വിചാരണ!
(Checked)
പത്തു .സി. ക്ലാസ്സ്. മലയാളം അദ്ധ്യാപകൻ കുട്ടികളോട് കഥ പറയുകയാണ്. അദ്ദേഹം അങ്ങനെയാണ് കുട്ടികളെ രസിപ്പിക്കാൻ ഇടയ്ക്കൊക്കെ നല്ല കഥകളെ കൂട്ടുപിടിക്കും. നല്ല ഭാഷ ഉപയോഗിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ട്. കുട്ടികൾ എല്ലാ സ്ഥിതിവിശേഷങ്ങളും അറിയണമെന്നും അത് വിശകലനം ചെയ്യണമെന്നും ആഗ്രഹമുള്ള അദ്ധ്യാപകൻ കുട്ടിക്കഥകളല്ല പറയുന്നത്. കഥകളെ അവർക്കു വിലയിരുത്താനും അവസരം അദ്ദേഹം കൊടുക്കും.
അദ്ദേഹം പറഞ്ഞു തുടങ്ങി,"പ്രതാപനും വാസുദേവനും അയൽക്കാരും ഒരിക്കൽ സതീർത്ഥ്യരുമായിരുന്നു. കൂട്ടുകാരുമായിരുന്നു. പക്ഷെ സമ്പത്തിൻ്റെ കാര്യത്തിൽ ഇപ്പോൾ അജഗജാന്തരം വ്യത്യാസമുണ്ട്. അതുകാരണം തമ്മിൽ സമ്പർക്കം കുറവാണ്. കുറവെന്നല്ല ഇല്ലതന്നെ. പണക്കാരനായിരുന്ന പ്രതാപൻ അയൽവക്കക്കാരുടെ കുറച്ചു സ്ഥലംകൂടി വാങ്ങി വലിയ മാളിക പണിയിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് അയാളുടെ വീട്ടിലേയ്ക്കു പോകാൻ പാവപ്പെട്ടവനായ വാസുദേവന് അൽപ്പം വൈക്ലബ്യംതോന്നിയിരുന്നു. എന്നാൽ വാസുദേവനു പ്രതാപൻ നിമിത്തം ഒരു കോടതിയിൽ വിചാരണ നേരിടാൻ പോകേണ്ടിവന്നു. അതെന്തിനെന്നു ഞാൻ പിന്നെ പറയാം.
ഒരു ബസ്സിൽ അയാൾ കോടതിയിലേയ്ക്കു പൊയ്ക്കൊണ്ടിരുന്നു. മനസ്സ് ശാന്തമല്ല. പലവിചാരങ്ങളും മനസ്സിൽക്കൂടി കടന്നുപോയി. അയാളോടു സ്വന്തം മനസ്സു ചോദിച്ചു അയാളെന്താണ് പറയാൻപോകുന്നതെന്ന്! സത്യം പറഞ്ഞാൽ പ്രതാപൻ അയാളെ വച്ചേക്കുമോയെന്നു സംശയമുണ്ട്? അയാളുടെ കൈകൊണ്ടാണോ തൻ്റെ അന്ത്യമെന്ന് വാസുദേവൻ സംശയിച്ചു. ഒരു തീരുമാനമെടുക്കാൻ പറ്റുന്നില്ല. പ്രതാപനെ അനുകൂലിച്ചാലനീതി. അനുകൂലിക്കാതിരുന്നാലും അതൊരു അനീതിയെന്നു വേണമെങ്കിൽ വിവക്ഷിക്കാം. ഏതായാലും അയാൾ കോടതിയിലെത്തി. ഒന്നുരണ്ടു കേസു വിളിച്ചശേഷം വാസുദേവൻ സാക്ഷിക്കൂട്ടിൽ കയറി.
കുറെ കോടതിനടപടികളൊക്കെ കഴിഞ്ഞ് പ്രതാപൻ്റെ വക്കീൽ വാസുദേവനെ വിസ്തരിക്കാൻതുടങ്ങി," ഈ ഭഗവത് ഗീത തൊട്ടു സത്യം ചെയ്യൂ,സത്യമേ പറയൂ, സത്യം മാത്രമേ പറയുവൊള്ളൂവെന്ന്."
അയാൾ അനുസരിച്ചു.
"നിങ്ങൾ പ്രതാപനെ അറിയുമോ?"
"അറിയും."
"എത്രനാൾ തൊട്ട്?"
"ഞങ്ങൾ ഒന്നിച്ച് സ്കൂളിൽ പഠിച്ചതാണ്."
"കൂട്ടുകാരാണോ?"
"അതെ."
അങ്ങനെ കുറെ ചോദ്യങ്ങൾ വക്കീൽ ചോദിച്ചു. എല്ലാം അയാൾ ഉത്തരം പറഞ്ഞുകൊണ്ടേയിരുന്നു.
ഇനി എന്താ സംഭവിച്ചതെന്ന് കേട്ടോളൂ. വാസുദേവൻ്റെ മൂന്നുവയസ്സുകാരി മകൾക്കു പനി കൂടെക്കൂടെ വരാറുണ്ട്. ഒരുദിവസം പെട്ടെന്നു പനികൂടി.ഇപ്പോൾ ആശുപത്രിയിലാണ്. പരിശോധനയിൽ ഹൃദയവാൽവു തകരാറിലാണെന്ന് മനസ്സിലായി. ഓപ്പറേഷൻ വേണം. അതിനു ധാരാളം പണം വേണം. അവസാനം മടിച്ചുമടിച്ച് രാത്രിയിൽ വാസുദേവൻ പ്രതാപൻ്റെ വീട്ടിലെത്തി. പ്രതാപൻ ബിസിനസ്സ് കാര്യത്തിനായി അവിടവിടെയൊക്കെ പോകുന്നതിനാൽ രാത്രിയിൽ മാത്രമേ ആ വീട്ടിൽ കാണാറുള്ളു. പ്രതാപൻ്റെ കുടുംബം താമസിക്കുന്നതു വേറേവീട്ടിലാണ്. എന്തു ബിസിനസ്സെന്നൊന്നും വാസുദേവനറിയില്ല.
വാസുദേവൻ ബെല്ലടിച്ചു, പ്രതാപൻ തുറന്നില്ല. അയാളും വേറെ രണ്ടാളുംകൂടി വന്നു കയറുന്നത് വാസുദേവൻ കണ്ടിരുന്നു. മുൻവശത്തെ ഒരു ജനൽ തുറന്നുകിടപ്പുണ്ട്. അതിൽക്കൂടി നോക്കിയപ്പോൾ ആരെയും കാണാനില്ല. ആ വീടിനു ധാരാളം മുറികളുള്ളതുപോലെ അയാൾക്കു തോന്നി. അവിടൊക്കെ നടന്നു അനക്കമൊന്നും കേൾക്കാഞ്ഞപ്പോൾ
വീടിനു പുറകിൽ നോക്കിയാലോന്നു കരുതി.
അവിടെ അയാൾ കണ്ട കാഴ്ച്ച അയാളെ ഞെട്ടിച്ചു. ഒരു സെക്യൂരിറ്റിക്കാരനെ നിർത്തിയിരുന്നു. അയാൾക്ക് രാവിലെതൊട്ടു പത്തര മണിവരെമാത്രമേ ജോലിയുള്ളൂ. അതും നാട്ടുകാരെ ബോധിപ്പിക്കാൻ. അന്നയാൾക്കല്പം സുഖക്കുറവുതോന്നി കസേരയിൽ ഇരുന്നുറങ്ങിപ്പോയി. ഇതൊന്നുമറിയാതെ പ്രതാപനും കൂട്ടുകച്ചവടക്കാരും പതിവുപോലെ പതിനൊന്നു മണിയായപ്പോൾ മയക്കുമരുന്നു സഞ്ചികൾ വണ്ടിയിൽനിന്നും ഇറക്കിവയ്ക്കുകയായിരുന്നു. അവരുടെ ചെറിയ ശബ്ദത്തിലുള്ള സംസാരം കേട്ട് സെക്യൂരിറ്റിക്കാരൻ ഓടിയവിടെയെത്തി. സെക്യൂരിറ്റിക്കാരൻ പോയിരുന്നില്ലെന്ന് അപ്പോൾമാത്രമേ അയാൾ അറിഞ്ഞുള്ളൂ. അയാൾ അവിടെ നടക്കുന്നതൊക്കെ ആദ്യമായി കാണുകയായിരുന്നു. ആ സഞ്ചികൾ എന്താണെന്നൊന്നും സെക്യൂരിറ്റിക്കറിയില്ല. എങ്കിലും അവർ ചോദ്യം ചെയ്തപ്പോൾ അയാൾ കണ്ടകാര്യം പറഞ്ഞു. തിരിച്ചും മറിച്ചും അവർ ചോദ്യംചെയ്യുകയും ഭേദ്യം ചെയ്യുകയും ചെയ്തു, " നീ ഇവിടെ കണ്ടത് ആരോടെങ്കിലും പറയുവോടാ?"
"ഇല്ല, ഞാനൊന്നും കണ്ടില്ല. " ഒരുത്തൻ വിടുന്ന ലക്ഷണമില്ല. സെക്യൂരിറ്റിക്കിട്ടൊരു ചവിട്ടു കൊടുത്തു. ഈ സമയമത്രയും വാസുദേവൻ ഒന്നും മിണ്ടാതെ ഒളിച്ചു നിന്നിരുന്നു. അവസാനം സെക്യൂരിറ്റി തറയിൽ വീണുപോയി.
വന്നവർ ചേർന്ന് അയാളെ ചാക്കിൽ കയറ്റുന്നു. ചാക്കിൽ കെട്ടി എവിടെങ്കിലും ഉൾവനത്തിൽ കളയാനായിരുന്നു പ്ലാൻ. അത് കണ്ടതും അയാൾ വളരെവേഗത്തിൽ ഓടി സ്വന്തം വീട്ടിൽ കയറി വാതിലടച്ചു. ഇതു പ്രതാപൻ കണ്ടു.
സമനില വീണ്ടെടുത്ത് വാസുദേവൻ വേഗംതന്നെ ശബ്ദമുണ്ടാക്കാതെ ആശുപത്രിയിലേക്കിറങ്ങാൻ തുടങ്ങുകയായിരുന്നു. പ്രതാപൻ പെട്ടെന്ന് വാതിലിലെത്തി, " നിനക്ക് ആരതിമോളുടെ ഓപ്പറേഷൻ നടത്തണ്ടേ? അവളുടെ ജീവൻ അപകടത്തിലല്ലേ? എത്ര പണംവേണേങ്കിലും ഞാൻ തരാം. നീ ഇന്നിവിടെ വന്നതാരും കണ്ടിട്ടില്ല. അതുകൊണ്ടു നീ ഹോസ്പിറ്റലിൽ ആയിരുന്നു. സെക്യൂരിറ്റിയുടെ വീട്ടുകാർ പരാതികൊടുത്താൽ വിവരം അന്വേഷിച്ച് നിൻ്റെ വീട്ടിൽ പോലീസ്സു വരാൻ സാധ്യതയുണ്ട്."
അതങ്ങനെതന്നെ സംഭവിച്ചു. അയാൾ പോലീസിനോട് കാര്യം പറയാതെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും കോടതിയിൽ പോകേണ്ടിവന്നു.
ഇനി നമുക്കു കോർട്ടിലേയ്ക്ക് തിരിച്ചു വരാം. സെക്യൂരിറ്റിയേ പരിചയമുണ്ടായിരുന്നോ, കാണാതായ ദിവസം അയാളെ കണ്ടിരുന്നോ, എപ്പോളാണ് ഒടുക്കം കണ്ടത്, അങ്ങനെ ധാരാളം ചോദ്യങ്ങൾ, അയാൾക്ക് അമ്പുകൊള്ളുന്നവേദനയുണ്ടാക്കി. അയാൾ സത്യം പറഞ്ഞാൽ മകളുടെ ജീവൻ, അപകടത്തിൽ, പ്രതാപനെ ശിക്ഷിച്ചാൽ അയാൾ എന്തും ചെയ്യാൻ മടിയില്ലാത്തവനാണ്. സത്യം പറയാതിരുന്നാൽ പാവം ആ സെക്യൂരിറ്റിയുടെ വീട്ടുകാർക്കൊരു കോമ്പൻസേഷൻപോലും കിട്ടില്ല. സുഖമില്ലാത്ത ഭാര്യയെ സംരക്ഷിക്കണം.
ഇനി കുട്ടികളെ നിങ്ങൾ പറയൂ, അയാൾ എന്തു ചെയ്യണം? കള്ളം പറഞ്ഞ് കുട്ടിയേയും ഫ്രണ്ടിനെയും രക്ഷിക്കണോ അതോ സത്യം പറഞ്ഞ് സാമൂഹിക നീതി നടപ്പാക്കി സമൂഹത്തിനു മാതൃകയാകണോ? ഒരു പാഠമാകണോ? "
കുട്ടികൾ കുഞ്ഞിനെ അനുകൂലിച്ചും സത്യത്തെ അനുകൂലിച്ചും മറുപടി പറഞ്ഞു.
"അവസാനമയാൾ എന്ത് ചെയ്തു കാണും? അയാൾ പറഞ്ഞത് കേൾക്കൂ."
" സാറുമ്മാരെ, ഞാൻ ഭഗവദ്ഗീത തൊട്ട് സത്യം ചെയ്തതാണ്. കള്ളം പറയത്തില്ല. എൻ്റെ കുഞ്ഞിനെ ദൈവം കാക്കട്ടെ,"
എന്ന് പറഞ്ഞയാൾ," -----------------------ഇത്രയും കാര്യങ്ങളാണ് ഞാൻ കണ്ടത്. ബാക്കിയൊന്നും എനിക്കറിയില്ല." എന്ന് പറഞ്ഞു.
"പ്രതാപനെ എന്തായാലും പോലീസു പിടിക്കും. കേസെല്ലാവരും അറിയും. അതുകാരണം അയാൾക്ക് വാസുദേവനെയൊന്നും ചെയ്യാൻ കഴിയില്ല. കുട്ടികളെ , എപ്പോഴും നിങ്ങൾ സത്യത്തിനൊപ്പം നിൽക്കുക,"
സത്യമേവ ജയതേ! " അദ്ധ്യാപകൻ പറഞ്ഞു നിറുത്തി.
Comments
Post a Comment