ഉർവ്വശീശാപം ഉപകാരമോ?
(Edited)
ബാബുവിന്റെ കുട്ടിക്കാലം മുതലുള്ള വലിയ മോഹമായിരുന്നു ഒരു പട്ടാളക്കാരനാകുക എന്നുള്ളത്. അതിനു കാരണം അവന്റെ അമ്മ സാവിത്രിയുടെ അനുജൻ വിജയൻ പട്ടാളക്കാരനായിരുന്നു. ബാബുവിനു താഴെ രണ്ടു പെൺകുട്ടികളാണ്. ഇവരുടെ വീട് സർക്കാരുണ്ടാക്കിക്കൊടുത്ത ലക്ഷം വീടുകോളനിയിലാണ്. തൊട്ടടുത്താണ് അമ്മാവന്റെ വീട്. അമ്മായിയും മക്കളും അവിടെ താമസിക്കുന്നു. അമ്മാവൻ ആണ്ടിലൊരിക്കൽ വന്ന് രണ്ടുമാസം വീടിനെ അലങ്കരിക്കും. കുട്ടികൾക്കു കുശാലാണ്.അമ്മാവൻ ധാരാളം മിട്ടായികളും ബിസ്ക്കറ്റുകളും ഒക്കെ കൊണ്ടുവരും. അമ്മാവൻ വരുന്നു എന്നോർക്കുമ്പോൾത്തന്നെ കുട്ടികളുടെ വായിൽ വെള്ളം നിറയും. മിട്ടായിക്കൂടിനും ബിസ്ക്കറ്റുകൂടിനും വേണ്ടി പിള്ളേർ തമ്മിൽ അടിയാണ്. അവർ അവയൊക്കെ ശ്രദ്ധയോടെ അഴിച്ച് പുസ്തകം പൊതിയും. മിനുക്കമുള്ള കടലാസ്സിട്ടു പൊതിഞ്ഞ പുസ്തകം കൂട്ടുകാരെ ഗമയിൽ കാണിക്കും.
ബാബുവും സഹോദരികളും അമ്മാവന്റെമക്കളുംകൂടി ചേർന്ന് കളിക്കുന്നതിനിടയിൽ അവനോടിപ്പോയി അമ്മാവന്റെ പഴയയുണിഫോമൊക്കെ എടുത്തു ധരിക്കും. പതിനൊന്നു വയസ്സുകാരനായ ബാബു കുട്ടികളെ വരിയിൽ നിറുത്തി ടി.വി.യിൽ കണ്ടതുപോലെ ‘ ലഫ്ട്, റൈറ്റ്’ പറഞ്ഞ് മാർച്ചു ചെയ്യിക്കും.
പക്ഷെ ബാബുവിന് ഒരു പനിയിൽ തുടങ്ങി ചൂട് അസഹ്യമായപ്പോൾ അതു ‘ഫിറ്റ്സ്’ പോലെ ആയി. ചികിത്സ നല്കിയെങ്കിലും ഫിറ്റ്സ് വീണ്ടും വീണ്ടും വന്നുവെന്നു തന്നെയല്ലാ, ഇടവേള കുറഞ്ഞുവന്നു. അവൻ പത്താം ക്ലാസ്സുകഴിഞ്ഞപ്പോൾ പട്ടാളക്കാരനാകാൻ മോഹിച്ചു. പക്ഷെ ‘എപ്പിലെപ്സി’ അവനെ ശാരീരിക ക്ഷമതയെന്ന കടമ്പയിൽനിന്നും മാറ്റി നിറുത്തി. വിഷമം വന്നെങ്കിലും എല്ലാവർക്കും പട്ടാളക്കാരാവാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞു മാതാപിതാക്കൾ അവനെ സമാധാനിപ്പിച്ചു. അമ്മാവനും, "എടാ, പട്ടാളജോലി നീ വിചാരിക്കുമ്പോലെ അത്ര സുഖമുള്ള ജോലിയല്ല, ബുദ്ധിമുട്ടുകൾ ഒത്തിരിയൊണ്ട്," അതൊക്കെ കേൾപ്പിച്ചവനെ പിന്തിരിപ്പിച്ചു.
ഇരുപത്തഞ്ചുവയസ്സിലെത്തിയപ്പോൾ മരുന്നിന്റെ ഗുണംകൊണ്ടാകാം ഫിറ്റ്സ് വരുന്നതിന്റെ എണ്ണം ഒന്ന് കുറഞ്ഞു. മാതാപിതാക്കൾക്കും ബന്ധുജനങ്ങൾക്കും ആശ്വാസമേകുന്ന സ്ഥിതിയിലേക്കെത്തി ബാബു. വിവാഹാലോചനകൾ വന്നു. വിവാഹം വേണ്ടന്നവൻ തീർത്തു പറഞ്ഞു. അവൻ എന്തെങ്കിലും ജോലി ചെയ്യാൻ തുടങ്ങിയാൽ മാതാപിതാക്കൾ വിലക്കും, “ നീ ജോലിയൊന്നും ചെയ്യണ്ട. നിനക്കു ചെലവിന് പണിയെടുത്താണെങ്കിലും ഞങ്ങൾ ഉണ്ടാക്കുന്നില്ലേ?”
“നിങ്ങളുടെ കാലശേഷമോ?” അവൻ ചോദിക്കും.
“ അപ്പോൾ സഹോദരങ്ങളുണ്ടാകും,” അവർ പറയും. അങ്ങനെ പറഞ്ഞെങ്കിലും ബാബു അവർക്കെന്നും ആകാംക്ഷാവിഷയമായിരുന്നു. എന്നിരുന്നാലും
അവൻ ഒരു കടയിൽ സാധനങ്ങൾ പൊതിഞ്ഞു കെട്ടുന്ന പണിചെയ്തു അത്യാവശ്യം കുറച്ചു പണമൊക്കെയുണ്ടാക്കി, മാതാപിതാക്കളെ സഹായിച്ചു പോന്നു.
അങ്ങനെ മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധയിൽ രണ്ടുമൂന്നു വർഷംകൂടി വിടപറഞ്ഞു.
എത്ര പറഞ്ഞാലും അടങ്ങി വീട്ടിലിരിക്കുന്നപ്രശ്നം മാത്രം അവന്റ മനസ്സിൻ്റെ ദഹനപ്രകൃയയിൽ നിന്നൊഴിഞ്ഞു നിന്നു.
കടയിൽനിന്നും വന്നു കഴിഞ്ഞാൽ ദിവസവും വൈകിട്ട് വീട്ടിൽനിന്നുമിറങ്ങി കൂട്ടുകാരുമൊത്ത് അടുത്തുള്ള ഒരു കലുങ്കിൽ ഇരുന്നു നാട്ടുവർത്തമാനത്തിൽ, രാഷ്ട്രീയത്തിൽ, കളികളിൽ ഒക്കെ കയറി ഇറങ്ങുക പതിവാണ്.
ലക്ഷംവീടു സൗഹൃദം ധാരാളമുണ്ടായിരുന്നതിനാൽ ആ സ്വഭാവം അച്ഛനമ്മമാരെ അലോസരപ്പെടുത്തിയിരുന്നില്ലാ. കൂട്ടുകാർക്കും ബാബുവിനോടു നല്ല അടുപ്പമുണ്ടായിരുന്നു.
അന്നൊരുദിവസം കൂട്ടുകാർ എല്ലാവരുംകൂടി കലുങ്കിൽ ഇരുന്ന് സംഭാഷണത്തിൽ മുഴുകി. കുറേനാളുകൂടി ബാബു പെട്ടെന്നു രോഗലക്ഷണം കാട്ടി. കൂട്ടുകാർക്കെന്തെങ്കിലും ചെയ്യാൻ പറ്റും മുന്നേ അവൻ പിറകോട്ടു തോട്ടിലേക്കു മറിഞ്ഞു വീണു. തല അവിടെ മുഴച്ചു നിന്നിരുന്ന ഒരു കല്ലിലിടിച്ച്, രക്തമൊഴുകാൻ തുടങ്ങി. തോട്ടിലെ വെള്ളവും രക്തവും തമ്മിൽ തിരിച്ചറിയാൻ വയ്യാത്തരീതിയിലായി.
ആശുപത്രിക്കവനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കും ബാബു ഒരു വലിയ ദു:ഖക്കടൽ സമ്മാനിച്ച്, അസുഖമില്ലാത്ത ലോകത്തേക്കു യാത്രയായി. വാർദ്ധക്യം പുണരാൻ സമയമായി വരുന്ന മാതാപിതാക്കൾക്കും വിവാഹിതരായ സഹോദരികൾക്കും ഉർവ്വശീശാപമുപകാരമാകുമോ?
Comments
Post a Comment