രണ്ടു സുഹൃത്തുക്കൾ!

 



സെബാസ്ററ്യനും ജസ്റ്റിനും ഇംഗ്ലീഷിൽപറഞ്ഞാൽ  'ബേർഡ്‌സ്  ഓഫ്  എ  ഫെദർ ' എന്നു  പറയത്തക്ക സുഹൃത്തുക്കൾ, അതോ സഹോദരരോ? എല്ലാവിഷമങ്ങളും വീട്ടുകാര്യങ്ങളും എന്നു വേണ്ട അവരുടെ രണ്ടാളിന്റെയും ന്യൂനതയും നിപുണതയും പരസ്പരം ഇരുഹൃദയങ്ങളിലേക്കും സഞ്ചരിച്ചിരുന്നു.  രണ്ടുപേരും ഒരു  വര്ഷമായി ഇപ്പോൾ D.S.C.(Defense Security Corps) യിലെ ജോലിക്കാർ.


അവർ ആദ്യം രണ്ടു സീപോയ്കൾ(Sepoys). കണ്ടുമുട്ടുന്നത് വിശാഖപട്ടണത്ത് പരിശീലന സമയത്ത്. അന്നു തൊട്ട്‌ രണ്ടാളും അടുത്ത കൂട്ടുകാർ. അവർ ഒഴിവു സമയം നിരത്തിലൂടെ നടക്കും,  അടുത്തുള്ള  പാർക്കിന്റെ അന്തേവാസികളൊപ്പം  സമയം ചെലവഴിക്കും.  അതിലെ  പുൽത്തകിടിയിലിരിക്കും.  പ്രകാശത്തിലേയ്ക്കു പറന്നു വരുന്ന പൂച്ചികൾ അവർക്കു സ്വാഗതമോതും, ചിലപ്പോൾ അലോസരമുണ്ടാക്കും. കാറ്റുകൂട്ടിനെത്തും, കഥപറയും. എപ്പോഴാണവൻ പിണങ്ങുകയെന്നറിയില്ലെന്നു മാത്രം.  കൈവീശിയടിക്കും. മഴയെക്കൂട്ടിവരും. അപ്പോഴേക്കും ഈ കൂട്ടുകാർ  വീടണയും.

  

പരിശീലനകാലം കഴിഞ്ഞപ്പോൾ  വേറെ വേറെ സ്ഥലങ്ങളിൽ കൂടുകൂട്ടേണ്ടിവന്നു. പല സ്ഥലങ്ങളിൽ  ജോലി ചെയ്ത്  സെബാസ്റ്റ്യൻ ഒരുവർഷം മുൻപ്  ജസ്റ്റിൻ്റെ സ്ഥലത്തേയ്ക്ക് സ്ഥലം മാറിവന്നു. അങ്ങനെ യാദൃച്‌ഛികമായി വീണ്ടുമവർ  ഒന്നിച്ചു.


 ക്വാർട്ടേഴ്‌സ് അല്പമകലെയായിരുന്നെങ്കിലും ഫോണിൽകൂടി മിണ്ടി അവർ ചങ്ങാത്തം ശക്തിപ്പെടുത്തി. സെബാസ്ററ്യനും ജസ്റ്റിനും അങ്ങോട്ടുമിങ്ങോട്ടും ക്ഷണിക്കുമെങ്കിലും  രണ്ടാളുടെയും വീടുസന്ദർശനം അകലെ നിലകൊണ്ടു. അവരുടെ ചുമതല, സൈന്യത്തിന്റെ എല്ലാക്കാര്യങ്ങൾക്കും-രക്ഷ-സുരക്ഷ നല്കലായിരുന്നു. അത് അനുസ്യുതം ഒഴുകിക്കൊണ്ടിരുന്നു.


 സൈനിക താവളത്തിലെ  ക്വർട്ടറുകളിൽ  അടുത്തടുത്ത് താമസിക്കുന്നു രണ്ട് കോളേജ് കുമാരന്മാരന്മാർ, അനീഷ്, അമൽ.  അടിച്ചുപൊളിയെന്നോ, ചെത്തെന്നോ പറയുന്ന ജീവിതം. അച്ചന്മാരുടെ വരുമാനമൊന്നും അവർക്കാവശ്യമില്ല. പാർട്ടൈം ജോലി അവരുടെ  അക്കൗണ്ടുകൾ  നിറയ്ക്കുന്നുണ്ട്.  പാർക്ക്, സിനിമാശാല, ഭക്ഷണശാല, ബസ്‌ നിർത്തുന്ന സ്ഥലം ഒക്കെ വിഹാര രംഗം. കുമാരിമാരെ കണ്ണ് കാണിക്കലും കൂട്ടുപിടിക്കലും ഒന്നിച്ചു പല സ്ഥലങ്ങളിൽ  പോകലും ആണും പെണ്ണുമായും കൂടുതൽ കൂട്ടുകാരെ കൂട്ടലും ഒരുപ്രാവശ്യം പരിചയത്തിലെത്തിയവർപോലും   ചിരകാലമിത്രങ്ങളെപ്പോലെ  ഇടപഴകലും എന്നു വേണ്ട ജീവിതമുത്സവം.


സമയം സന്ധ്യ. ലീന, ലിസ, ലൈല ഒരേ സ്കൂളിലെ കുട്ടികൾ. മൂന്നുപേരും പതിനൊന്നാം ക്ലാസ്സിൽ. പഠനത്തിനു കേമർ.  അവർ സൈനിക താവളത്തിൻ്റെ പ്രവേശനകവാടത്തിനു തൊട്ടടുത്ത് ബസ്സ്  കാത്തിരിപ്പു കേന്ദ്രത്തിനടുത്തതായി  ആരെയോ കാത്ത് നിൽക്കുന്നത് സെബാസ്റ്റ്യൻ ശ്രദ്ധിച്ചു.  അന്നയാൾ പ്രവേശന കവാടജോലിയിലായിരുന്നു. അവരെക്കണ്ടപ്പോൾ എന്തോ പന്തികേട്, അയാൾക്കുതോന്നി.  


 ചോദ്യം ചെയ്തു, "നിങ്ങൾ ഇവിടെയെന്താ നിക്കുന്നെ?"

"കൂട്ടുകാരെ കാത്ത്."

"എവിടെയുള്ള കൂട്ടുകാർ?"

" കണ്ടോൺമെന്റിലുള്ളവർ."

"എവിടെപ്പോകാൻ?" 

"ട്യൂഷൻ?"

"എവിടെ?"

" സ്കോ...സ്കോ..സ്കോളർ'സ്  അക്കാദമി." ലൈല വിക്കി വിക്കി പറഞ്ഞു, ആദ്യാനുഭവം, അവർ പതറിപ്പോയി. 


അയാളുടെ  ഫോൺ  ആ സ്ഥാപനത്തിലേക്കു യാത്രയായി.  പക്ഷെ ക്‌ളാസ്സുകൾ ആറുമണിയോടെ കുട്ടികളുമായുള്ള  ചങ്ങാത്തം വിട്ടുവെന്നയാൾക്കു  മനസ്സിലായി.  അപ്പോൾ സമയം ആറര.  പട്ടാളക്കാരുമായുള്ള സംഭാഷണം കുട്ടികൾക്ക് ആദ്യത്തെ അനുഭവം. പിടിച്ചു നിൽക്കാൻ അറിയാതെപോയി. കുട്ടികളുടെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ സെബാസ്റ്റ്യൻ ഏതായാലും സ്കൂൾ ബാഗ് പരിശോധിച്ചു. അയാൾ അത്ഭുതപ്പെട്ടു.


ഒരുകുട്ടിയുടെ ബാഗിൽ ഒരു കൂടിൽനിന്നും  കുറച്ചു ഗുളികകൾ(ക്യാപ്സ്യൂൾ) കണ്ടെത്തി, MDMA(Molly/Ecstasy യെന്നൊക്കെയാണ് ഓമനപ്പേര്)  എന്ന അപകടകാരിയായ  മയക്കുമരുന്ന്.  വളരെക്കുറച്ചുമതി മനുഷ്യന്റെ മസ്തിഷ്ക്കം  മാറ്റിമറിക്കാൻ. അപ്പോഴേക്കും കൂട്ടുകാർ, രണ്ടു ചെത്തു പയ്യന്മാർ അവിടെ വന്നെത്തി. അനീഷും അമലും. കണ്ടാൽ ചുള്ളന്മാർ, പക്ഷെ  അക്ഷരാർഥത്തിൽ രണ്ടു കഴുകന്മാർ. പെൺകുട്ടികളെ കൊത്തിക്കൊണ്ടുപോകാൻ നാട്യം നടത്തും. അവർ ഡ്രഗ്സ് ഉപഭോക്താക്കളും ഡ്രഗ് കച്ചവടക്കാരും. ഈ പെൺകുട്ടികളെ ഒരുദിവസം  ബസ്സ്  കാത്തുനിൽക്കുന്നിടത്ത് പോയി പരിചയപ്പെട്ടതാണ്‌.  മസ്തിഷ്ക പ്രക്ഷാളനം നൽകി പാട്ടിലാക്കി. (കാണാൻ ഭംഗിയുള്ള പെൺകുട്ടികളുടെ സാമ്പത്തികം അത്ര മെച്ചമല്ല. നല്ല ഫോണുകളില്ല, പുതിയതരം വസ്ത്രമില്ല. രക്ഷിതാക്കൾ പ്രയാസപ്പെട്ടാണ് ട്യൂഷനു വിടുന്നത്).  


അന്നവർ ട്യൂഷൻ ക്ലാസു കഴിഞ്ഞ്, ഒരു കൂട്ടർ കാറിൽ കൊണ്ടുവന്ന മരുന്നുവാഹകരായി ആ ആൺകുട്ടികളെ കാത്തുനിൽക്കുകയായിരുന്നു.   പെൺകുട്ടികളെ അത്ര സംശയിക്കില്ലല്ലോ.  ഇതിനി അനീഷ്, അമൽ  എന്നിവരിൽക്കൂടി വേണ്ടപ്പെട്ടവരിലെത്തിയിരിക്കും.  പെൺകുട്ടികൾക്ക് അടുത്ത ദിവസം സ്കൂൾ സമയത്ത്  ഹോട്ടലിലെത്തി ഇതിൻറെ പാരിതോഷികം കൈപ്പറ്റാം. അവിടെയിരിക്കുന്ന ക്രൂരമൃഗങ്ങളേക്കുറിച്ച് പാവം കുട്ടികൾ എന്തറിഞ്ഞു! 


പെൺകുട്ടികളുടെ ഭാഗ്യം, കള്ളി വെളിച്ചത്തായി. ആ വിരുതന്മാർ പുറത്തേയ്‌ക്കോടി. സെബാസ്റ്റ്യൻ പിറകെ. അവർ അവിടെ റോഡിൻറെ ഒരുവശത്തുനിന്നും കണ്ടെത്തിയ കല്ലുകൾ ആയുധമാക്കി എറിയാൻ തുടങ്ങി.  സ്വയരക്ഷാർധം സെബാസ്റ്റിയന് വെടി വയ്‌ക്കേണ്ടി വന്നു. അനീഷിൻ്റെ കാലിലൂടെ ഉണ്ട തുളച്ചു കയറി. അവൻ അവിടെ വീണു.  പെട്ടെന്നവൻ  അവിടെനിന്നും  പട്ടാളക്കാരുടെ ആശുപത്രിയിലേക്കു  മാറ്റപ്പെട്ടു.  


ജെസ്റ്റിൻ  വിവരമറിഞ്ഞ്  ആശുപത്രിയിലെത്തി.  അനീഷ്  ജുസ്ടിന്റെ മകനാണെന്നറിഞ്ഞപ്പോൾ സെബാസ്ററ്യൻ  എന്തുചെയ്യണമെന്നറിയാതെ തലയ്ക്കു കൈകൊടുത്തിരുന്നുപോയി. പിന്നെ മെല്ലെ "ആ പയ്യൻ… നിന്റെ… മകനാണെ…ന്നറിഞ്ഞിരുന്നില്ല," സെബാസ്റ്റ്യൻ വിതുമ്പലടക്കി  പറഞ്ഞു.


ജസ്റ്റിൻ നിറമിഴികളോടെ, "രാജ്യസ്നേഹത്തിനൊപ്പം …കുടുംബ……സ്നേഹം…. കൂടി വേണമായിരുന്നു.  അവനെ ശ്രദ്ധിക്കാൻ മറന്നുപോയി.  നിന്റെ സ്ഥാനത്ത് ഞാനാണെങ്കിലും ഇത് ചെയ്തേനെ, സാമൂഹിക തിന്മ  നമ്മൾ വച്ചു പൊരിപ്പിക്കുന്നതു രാജ്യദ്രോഹമല്ലേ?


  പേരുപോലെതന്നെ നീതിമാനായി ജസ്റ്റിൻ (ജസ്റ്റ്).  


Comments

Popular posts from this blog

അവൾ സുധീര!

അങ്കിതിൻറെ കളിപ്പാട്ടം!

സുഹൃത്ത്!