സുഭദ്രാഹരണം!

(Checked)

 

സുഭദ്രയെ കാണാനില്ല, ആരുടെ കൂടെ പ്പോയി? അതോ ആരോ അപഹരിച്ചോ ? ചോദ്യങ്ങൾ  വായകളിൽക്കൂടി സഞ്ചരിച്ച്, വണ്ണവും നീളവും  കൂടിയതല്ലാതെ ഉത്തരം വിദൂരത്തിൽ നിന്നു.  വിരമിച്ച എസ് .പി.ക്കു മകളെ കാണാനില്ലെന്ന്‌   പോലീസിൽ പരാതികൊടുക്കാൻ നാണക്കേട്, പക്ഷെ  ഒറ്റമകളെയോർത്ത്  വേവലാതി. ഇംഗ്ലീഷിൽ ' ഖയോസ്‌ 'എന്നൊക്കെ പറയുംപോലുള്ള അവസ്ഥ. ഏതായാലും പരാതിപോയി.  മകൾക്കുവേണ്ടി ഊർജ്ജിതമായയന്വേഷണം നടത്തുന്നതിന്  എന്തുകൊണ്ടോ  എസ് . പി. അത്ര ഉശിരു കാണിക്കുന്നില്ല.

 

 ഒരു  ദിവസം നാടു  കണ്ണുതുറന്നത് ഒരു നടുക്കുന്ന വാർത്തശ്രവിച്ചാണ്. ഒരു പെണ്ണ്  പാലത്തിൽ നിന്നുമെടുത്ത് കായലിലേക്ക് ചാടി.  അതുവഴിപോയ   മീൻവള്ളം വേഗമവിടെയെത്തിയപ്പോൾ കണ്ടത്   സ്ത്രീ ഒരു രണ്ടു വയസ്സുകാരൻ കുഞ്ഞിനെ വെള്ളത്തിൽ നിന്നും രക്ഷിക്കാൻ  ശ്രമിക്കുന്നു.

 

അല്പം പിറകിലേക്കു കടന്നാൽ,  സുഭദ്രയുടെ വിടർന്ന കണ്ണുകളും  നൃത്തച്ചുവടുകളും ഒരു പയ്യനെ വല്ലാതെയാകർഷിച്ചിരുന്നു . അവൻ  ചുമട്ടുതൊഴിലാളിയായ ഭാസ്കരൻറെ മകനായിരുന്നതുകൊണ്ട്   എസ.പി.യുടെ മകളുമായി അടുക്കുന്നതു ഭയമായിരുന്നു. അവൻ വേറെവഴിക്കുപോയി. പക്ഷെ   ഇന്നവൻ  വിചാരിച്ചാൽ നടക്കാത്ത കാര്യമില്ല. അനേകം ബോട്ടുകളുടെ ഉടമ, ധനവാൻ,  അറിയപ്പെടുന്ന രാഷ്ട്രീയക്കാരൻ - വിശേഷണങ്ങളനേകം.   പേര് മഹേശ്വരൻ.  ചുമട്ടു തൊഴിലാളിയെങ്കിലും ഭാസ്കരൻ  തൻ്റെ മകനു  കോളേജു വിദ്യാഭ്യാസത്തിൻ്റെ  മാസ്മരിക  അനുഭവിക്കാൻ  വഴിയൊരുക്കിയിരുന്നു. അതും അടുത്തുള്ള  കോളേജിൽ, സുഭദ്രയുടെ കോളേജിൽത്തന്നെ.  കോളേജു  മഹേശ്വരന്   രാഷ്ട്രീയക്കളരിയായിരുന്നു, അതവൻ അവിടെ നന്നായി അഭ്യസിച്ചു.

 

 പ്രസംഗകലയിൽ  അതിനിപുണനായിരുന്ന മഹേശ്വരനോട് സുഭദ്രയ്ക്കുമുള്ളിൽ ആരാധന നിഴലിച്ചിരുന്നു.  പക്ഷെ അവൻ്റെ വശത്ത്  അടുപ്പത്തിൻ്റെ  ലാഞ്ചന കുരുത്തില്ല.  ഒരുദിവസം അച്ഛൻ മകളെ  അടുത്തുവിളിച്ചു പറഞ്ഞു, " മോളെ, ഒരു നല്ല കല്യാണാലോചന വന്നിട്ടുണ്ട്. ചെറുക്കൻ എഞ്ചിനീയറിംഗിൽ  മാസ്റ്റേഴ്സ് എടുത്ത്  പിഎച്ച്. ഡി. പൂർത്തിയാക്കി കോഴിക്കോട്  എൻ. . ടി.യിൽ  ഫാക്കൽറ്റി ആണ്."  

 

"അച്ചാ, ഞാൻ  പഠിക്കട്ടെ , ഇപ്പോഴെയെന്തിനാ കല്യാണം?"

 

" ഭദ്രേ! മോളേ, അച്ഛന്  പ്രെഷറും  ഷുഗറുമൊക്കെയല്ലേ? എത്രനാൾ  ഞാനുണ്ടാകുമെന്നൊന്നുമറിയില്ല, നിനക്കമ്മയുമില്ലല്ലോ."

 

  ഏതായാലും  ഡിഗ്രി പൂർത്തിയാകുംമുന്നേ  അവളുടെ വിവാഹം   നടന്നു. പക്ഷെ ഹാ! കഷ്ടം അയാളൊരു സംശയരോഗിയായിരുന്നു.  സുഭദ്രയുടെ ആത്മാവായിരുന്ന നൃത്തത്തിനയാൾ  ആദ്യമേ  കടിഞ്ഞാണിട്ടു.  അയാളുടെ കൂട്ടുകാർ വീട്ടിൽ വരുന്നതിന്  അടുത്തപടിയായി സുല്ലിട്ടു.   ഫോണിൽ  കൂട്ടുകാരികളെ വിളിക്കുന്നതിനും  സംസാരിക്കുന്നതിനും  പൂർണ്ണവിരാമമിട്ടു.

 

എങ്കിലും   ജോലിക്കാരിയുടെ ഫോൺ  അവളെ സഹായിച്ചുപോന്നു. അയാളുടെ സംഭാഷണമെല്ലാം അതൊപ്പിയെടുത്തു,  അവ അതിൽ  സ്വസ്ഥമായി നിദ്രയിലാണ്. ഭദ്രയ്ക്കാകെയൊരു വീർപ്പുമുട്ടൽ.  മൂന്നുനാലു വർഷമായി  അവളെ വലയം ചെയ്യുന്ന  ഭർത്താവിൻ്റെ  സംശയരോഗം അവൾക്കൊരു കൺമണിയെ  സമ്മാനിക്കുന്നതുപോലും തടഞ്ഞു.

 

എല്ലാമുപേക്ഷിച്ചു വീട്ടിൽപോയാലോ എന്ന ചിന്ത അവളെ  തഴുകാതിരുന്നില്ല.  പക്ഷേ, അച്ഛനു ഭാരമാകുന്ന  കാര്യം  അവൾ  മനസ്സിൽ നിന്നും  ഡിലീറ്റ്  ചെയ്തു. പിന്നീടുള്ളവഴി  കുട്ടികൾക്കു  ട്യൂഷൻ. പക്ഷെ   വഴി   ഭർത്താവെന്ന ദ്രോഹി അടച്ചുപൂട്ടും. അതിനുമയാൾ  സ്വഭാവദൂഷ്യം കണ്ടെത്തും. പലതും പറഞ്ഞു പരത്തും, ആളുകൾ  വിശ്വസിക്കും. ഇനിയുള്ള വഴി  ആത്മഹത്യതന്നെയെന്നവളുടെ മനസ്സ് പറഞ്ഞു. അങ്ങനെ അടുത്തദിവസം രാവിലെ അവൾ  പാലത്തിൻ്റെ  അരികുതേടി,ചാടാൻവേണ്ടിത്തന്നെ. അന്നേരമവൾ  ഒരു  ചെറിയകുട്ടി  വെള്ളത്തിലേക്കിറങ്ങുന്നതു കണ്ടു. പെട്ടന്നു പൊങ്ങിത്താഴുന്നപോലെ,  സുഭദ്ര ഒന്നും ചിന്തിക്കാതെ ചാടി, നീന്തി കുട്ടിയെ പിടിക്കാൻ ശ്രമിച്ചു. പെട്ടെന്നൊരു  മീൻവള്ളം   സഹായകനായെത്തി,  രണ്ടുപേരെയും വള്ളത്തിലാക്കി.

 

അരയക്കോളനിയിലെ കുഞ്ഞ്, അവൻ്റെ അച്ഛൻ വള്ളംകൊണ്ടു പോയപ്പോൾ,  വെള്ളത്തിലേക്കു നീങ്ങിയതാരും കണ്ടിരുന്നില്ല.  ചാടാൻതുടങ്ങിയ  ഭദ്രയുടെ മനസ്സ്  കുഞ്ഞു കീഴടക്കി.  ഇതൊന്നും എസ് .പി. അറിഞ്ഞിരുന്നില്ല.  മഹേശ്വരൻ്റെ ഉടമസ്ഥതയിലുള്ള  വള്ളത്തിലെയാൾക്കാരാണ്  ഭദ്രയ്ക്കും  കുഞ്ഞിനും രക്ഷകരായെത്തിയത്.

 

മഹേശ്വരനെത്തി, അവളെ ഭർത്താവിൻ്റെ വീട്ടിലോ അച്ഛൻ്റെയടുത്തോ  എത്തിക്കാൻ തയാറായ മഹേശ്വരനോടവൾ  കരഞ്ഞു പറഞ്ഞു, " എന്നെ അങ്ങോട്ടയക്കല്ലേ, അച്ഛൻ അയാളുടെ വീട്ടിലേക്കെന്നെ വിട്ടാലോ!"

 

മഹേശ്വരന് സംഗതികൾ മനസ്സിലായി. തല്ക്കാലം  അയാൾ സുഭദ്രയെ ഒരു ലേഡീസ് ഹോസ്റ്റലിലാക്കി.രഹസ്യമായി  എസ്. പി. യെ വിവരം അറിയിച്ചു.  

 

സ്ത്രീ  പാലത്തിൽനിന്നും ചാടിയെന്ന വാർത്തയ്ക്കു ജീവനധികമില്ലായിരുന്നു. മഹേശ്വരൻ  വാർത്തയെ  കൂടുതൽ  ചെവികളിലെത്തുന്നതിനു  മുന്നേ മുക്കിക്കൊന്നു.

 

"ബാക്കി കാര്യങ്ങൾ വഴിയേ ചെയ്യാം. നിന്നെ ഞാനിനി ആർക്കും വിട്ടു കൊടുക്കില്ല.  ജോലിക്കാരിയുടെ ഫോണിൽ തെളിവുകളുണ്ടല്ലോ!" അയാളുടെ വാക്കുകൾ ഉറച്ചതായിരുന്നു.  

 

മഹേശ്വരൻ്റെ രാഷ്ട്രീയാധികാരത്തിനെ  മറികടന്ന്  സുഭദ്രാഹരണം  കണ്ടുപിടിക്കാൻ  ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. നടന്നതൊന്നും തന്നെ  മാധ്യമങ്ങളറിയാതിരിക്കാൻ  മഹേശ്വരൻ വേണ്ടത് ചെയ്തു.

 

 

Comments

Popular posts from this blog

അവൾ സുധീര!

അങ്കിതിൻറെ കളിപ്പാട്ടം!

സുഹൃത്ത്!