നമ്മുടെ പ്രിയ പുത്രൻ !
(Checked)
രാജു എന്ന ഓട്ടോറിക്ഷ ഡ്രൈവറും ഭാര്യ സുചിതയും മകൻ രജിത്തും ആണ് ആ വീട്ടിൽ താമസം. വീടിൻ്റെ അടുത്തൊരു കളിസ്ഥലമുണ്ട്, അതിൻ്റെ ചുറ്റും കുറെ കുറ്റിച്ചെടികളും പൂക്കളുമൊക്കെ മതിലുകെട്ടി സംരക്ഷിച്ചിട്ടുണ്ട്. നടുക്കുള്ള സ്ഥലം കുട്ടികൾക്കു കളിക്കാനായി ചെടികൾ വിട്ടുകൊടുത്തിരിക്കുന്നു. എന്നും വൈകിട്ടും ഒഴിവു ദിവസങ്ങളിലും അവിടം ക്രിക്കറ്റു കളിയുടെ ഒരു കോട്ടയായി വിരാജിക്കുന്നു. രജിത് ബൗളിങ്ങിൽ തൻറെ നൈപുണ്യം എല്ലാം പ്രകടിപ്പിച്ച് സുഹൃത്തുക്കളുടെ ആരാധനാപാത്രമായി തീർന്നിട്ടുണ്ട്. പഠിത്തത്തിലും അവൻ കേമൻ തന്നെ. സ്വഭാവത്തിൽ ആരുവിചാരിച്ചാലും ഒരു കറുത്തപൊട്ടു കാണാൻ കഴിയില്ല.
പക്ഷെ ഒരുദിവസം അവൻ അച്ഛൻ്റെ ഓട്ടോറിക്ഷയുമെടുത്ത് പുറത്തേക്കിറങ്ങിയതും ഒരു കാറുമായി കൂട്ടിയിടിച്ച് അവൻ്റെ ഇടതുകാലിനു സാരമായ പരിക്കുപറ്റി. രാജുവിൻറെ നല്ലമനസ്സിൻ്റെ പരിണാമമാകാം ഒരു വക്കീലിൻ്റെ സഹായത്താൽ ലൈസൻസില്ലാത്ത കുറ്റത്തിൽ നിന്നും കുടുംബം ഒരു ചെറു പിഴയോടെ രക്ഷപ്പെട്ടു. പക്ഷെ രജിത്തിൻ്റെ ക്രിക്കറ്റ് എന്നേക്കുമായി അവനോടു വിട പറഞ്ഞു. അവനാകെ നിരാശക്കുഴിയിൽ വീണു. അവനിപ്പോൾ എല്ലാത്തിനോടും, ലോകത്തോടുപോലും വെറുപ്പാണ്.
ആയിടക്ക് അവൻ്റെ വീടിനടുത്ത് ഒരു വീടു വാങ്ങി താമസമാക്കിയ സുന്ദർ എന്ന മധ്യവയസ്കൻ രജിത്തിൻ്റെ കളിയിൽ ആകൃഷ്ടനായി കളി കണ്ടിണ്ടുനിൽക്കുമായിരുന്നു. അയാൾ രജിത്തിൻ്റെ സ്ഥിതി മനസ്സിലാക്കി രാജുവിൻ്റെ വീടു സന്ദർശിച്ച്, രജിത്തിനോട് സംസാരിക്കാൻ ശ്രമിച്ചു, പരാജയപ്പെട്ടു. അയാൾ അടുത്തദിവസങ്ങളിലും വന്നു. അമ്മയുടെയും അച്ഛൻ്റെയും നിർബന്ധപ്രകാരം അവൻ സുന്ദറിനോട് സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരുദിവസം സുന്ദർ," മോനേ, നീ ക്രിക്കറ്റിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്, പക്ഷെ സത്യം അംഗീകരിച്ചല്ലേ പറ്റൂ. നമുക്ക് പതിയേ ചെസ്സിലേക്കു മാറിയാലോ? "
അവനു ദേഷ്യമാണ് വന്നത്.അവൻ ക്രിക്കറ്റല്ലാതെ ഒരുകളിയേയും അംഗീകരിക്കാറില്ലായിരുന്നു. സുന്ദർ അടുത്തദിസം ചെസ്സ് ബോർഡും സാമഗ്രികളും വാങ്ങിക്കൊണ്ടു വന്നു. അവൻ ദേഷ്യത്തിൽ പറഞ്ഞു, ഞാനിതു വലിച്ചെറിയേണ്ടെങ്കിൽ നിങ്ങളിതു കൊണ്ടുപോകൂ. സുന്ദർ വളരെ ശാന്തനായി അവൻ്റെ പുറം തലോടി പറഞ്ഞു, " ഞാനാണെങ്കിലും ഇങ്ങനെയൊക്കയേ ചെയ്യൂ. സാരമില്ല, മൊനൊന്നു നോക്ക്. നിന്നെ കണ്ടാലറിയാം നീ മിടുക്കനാണെന്ന്. നിനക്കിതു പറ്റും."
അയാളുടെ ശാന്തത അവനിൽ മാറ്റത്തിൻ്റെ കാറ്റു വീശാൻ തുടങ്ങി. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ അവൻ പതിയെ ചെസ്സ് ബോർഡ് എടുക്കുകയും കാലാൾ (പോൺസ് ) നിരത്തുകയും ചെയ്തു. സുന്ദറിൻ്റെ ഒപ്പം കളിക്കാൻ തുടങ്ങി. അതു പതിവായി,ഇപ്പോൾ അവൻ നല്ലധൈര്യത്തിൽ കളിച്ചു ജയിക്കുന്നുണ്ട്. സ്കൂളിന് വേണ്ടി കളിച്ച് സമ്മാനങ്ങൾ കൊണ്ടുവരാനും തുടങ്ങി. രജിത് ആളാകെ മാറി. പഴയ പ്രസരിപ്പ് തിരിച്ചു വന്നു.
അന്ന് രാജുവും മകനുംകൂടി നന്ദിപറയാൻ സുന്ദറിനെ സന്ദർശിച്ചു. സന്തോഷവർത്തമാനത്തിനിടയിൽ സുന്ദർ പറഞ്ഞു, "രജിത് മോനെ, നീ എൻ്റെ ചോരയാണ്, എൻ്റെ മകൻ.”
രാജുവിൻ്റെ മുഖത്തെ ചോര വറ്റിപ്പോയപോലെ, അയാൾക്കു ദേഷ്യവും സങ്കടവും ഒന്നിച്ചുവന്നു.
പന്ത്രണ്ടു വർഷങ്ങൾ മുന്നേ അഞ്ചുമണിസമയമായിക്കാണും, രാജു ഒന്ന് പുറത്തേക്കിറങ്ങി. മുറ്റത്ത് നല്ല ഓമനത്തമുള്ള ഒരു കുട്ടി നിന്ന് പൂക്കൾ പറിക്കുന്നു, പൂമ്പാറ്റയെ പിടിക്കാൻ ശ്രമിക്കുന്നു," അങ്കിൾ എനിക്കീ പൂപാറ്റയെ പിടിച്ച് തരാമോ? സുചിതയും അവിടേക്കെത്തി. രാജു ചുറ്റും നോക്കി ആരെയും കാണാനില്ല. കുട്ടിയെ എടുത്തുകൊണ്ട് സുചിത കെട്ടിപ്പിടിച്ചുമ്മ കൊടുക്കാൻ തുടങ്ങി. ഒളിഞ്ഞുനിന്നതു കണ്ട് സുന്ദർ സമാധാനത്തോടെ അവിടെനിന്നും പോയി.
അവർ പക്ഷെ പോലീസിനെ അറിയിച്ചു. പോലീസ് കുഞ്ഞിനെ ചൈൽഡ് വെൽഫെയർ സെൻററിലെത്തിച്ചു. എല്ലാദിവസവും അവർ കുഞ്ഞിനെ സന്ദർശിച്ചു, അവരുടെ വരവ് സെന്ററുകാരെതിർത്തില്ലാ. കുറെ ഔപചാരികത സഹിക്കേണ്ടിവന്നെങ്കിലും വിജയം അവരെ ചുംബിച്ചു.
സുന്ദർ രജിത്തിനോടു തുടർന്നു, " മോനെ ഞാൻ നിന്നെയും കൊണ്ട് പോലീസിനെ വെട്ടിച്ച് ഓടുകയായിരുന്നു.
"പോലീസ്! " രാജു അൽപ്പം ഭയത്തോടെ ഉരുവിട്ടു.
" അതെ, എൻ്റെയും രാഗിണിയുടെയും ലവ് മാരിയേജ് ആയിരുന്നു. രണ്ടു വീട്ടുകാരും എതിരുനിന്നു. സോഷിയോളജി എം.എ. യും വച്ചുംകൊണ്ടെവിടെ ജോലികിട്ടാൻ. ഞങ്ങൾ കുറെ വിഷമിച്ചു. അവസാനം എൻ്റെ ഒരു ഫ്രണ്ട് ദുബായിൽ ജോലി ശരിയാക്കി,മൂന്നാം ദിവസം പോകത്തക്കവണ്ണം ടിക്കറ്റും ശരിയാക്കി. സന്തോഷം പങ്കു വയ്ക്കാൻ വീട്ടിലേക്കോടി. വീട്ടിൽ കണ്ട കാഴ്ച്ച, രാഗിണി ഡ്രെസ്സിനു തീ പിടിച്ച് ബാക്ക് യാർഡിലേക്കോടുന്നു. എന്താ സംഭവിച്ചതെന്ന് ഇന്നും അറിയില്ല, കാരണം അവൾ വിടപറഞ്ഞു.
മരണാന്തര പ്രക്രിയയെല്ലാം കഴിഞ്ഞപ്പോൾ, അവളുടെ വീട്ടുകാർ സ്ത്രീധന പീഡനമെന്നുപറഞ്ഞു കേസു കൊടുത്തു. കേസിൽ കുടുങ്ങിയാൽ അതോടെ എൻ്റെയും മകൻ്റെയും ജീവിതം അവസാനിച്ചുപോകും. എനിക്കറിയാമായിരുന്നു രാജുവിൻ്റെയും സുചിതയുടെയും വീട്ടിൽ എൻ്റെ മകൻ സുരക്ഷിതനാകുമെന്ന്, സ്നേഹം കിട്ടി വളരുമെന്ന്."
സുന്ദറിനെ കേസിൽപ്പെടുത്താതെ മിത്രങ്ങൾ അക്കരെയെത്തിച്ചു. അതിനുശേഷം ഇന്നോളം അയാൾ നാട്ടിൽ വന്നിട്ടില്ല. കുറെ പണം ഉണ്ടാക്കി ഇപ്പോൾ തിരിച്ചുവന്ന് മകൻ്റെ വീടിനടുത്ത് താമസമാക്കി.
ആകെ നിശബ്ദത. രാജു ആകെ സങ്കടത്തിലായി. രജിത് എന്ത് പറയുമെന്ന ചിന്ത അയാളെ മഥിച്ചു. ഇത്തിരികഴിഞ്ഞപ്പോൾ ഒന്നാലോചിച്ചിട്ടു മകൻ പറഞ്ഞു, “എൻ്റെ അച്ഛൻ്റെയും അമ്മയുടെയും കൂടെ കഴിയുന്നതാണെനിക്കിഷ്ടം. ഞാൻ അങ്കിളിനെ കാണാൻ വരാം, എപ്പോൾ വേണമെങ്കിലും അങ്കിളിന് എന്നെയും കാണാം."
" അങ്കിളല്ല മോനെ, അച്ഛൻ. അവൻ നമ്മുടെ പ്രിയ മകനാണ്, അല്ലെ സുന്ദർ," രാജു.
Comments
Post a Comment