പുഞ്ചപ്പാടത്തു നെല്ലുവിളഞ്ഞു!

(Checked)


മധുസൂദനനു രണ്ടുമക്കൾ.മകൾ ഒന്നാം വർഷ ബി.എസ്സിക്കാരിയെ ഒരുപ്രണയസൗഹൃദം കരം കവർന്നുനടക്കുന്നുണ്ട്. അമ്മശോഭന സ്നേഹം പൂശി മകളോടു പിൻ വാങ്ങാൻ പറയുന്നുണ്ട്,” മോളേ! അവൻ ഗുണ്ടയാണെന്നു കേട്ടു. നമ്മക്കിതു വേണ്ടാ.”  

 

ഇന്നത്തെ പെണ്ണ് എവിടെ കേൾക്കാൻ?   പുഞ്ചപ്പാടത്തെ നെൽകൃഷിയും പച്ചക്കറിത്തോട്ടവുമാണ് മധുവിൻ്റെ കുടുംബകാര്യങ്ങൾക്കു സഹായികൾ. ഒരുപ്പൂ  കൃഷിമാത്രമേ തഴക്കരപ്പുഞ്ച സമ്മതിക്കാറുള്ളൂ. ബാക്കി സമയമതു വെള്ളം കുടിച്ചു വയറുവീർപ്പിച്ച് ആരെയും കൂസാതെ കിടക്കും. എന്നാൽ ഏകദേശം മകരം കുംഭം മാസങ്ങളിൽ കൊയ്ത്തുനടത്താൻ  പാകത്തിന് ഒരുപ്പൂകൃഷി അതു കർഷകനനുവദിച്ചുകൊടുക്കും.  

 

മധുസൂദനൻ്റെ  പുഞ്ചപ്പാടത്തു നെല്ലുവിളഞ്ഞുകൊയ്യാൻ സമയമായി. മലയാളികളെന്ന മനുഷ്യർ കൃഷിപോയിട്ടു വെള്ളക്കോളർ  ജോലിപോലും ചെയ്യാൻ മടിക്കുന്നവരാണ്. പക്ഷെ പേടിക്കേണ്ടാ, ബംഗാളികളുണ്ട്, കൂലിയും സമാധാനമുള്ളതാണ്. കൊയ്യാനവർ പാടത്തിറങ്ങിയപ്പോൾ  ഒരുകൂട്ടം യൂണിയൻകാർ വന്ന് , " ഇവിടുത്തെ പണി  ഞങ്ങടവകാശമാ, ഒരവനേം ഇവിടെറക്കത്തില്ലാ." 

 ബംഗാളികളോടു തിരിഞ്ഞ്,  “കേറിപ്പോയിനെടാ!." 

 

അവർ കയറി കരയിൽ നിന്നു. പക്ഷെ വന്നമലയാളികൾ കൊയ്യാനിറങ്ങുകയുമില്ല, കൊയ്യിക്കുകയുമില്ലയെന്ന നിലപാടെടുത്തുഅല്ലെങ്കിൽ കാശു കൊടുക്കണം.

 

കൃഷിപ്പണിക്കുനോക്കുകൂലിയില്ലല്ലോ,” മധുപറഞ്ഞു

വേറെ പേരുപറഞ്ഞോ,” ഒരു യൂണിയൻകാരൻ.

മധുസൂദനനാകെ വിഷമിച്ചു

 

അയാൾ ബാങ്ക്വായ്പ്പയെടുത്തു ചെയ്ത കൃഷിയാണ്. നെല്ലുവിറ്റിട്ടു വേണം വായ്പ്പത്തുക അടയ്ക്കാൻ.  

ഒരു വീടുവയ്ക്കാൻ തുടങ്ങിയിട്ട്  അത്  'ബ്രേക്ഡൗൺ' അയി കിടപ്പാണ്‌.  അതിലേക്കു താമസിക്കാൻ ചെല്ലുന്നില്ലേയെന്നതു ചോദിച്ചുകൊണ്ടേയിരുന്നുനെൽച്ചെടി കനിവുകാട്ടി നല്ല വിള  ചുരത്തി. പക്ഷെ അതിനെ കറന്നെടുക്കാൻ പറ്റാത്തപ്പോൾ നെൽഫലം  കൊണ്ടെന്തു ഫലം?

 

ഏതായാലും നാട്ടുകാർ കൂടി, തമ്മിൽത്തല്ലായി ഒരു കൂട്ടർ മധുസൂദനനൊപ്പം ,ഒരുകൂട്ടർ യൂണിയനൊപ്പം

വാക്കുകൾ തോക്കുണ്ടകൾപോലെ  അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നുമധുവിനേയും നിരാശയോ, ഭയമോ ഒക്കെഭരിച്ചു, അയാളും വാക്കുകൾ കൊണ്ടസ്ത്രമെയ്തു.  ഇന്നൊക്കെ ആളുകൾക്ക് കത്തിതുമ്പത്തല്ലോ കോപം

 

ഏതായാലും കത്തി അതിന്റ കർത്തവ്യം നിറവേറ്റി, യൂണിയനിലെ തിളപ്പുള്ള  ഒരുചെറുപ്പക്കാരൻറെ കത്തിപെട്ടെന്ന്  മധുവിൻ്റെ നേരെ ചാടി. അയാളുടെ പതിനാറുവയസുകാരൻ നിതിൻ ഇടയ്ക്കുകയറി കുത്തുകൊണ്ടു, വീണു. സ്തബ്ധത ചുറ്റും പരന്നു. മധുവിനതു താങ്ങാനുള്ള മനസ്സുറപ്പില്ലായിരുന്നുഅയാൾ നിലത്തുവീണുഅച്ഛനും മകനും പെട്ടെന്ന് ആശുപത്രിയിലെത്തപ്പെട്ടു. കുത്തിയവനൊ  പോലീസിനൊപ്പം പോയി. പഞ്ചായത്തദ്ധ്യക്ഷൻ അൽപ്പം സമാധാനത്തിനൊപ്പം വസിക്കുന്നയാളായിരുന്നു. അയാളുടെ മനോവികാസം  കാരണം നൂലാമാലകൾ തരണം ചെയ്യാൻപറ്റി. ഡോക്ടർമാരുടെ നിരീക്ഷണസമയം  ഒരു വാസരം  കവർന്നുഗുരുതരാവസ്ഥയെ കെട്ടുകെട്ടിക്കാൻ സാധിച്ചു, മനസ്സുകളിൽ  ആശ്വാസക്കാറ്റടിച്ചു.

 

കൊലക്കത്തിപ്രയോഗം സ്വന്തംകാമുകവിരുതാണെന്നുമനസ്സിലാക്കിയ മധുവിൻ്റെ മകൾ ലക്ഷ്മി വിതുമ്പിപ്പോയി.

 

പ്രസിഡൻറിൻ്റെ    ബോധവൽക്കരണം കൂട്ടരുടെ വൈരം അലിയിച്ചില്ലാതെയാക്കി. അവർ ഒത്തുകൂടി മധുസൂദനനും മകനും ആശുപത്രിവിട്ടു വരുമ്പോഴേക്കും  കറ്റകൾ വീട്ടിലെത്തെണമെന്നവർ തീരുമാനിച്ചു.  

 

എല്ലാവരെയും വിളിച്ചുകൂട്ടി, അവരതാഘോഷിച്ചു.ആരോ കൊയ്ത്തുപാട്ടിൻ്റെ ഈരടികൾ പാടി.

 

 

"പോരിൻ  പോരിൻ  മാളോരേ വായോ 

പുഞ്ചപ്പാടം കൊയ്യാൻ വായോ.

 ഉല്ലാസത്തിലായ്    പുന്നെല്ലുമുണ്ണാം  ,

ലല്ലലം പാടാൻ വാ കാറ്റേ!

 

 

 കൊട്ടുംപാട്ടും മേളവുമായി കറ്റകൾ മധുവിൻ്റെ വീട്ടിലേക്ക്  യാത്രയായി.

 

 

Comments

Popular posts from this blog

അവൾ സുധീര!

അങ്കിതിൻറെ കളിപ്പാട്ടം!

സുഹൃത്ത്!