നേർവഴി!
സ്വന്തംമനസ്സിൻ്റെ അസ്വാസ്ഥ്യം കാരണം ശ്രീലത അൽപനേരം വാട്സപ്പ് നോക്കാമെന്നുകരുതി വീടിൻ്റെ ഉമ്മറത്തു വന്നിരുന്നു. ഒരു സുഹൃത്തയച്ച 'ഫോർവേഡ്' ഒരുകിളിയുടെ കൂടൊരുക്കലായിരുന്നു. "എത്ര ശ്രദ്ധയോടെയാണത് ഓരോ നേരിയനാരുമെടുത്ത് കൂടുമനയുന്നത്! അതിൽ അതു മുട്ടയിടും, വിരിയും, കുഞ്ഞുകിളികളേ പറക്കമുറ്റുംവരെ തീറ്റിക്കും. പിന്നീടവ പറന്നുപോകും. അമ്മക്കിളിക്കു ടെൻഷനില്ല, ചിന്തയില്ല, ആരും നേർവഴികാണിക്കേണ്ടതില്ല, എല്ലാം തനിയെ തേടും, അല്ലെങ്കിൽ അവളെ തേടിയെത്തും."
ശ്രീലതയുടെ മനസ്സ് സൂചികുത്തിയിറക്കുമ്പോലെ നോവുന്നുണ്ട്. ചിന്തകൾ അവളുടെ മനസ്സിലെ അറകൾ നിറച്ചുകൊണ്ടേയിരുന്നു. പലപ്പോഴുമാ ചിന്തകൾ ഓരോമേഖലയിലായി സഞ്ചരിക്കും. അവസാനമത് അരിക്കൊമ്പനെപ്പോലെ കാടുകയറുകയും ചെയ്യും. അവർ സങ്കടപ്പെട്ടു ഭഗവാനോടു പരാതിപറയും, "ഭഗവാനേ! ഞാൻ എന്തുതെറ്റു ചെയ്തു, ഇത്രയുമനുഭവിക്കാൻ?എൻ്റെ കുഞ്ഞെന്തെയിങ്ങനെ? ആര് രക്ഷിക്കുമവനെ? ആരവന് നേരായവഴി കാണിച്ചുകൊടുക്കും? എങ്ങനെ രക്ഷിക്കാൻ? മുറിയിൽ അടച്ചിരിക്കുന്ന മകൻ, ആശിഷിനെക്കുറിച്ചാണവർ സങ്കടപ്പെട്ടത്."
ശ്രീലതയുടെ ഭർത്താവ്, ശ്രീ നിവാസൻ സാമാന്യം ശമ്പളമുള്ള ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം ഭാഗ്യവാനാണെന്നു തോന്നുന്നു. അതാകാം കുറെയൊക്കെ കണ്ടെങ്കിലും അദ്ദേഹം സ്ഥലം വിട്ടു മുകളിലേക്കു പോയത്! കൂട്ടുകാരുമായി കൂടുകയും, കളിക്കുകയുമൊക്കെ ചെയ്തിരുന്നുവെങ്കിലും ഏഴാംക്ലാസ്സിൽ കയറിയപ്പോൾമുതൽ അവനൽപ്പം നിശ്ശബ്ദനാകാൻ തുടങ്ങി. എന്നാൽ പത്താംതരം പ്രശസ്തമായി പാസ്സായി.
പതിനൊന്നാംക്‌ളാസ്സുതൊട്ട് സ്കൂളിൽ പോകുന്നത് അൽപ്പം ഇഷ്ടമില്ലാക്കാര്യമായി. നിർബന്ധിച്ചൊക്കെ പറഞ്ഞുവിട്ടാലും സ്കൂളിൽനിന്ന് വന്നാൽ അവൻ്റെ ഇണപിരിയാസുഹൃത്തുപോലെയാണ് കമ്പ്യൂട്ടർ. കോഴി ചികയുംപോലെ അവൻ കമ്പ്യൂട്ടറും ചികഞ്ഞിരിക്കും. എന്തെക്കെയോ ലോകവർത്തമാനങ്ങളാണ് അവൻ കൂടുതലും തിരയുന്നത്. അങ്ങനെ സാമാന്യവിജ്ഞാനത്തിലും ആളുകളുമായുള്ള തർക്കശാസ്ത്രത്തിലും നിപുണൻ. ഒരുസംഗതിയും ആർക്കും വിട്ടുകൊടുക്കാതെ തർക്കിക്കും. ചിലപ്പോൾ ഒരു നിരാശബാധിച്ചവനെപോലെ എവിടെയെങ്കിലും അടിഞ്ഞിരിക്കും. അങ്ങനെ വർഷങ്ങൾ ചികിത്സയും, ചിലപ്പോൾ കുഴപ്പമില്ലാതെയും, ഇടക്കൊക്കെ വലിയപ്രശ്നമായും കടന്നുപോയി. അനുജൻ മിടുക്കനായി പഠിച്ച് ജോലിയിൽ കയറിയിട്ടുണ്ട്.
പന്ത്രണ്ടിലെ ക്‌ളാസ്സിൽപോക്കിനെ അവൻ പൂർണ്ണമായും മുറിച്ചുകളഞ്ഞിരുന്നെങ്കിലും അത്യാവശ്യം സംസാരത്തിൽ ഏർപ്പെടുമായിരുന്നു . കംപ്യൂട്ടർനോക്കൽ, ഉത്സവം, പാർക്ക്,വല്ലപ്പോഴുമൊരു സിനിമ ഒക്കെ അവൻ്റെ ആസ്വാദനപ്രക്രിയയിൽ ഉണ്ടായിരുന്നു. ആശിഷിന് ഇരുപത്തിയേഴു വയസ്സായപ്പോൾ, പഠിപ്പുള്ള ജോലിയില്ലാത്ത ഒരു പെൺകുട്ടിയെ മാതാപിതാക്കൾ വിവാഹമാലോചിച്ചു. അവർ സമ്മതിച്ചെങ്കിലും, അവൻ സമ്മതം മൂളിയില്ല.
ആരെയും ഗൗനിക്കാതെ, പുതുവർഷങ്ങൾ ആഘോഷിച്ചും ഉത്സവക്ഷേത്രങ്ങളിലും പാർക്കുകളിലും ഒറ്റയ്ക്കുപോയിരുന്നും സമയം ചെലവഴിച്ചിരുന്നു. ആശിഷിന് വയസ്സ് മുപ്പതായി.
ശ്രീനിവാസന് പെട്ടന്നൊരു ഷോക്കുവന്നു, ആ ഷോക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു മുകളിലേയ്ക്കുപറന്നു. അച്ഛൻ്റെ വിട വിടവുസൃഷ്ടിച്ചോ അവൻ്റെ മനസ്സിൽ? ഇല്ലെന്നുപറയണം. വലിയവികാരവേലിയേറ്റമൊന്നും അവനിൽ പ്രത്യക്ഷപ്പെട്ടില്ല. ശ്രീലതയ്‌ക്കു ഇപ്പോൾ വയസ്സ് അൻപത്തിയഞ്ച്, പ്രിയഭർത്താവ് സ്വർഗ്ഗലോകം പൂകിയിട്ട് , അതിൻ്റെ മനോവേദന കൊടുമ്പിരിക്കൊണ്ടുനിന്നിരുന്ന അവസ്ഥയിൽ 'കൂനിന്മേൽ കുരു'പോലെ മകൻ,ആശിഷിൻറെ മാനസികാസ്വാസ്ഥ്യം കൂടാൻ തുടങ്ങി, ഇപ്പോൾ രോഗം അല്പം വികസിച്ചിട്ടുണ്ട്. ചികിൽസിച്ചുമാറ്റാനുള്ള വഴികളൊക്കെ നോക്കി പ്രയോജനം ശൂന്യം.
മുന്നോട്ടുപോയപ്പോൾ അവൻ," അമ്മെ, അച്ഛനെന്നെ കൊല്ലാൻ വരുന്നേ!" എന്നുവിളിച്ചും കൊണ്ട് മുറിയിലങ്ങോട്ടുമിങ്ങോട്ടും വേഗത്തിൽ നടക്കും, ഇടയിൽ വന്നു വെള്ളം കുടിക്കും, ആകെ അവൻ അസ്വസ്ഥൻ. കുറേസമയം മിണ്ടാതിരിക്കും. ആശുപത്രിയെന്നുകേട്ടാലെ ആശിഷ് ഒച്ചവെച്ചു മുറിയിൽ കയറി അടച്ചിരിക്കും. ശ്രീലതയ്ക്കു സഹോദരഭാഗ്യമില്ല, ഒറ്റമകൾ. അച്ഛനുമമ്മയുമില്ല, മരണമടഞ്ഞിരിക്കുന്നു. ഭർത്താവിൻ്റെ കൂട്ടുകാരുടെ സഹായത്തോടെ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവൻ പക്ഷെ ആൾത്തിരക്കിനിടയിലൂടെ ഓടി മൂന്നുകിലോമീറ്റർ അപ്പുറത്തുള്ള വീട്ടിലെത്തി. സംഗതി അ ല്പംകൂടെ വഷളായിരിക്കുന്നു.
"അമ്മ അച്ഛനോടൊപ്പം ചേർന്ന്
എന്നെ കൊല്ലാൻ വരുവല്ലേ? കഴിക്കാൻ തരുന്നതിലൊക്കെ വിഷം ചേർക്കുവല്ലേ?" ഇങ്ങനെയൊക്കെ പറയാൻ തുടങ്ങിയിട്ടുണ്ട്.
അവനാകെ സംശയം. ആഹാരം കഴിക്കില്ലാ , കുളിക്കില്ലാ, താടിയും മീശയും വടിക്കില്ലാ, അച്ഛനുമമ്മയുംകൂടെ അവനെക്കൊല്ലുമെന്നും സ്വത്തെല്ലാം അനുജന് കൊടുക്കുമെന്നുംപറഞ്ഞു വഴക്കുണ്ടാക്കുന്നു. അച്ഛൻ മരിച്ചതവൻ്റെ മനസ്സ് അംഗീകരിച്ചിട്ടില്ല. വേറെയെവിടെയോ ഉണ്ടെന്നൊക്കെയാണ് പറയുന്നത്. മുറിയുടെ ജനലും വാതിലുമടച്ച് അതിലിരുപ്പാണ് ജോലി,"അമ്മ വിഷം സൂക്ഷിച്ചിട്ടുണ്ട് . അച്ഛൻ രാത്രി വന്ന് അമ്മയ്ക്കു തരുന്നതാണ്, എനിക്കുതരാൻവേണ്ടി," അങ്ങനെയൊക്കെ വികലചിന്തകളാണ് .
അച്ഛൻ്റെ ബന്ധുകൂടിയായ മനോരോഗവിദഗ്ദ്ധൻ, ഗൗരവ് വിദേശത്ത് ഉപരിപഠനം കഴിഞ്ഞു തിരിച്ചെത്തിയിട്ടുണ്ട്. സ്വമേധയാ ആ വീട്ടിലെത്തി, അവനെ ചികിത്സിക്കാൻ വേണ്ടി ഒരുപാടുനാടകം കളിക്കാൻ തുടങ്ങി. വരുമ്പോഴൊക്കെ സാധാരണപോലെ ഇടപെടുകയും സംസാരിക്കുകയുമൊക്കെ ചെയ്യുകയും അവൻ്റെ യൊപ്പം ക്യാരംസ് കളിയ്ക്കുകയുമൊക്കെ ചെയ്തപ്പോൾ അവൻ പതിയെ ഗൗരവുമായി അടുത്തു. അവനറിയാതെ അവനെ ചികിത്സയ്ക്ക് വിധേയമാക്കി. പലപ്പോഴുമവൻ അകന്നുമാറാൻ ശ്രമിച്ചു, മരുന്നിനു വിമുഖതകാട്ടി. പക്ഷെ ആ അമ്മ ഒരുവിധത്തിൽ മരുന്നുകൊടുക്കുന്നതിൽ
വിജയിച്ചു. അമ്മയ്ക്കു നൽകിയ ഡോക്ടറുടെ ചോദ്യാവലിയിൽനിന്നും കുറേക്കാര്യങ്ങൾ അദ്ദേഹം മനസ്സിലാക്കി. തന്ത്രപൂർവ്വം അവനിൽനിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
ശ്രീലതയുടെയും ശ്രീനിവാസൻ്റെയും വിവാഹം കഴിഞ്ഞു ഋതുചക്രം രണ്ടുപ്രാവശ്യം മാറിമറിഞ്ഞപ്പോൾ ഒരു നല്ല അതിഥികൂടെ ആ വീട്ടിലെ അന്തേവാസിയായി. പൂവുപോൽ സുകുമാരമായൊരു പൊന്നുംകുടം. അമിതലാണനയുടെ തൊട്ടിലാട്ടം നുകർന്ന് ഒരുകാട്ടിൽ ഒരു പന്നിപോലെ വി.ഐ.പി.യായി വളർന്നുവന്നു. പത്തുവയസ്സിലെത്തിയപ്പോളതാ വരുന്നു ഒരുകുഞ്ഞു കൂട്ടുകാരൻ.
അനുജൻ ജനിച്ചപ്പോൾ അച്ഛനമ്മമാരുടെ ശ്രദ്ധകൂടുതൽ അങ്ങോട്ടേക്കായി. ആദ്യമൊക്കെ ആശിഷിലത് ചെറിയഅസൂയയിലൊതുങ്ങി. പക്ഷെ പിന്നീട് ആ കുഞ്ഞിനോടുള്ള കടുത്ത ദേഷ്യത്തിലേയ്ക്ക് ചുവടുമാറ്റി. ചെറിയകുഞ്ഞിനു ലാളന കൂടുന്നതൊക്കെ അവനു സഹിക്കാൻ പ്രയാസമായിരുന്നു. ആ വിഷമം അവൻ തീർത്തിരുന്നത് സ്വന്തം പഠിത്തമുഴപ്പിക്കൊണ്ടാണ്.
പഠിത്തമുഴപ്പിയത് ശിക്ഷ ഏറാനിടയായി. എങ്കിലും പത്താം ക്ലാസ്സ് നല്ലരീതിയിൽ പാസ്സായി. അവൻ പതിനൊന്നാം ക്ലാസ്സുതൊട്ടു പഠിത്തത്തിനെ അകത്തിനിറുത്താൻ തുടങ്ങി. പന്ത്രണ്ട് പാസ്സാക്കുകയെന്ന സൈറ്റിൽ നിന്നും അച്ഛനമ്മമാർക്കു 'സൈൻ ഔട്ട്' ചെയ്യേണ്ടി വന്നു.
ഇപ്പോഴത്തെ നിലയെത്താൻ ഒരുകാരണംകൂടെ ഡോക്ടർ കണ്ടുപിടിച്ചു. അച്ഛൻ്റെ മരണം കഴിഞ്ഞ് കുറേദിവസം കഴിഞ്ഞാണ് ബന്ധുക്കളിൽ അൽപ്പം അകന്നബന്ധത്തിലുള്ള ഒരു കൂട്ടർ അന്വേഷിച്ചുവന്നത്. അതിൽ ഒരുവളുടെ സൗന്ദര്യം അവൻ്റെ മനസ്സിലേക്കു കടന്നു. അവൾക്കു പതിനെട്ടു വയസ്സുമാത്രം പ്രായം. അവൻ അമ്മയോട് പറഞ്ഞു," എനിക്കവളെ കല്യാണം കഴിച്ച് താ," അമ്മയ്ക്കതുൾക്കൊള്ളാൻ വിഷമമായി. ആകെ വിഷമത്തിൽ മുങ്ങിയിരുന്ന ശ്രീലതയിൽ നിന്നും ബോംബുപോലെ വാക്കുകൾ അവൻ്റെ മേൽ പതിച്ചു. അതോടെ അമ്മ അവൻ്റെ വലിയശത്രുവായി.
അതെല്ലാം ശരിക്കു മനസ്സിലാക്കിയഡോക്ടർ അവരെ പറഞ്ഞു മനസ്സിലാക്കി," നമുക്കവനെ ചികിൽസിച്ചു ഭേദമാക്കാം. മരുന്നും പരിഗണയും അത്യാവശ്യമാണ്. ഒരുതരം ബുദ്ധിഭ്രമം. സൈക്കോസിസിൽപ്പെടുന്ന ബൈപോളാർ ഡിസോർഡറാണിത്. അവർ ചെയ്യുന്നതെന്തും ശരിയാണെന്നവർ വിശ്വസിക്കുന്നു. അവൻ്റെ മനസ്സവൻ്റെ കൈയിലില്ല. അവൻ പറയുന്നതിനെ എതിർക്കരുത്, എല്ലാം സമ്മതിച്ചുകൊടുക്കുക്കുകയോ, നയത്തിൽക്കൂടി കുറേശ്ശെയായി പറഞ്ഞുകൊടുക്കുകയോ ചെയ്യാം."
മരുന്നു കഴിപ്പിക്കണം. മരുന്നിനു വിമുഖരാണിക്കൂട്ടർ. സാധാരണ മനുഷ്യർ കാണാത്ത കാര്യങ്ങൾ ഇവർ കാണും. ഒരുതരം ഇല്ല്യൂഷൻ. നമുക്കവനെ നേർവഴിക്കു കൊണ്ടുവരാം, അമ്മായി സമാധാനമായിരിക്കൂ," ഡോക്ടർ പറഞ്ഞു
Comments
Post a Comment