പൊരുത്തം!
(Checked)
ഗീതാമനോഹറിന് ഒരേയൊരുമകൾ. നല്ലസമ്പത്തിനുടമ. മിടുക്കി, സുന്ദരി. പേര് അതുല്യ. സൈക്കോളജിയിൽ ഉന്നത ബിരുദം(പിഎച്. ഡി.) ഒക്കെ കരസ്ഥമാക്കി. അധ്യാപനമോ ഒരു സ്ഥാപനത്തിലെ ഉദ്യോഗമോ ഇഷ്ടമല്ല. അതുകാരണം സ്വന്തമായി ഒരു ക്ലിനിക് തുടങ്ങിയത് വൻവിജയത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. ഇന്ന് കാലം മനുഷ്യമനസ്സിനെ ഇട്ടു പന്താടുകയല്ലേ! ആളുകൾക്ക് വിഷാദം, മനഃസമാധാനക്കുറവ് , ഉറക്കമില്ലായ്മ ഒക്കെ പ്രശ്നങ്ങളാണല്ലോ, അവയൊക്കെ ആളുകളുടെ സഹയാത്രികരായി കൂടെക്കൂടുന്നുണ്ട്. അതു കാരണം അതുല്യക്ക് രോഗികളുടെ യാതൊരുകുറവുമില്ല. ആളേറെ വന്നുകൊണ്ടെയിരിക്കുന്നു. മനഃശാസ്ത്രജ്ഞർക്കും, മനോരോഗചികിത്സകർക്കും കൊയ്ത്തുതന്നെ .
ആശ്വാസംതേടി അതുല്യയുടെ ക്ലിനിക് ലക്ഷ്യമാക്കിയെത്തുന്നവരോട് അവൾ വളരെ സ്നേഹപുരസ്സരം പെരുമാറുന്നു. അവരെ സ്വീകരിച്ചാനയിച്ച്, അവളുടെ മുഖമുദ്രയായ ഒരു സ്നേഹച്ചിരിയോടെ ഉപദേശംനൽകുന്നു, ക്ലേശം എങ്ങനെ പരിഹരിക്കാൻ പറ്റുമെന്ന് പറയുന്നു, ചിരകാലരോഗം മനധൈര്യത്താൽ എങ്ങനെ മാറ്റാമെന്നുമുള്ളആലോചനകൾ ഉള്ളിലേയ്ക്ക് സന്നിവേശിപ്പിക്കുന്നു, ചിന്തിക്കാനാവസരം നൽകുന്നു, രക്ഷപ്പെട്ടവരുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടുന്നു, വരുന്നവരുടെയുള്ളിലെ കഴിവിനെ പുറത്ത്യ്ക്കു വലിച്ചെടുക്കാൻ സഹായിക്കുന്നു. ഏതായാലും അതുല്യയുടെ കുറച്ചുനാളത്തെയോ, കുറേനാളത്തെയോ അതുല്യമായ ഉത്ബോധനത്തിനു ശേഷം സുഖംപ്രാപിച്ചുപോകുന്നവർ ധാരാളം. അതുല്യ അറിയപ്പെടുന്ന ഉപദേഷ്ടാവായി മാറിക്കൊണ്ടിരിക്കുന്നു.
വിവാഹാലോചന അങ്ങനെ നിരനിരയായി പ്രത്യക്ഷപ്പെ ടുന്നുണ്ട്. സ്വന്തം ആശുപത്രിയുള്ള ഒരു ഡോക്ടറുടെ ആലോചന വന്നത് 'Love at first Sight' എന്നൊക്കെ പറയുംപോലെ രണ്ടുപേർക്കും ഇഷ്ടമായി.സൈക്കോളജി ആയതുകൊണ്ട് അവൾക്കു ചികിത്സാലയത്തിൽ വേണമെങ്കിലും ജോലിചെയ്യാമെല്ലൊ.
അമ്മ, ഗീത പക്ഷെ ജാതകപ്രമാണമെടുത്തിട്ടു. ജ്യോൽസ്യർ അനുകൂലമായി പ്രവചിച്ചില്ല. ചേരില്ലെന്നു പറഞ്ഞു. അതുമുടങ്ങിയെന്നു പറഞ്ഞാൽ മതിയല്ലോ. അതുല്യയുടെ ജാതകമൽപ്പം പ്രശ്നമാണ്. അന്തരീക്ഷത്തിൽ, ആർക്കുമൊരുപദ്രവവും ഏൽപ്പിക്കാൻ കഴിയാത്തത്രദൂരത്ത് (ഏകദേശം 836 കിലോമീറ്റർ) ഇരിക്കുന്ന ചൊവ്വാഗ്രഹം അവൾക്കു തടസ്സംസൃഷ്ടിക്കുന്നുപോലും. അതു പറയുന്നത് അവളുടെ ജാതകം പലരുടെയും ജാതകവുമായി ചേർക്കരുതെന്നാണ്. ചൊവ്വ കൺതുറിച്ചുനിൽക്കുന്ന മറ്റൊരു ജാതകംമാത്രമേ ഇതുമായി ചേർക്കാവൂ എന്നാണ് ജ്യോതിഷമതം.
ചൊവ്വാദോഷം കേട്ടതും ഗീതയ്ക്കു പ്രജ്ഞപോയപോലെയായി. അവർക്കാണെങ്കിൽ ജനാർദനജ്യോത്സ്യൻ പറയുന്നതാണ് വേദവാക്യം.
ഗീതയ്ക്കു വെറും മുപ്പത്തിയഞ്ചുവയസ്സുമാത്രം പ്രായമുള്ളപ്പോൾ അവളുടെ പ്രിയഭർത്താവ് മനോഹർ നാൽപ്പതാംവയസ്സിൽ ഹൃദയാഘാതത്താൽ ഈലോകം വെടിഞ്ഞു. മനോഹറിൻ്റെ ബന്ധുക്കൾ ദുഖത്തിൻ്റെ നടുക്കടലിൽ പതിച്ചു. സാധനങ്ങളും വീടുപോലും അയാളുടെ വിയോഗത്തിൽ അതിയായി സങ്കടപ്പെട്ടു.
കുറച്ചുദിവസങ്ങൾകഴിഞ്ഞു. ഗീത പുറത്തേയ്ക്കിറങ്ങി. മനോഹർ വളരെയിഷ്ടപ്പെട്ടിരുന്ന, മനോഹരമായി വിടർന്നചിരിസമ്മാനിച്ചിരുന്ന ഗന്ധരാജൻചെടി അവളുടെകണ്ണിൽനിന്നും നീർധാരയൊഴുക്കി. വാടിയപൂക്കളെ കണ്ടപ്പോൾ, ദുഃഖംസഹിക്കാൻവയ്യാതെ അവ കൂമ്പി നിൽക്കുവാണെന്നവൾ ശങ്കിച്ചു. അന്തരീക്ഷമാകെ ദുഃഖഛായയിൽ നിലകൊണ്ടു. എന്നാൽ ജോലിയുണ്ടായിരുന്നതുകൊണ്ട് ഗീതയ്ക്ക് വിരഹത്തിനോടുപോലും വിടപറഞ്ഞ് ഓഫീസിൽ ൽ പോകേണ്ടിവന്നു.
ഒരുവർഷമൊക്കെ കഴിഞ്ഞപ്പോൾ ഗീത, "ചേട്ടൻ്റെ ജാതകമൊന്നു നോക്കിക്കണം," എന്ന് പറഞ്ഞു.
"ഇനി നോക്കിച്ചിട്ടെന്തു കാര്യം?" 'അമ്മ സ്നേഹലത. മനോഹറിൻ്റെ മരണശേഷം അവർ മകളുടെകൂടെയാക്കി താമസം.
"വെറുതെ ഒന്നറിയാൻ."
മനുഷ്യർക്കു വിഷമം വരുമ്പോൾ അന്ധമോ അല്ലാത്തതോആയ ചിന്ത വേതാളമായിമാറാറുണ്ടല്ലോ. അവളുടെ അവസ്ഥയും വിഭിന്നമല്ലായിരുന്നു.
ഗീത ജ്യോത്സ്യരെ വിളിച്ചു വിവരംപറഞ്ഞപ്പോൾ, ഭാര്യയുടെജാതകം കൂടി കൊണ്ടുചെല്ലണമെന്നയാൾ അഭിപ്രായപ്പെട്ടു.
അങ്ങനെ ഗീത അമ്മയെയും മകളെയും കൂട്ടി അവിടെയെത്തി. ജ്യോൽസ്യൻ ജാതകവും പൊരുത്തവുമൊക്കെ നോക്കി.
അയാൾ കുറെ നേരം മിണ്ടാതിരുന്നു. പിന്നെ പതിയെ പറഞ്ഞു, “സ്ത്രീജാതകത്തിൽ ചൊവ്വാദോഷമുണ്ട്. നിങ്ങളുടെവിവാഹം ഇതെങ്ങനെ നടന്നു? ജാതകപ്പൊരുത്തമൊന്നും നോക്കിയില്ലേ?"
"അറിയില്ല, അച്ഛനു പൊരുത്തത്തിൽ വല്യവിശ്വാസമൊന്നുമില്ലായിരുന്നു."
അങ്ങനെ ഗീതയുടെമനസ്സിൽ ജാതകപ്പൊരുത്തം ഒരുപ്രത്യേക സ്ഥാനം കണ്ടുപിടിച്ചു വാസം തുടങ്ങി. മോൾടെ കല്യാണംനടന്നില്ലെങ്കിലും പൊരുത്തമില്ലാത്തജാതകക്കാരൻ വേണ്ടാ, ഒരാളുടെ മരണം കാണണ്ടല്ലോ," ഗീത ഉറക്കെ ചിന്തിച്ചു.
അമ്മയ്ക്കും മകൾക്കും ഒരുപോലെ ചൊവ്വാദോഷമുണ്ടല്ലോയെന്നാലോചിച്ചപ്പോൾ ദേഷ്യവും സങ്കടവും ഒന്നിച്ചു മനസ്സിലേയ്ക്കിരച്ചു കയറി. അവരുടെ മനസ്സ് പുലമ്പി,"അതുല്യയെന്നു പേരുമിട്ടു, ജാതകത്തിലായിരിക്കും അതുല്യത. വിവാഹാലോചനകൾ ഒന്നല്ല ഒരുപാടുവന്നു, മുടങ്ങിയില്ലേ."
ജനാർദന ജ്യോൽസ്യരാണെങ്കിൽ ജോലിയൊന്നും ലഭിക്കാതെ വന്നപ്പോൾ ജ്യോത്സ്യം പഠിച്ചു. പ്രവചനപ്രക്രിയ വിജയമാക്കിക്കൊണ്ടുനടക്കുന്നു.
അങ്ങേർക്ക് പ്രവചനംകൊണ്ട് ആളുകളെ കൈയിലെടുക്കാനുള്ള കല വശംവദമാണ്. പ്രവചനത്തിൽ അങ്ങേരുടെകൈയൊപ്പ് പലരും സമ്മതിച്ചുകൊടുക്കുന്നുമുണ്ട്.
ജാതകം നോക്കിച്ചുനോക്കിച്ച് ഗീത ആകെ തളർന്നു, ഒരു ദിവസം ജ്യോൽസ്യൻ, "ചൊവ്വാദോഷമുള്ള ഒരു ചെറുക്കനുണ്ട്. പക്ഷെ, നിങ്ങൾക്കത് ഇഷ്ടമാവുമോന്നറിയില്ല."
"പറയ്, ആരാ പയ്യൻ?"
"പയ്യനൊക്കെക്കൊള്ളാം, സ്വത്തും കുഴപ്പമില്ല, കാണാനും തരക്കേടില്ല. പക്ഷെ പഠിപ്പൽപ്പം കുറവാണ്. മണലിലെ ദേവദാസ്."
"അതു സാരമില്ല. ജീവിച്ചിരിക്കുവല്ലോ. അതുമതി."
അവസാനം പയ്യൻ്റെ പേരുപറഞ്ഞപ്പോൾ അതുല്യ പൊട്ടിത്തെറിച്ചു," അവനെയെനിക്കറിയാം. കോളേജിലെ പെൺപിള്ളേരുടെ പിറകെനടന്നു പറ്റിച്ച്, രാഷ്ട്രീയം കളിച്ചുനടന്ന ഒരു വായനോക്കി. തോറ്റുതൊപ്പിയിട്ടു നടക്കുവാ. ഡിഗ്രി ജയിച്ചില്ല. കൈയിലില്ലാത്ത ചീത്തത്തരമൊന്നുമില്ല. എൻ്റെ പിറകെയും വന്നു, ഞാനോടിച്ചുവിട്ടു."
മനഃശാസ്ത്രത്തിൽ വിദഗ്ധയായ അതുല്യക്കെല്ലാം മനസ്സിലായി, "അച്ഛ മരണം അമ്മയുടെ ചൊവ്വാദോഷമെന്നു പറഞ്ഞത് ഒരേറിനൊരു മുയൽ വീണപോലെയാണ്. അതു സത്യമാകാം. അതുവച്ച് ജ്യോൽസ്യൻ അമ്മയെ പറ്റിച്ചുകൊണ്ടിരിക്കുന്നു. ഇതു ദേവദാസുമായുള്ള കൂട്ടുകച്ചവടമാണ്."
അതുല്യ അമ്മയെ കാര്യം പറഞ്ഞു മനസ്സിലാക്കി , “അമ്മെ, ജ്യോത്സ്യന്മാർ ജാതകദോഷം പറഞ്ഞു ധാരാളം ചെറുപ്പക്കാരുടെ വിവാഹം മുടക്കുന്നുണ്ട്. ചൊവ്വയൊക്കെ കണ്ണടയ്ക്കും ദമ്പതികൾക്കു മനപ്പൊരുത്തമുണ്ടെങ്കിൽ. “ ഇത്രയും പറഞ്ഞ് അതുല്യ ഡോക്ടറുടെ നമ്പർ ഡയൽ ചെയ്തു.
Comments
Post a Comment