വൃന്ദാവനയാത്ര!

         (Checked)

 

വിജയനും  പദ്മജയും ദമ്പതികളെങ്കിലും ഉറ്റചങ്ങാതിമാരെപ്പോലെയായിരുന്നു. അതിനുകാരണമുണ്ട്, പത്തുവർഷക്കാലം മക്കളില്ലാതിരുന്നു. വിജയൻറെ  തെങ്ങുകയറ്റമായിരുന്നു അവരുടെ പ്രധാന വരുമാനം. കിളയ്ക്കൽ, പറമ്പ് വൃത്തിയാക്കൽ

 അങ്ങനെ  പലപണികളും അയാൾ ചെയ്തുപൊന്നു. പദ്മജ മക്കളില്ലാത്ത വിഷമം ഉള്ളിലൊതുക്കി,  വെറുതെ കരഞ്ഞു സമയംപോക്കാതെ എന്തെങ്കിലും വീട്ടുജോലിയിൽ മുഴുകും. എങ്കിലും അയൽവക്കത്തെ കുട്ടികളെക്കാണുമ്പോൾ, സ്കൂൾയൂണിഫോമിട്ട മിടുക്കന്മാർ പറമ്പിൽക്കൂടെ കുറുകെച്ചാടി സ്കൂളിലേയ്ക്ക് പോകുമ്പോൾ, മാമ്പഴക്കാലത്ത് കുഞ്ഞുങ്ങൾ ഒളിഞ്ഞും തെളിഞ്ഞും മാവിലെറിയുമ്പോൾ ഒക്കെ  അവളുടെ ഉള്ളിലെ സങ്കടം സടകുടഞ്ഞെഴുനേൽക്കാറുണ്ട്. അവളെ വേട്ടയാടാറുണ്ട്

 

പറമ്പിലും  തൊടിയിലും ചെടികൾ നട്ടും നനച്ചും  ഒഴിവുസമയം സുരഭിലമാക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു. നന്ദിസൂചകമായി ചെടികൾ പ്രത്യേകിച്ച് അവളുടെ പ്രിയപ്പെട്ട അരളി അതിൻ്റെ  തല അവളുടെ അരികിലേക്ക് ചായ്ച്ച് അവളെ തൊട്ടുരുമ്മിനിൽക്കാറുണ്ട്അതിൻ്റെ പൂക്കളുടെ മണവും നിറവും  അവളെ ആകര്ഷിക്കാറുണ്ട്. . റോസപോലെയാണെങ്കിലും മുള്ളില്ലാത്തതൊരു പ്രത്യേകതതന്നെ.

 

 ദിവസങ്ങൾ മാസങ്ങളായും  മാസങ്ങൾ  ആണ്ടുകളായും സലാംപറഞ്ഞു പിരിഞ്ഞുകൊണ്ടേയിരുന്നു. ദമ്പതികൾ  അന്യോന്യം കൂടുതൽ സ്നേഹംകാട്ടിയും  തമ്മിൽ പഴിപറയാതെയും കഴിഞ്ഞുപോന്നു, ഉള്ളം തേങ്ങുമ്പോഴും  ചുണ്ടു ചിരിപൊഴിച്ചു.

 

ഒരുനാൾ വിജയൻറെ സഹോദരിയും ഭർത്താവും കുടിലിനു തീപിടിച്ചു മരണം വരിച്ചു. എത്രശ്രമിച്ചിട്ടും അവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. രാവിലെ കാവിൽ ആരോ കത്തിച്ചുവച്ചതിരി കാക്കകൊത്തി പുരപ്പുറത്തിട്ടതാകാമെന്നാളുകൾ പറയുന്നുണ്ട്.

 

 ഏതായാലും അവരുടെ മകൻ,  പന്ത്രണ്ടു വയസ്സുകാരൻ രാജു എല്ലാ ഞായറാഴ്ചയിലെയുമ്പോലെ അന്നും  വിജയൻറെ  വീട്ടിലുണ്ടായിരുന്നു

 

അന്നുതൊട്ടവനെ അവരുടെ മകനാക്കി സ്വീകരിച്ചു. വേണ്ടകാര്യങ്ങൾ ചെയ്യാൻ ഒരു വക്കീലും  സഹായിച്ചുഅങ്ങനെ അവൻ അവരുടെയെല്ലാമായി,"മോനേ, നീയിനി ഞങ്ങളെ അച്ഛാന്നും അമ്മേന്നും വിളിച്ചാമതി," പദ്മജ ഉപദേശിച്ചു. കണ്ണിലുണ്ണിയെപ്പോലെ വളർത്തിവലുതാക്കി.പഠിക്കാൻ മോശമായിരുന്നതുകൊണ്ട് തെങ്ങുകയറ്റം തന്നെ അവനും സ്വീകരിച്ചു. ഇപ്പോൾ നല്ലകൂലി കിട്ടുന്നതുകൊണ്ട് അവനു പരാതിയൊന്നുമില്ല. ചെറുപ്പത്തി്ന്റേതായ അൽപ്പം എടുത്തുചാട്ടം മാറ്റിവച്ചാൽ വീടിനു വിളക്കുപോൽ അവൻ മാതാപിതാക്കളോട്( അമ്മാവൻ , അമ്മായി) സ്നേഹംകാട്ടി

 

ഓഹ്! അതാവരുന്നു അടുത്തദുരന്തം.”രാജുതെങ്ങിൽനിന്നുംവീണു...വീണു..വീണുനാട്ടിൻപുറം മൊത്തം ഏറ്റുപറഞ്ഞു. ആശുപത്രി, മരുന്ന്, കുത്തിവയ്പ്, കുഴലുകൾ എന്നിവയുടെ കൂടെ രാജുവിന് ആറുമാസം സഹവസിക്കേണ്ടിവന്നു. ചികിത്സപ്രമാണിച്ച് പദ്മജ മറ്റുവീടുകളിൽ ഭാഗിക ജോലിക്കാരിയായി. എങ്കിലും ആറുമാസം കിടക്കയോടു മല്ലിട്ടു രാജു മറുലോകം പൂകി.

 

വിജയനെയും പദ്മജയെയും സമാധാനിപ്പിക്കാൻ വീട്ടുകാരും, നാട്ടുകാരും ഏറെപ്പണിപ്പെട്ടു. എന്നിട്ടുമവർ ദുഃഖക്കടലിൽ തന്നെ കുറെനാൾ പതിഞ്ഞു കിടന്നു.

 

ഒരുനാൾ "എടീ നമ്മൾക്കിനി ആരുമില്ല, മുൻപിൻ നോക്കാനില്ല. എൻറെ അനിയത്തിപോലുമിന്നില്ല, നമ്മളെന്തു ചെയ്യും? " വിതുമ്പൽ അയാളുടെ ചിറികോട്ടി  നിർത്തി. ഭർത്താവു കരഞ്ഞപ്പോൾ ഭാര്യയേയും ദുഃഖം കീഴടക്കി.

 

" നമുക്കു ദൂരേയ്ക്ക്  യാത്ര പോയാലോ? അങ്ങേവീട്ടിലെ സാറും ഭാര്യയും   വൃന്ദാവനത്തിൽ തൊഴാനോക്കെ പോയിഎന്നുകേട്ടു," പദ്മജ  അൽപ്പം ഭക്തിയോടെ പറഞ്ഞു.

 

"ഒത്തിരി കാശാകും?"

 

അവസാനം അന്നുതൊട്ട് തീർത്ഥയാത്രയ്ക്കുവേണ്ടി അവർ പണം കരുതാൻതുടങ്ങി. അവർക്കുകിട്ടുന്ന കൂലിയിൽ നല്ലൊരു പങ്ക് പെട്ടിയ്ക്കകത്ത് സൂക്ഷിച്ചിരുന്ന ഒരു  തകരപ്പാട്ടയിലേയ്ക്കു  ചേക്കേറി.   

 പദ്മജയുംകൂടി അറുപതുവയസ്സിനു മുകളിൽ എത്തിയിട്ടു പോകാൻ തീരുമാനിച്ചു.ഇപ്പോൾ  ചെറുപാട്ടയുടെ  വയറുനിറഞ്ഞു, ഇരുപത്തയ്യായിരം രൂപയിലെത്തി. അഞ്ചോ ആറോ  ക്ലാസ്സുവരെമാത്രം   പഠിച്ച  അവർക്ക്  പണമെണ്ണാനൊക്കെ  അറിയാം. പദ്മജ ജോലിചെയ്യുന്നവീട്ടിലെ സാറിൻ്റെ സഹായം തേടി, പോകാനൊരുങ്ങി.  പണമൊക്കെ കൈയിലെടുത്ത്,   സാറു  വിളിച്ചുപറഞ്ഞതനുസരിച്ച്  തീർത്ഥയാത്രയുടെ ആളിൻ്റെ ( ടൂർ ഓപ്പറേറ്റർ )യടുത്തേയ്ക്കു പോയി . അവിടുത്തെ മാനേജർ വേണ്ടതൊക്കെചെയ്തു.  പണം എണ്ണിനോക്കാൻ വാങ്ങിഎല്ലാം അഞ്ഞൂറിൻ്റെയും ആയിരത്തിന്റേയും നോട്ടുകൾ.   നോട്ടുകൾ നിരോധിച്ചതോനോട്ടുമാറ്റിയെടുക്കുന്ന സമയം കഴിഞ്ഞതോ ഒന്നും പാവങ്ങളറിഞ്ഞില്ല. കാര്യമറിഞ്ഞപ്പോൾ വിജയനതു വലിയ ആഘാതമായി,  വിഷമവും കൂടിയായപ്പോൾ അയാൾക്ക് തല കറങ്ങുന്നതുപോലെ തോന്നി. അയാൾക്കതു  താങ്ങാവുന്നതിലുമധികമായിപദ്മാജയ്ക്കൊട്ടും സഹിച്ചില്ല.  അവൾ അവിടെ വീണുവെന്നു പറഞ്ഞാൽ മതിയല്ലോ. അത്രയ്ക്കും അവർ തീർത്ഥയാത്ര ആഗ്രഹിച്ചുപോയിരുന്നു.

 

ഏതായാലും ഏജൻസിക്കാർ അവരെ ആശുപത്രിയിൽ എത്തിച്ചു. സാറും ഭാര്യയും കൂടി ആശുപത്രിയിൽ വന്നു. ദമ്പതികളുടെ സങ്കടം മനസ്സിലാക്കിയപ്പോൾ അവർ,  "നിങ്ങൾ വിഷമിക്കേണ്ടാ, അവിടെപ്പോകാനുള്ള പണം ഞങ്ങൾ  തരാം," എന്നസാറിൻ്റെ വാക്കുകൾ തേൻതു ള്ളികളായി അവരുടെ കാതുകളിൽ പതിഞ്ഞു.

 

 

 

Comments

Popular posts from this blog

അവൾ സുധീര!

അങ്കിതിൻറെ കളിപ്പാട്ടം!

സുഹൃത്ത്!