വ്യാഘ്രങ്ങൾ!

(Checked)

 

 

തൊണ്ണൂറുകളുടെതുടക്ക  കാലഘട്ടമാണ്‌  സമയം .ഫോൺ അത്ര പ്രചചാരമായിട്ടില്ല. നിമിഷ ഓഫീസിൽനിന്നുമെത്തി വൈകിട്ടത്തെ ചായകുടിയൊക്കെക്കഴിഞ്ഞ്  മട്ടുപ്പാവിൽ ഒരു കസേരയിലിരുന്നു. കുട്ടികൾ സംഗീത ക്ളാസ്സിൽ പോയിരിക്കുന്നു. ആനന്ദിൻ്റെ ' ഗോവർധൻ്റെ യാത്രകൾ'  എന്ന നോവൽ കൈയിലെടുത്തിരുന്നു.  

 

അപ്പോഴതാ   താഴത്തെ  മതിലിന്മേൽ ഒരു ഉപ്പൻ(ഉക്കൻ), മടിച്ചുമടിച്ചാണോ അതോ, എന്തോ ആസ്വദിച്ചാണോന്നറിയില്ല, മതിലിൽക്കൂടെ നടക്കുന്നു. ഉപ്പൻ നിലാവുകുടിച്ചു ജീവിക്കുന്നു എന്നൊരു വിശ്വാസമുണ്ട്. പക്ഷെ അവൻ  മിശ്രഭുക്കാണ് (ഓമ്നിവോർ). വല്ല പുഴുവോ പ്രാണിയോ ഒക്കെ അവൻ്റെ ഭാഗ്യവലയിൽ കുടുങ്ങുമോന്നു നോക്കിയാവാം  കവാത്ത്.

 

അവളോർത്തു, "എത്ര മനോഹരമാണീ പ്രകൃതി!" നിമിഷയുടെ  ഉള്ളം അൽപ്പമൊന്നു കുളിർത്തു.  പ്രകൃതി  ആരെയും ചതിക്കുന്നില്ലാ, എല്ലാ ജീവജാലങ്ങൾക്കും വേണ്ടി ഒരുപാട് പാടുപെടുന്നുണ്ട്."

 

അപ്പോഴാണ്  അമ്മതാഴെ നിന്ന് വിളിച്ച്, " മോളേ, നിനക്കൊരെഴുത്ത്, "

" എഴുത്തോ, ആരടെ?"

" ഒരു ചൈതന്യയുടെ , നിൻ്റെ പഴേ കൂട്ടുകാരി ചൈതന്യയാരിക്കും. "

 

 അവർ  വൈകിട്ടത്തെ ചായയുടെ സഹായികളേ 'സിങ്കിലിട്ടു  കുളിപ്പിക്കാനുള്ള  പുറപ്പാടിലായിരുന്നു.  

 അവൾ   താഴേക്കു വന്നു ,  കത്തു  തുറന്നു ചൈതന്യയുടെ  അൽപ്പം വലിപ്പമുള്ള ഒരു സന്ദേശം," ഇതെന്താ പതിവില്ലാത്തപോലെ ചൈതന്യയുടെ കത്ത് ? കുറേക്കാലമായി  അവളുടെ  വിവരമൊന്നുമില്ലല്ലോ, ഞാനും അവളെക്കുറിച്ചു മറന്നപോലെയല്ലേ?"

 

ചൈതന്യയും നിമിഷയും  നാട്ടിൻപുറത്തെ  ചിത്രശലഭങ്ങൾ .  സ്കൂളിൽ   സഹപാഠികൾ, അടുത്തകൂട്ടുകാർ. രണ്ടുപേരുടെയും വിവാഹം അടുത്തടുത്തായാണ് നടന്നത്. നിമിഷ ഇംഗ്ലീഷ് സാഹിത്യത്തിനെ  പുണർന്ന്  ഡിഗ്രി പൂർത്തിയാക്കി. അവളൊരു    സൈനികൻ്റെ   പങ്കാളിയായപ്പോൾ   ബി.എസ്സി. നഴ്സിംഗിന് ജോലിസാധ്യത കൂടുതലുള്ള കാരണം  ചൈതന്യയെ ഒരു  ദുബായ് ക്കാരൻ സ്വന്തമാക്കി. സ്കൂളിലെ ചാങ്ങാത്തം രണ്ടുപേരും വിവാഹിതരാകുന്നവരെ തുടർന്നു.

 

കത്തിൽക്കൂടിയാത്രചെയ്യുമ്പോൾ   നിമിഷയുടെ  പുരികക്കൊടികൾ   ചോദ്യചിഹ്നങ്ങളായുയരുന്നുണ്ടായിരുന്നു, "എൻ്റെ ഏറ്റവും പ്രിയപ്പെട്ടകൂട്ടുകാരി, നിമിഷേ,

എല്ലാം നീ അറിഞ്ഞുകാണുമോന്നറിയില്ല! നിനക്കീ കത്തുകിട്ടുമ്പോൾ ഞങ്ങൾ രണ്ടാളും ഭൂമിയിലുണ്ടാവില്ല. അതുകൊണ്ടാണ് ഞാൻ കത്തിൽക്കൂടെ സത്യം വെളിപ്പെടുത്തുന്നത്.  നിനക്ക് നാടുമായി ബന്ധമില്ലാത്തതുകൊണ്ട്  നിൻ്റെ  വിവരമൊന്നുമറിയുന്നില്ല. നീ എന്നോ അയച്ച എഴുത്ത്   എൻ്റെ  കൈയിൽ ഇന്നും ഭദ്രം.    കത്ത്  നിന്നിലെത്തിക്കാൻ കാരണം കുറച്ചു സത്യങ്ങൾ  നീയെങ്കിലുമറിയണം. എനിക്കെങ്ങനെ ഇത് ചെയ്യാൻ ധൈര്യം വന്നെന്നും ഞാനെന്തിനിതു ചെയ്തെന്നും? അല്ലെങ്കിൽ സത്യം പുറത്തുവരുമെന്നൊരുറപ്പുമില്ല. ഞാനിവിടെയുണ്ടാകില്ലെങ്കിലും, നിൻ്റെ  അനുജനിൽക്കൂടെയെങ്കിലും  നാട്ടുകാർ ഇങ്ങനുള്ള കാര്യങ്ങൾ  അറിയണം.   

 

ഞാനും മോളുംകൂടി  ഗൾഫിൽ പോകാനിരുന്നപ്പോളാണെല്ലോ സുരേട്ടൻ്റെ മരണം . അതിനുശേഷം എൻ്റെ പൊന്നുമോളെയോർത്ത് ,  നന്നെ പണിപ്പെട്ടാണ്  ഞാൻ   ആഘാതത്തിൽ നിന്നുംപുറത്തുകടന്നത്‌ .  പക്ഷെ അപ്പോഴും വിധിയെന്നകഴുകൻ ഞങ്ങളെ കൊത്തിത്തിന്നാൻ  കൂടെക്കൂടി.  അമ്മ  പെട്ടെന്നു വിട പറഞ്ഞു,  ഭയമിരട്ടിച്ചു. ഇപ്പോൾ ആളുകളുടെ കണ്ണിൽ ഞാനൊരു ബാസ്റ്റേർഡ് ആണ്. ആർക്കുമെന്തും ചെയ്യാം.  പക്ഷെ  എനിക്ക് ജോലിചെയ്യാതെ പറ്റില്ലല്ലോ! അതും രാത്രിയിൽ, ഞാൻ  മോളെയും ആശുപത്രിയിൽ കൊണ്ടുപോകാൻ  പെർമിഷനെടുത്തു.

 

 മകൾ വളരുന്തോറും   അവളെക്കുറിച്ചു മാത്രമാണെനിക്കു ചിന്ത. ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ടാക്കാമെന്നുപോലും  ഒരുവേള ഞാൻ ചിന്തിച്ചു. എൻ്റെ   കുഞ്ഞിനെ എന്തുവന്നാലും  ഞാൻ ആർക്കും  മേയാൻ കൊടുക്കില്ല.  ചുറ്റുമുള്ളവ്യാഘ്രങ്ങളിൽ നിന്നും രക്ഷക്കായി ഞാനും അമ്മയുടെ മാർഗ്ഗം സ്വീകരിച്ചൊരു വെട്ടുകത്തിയൊക്കെ സൂക്ഷിക്കുന്നുണ്ട്, അത് ഞാൻ അയൽക്കാരോട് പറയാറുമുണ്ട്.  ഒരു പ്രികോഷൻ  അത്രതന്നെ.

 

ഇന്നലെ അവധിയായിരുന്നതുകൊണ്ട്  മോൾക്കെന്തോ വരയ്ക്കാനുണ്ടെന്നുപറഞ്ഞു.  അതുകൊണ്ട്  ഞാൻ പുറത്തേക്കിറങ്ങി.  രണ്ടുദിവസമായി പൈപ്പിൽ  വെള്ളം രാത്രിയിലേ വരുവോള്ളു.  അല്ലെങ്കിലും  എപ്പോഴുമൊന്നും  റെഗുലറായിട്ടു വെള്ളം   ടാപ്പിൽ  വരാറില്ല. അതുകൊണ്ട്  ഇപ്പൊത്തന്നെ വരാമെന്നു പറഞ്ഞ് ഞാൻ കല്ലേലിക്കുളത്തിൽ തുണികൾ കഴുകാൻ പോയി.  തിരികെവന്നപ്പോൾ മകളുടെ അടക്കിയ കരച്ചിൽ.  കതകിൽ   നല്ല ഒറക്കെയൊറക്കെ  മുട്ടിയപ്പോൾ  മേലേത്തുവീട്ടിലെ ബിനു ഓടിപ്പോകുന്നു.  ദൂരെയല്ലല്ലോ ഞാൻ പോയത് , വാതിൽ കുറ്റിയിട്ടിരുന്നില്ല .  മകളെ സമാധാനിപ്പിച്ചെങ്കിലും, എന്തുചെയ്യേണ്ടുവെന്നറിയാതെ ഞാൻ  ഒരുനിമിഷം  പതറിപ്പോയി.  അവൾക്കു പതിനൊന്നു വയസ്സായതല്ലേയുള്ളൂ!  എന്നെ കണ്ടപ്പോൾ ,  പേടിച്ചു കരഞ്ഞുകുഴഞ്ഞ അവൾ ഓടിവന്നു മുറുക്കിപ്പിടിച്ചു.  ഒടുവിൽ ധൈര്യം സംഭരിച്ച് ഞാനെടുത്ത തീരുമാനമാണ്  കടുംകൈ. മകളെ ഞാൻ ഉറക്കഗുളികകൊടുത്ത് എന്നേയ്ക്കുമായി ഉറക്കാൻ തീരുമാനിച്ചു. അവൾ പോയിയെന്ന് ഉറപ്പുവരുത്തി ഞാനും പോകും. ഗുളികകൾ ഞാൻ എന്നെ കരുതിയതാണ്.

 

ഇനി ഈകഥകൂടി കേട്ടോളൂ. എൻ്റെ അമ്മ മേലേത്തുവീട്ടിലെ പുറംപണിക്കാരിയായിരുന്നു.  അതൊന്നും ഒരുപക്ഷെ നിനക്കറിയില്ലായിരിക്കും.  അവിടത്തെ  വലിയ സാർ, സുന്ദരിയായ ൻ്റെ അമ്മയെ പ്രലോഭിപ്പിച്ചു സമ്മാനിച്ചതാണ് എന്നെ.  സത്യം കുറെയൊക്കെ അറിയാമായിരുന്നിട്ടും നാട്ടുകാർ  അമ്മയ്ക്കു  വേശ്യാപ്പട്ടം നൽകി ആദരിച്ചു. അന്യരുടെ കണ്ണുനീരിൽ ആനന്ദിക്കുന്നയാളുകൾ  ധാരാളമുണ്ടല്ലോ!

 

പേടിച്ചിട്ട് പാവം! സത്യം ആരോടും  വെളിവാക്കാൻ ശ്രമിച്ചുമില്ല.  അങ്ങനെ ചെയ്തിരുന്നെങ്കിൽ  ഗുണ്ടായിസം കൈമുതലായുള്ള മുതലാളിക്കുടുംബം അമ്മയെ  ജീവിക്കാൻ അനുവദിക്കില്ലെന്നറിമായിരുന്നു. വേറെ  പലരും അമ്മയെ സഹായിക്കാനെന്നമട്ടിൽ  അടുക്കാൻ ശ്രമിച്ചെങ്കിലും വെട്ടുകത്തിയുടെ സഹായത്താൽ അമ്മ  ജീവിച്ചുപോന്നു. അമ്മ തോറ്റില്ല, കുറെ  വീടുകളിൽ പണികൾ ചെയ്തു, എന്നെ പഠിപ്പിച്ചു.  

 

പലപ്പോഴും  ഞാൻ അമ്മയെ കുറ്റപ്പെടുത്തി,”അമ്മ ഇത്രയും പ്രാർത്ഥിച്ചിട്ട് ദൈവമെന്തു തന്നു? നമുക്ക് കണ്ണീരല്ലാതെ  സമാധാനം തന്നോ?”

 

ഈശ്വരൻ എനിക്കു നിന്നെതന്നു. ജോലിചെയ്യാൻ ആരോഗ്യം തന്നു. നീ മിടുക്കുയായി പഠിച്ചു.

 മുജ്ജന്മ ഫലമാണുമോളേ നമ്മളനുഭവിക്കുന്നെ.  ജന്മം നല്ലതുചെയ്യാം.” അമ്മ ഒരിക്കലും ദൈവത്തെ കുറ്റം പറഞ്ഞിരുന്നില്ല.

 

ദൈവവിശ്വാസമാണ് എന്നെപ്പറ്റിയുള്ളസത്യം അമ്മ ആരോടും പറയാതിരുന്നത്, അമ്മ  നിമിത്തം  ഒരു കുടുംബം തകരരുതെന്ന  നല്ലചിന്ത.   ഒരുപാടെഴുതാനുണ്ടെങ്കിലും,എഴുതാൻ വയ്യ, മനസ്സു പതറുന്നു. നമുക്കെന്നെങ്കിലും മറ്റേ ലോകത്തുവച്ചു കാണാം, ബൈ…”

 

സ്നേഹപൂർവ്വം നിൻ്റെ കൂട്ടുകാരി, ചൈതന്യ."

 

 അവൾ കത്തുമടക്കി ലക്കോട്ടിലിട്ടു. മകളെയുംകൂട്ടിപ്പോയി  പോസ്റ്റുപെട്ടിയിലിട്ടു.

 

ചൈതന്യയ്ക്കറിയാം   പോലീസുകാർ അവരുടെയും വാർത്തമാധ്യമങ്ങളുടെയും ഭാവനയ്ക്കനുസരിച്ചാണ് കാര്യങ്ങൾ നീക്കുകയെന്ന് .  കോടതി വിചാരണയൊക്കെ വെറും പ്രഹസനമാക്കുന്ന കല  അന്വേഷണോദ്യോഗസ്ഥർ  അഭ്യസിച്ചിട്ടുണ്ട് . കൃത്രിമം  നിറഞ്ഞ എഫ്..ആർ. അവിടെയെത്തുമ്പോഴേക്കും അതിൻ്റെ രൂപവും ഭാവവുമൊക്കെ മാറി ഭാവനകൾ അരച്ചുചേർത്ത്  പുതിയവിഭവമാകും.  നിമിഷ പറയുന്നതൊന്നും രേഖയിൽ വരില്ല. നീക്കംചെയ്യപ്പെടും. അതുകൊണ്ട് കൂട്ടുകാരി അനുജനിൽക്കൂടിയും   മെസ്സേജസ്സിനെ കൂട്ടുപിടിച്ചും    സത്യം  ലോകത്ത അറിയിക്കും.  മുതലാളിയുടേയും മകൻ്റെയും മാന്യത! ലോകമറിയട്ടെ.

 

" ഈശ്വരാ! ചതിച്ചോ?  അമ്മയും മകളും പോയോ? അവൾ നാട്ടിലേക്കു വിളിച്ചു, ചൈതന്യയുടെ കാര്യം തിരക്കി,  നിമിഷയുടെ അമ്മ കൂടെയുള്ളതുകൊണ്ട്  നാട് അകലെയായി വർത്തിച്ചു, ഇടക്കൊക്കെ സഹോദരനും  നാത്തൂനും വിളിക്കാറുണ്ടായിരുന്നെങ്കിലും  ചൈതന്യയുടെ വിവരങ്ങൾക്കു ചൈതന്യമില്ലായിരുന്നു.

 

 

രാത്രി  ഒൻപതു മണി ചൈതന്യ കൃത്യംനടപ്പാക്കാൻ     ധാരാളമുറക്ക ഗുളികകൾ എടുത്തുവച്ചു,   കുഞ്ഞിൻ്റെ  മരണമുറപ്പുവരുത്താൻ ചൈതന്യ  ഗുളികകൾ     പൊടിച്ചു പാലിൽ കലക്കി.  പൂജാമുറിയിൽ കയറി ഭഗവാന്മാരെയൊന്നുനോക്കി, തൊഴുതു.

 

" ഞാനില്ലാത്ത  ലോകത്ത്   ഒരു നിമിഷംപോലും ൻ്റെ  പൊന്നുണ്ടാകരുത്‌, എത്രയും പെട്ടെന്ന്   ലോകം വിടണം,"  അവൾ ചിന്തിച്ചു.  ഇതെല്ലാം നടപ്പാക്കുമ്പോൾ അവളൊരു  പ്രത്യേക മാനസികാവസ്ഥയിൽ ആയിരുന്നു. ലോകത്തോടുള്ള വെറുപ്പ്, പക എല്ലാം  അവളെ വല്ലാതെ പൊള്ളിച്ചു. മകളുടെ മരണമുറപ്പു വരുത്തിയിട്ടുവേണം അവൾക്കും  അവസാനയുറക്കം തേടാൻ.

 

പക്ഷെ വിധിയവളെ  പറ്റിച്ചു,  കഴുകന്മാർക്കു   കൊത്തിപ്പറിക്കാൻ അവരെ  ഭൂമിയിൽ വിട്ടുകൊടുത്തപോലെ,  ചൈതന്യ ഗ്ലാസ്സ്  കൈയിലെടുക്കും മുമ്പേ,   വടക്കേവീട്ടിലെ ചേച്ചിയെത്തി ബെല്ലടിച്ചു. അവരുടെ മകൾക്കു  കടുത്ത പനി.  നേഴ്സ് ആയ ചൈതന്യയോട് സഹായം ചോദിച്ചെത്തിയതാണവർ.  അവൾ  കുഞ്ഞിനെ സ്വന്തം മകളായിക്കരുതി,  മകൾ  അനഘയെയുംകൂട്ടി  കൂടെപ്പോയി.  തിരികെ വന്നപ്പോഴേക്കും അവളുടെ മനസ്സിൽ ചാഞ്ചല്യമുണ്ടായി.  ഒന്നൂകൂടി ആലോചിച്ചു ചെയ്യാം കാര്യങ്ങൾ.

 

അടുത്ത ദിവസം അവളുടെ പതിവുകൾ ഉണർന്നു, അവളുടെ സമയം അതിലേക്കു  ചാടി.  അവൾ ആശപത്രിയും മകൾ സ്കൂളും  ലക്ഷ്യമാക്കി  കുതിച്ചു.  ആശുപത്രിയിൽനിന്നും  തിരികെയെത്തിയപ്പോൾ മനസ്സ് കുറെ ശാന്തമായിരുന്നു.

 

  ഇതിനിടയിൽ നിമിഷ  അവളുടെ പ്രിയ കൂട്ടുകാരിക്കായി  ഭർത്താവിൻ്റെ  അമ്മാവൻ്റെ   ആശുപത്രിയിൽ  ജോലി ശരിയാക്കി കൊടുത്തു.

 

 

 

 

Comments

Popular posts from this blog

അവൾ സുധീര!

അങ്കിതിൻറെ കളിപ്പാട്ടം!

സുഹൃത്ത്!