ക്രൗഞ്ചമിഥുനം!
(Checked)
ദുബായിലൊരുവർഷം പൂർത്തിയായപ്പോൾ വാർഷികാവധി ബാലുവിനു ഹസ്തദാനം കൊടുക്കാനെത്തി. അവൻ സന്തോഷിച്ചോ? ഇല്ല, നിസ്സംഗൻ.
കാരണം രണ്ടുവർഷക്കരാറിൽ ജോലിക്കുകയറിയ അവൻ്റെ ഉദ്യോഗത്തിൻ്റെ പ്രായം അന്നു വെറും പത്തുമാസം. അതുകാരണം ജനനസമയമായില്ല. അവധിയെന്നകുട്ടിക്കു പൂർണ്ണമായും ഒരുവർഷകുംഭീവാസമുണ്ട്. ‘പാസ്പോർട്ട്’-ഉം അറബിയുടെ കൈവശം. അവധി അത്യാവശ്യം, അമ്മയ്ക്കു കടുത്തപനി, ഡെങ്കി, ആശുപത്രിയിൽ. ഏതാണ്ട് ന്യൂമോണിയാസ്ഥിതിയിൽ. കൂട്ടുകാരാണ് വിവരമറിയിച്ചത് അമ്മയുടെ ചെറിയവയ്യായ്കപോലും അവൻ്റെ മനസ്സിൽ വലിയവിമ്മിഷ്ടം സൃഷ്ടിച്ചിരുന്നു. പക്ഷേ എന്തുചെയ്യാൻ? അച്ഛനൊരു പാവം, പ്രത്യേകിച്ചൊരു തീരുമാനമെടുക്കാനൊന്നും കഴിവില്ല. അമ്മ പറയുന്നത് ചെയ്യും.
അറബിഅല്പം കനിവുകാട്ടി. പത്തുദിവസത്തെ അവധി കൊടുത്തു. ഇപ്പോൾ ബാലു നാട്ടിലെത്തിയെങ്കിലും ആകെയൊരു ഉന്മേഷക്കുറവ്. അവനെ കണ്ടതും അമ്മയുടെ പനി അല്പമൊരകൽച്ച കാട്ടിയോ? ഏതായാലും രണ്ടുദിവസം കഴിഞ്ഞപ്പോൾ അമ്മവീട്ടിൽവന്നു. അച്ഛനും ആശ്വാസമായപോലെ.
മാലിനിയുടെ വിവാഹം അടുത്തയാഴ്ചയാണ്. വന്നവിവരം അവൻ മാലിനിയെ അറിയിച്ചില്ല. അവളുടെ വിവാഹച്ചടങ്ങുകൾ അവനെസംബന്ധിച്ചിടത്തോളം ഒരു ദുഃഖപര്യവസായിയായ സിനിമാക്കഥ.
അവനു വിവാഹത്തിൽ പങ്കെടുക്കാൻ തീരെ താത്പര്യമില്ല. അവളെ ഫോൺ ചെയ്യാതായിട്ട് രണ്ടുമാസം.
രണ്ടുമാസം മുന്നെ അവളിൽ നിന്ന്, “വിവാഹമുറച്ചു, അടുത്തമേയിൽ, എതിർക്കാൻ കഴിയുന്നില്ല. ബാലുവൊന്നു വരാമോ?”കാര്യമാത്രപ്രസക്തമായ ഒരു ‘വാട്സാപ് സന്ദേശം’ അവനുകിട്ടി.
അവൻ അവളെ ഫോണിൽനിന്നും മനസ്സിൽ നിന്നും ‘ഡിലീറ്റ്’ ചെയ്തു. അവൾ മറ്റൊരാളുടെ ഭാവിഭാര്യ, ഇനി അവളുമായി ചങ്ങാത്തം ശരിയല്ലെന്നവൻ ചിന്തിച്ചു. കൂട്ടുകാരോടും അവനു സമ്പർക്കമില്ല. മാതാപിതാക്കളൊഴികെ ആരുമായും ഒരു സമ്പർക്കവും ആ നിരാശാകാമുകൻ പുലർത്തിയില്ല. സാമൂഹികമാദ്ധൃമങ്ങളോടുള്ള സ്നേഹവും അളവിൽക്കുറച്ചു.
ക്യാംപസ്പ്രേമമെന്ന ആരാമത്തിൽ കൂടുകെട്ടിയ ക്രൗഞ്ചപക്ഷികളായിരുന്നു ബാലുവെന്ന ബാലനും, മാലുവെന്ന മാലിനിയും. വീടുകൾ വളരെ അകലെ. എന്നാൽ മനസ്സുകൾ വളരെയടുത്തും.
അവരുടെ പ്രേമം കോളജിലെ പലമുഖങ്ങളിൽ ആനന്ദം നിറച്ചു. സുഹൃത്തുക്കളുടെപ്രേരണയും പ്രേമവല്ലരിക്ക് ഉയരേ പടരാനുള്ള പന്തലായി പരിണമിച്ചു.
ജോലികിട്ടിയാലുടൻ വിവാഹിതരാകാൻ തീരുമാനിച്ചാണ് അവർ ക്യാംപസ് വിട്ടത്. ഒരു കമ്പനിജോലിരൂപത്തിൽ ഭാഗ്യം ബാലുവിനെ അനുഗ്രഹിച്ചു. പക്ഷെ എന്തു പറയാൻ!
മാലുവിൻ്റെ പിതാവ് വലിയ പണമോഹി ആയിരുന്നു. അതിനു ബാലു കണ്ടെത്തിയപോംവഴി-അവൻ ദുബായിലേക്കു വിമാനം കയറി.
മാലിനിക്കൊരു വലിയ പണച്ചാക്കിൻ്റെ ഉടമയുടെ വിവാഹാലോചന വന്നു.
" എടീ, ഇങ്ങനൊരു കല്യാണം നമ്മുടെ ഭാഗ്യമാ," മാലുവിൻ്റെ അച്ഛൻ അമ്മയോട് പറഞ്ഞു.
" പിന്നെ, ആ പിള്ളേര് തമ്മിൽ ഇഷ്ടമാണ്. അതങ്ങു നടത്തിയാൽ പോരെ?
പക്ഷെ അച്ഛൻ തീരുമാനിച്ചു, മുഹൂർത്തം കുറിച്ചു.
അടുത്തദിവസം രാവിലെ, ബാലു വിരസതയകറ്റാൻ കളിച്ചുവളർന്ന പറമ്പു കാണാനുള്ള മോഹത്തിൽ പുറത്തേക്കിറങ്ങി. പൂമണം പൊഴിച്ചിരുന്നചെടികളും മരങ്ങളും നടവരമ്പും നെൽവയലുകളും പനമരവും അവൻ കയറിയിരുന്ന, മാലുവിനെക്കുറിച്ചു സ്വപ്നം കണ്ടിരുന്ന മരക്കൊമ്പുമെല്ലാം ഹത്യക്കിരയായി. പകരം അവനു മനസ്സിലിടം കൊടുക്കാത്ത ‘കോൺക്രീറ്റ്ഹർമ്യക്കാടുകൾ’ക്കു തുടക്കം . അമ്മപറഞ്ഞിരുന്നു ആരോ അടുത്തുള്ളപറമ്പുകൾ വാങ്ങി വില്ലകൾ പണിയുന്നുവെന്ന്. ഒരുവർഷത്തെ വ്യത്യാസം. പ്രിയപ്പെട്ടതൊക്കെ, പ്രകൃതിയും പ്രേയസിയും അയാൾക്കു നഷ്ടം.
അമ്മയുടെ ഫോൺ, “നീ എവിടാ, ഇങ്ങോട്ടു വാ.”
തിരികെ വീട്ടിലെത്തിയതും,
അവിടെയെത്തിയ കൂട്ടുകാർ,പ്രണവും മാത്യുവും, കൃഷ്ണനും, പീറ്ററും, “കുറെനാളായില്ലെ നീ ഞങ്ങളിൽ നിന്നകലുന്നു? ഫോൺ വിളിച്ചാലോ കട്ടുചെയ്യും, വാടാ നമുക്കൊന്നു പുറത്തുപോയിവരാം.”
അവർ ബാലുവിനേ നിർബന്ധിച്ച്, കാറിൽക്കയറ്റി (പൊക്കിയെടുത്തു വച്ചുവെന്നുപറയാം.
വഴിയിൽ പലതും പറഞ്ഞ് അവർ അവനെയുന്നു ചിരിപ്പിക്കാൻ നോക്കി. ഒരുരക്ഷയുമില്ല. അവരുടെ കാർ ഒരാഫീസിലെത്തി. സബ് രജിസ്ട്രാർ ഓഫീസ്. എല്ലാം തയ്യാർ. മാലു ബാലുവിനെ കണ്ടതും ഓടിവന്നു പരിസരം മറന്നു കെട്ടിപ്പിടിച്ചു. ആത്മാർത്ഥസൗഹൃദപരിണാമം.
Comments
Post a Comment