കിലും അൽപ്പം പറമ്പ് ചുറ്റുമുണ്ട്. ഒരു മാവും വേപ്പും കുറെ ചെടികളുമൊക്കെയുള്ളതുകൊണ്ട് പൂക്കൾ ധാരാളമുണ്ട്. ചിത്രശലഭവും ഓന്തും ഒക്കെ സന്ദർശനത്തിന് വരാറുമുണ്ട്. അവരോടൊക്കെ ഞാൻ ചങ്ങാത്തം കൂടാറുണ്ട്. നീറിൻ കൂട്ടം, തീവ്ര വാദികളായതുകൊണ്ട് അടുക്കാൻ ഭയമുണ്ട്. അവരുടെയൊന്നുമിടയിൽ സൗന്ദര്യ മത്സരമില്ലാത്തതുകൊണ്ട് എന്നിൽ നിന്നുമവർ അകലം പാലിക്കാറില്ല ; പരിഹസിക്കാറില്ല.
എനിക്കു വീട്ടു ജോലികളിഷ്ടമാണ്. അമ്മയെക്കൂടാതെ തന്നെ ഞാൻ ജോലികൾ ചെയ്തു തീർക്കും. എനിക്കു ചന്തമില്ലെങ്കിലും വീടു ഞാൻ ചന്തത്തിൽ വയ്ക്കാറുണ്ട്. ഭക്ഷണം രുചികരമാക്കാറുണ്ട്.
മനസ്സിനു നന്നായറിയാം ആൺകുട്ടികൾ എന്നെ ഇഷ്ടപ്പെടില്ലെന്ന് . പക്ഷെ ഈയിടെയായി രാംചേട്ടൻ ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ ഹൃദയത്തിൽ കടക്കുന്നുണ്ടോ? മനസ്സ് ശകാരിക്കും, "പഠിപ്പും സൗന്ദര്യവുമില്ലാത്ത നീ, മാനത്തെ നക്ഷത്രത്തെ കൊതിക്കാമോ?" ഹൃദയം കേൾക്കുന്നില്ല. മനസ്സു വേണ്ടെന്നു പറയുന്തോറും അതു രാംചേട്ടനു വേണ്ടി ഉള്ളിലെ വാതിൽ തുറന്നിടുന്നു. ഒപ്പം എൻ്റെ ലക്ഷണമില്ലായ്മയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലും. പുറത്തു പറയാൻ പറ്റില്ലല്ലോ!പരിഹാസമല്ലേ, ഫലം ! ചിന്ത വഴി തെറ്റുന്നു, ഉറക്കം തെറ്റുന്നു, ഹൃദയം പതിയെ തേങ്ങുന്നു. ആരോടും പറയാൻ വയ്യ. ആഹാരത്തോടും വിരക്തി. എന്തിനാണു ഞാൻ അർഹതയില്ലാത്തത് മോഹിക്കുന്നത്? ആകെ മനസ്സു കുഴഞ്ഞു മറിയുന്നു, വിഷമത്തിലേയ്ക്കു വീഴുന്നു. ആ വിഷമം മനസ്സിലൊരു കനലായെരിയുന്നു. ഇനി സഹിക്കാൻ വയ്യ. രാംചേട്ടനെ കിട്ടില്ല, അതിനു യോഗ്യതയില്ല. ചേച്ചിയുമായി ഇഷ്ടം കാണും. ഞാൻ ഇവിടെയൊരധികപ്പറ്റല്ലെ?"
ഇത്രയുംനാൾ എല്ലാ പോരായ്മകളോടുമവൾ പൊരുത്തപ്പെട്ടു പോയിരുന്നു. ഒരുവിധത്തിൽ പറഞ്ഞാൽ മനസ്സിലെ കനലിനെ ഒരു നിസംഗതാഭാവമെന്ന ചാരത്തിൽ മൂടിയിരുന്നു.
രാത്രിയിൽ ഇത്രയുമെഴുതിയത് അവൾ അമ്മൂമ്മയുടെ ഉറക്ക ഗുളിക ഉള്ളിലാക്കാനുള്ള തയ്യാറെടുപ്പോടു കൂടിയായിരുന്നു. അപ്പോഴാണ് രാംദേവ് വെള്ളം കുടിക്കാൻ താഴേയ്ക്കു വന്നത്. അവനു കാര്യം മനസ്സിലായി. ഗുളിക പിടിച്ചുവാങ്ങി എങ്ങോട്ടോ എറിഞ്ഞു. ഒന്നുമാലോചിക്കാതെ പെട്ടെന്നവൾക്കൊരടിയും കൊടുത്തു. വികാരാധീനനായി അവളുടെ കൈ കവർന്നുപിടിച്ചു ,"നീ എനിക്കുള്ളതാണ് ; ഒരു വീടിനു വേണ്ട സകലജോലികളും ചെയ്യുന്നനീയാണ് ഈ വീട്ടിലെ വിളക്ക് ! "
Comments
Post a Comment