ഗ്രാമസുന്ദരി!
(Checked)
കല്ലോലിയെന്ന കുടുംബത്തിലെ ഏറ്റവുമിളയ അനുജൻ, അനന്തു അൽപ്പം ആധ്യാത്മികസ്വഭാവം കുട്ടിക്കാലംമുതൽ കാഴ്ച്ചവെച്ചു. പഠിപ്പുണ്ട്. പഠിപ്പിൽ കേമനായിരുന്നെങ്കിലും ജോലിയോട് മമത കാണിച്ചില്ല. സ്വന്തംവീടും അമ്പലവും വിട്ടൊരുകാര്യമില്ലെന്നയാൾ തീരുമാനിച്ചു. അയാളുടെ ഗ്രാമസുന്ദരിയെയും കാമുകിയെപ്പോലെ പ്രേമിച്ചു ജിവിച്ചു. എന്നാലൊരു ഗ്രാമസുന്ദരി ശരിക്കും അയാളെ മോഹിച്ചു, അയാളിൽനിന്നും പ്രതികരണം കാണാഞ്ഞിട്ടാകാം അവൾ കാര്യം അവതരിപ്പിച്ചു. ”കുട്ടീ, എൻ്റെ വഴി വിവാഹമല്ല, ആത്മീയം മാത്രമാണ്” എന്നയാൾ ആ കുട്ടിയോട് ഉറപ്പിച്ചു തന്നെ പറഞ്ഞു.
വിവാഹം ഇല്ലാതെ ജീവിക്കാൻ പറ്റുമെന്നവിശ്വാസം അയാളെ ഒറ്റയ്ക്കുജീവിക്കാൻ പ്രേരിപ്പിച്ചു. അയാൾ ആ ഏകാന്തത ആസ്വദിച്ചു.
സ്വത്തുഭാഗംവയ്പ്പ് ആ വീട്ടിൽ ഒരു കീറാമുട്ടിയായി പരിണമിച്ചില്ലായെന്ന് ഉറക്കെ പറയാൻ പറ്റും. കാരണം മാതാപിതാക്കൾ സ്വർലോകം പൂകിയിരുന്നു. അന്യദേശം തിരഞ്ഞെടുത്തജ്യേഷ്ഠന്മാർ , ഗോവിന്ദിനും മുകുന്ദിനും വീടിനുവേണ്ട പരിചരണം കൊടുക്കാൻ അസാധ്യമായകാരണം അനുജനെ വീടേൽപ്പിച്ചു . കൂടെ കാവും കുളവും ചറ്റുവട്ടത്തുള്ള പറമ്പും അയാൾക്കു കൊടുത്തു.
അനന്തു അവ വളരെ പരിശുദ്ധിയോടെ കാത്തുരക്ഷിക്കാൻ ഉത്സാഹം കാട്ടി. കാവിൽ വിളക്കു കൊളുത്തൽ, കുളം വൃത്തിയാക്കൽ, പറമ്പിൽ കൃഷിചെയ്യൽ തുടങ്ങിയവയെ സമയപ്പട്ടികയിൽ കുടിയിരുത്തി. കൂടാതെ പാചകത്തിൽ സ്വന്തം കൈ അപാര നൈപുണ്യം പ്രകടിപ്പിച്ചു പോന്നു.. ചെടികളോടും പൂക്കളോടും കഥപറഞ്ഞു. മിഹിരനെയും മാരുതനെയും വന്ദിച്ചു. തിങ്കളിനോടും താരകളോടും സൗഹൃദം കാട്ടി. നെല്ലിൻതലകളെ താരാട്ടി. അനന്തു ആനന്ദപൂർവ്വം പ്രകൃതീപുത്രനായി ജീവിച്ചു.
അയൽവക്കത്തെ പങ്കജാക്ഷിയമ്മ അനന്തുവിൻറെ അമ്മയുടെയൊരു സഹായിയായിരുന്നു. അവർ രണ്ടാളും സിംബയോട്ടിക് ഫ്രണ്ട്സ് (പരസ്പര സഹായികൾ) ആയിരുന്നു .അതുകാരണം അവർ അനന്തുവിനെ സ്വന്തം മകനെപ്പോലെ കരുതിയിരുന്നു. ഇടയ്ക്കൊക്കെ അനന്തുവിനേ അവർ പാചകകലയുടെ ആചാര്യയെന്നപോലെ സഹായിച്ചിരുന്നു.
ആണ്ടുകൾ എട്ടുപത്തെണ്ണം യാത്രമൊഴിചൊല്ലിയപ്പോൾ വെള്ളംകുറഞ്ഞു, കാവിലെ മരങ്ങൾ മുടികൊഴിഞ്ഞു, കുന്നുകൾ മൊട്ടയാകാൻതുടങ്ങി. ആ കുന്നുകളെ മനുഷ്യൻ ഇടിച്ചുചതച്ചുകൊന്നുകളഞ്ഞു. വയലുകൾ, കുളങ്ങൾ എന്നിവയുടെ ശവസംസ്കാരം നടത്തി, ചുറ്റുംനിന്ന ചെറിയചെടികളും പുല്ലുകളും പരലോകം പൂകി. ഏറെച്ചെടികൾക്കും മനുഷ്യൻ അകാലമൃത്യു നൽകുകുകയായ്രുന്നു. മറുലോകത്തേക്കയച്ചുവെന്നു പറയുന്നതായിരിക്കും ഭംഗി. പ്രകൃതിയുടെ മരണം കാരണം പൂക്കളുടെ മണം എങ്ങോപോയൊളിച്ചു. പകലോൻ കാലുഷ്യം കാട്ടി ജ്വലിച്ചു നിന്നു.
അവർക്കെല്ലാമൊരു പുതുജീവൻ നൽകാൻ അനന്തുമുന്നിട്ടിറങ്ങി. നാട്ടുകാരുംകൂടി. കാവിനടുത്തുള്ള തോടിൻ്റെ വയറുകീറി നിറഞ്ഞുനിന്ന അജീർണ്ണം എടുത്തുകളഞ്ഞു. വെള്ളമൊഴുകാൻ തുടങ്ങി.
കുളങ്ങൾക്കു തിട്ടയുണ്ടാക്കി, ചാലുവെച്ച് ഒഴുക്ക് സുഗമമാക്കി. കുറെയൊക്കെ പച്ചപ്പു പിടിച്ചുവന്നപ്പോൾ വരുണനും കനിയാൻ തുടങ്ങി. മഴ ഇടക്കിടെ മുഖം കാട്ടി. ചെടികൾക്ക് പുതുജീവൻ വന്നു. മുടി സമൃദ്ധമായി
വളർന്നു. വീണ്ടും നാടുണർന്നു. ഉത്സവമായി. അനന്തു ആണ് ഏറ്റവും സന്തോഷിച്ചത്.
സന്ധ്യ മയങ്ങിയപ്പോൾ അനന്തു പുറത്തേയ്ക്കിറങ്ങി. എന്നും അനന്തു പറമ്പിലൊക്കെ കറങ്ങി തിരിച്ചുവന്നു ദേഹശുദ്ധിവരുത്തി ഭക്ഷണം കഴിഞ്ഞ്, അൽപ്പം ടി.വി.യൊക്കെ കണ്ട് , വായിച്ചിട്ടാണ് നിദ്രാദേവിയുടെ വിളിക്കു ത്തരം നൽകുന്നത്. അന്നും പതിവുപോലെ പറമ്പ് അയാളെ അങ്ങോട്ട് ക്ഷണിച്ചു പോയി.
പെട്ടെന്ന് എവിടെനിന്നോ ഒരു പോത്ത് ചാ ടിവന്നു. അയാളുടെ മേലേയ്ക്കു ചാടി കുത്തിപ്പരിക്കേൽപ്പിച്ചു. പങ്കജാക്ഷിയമ്മ വന്നപ്പോൾ അനന്തുവിനെ കാണാഞ്ഞ് അവർ പുറത്തിറങ്ങി.
രണ്ടുദിവസത്തെ ആശുപത്രിവാസം, ഗ്രാമ ഹൃദയത്തിൽ മുറിവേൽപ്പിച്ച് ഗ്രാമസുന്ദരിയുടെ അനന്തു .യാത്രയായി.
Comments
Post a Comment