നിയതിയുടെ കളി!

         (Checked)

 

 പത്താം ക്ലാസ്സിൽ ഒരു ശരാശരി വിദ്യാർത്ഥിനിയായിരുന്ന  ഭദ്രയ്ക്ക്  പഠനത്തിൽ കേമനായിരുന്ന   പന്ത്രണ്ടാം ക്ലാസ്സുകാരൻ  മനോഹർ   ഒരു വഴികാട്ടിയും   ഗുരുവും പിന്നീട് പ്രണയിതാവുമായതെങ്ങനെയെന്നാണ് നാമിപ്പോൾ കാണുന്നത്. അവർ അയൽക്കാർ, ഗണിതവിഷയത്തിലെ  അവളുടെ സംശയങ്ങൾ  മനോഹർ ക്ഷമയോടെ കൈകാര്യം ചെയ്തു. അങ്ങനെ  ഭദ്രയുടെ  ഹൃദയത്തിൻ്റെ ഒരറയിലവൻ  പ്രതിഷ്ഠിതനായി. വേറൊരറയിൽ നൃത്തവും.  ഭദ്രയും  മനോഹറും    ഒന്നിച്ചുകൂടിയിരുന്ന പറങ്കിമാവിനു  പറയാനുള്ളത് ഭദ്രാമനോഹർ പ്രണയവർണ്ണങ്ങളാണ്. എന്നും വൈകിട്ട് അവർ അതിൻ്റെ ചുവട്ടിൽ ഒന്നിച്ചുകൂടും. ആശയം  പങ്കുവയ്ക്കും, ഭദ്രയുടെ നൃത്തത്തിൻ്റെ  മാസ്മരികതയെക്കുറിച്ചവൻ  പുകഴ്ത്തി പറയും അങ്ങനെ കുറെ  പതിവുരീതികൾ. അവളുടെ പരിപാടികൾ എഫ്.ബി.യിലും വാട്സാപ്പിലും, യൂ ട്യൂബിലും ഇൻസ്റ്റയിലുമെല്ലാം കൂടി ഒഴുകി നടക്കാൻ കാരണം മനോഹർ തന്നെ .   

 

ഭദ്ര ധനികകുടുംബാംഗം , ഏകസന്തതി, സുന്ദരി, കഥപറയുന്ന കണ്ണുകളും നൃത്തം കാട്ടുന്ന ശരീരഭാഷയുമുള്ളവൾ. ഇനി അവളുടെ അച്ഛനമ്മമാരെ പരിചയപ്പെടാം.  അച്ഛൻ,  ജയപ്രകാശ്  സർക്കാർ നൽകിയ   .പി .എസ്  (കൺഫെർഡ്   .പി .എസ്) അദ്ദേഹത്തെ  എസ് . പി . ആയി സിറ്റിയിൽ അവരോധിച്ചിരിക്കുകയാണ്.  അമ്മ  പ്രൊഫസർ  ജ്യോതിലക്ഷ്മി.

 

മനോഹറിൻറെ   കുടുംബംകൂടി നോക്കാം. അച്ഛൻ, കൃഷ്ണൻകുട്ടി  ഒരു പോസ്റ്റുമാൻ.  അമ്മയും അച്ഛനും  അമ്മൂമ്മയും അപ്പൂപ്പനും  അവനും   വീട്ടിൽ,  ഉള്ളതുകൊണ്ടു  തൃപ്തിയായി കഴിയുന്നു.  അതുകൊണ്ട് മനോഹറിനു  ഭദ്രയെ  കിട്ടാൻ ബുദ്ധിമുട്ടാണ് . പ്രശ്നം പണം പണിഞ്ഞ അന്തരംതന്നെ. അവൾ ആകാശ നക്ഷത്രവും അവൻ ഭൂവിലെ മുനിഞ്ഞു കത്തുന്നവിളക്കും.

 

അങ്ങനെയിരിക്കുമ്പോൾ അമ്മയ്ക്കു  ആസ്തമയുടെ  ബുദ്ധിമുട്ടു വരാൻ തുടങ്ങിയെങ്കിലും അമ്മ, രത്നമ്മ അതത്ര  വകവച്ചില്ല.   ന്യൂമോണിയയിലെത്തുകയും  അടുത്തുള്ള ബ്ലയിഡുകാരുടെ കൈയിൽനിന്നും  കൊള്ളപ്പലിശയ്ക്കു  പൈസ വാങ്ങി അമ്മയെ ചികിത്സിക്കേണ്ടി വന്നു.  ഭൂതംപോലെ  തുക വളരുകയായിരുന്നു. അവസാനം സഹകരണബാങ്കിൽ നിന്നും വീട് പണയം വച്ച്  തുകവാങ്ങി  കടം  വീട്ടേണ്ടിവന്നു.

 

  അമ്മയുടെ ചികിത്സക്കെടുത്ത ലോണുകളും വീടിൻ്റെ മാസാമാസമുള്ള അടവും എല്ലാംകൂടി, രണ്ടറ്റം മുട്ടിക്കാൻ പാടുപെടുകയാണ് കൃഷ്ണൻകുട്ടി.

 

ഭദ്ര  പന്ത്രണ്ടാം ക്ലാസ്കഴിഞ്ഞു, ഡിഗ്രിക്കു ചേർന്ന് ഇപ്പോൾ രണ്ടാംവർഷത്തിലേക്ക് കടന്നു . മനോഹർ  അവൻ്റെ ഉത്സാഹാഹം മൂലം പ്രൈവറ്റായി  ഡിഗ്രി എടുത്തു.   ഭദ്രയും മനോഹറും തമ്മിലുള്ള  അടുപ്പം ആരും അറിയാതിരിക്കാൻ  അവർ ശ്രദ്ധവച്ചു.   ഒരു ഘട്ടത്തിൽ അവൻചിന്തിച്ചു, " അവളെ വിളിച്ചിറക്കി കൊണ്ടുവന്നാലോ? " പക്ഷെ  എസ്. പി. യുടെ അധികാരമവനെ പിന്തിരിപ്പിച്ചു.

 

 

  അച്ഛനമ്മമ്മാരുടെ സമ്മതത്തോടെ സുഭദ്രാമഹേശ്വരപ്രണയം പൂവണിയുക  എളുപ്പമാണെന്ന് കരുതേണ്ടാ.  അവളുടെ നിരാഹാരസമരത്തിനു മുൻപിൽ അമ്മയും നിരാഹാരമനുഷ്ഠിച്ചു. മകൾ അതുകൊണ്ടു പിന്മാറി. എസ് .പി.ജയപ്രകാശിൻ്റെ  പൂർവാശ്രമത്തിലെ ദരിദ്രപശ്ചാത്തലംപോലും  അവളെ തുണയ്ക്കാതെ   അകന്നു നിന്നു.

 

 കൂടുതൽ പഠിക്കാൻ മെനക്കെടാതെ പി.എസ് .സി. പരീക്ഷയെഴുതി മനോഹർ  സർക്കാരാഫീസിൽ ഗുമസ്തനായി.   ചെറുതെങ്കിലും ജോലിയായപ്പോൾ ശരിക്കും ഭദ്രാമനോഹർമാംഗല്യം  യാഥാർഥ്യമായി. സുഹൃത്തുക്കൾ ബലമായി അവരുടെയരികിൽ നിന്നു.  മാതാപിതാക്കൾ അറിഞ്ഞമട്ടു കാണിച്ചില്ല. ജ്യോതിക്കവരെ വിളിച്ച്  ബന്ധം  വിളക്കിച്ചേർക്കണമെന്നുണ്ടെങ്കിലും വിജയം കണ്ടില്ല.

 

കൃഷ്ണൻകുട്ടിയുടെ നിർദ്ദേശപ്രകാരം അവർ ഒരു ചെറിയ വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങി. മനോഹറിൻ്റെ   പ്രോത്സാഹനം , ഭദ്രയ്ക്കും താൽക്കാലിക നിയമനം  കിട്ടിയിരിക്കുന്നു.   ഗുമസ്തപ്പണിതന്നെ.  സ്നേഹവും കരുതലും, വെള്ളവും വളവുമായി കിട്ടിയപ്പോൾ  ദാമ്പത്യവല്ലരി വളർന്നു പന്തലിച്ച് നാലഞ്ചു വർഷം കഴിഞ്ഞപ്പോൾ പുഷ്പിച്ചു. കാണാൻ കൗതുകം തോന്നുന്ന ഒരു ആൺതരി, കുടുംബത്തിനിമ്പമേകി വളരാൻ തുടങ്ങി. പക്ഷെ  കുഞ്ഞിനെ നോക്കാൻവേണ്ടി  ഭദ്രക്കു  ജോലിയോട് സലാം പറയേണ്ടി വന്നു. ഇപ്പോളവനു  രണ്ടു വയസ്സ്. മനോഹറിൻറെയും  ഭദ്രയുടെയും ലോകമിപ്പോൾ മകൻ, അരവിന്ദാണെന്നു പറയാം. നൃത്തപരിപാടികളുംഒക്കെ  ചെയ്ത്, സിനിമയുമൊക്കെ കണ്ട് രസിച്ചു നടന്നു. കുഞ്ഞുണ്ടാകുന്നതിനു മുൻപവർ  ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അല്പമൊക്കെ  അടിച്ചുപൊളിച്ചാണ്  ജീവിച്ചത്.

 

ഒരുദിവസം മനോഹർ  ആഫീസിൽനിന്നും നേരത്തെ  വീട്ടിലെത്തി. "ഭദ്രേ , ഭദ്രേ !"

"വിളിച്ചോയെന്നെ?"

"  , നമുക്കിന്നു കായലിൽനിന്നും സീവരെ  പോകുന്ന ബോട്ട്ജേർണിയുണ്ട്. നമ്മളെങ്ങോട്ടും പോകാറില്ലല്ലോ.  കുഞ്ഞിൻ്റെ  'ഓട്ടിസം'  ഇനിയെന്നും നമ്മെ  പിന്തുടരും.  അതുകൊണ്ട് അവനെയുംകൂട്ടി ഇന്ന് നമ്മൾ പോകുന്നു."

 

ഭദ്രയും സമ്മതിച്ചു.  അവരും  കുഞ്ഞുംകൂടി  തോണിയിൽ കയറി. കുട്ടിക്കെന്തോ പിടിക്കാതെയുണ്ട്. അവൻ കരയാൻ തുടങ്ങി. മനോഹറും ഭദ്രയും മാറി മാറി എടുത്ത് സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്തൊക്കെ ചെയ്തിട്ടും കുഞ്ഞ് കരച്ചിൽ നിറുത്തുന്നില്ല. മനോഹർ  എഴുന്നേറ്റ് ആടിയുലഞ്ഞു നീങ്ങുന്ന തോണിയുടെ  പിന്നിലേക്കുനടന്ന്  കുഞ്ഞിനെ കൈയിൽ വച്ചാട്ടാൻ തുടങ്ങി. തിരിച്ചും മറിച്ചും കുട്ടിയെ  എടുത്തു.  പെട്ടന്നുകുഞ്ഞു കൈയിൽനിന്നും വഴുതി വെള്ളത്തിലേക്കു വീണു.  ഭദ്ര സ്തബ്ധയായിപ്പോയി, അന്തിച്ചുനിൽക്കാതെ അവളും കൂടെ ച്ചാടി.  അവൾക്കു കുഞ്ഞിനെപിടികിട്ടി, പക്ഷെ മനോഹറിനെ ഒറ്റയ്ക്കാക്കി രണ്ടുപേരെയും ആഴിയുടെ ആഴം ഏറ്റുവാങ്ങി.  നിയതിയുടെ കളി ആരറിയാൻ?

 

 

Comments

Popular posts from this blog

അവൾ സുധീര!

അങ്കിതിൻറെ കളിപ്പാട്ടം!

സുഹൃത്ത്!