എന്തു കഥ?

  


കഥാകാരനാകെയൊരു ചിന്താക്കുഴപ്പം.മാസികയ്ക്കു  കഥകൊടുക്കണം,ഏറ്റതാണ്. എന്തുവിഷയം,എങ്ങനെ തുടങ്ങണം, ദുഃഖപര്യവസായിയാക്കണോ, സുഖപര്യവസായിയാക്കണോ? അതൊക്കെ ചിന്തിച്ചുചിന്തിച്ചയാൾ ഉറക്കത്തിലേക്കു വഴുതി വീണു. സ്വപ്നംപോലെ ഒരു സംഭവം അയാളുടെ  ഉപബോധമനസ്സിൽ  'ക്ലിക്ക്' ചെയ്തു.   പെട്ടന്നുതന്നെ ഞെട്ടിയെഴുന്നേറ്റു  ലാപ്‌ടോപ്പു തുറന്നു, വിരലുകൾ അക്ഷരഫലകത്തിൽ നൃത്തം തുടങ്ങി.


'അതാ ആ അപ്പാർട്ടുമെൻറിലാണ് നിർമ്മല പത്തും  എട്ടും  വയസ്സുപ്രായമുള്ള രണ്ടുമക്കൾക്കൊപ്പം  താമസിക്കുന്നത്. അവളുടെ  പ്രിയൻ, പ്രശാന്ത്  ഗൾഫിൽ  ഒരു 'ഓഫ്‌ഷോറി'ലെ   ഒരു കമ്പനിയിൽ മോശമല്ലാത്തശമ്പളത്തിൽ ഉദ്യോഗത്തിലാണ്. രണ്ടുമാസത്തിലൊരിക്കൽ ഒരുമാസത്തെ അവധിക്കു നാട്ടിൽ വരും. 


  നിർമ്മലയെ  പി.എസ്സി.സി. മുഖേന ഏതാണ്ട്  ഒരു ദശാബ്ദത്തിനുമുന്നെ  താലൂക്കാഫീസു കവർന്നെടുത്തു . ഭൂമിതരംതിരിക്കൽചുമതലയുള്ളതുകൊണ്ട് തിരക്കേറെ, നിന്നുതിരിയാൻ നേരമില്ല. അത്രയ്ക്കും അപേക്ഷകൾവന്ന് അലമാരയുടെവയർ കണ്ടമാനം നിറഞ്ഞു. കുറെയൊക്കെ അപേക്ഷകളെ അത് പുറത്തേക്കു ശർദ്ദിച്ചുതുടങ്ങി.  


കുട്ടികൾ സ്കൂൾകഴിഞ്ഞു വന്നാൽ അമ്മയേൽപ്പിച്ച താക്കോൽ ബാഗിൽനിന്നും പുറത്തുചാടും. കുട്ടികൾ വാതിൽതുറന്നകത്തു കയറും. ഉപ്പേരി, പഴവഗ്ഗങ്ങൾ, ഫ്രൂട്ട്  ജ്യൂസ് അങ്ങനെയെന്തെങ്കിലും ലഖുഭക്ഷണംകൊടുത്തവർ  വിശപ്പിനെയുറക്കും.  ആൺകുട്ടി, മുകുൾ അവൻറെ മുറിയിൽ കയറി പുസ്തകവുമായോ  വരകളുമായോ  സൗഹൃദത്തിലേർപ്പെടും.  ടി.വി.യെ അവൻ  തീരെ നിരാശപെടുത്താറില്ല.  'ടാബ്'  അമ്മവന്നാലേ  കുട്ടികളിലെത്തിച്ചേരൂ. അനുജത്തി മുക്ത ബാൽക്കണിയിൽ നിൽക്കുന്ന ചെടികളേയും പൂക്കളെയും തലോടും. അവയോടു കിന്നാരം പറയും. കൂട്ടത്തിൽ സമീരണനും കൂടും. അവൻ കുസൃതി കാട്ടി ചെടികളുടെയിലകളെ വട്ടം  ചുറ്റിക്കും.  അമ്മ നിറച്ചുവച്ചിരിക്കുന്ന ബക്കറ്റിൽ നിന്നും മഗ്ഗുകൊണ്ടുകോരി അവൾ  ചെടികൾക്ക് വെള്ളമൊഴിക്കും.പിന്നെ ചേട്ടനുമായി ഇഷ്ടചാനലിനുവേണ്ടി അൽപ്പം വഴക്കിടും. 


അയൽക്കാരുമായി നല്ലയടുപ്പമുള്ളതുകൊണ്ടുതന്നെ അവരോടും പറഞ്ഞിട്ടുണ്ട് പിള്ളേരുതമ്മിൽ വലിയവഴക്കുകണ്ടാൽ ഒന്നു ശ്രദ്ധവച്ചോളണേയെന്ന്.  ഏതായാലും ചേട്ടൻറെ  ജ്യേഷ്ഠത്വം  അൽപ്പംവിട്ടുവീഴ്ചയൊക്കെ ചെയ്യും. പിന്നീടു രണ്ടുപേരുംകൂടി ടി.വി.യിൽ മുഴുകും. അപ്പോഴേക്കും നിർമ്മലയെത്തി മക്കളുടെ ചുമതലയിൽ മുങ്ങും.


 രണ്ടുദിവസമായി  മകൾക്കൊരു വല്ലായ്മപോലെ. എത്രചോദിച്ചിട്ടും കുട്ടി പറയുന്നില്ല.  അവധിയെടുക്കാൻ ബുദ്ധിമുട്ടാണെങ്കിലും കുട്ടികളുടെ കാര്യംകഴിഞ്ഞുമതി ജോലിയെന്നു പിറുപിറുത്തുംകൊണ്ടവൾ അവധിക്കപേക്ഷിച്ചു.  ആശുപത്രിപരിശോധനയിൽ കണ്ടകാര്യം നിർമ്മലയ്ക്ക്‌ അവിശ്വസനീയമായിരുന്നു. ഡോക്ടർ ചോദിച്ചപ്പോൾ  കുട്ടിയുടെ നിഷ്ക്കളങ്ക മനസ്സു വൈഷമ്യങ്ങൾ പുറത്തുവിട്ടു."കുട്ടിക്കു  നല്ലപോലെ  കൗൺസിലിംഗ് വേണം,"  ഡോക്ടർ.


 നിർമ്മല കുട്ടിയേ വീട്ടിലിരുത്തിയിട്ട്  നേരേയെതിരെയുള്ള ഫ്ലാറ്റിലേക്ക് കയറി.  അവൾ  ദുരഭിമാനത്തിനു മനസ്സിലിടം കൊടുത്തില്ല.  ഹൃദയത്തിൽ കത്തിയ കനൽ  ചാരമ്മൂടി വയ്ക്കാൻ തയ്യാറായില്ല. പ്രതികരണം വേണ്ടിടത്തു പ്രതികരിക്കുക അത്യാവശ്യമെന്നുതന്നെ തീരുമാനിച്ചു.


അവിടത്തെ ഗൃഹനാഥൻ സാബു, വയസ്സു മുപ്പത്തിയഞ്ച്. ഒരു കമ്പനിയിൽ അൽപ്പം ഉയർന്ന ജോലി. ഭാര്യസുമ, മൂന്നു വയസ്സുള്ള  ഒരു മകൾ അങ്കിത.  കെട്ടിടത്തിൻറെ  ഓരോനിലയിലും  നാലു വീടുകൾമാത്രം. അൽപ്പം വി സ്താരാമുള്ളയിടനാഴി എതിർഗൃഹങ്ങളെ അകലത്തിൽ നിർത്തുന്നു. സാബുവിൻറെ  ഭാര്യ പ്രസവത്തിനു പോയേക്കുകയാണ്. സാബു ഇടയ് ക്കൊക്കെ രാത്രിഷിഫ്റ്റിൽ ജോലിയിൽ കയറിയാൽ പകൽ വീട്ടിലുണ്ടാകും.  ഒരുദിവസം കുട്ടികൾ വന്നൽപ്പം കഴിഞ്ഞപ്പോൾ അയാൾ അയൽവീട്ടിലേക്കു പോയി.മുകുൾ അവൻറെ  മുറിയിൽ കയറി പതിവു കാര്യങ്ങളെ താലോലിക്കാൻ തുടങ്ങി.  


മുക്തയെ ഫോൺ കാണിക്കാമെന്നുപറഞ്ഞുകൊണ്ട് അവളെക്കൂട്ടി സാബു അയാളുടെ ഫ്ലാറ്റിലെത്തി. സ്വന്തം  വീട്ടിൽ ഫോൺ നിയന്ത്രണമുള്ളതുകൊണ്ട്   അവൾ വേഗം അയാൾക്കൊപ്പം പോയി. അവൾക്കു ഫോൺ കളിക്കാൻ കൊടുത്തശേഷം 'ബ്ലാക്ക്‌ഫോറസ്ററ്'  കേക്കു കഴിക്കാൻ കൊടുത്തു. അതുകഴിഞ്ഞു കുട്ടിയെ വേണ്ടവിധത്തിൽ ദുരുപയോഗപ്പെടുത്തി. കുട്ടിക്കു വല്ലായ്മയായി, അല്ല  വയ്യാതായി.   അവൾക്കു സ്കൂളിൽപ്പോകാൻ  മടിയായി, 


നിർമ്മല സാബുവിനോടു പൊട്ടിത്തെറിച്ചപ്പോൾ അയാൾ  ധിക്കാരത്തോടെ പെരുമാറി, "നിങ്ങൾ ഇറങ്ങിപ്പോകുന്നുണ്ടോ? ഇല്ലെങ്കിൽ ഞാനിപ്പോൾ സെക്രെട്ടറിയേ വിളിക്കും."  

"വിളിച്ചോ,എല്ലാരും അറിയട്ടെ സാബുവെന്ന മഹാൻറെ മാന്യത."

നിർമ്മല രണ്ടുംകൽപ്പിച്ചാണ് വന്നതെന്നു മനസ്സിലായപ്പോൾ അയാൾ താഴ്ന്നു, "എൻറെ  കുടുംബം കലക്കരുത്. അബദ്ധം പറ്റിയതാ. സുമയിതറിഞ്ഞാൽ..."


"അറിയണം, നിങ്ങൾക്കു തീരെ മൂളയില്ലേ? ഈ ചെറിയകുഞ്ഞിനെ ഇങ്ങനെ ദ്രോഹിക്കാൻ?"

"ഇനി ഞാൻ നിങ്ങളുടെ ഭാഗത്തേയ്ക്ക് നോക്കുകപോലുമില്ല. ക്ഷമിക്കു,  ഞാൻ നിർമ്മലയുടെ കാലു പിടിക്കാം," സാബു.


അവളുടെ തീരുമാനം പാറപോലെ ഉറച്ചതായിരുന്നു. അവളുടെ മനസ്സിനെ അണുവിടപോലും ചലിപ്പിക്കാൻ പറ്റില്ലെന്നുകണ്ടപ്പോൾ അയാൾ സ്വരം മാറ്റി,

"ഭാര്യ പ്രസവത്തിനു പോയേക്കുമ്പോൾ ചെറുപ്പക്കാരിയായ നീ എന്തിനിവിടെ വന്നു?അതും നിൻറെ  ഭർത്താവ്  വിദേശത്തായിരിക്കുമ്പോൾ. വന്നേക്കുന്നു ഒരു പതിവ്രത, അതും  ലീവെടുത്ത്! ഹും!"


"കഴിഞ്ഞോ? ഇത്രേ പറയാനുള്ളോ? നീ ഇത്ര ബുദ്ധിയില്ലാത്തവനോ? ആ ശരിയാ,ബുദ്ധിയുണ്ടെങ്കിൽ ഇങ്ങനെ തോന്നില്ലല്ലോ? കുട്ടിയുടെ മൊഴി, മെഡിക്കൽ റെക്കോർഡ്സ്  ഒക്കെ നീയങ്ങു മറന്നുപോയോ?"


"നിർമ്മലേ, സുമയെന്നേ  ഡിവോഴ്സ് ചെയ്യും," അയാൾ കരയുമ്പോലെ കാട്ടി.

"ചെയ്യട്ടെ, അവൾ എന്ത് വിശ്വസിച്ചു നിൻറെ  ചോരയിൽപ്പിറന്ന മകളെ നിൻറെയൊപ്പം താമസിപ്പിക്കും? ശേഷം കോടതിയിൽ കാണാം."


ഉറച്ചമനസ്സോടെ ദൃഢമായകാൽവയ്‌പ്പോടെ അവൾ  സ്വന്തം ഫ്ലാറ്റിലേക്ക് മടങ്ങി.


 രചയിതാവ് പേന  അടച്ചുവെച്ച് കഥ ഒന്നുകൂടി വായിച്ചു.

" ഇന്ന് തന്നെ  'ഈമെയിലിൽ' അയച്ചുകൊടുത്തേക്കാം,"  അയാളുടെ സ്വഗതം.






Comments

Popular posts from this blog

അവൾ സുധീര!

അങ്കിതിൻറെ കളിപ്പാട്ടം!

സുഹൃത്ത്!