ചിത്രകലാമൽസരം!
(Checked)
(കുറുങ്കഥ)
‘ചിൽഡ്രൻസ് പാർക്കിൽ’ചിത്രകലാമൽസരം ഗംഭീരമായ് നടക്കുന്നു. മൽസരാർത്ഥികൾക്കിഷ്ടമുള്ളവിഷയം തിരഞ്ഞെടുക്കാം.
ആറുവയസ്സുകാരൻ അഭിരാം വരയ്ക്കുകയാണ്. വരച്ചു വരച്ച് മൂന്നുസൂര്യൻ, രണ്ടുചന്ദ്രൻ, ചുവന്നമരം, കറുത്തപൂവ്,എന്നുവേണ്ടാ രചനാപത്രം നിറഞ്ഞുനിന്നു.അവനു സന്തോഷമായി. അതൊന്നു നോക്കി അവൻ കൈകൊട്ടി.
ഓടി അമ്മയുടെ അടുത്തെത്തി. ദൂരെനിന്നു പടം കണ്ട അമ്മയുടെ മുഖം കടന്നൽ കുത്തിയപോലെ,”എടാ! ഒരു സൂര്യനല്ലേയൊള്ളു. ഒരുചന്ദ്രനും. രണ്ടുമൊരിമിച്ചു വരുവോ? കറുത്തപൂ, എന്തൊക്കെയാ നീ വരച്ചത്?” അമ്മ മകനേ പ്രതീക്ഷയോടെ മൽസരത്തിനു കൊണ്ടുപോയതാണ്. പക്ഷേ…ദേഷ്യം വരാതിരിക്കുമോ?
അന്നു ഞായറഴ്ച. രാവിലെ ശാന്തി തൻ്റെ അട്ടിയട്ടിയായി നിന്ന പണികളിൽ ‘വി.ഐ.പി’ മാരെ മാത്രം ശ്രദ്ധിച്ച് ബാക്കിയുള്ളവർക്ക് അവധി കൊടുത്തു. എന്നിട്ടു പാർക്കിലേക്ക് മകനേംകൂട്ടി ഓട്ടമായിരുന്നുവെന്നു പറയാം. അത്രയും ബുദ്ധിമുട്ടി പോകുമ്പോൾ അവൻ നന്നായി വരക്കുമെന്ന പ്രതീക്ഷയായിരുന്നു ശാന്തിക്ക്.
വരകഴിഞ്ഞതും ഫലപ്രഖ്യാപനം കാക്കാതെ നിരാശയോടെ തിരികെ വീട്ടിലെത്തി.
അവൾ മകൻ്റെ പ്രായംപോലും നോക്കാതെ അവനോടു തൻ്റെ വാഗ്വൈഭവം പ്രകടമാക്കി. അവനും കണ്ണീരിൻ്റെ സഹായംതേടി.
അടുത്തദിവസം വർത്തമാനപത്രം അഭിരാമിൻ്റെ ഒന്നാംസമ്മാനവർത്തമാനം കൊണ്ടാണു വീട്ടിലെത്തിയത്. ശാന്തിക്കു കുറ്റബോധത്തിൻ്റെ കൂമ്പാരമുള്ളിൽ. ഇങ്ങനെയൊക്കെയാണോ വരയ്ക്കേണ്ടതെന്നവൾക്കു സംശയം തോന്നാതിരുന്നില്ല.
സമ്മാനവിതണദിവസം,” ഒരു ആറുവയസ്സുകാരൻ്റെ ചിത്രം അപാരം. അവൻ കിഴക്കും മദ്ധ്യത്തിലും പടിഞ്ഞാറുമൊക്കെ സൂര്യനെക്കാണും. ചന്ദ്രനേയുമങ്ങനെ തന്നെ. രാത്രിയോ പകലോ വരയിൽ വേണ്ടന്നവൻ തീരുമാനിച്ചു. പൂക്കൾ രാത്രിയിൽ കറുപ്പാകാമെന്നൂഹിച്ചു.ഇതിനെ സർറിയലിസം എന്നു വിവക്ഷിക്കാം. ഭാവനയുടെ ചിറകിലേറിയവൻ ചിത്രകലയുടെയുത്തുംഗ ശിഖരത്തിലിതായെത്തിയിരിക്കുന്നു. എല്ലാവരുമവനൊരു നല്ല കൈയടി കൊടുക്കുമോ?” ജഡ്ജിമാരിലൊരാൾ.
ഉത്തരാഖ്യാനം- സമ്മാനദാനച്ചടങ്ങിലെ മുഖ്യ അതിഥി ഒരു വിധികർത്താവായിരുന്നു.
Comments
Post a Comment