ജപ്തി!

 



ശങ്കരൻ  ഇഷ്ടപ്രകാരം തന്നെ തയ്യൽ ജോലി തിരഞ്ഞെടുത്തു.  സ്വന്തം തുന്നൽപ്രവർത്തിയുടെ  പ്രതിഫലമായി   അയാൾക്ക്  പി.ജി. ഡിഗ്രി കരഗതമായി. അതുകൊണ്ടു തന്നെ അയാൾക്ക്   പി.എസ്‌സി. എഴുതി  ജോലി സമ്പാദിക്കുവാനുള്ള യോഗ്യതയിൽ  കൂടുതൽ യോഗ്യതയായി. കാണാനും യോഗ്യൻ. ഈ രണ്ടു യോഗ്യതയും കൂടി ഒരു ചതി ചെയ്തു, അതോ വരദാനമോ? നോക്കാം.  എന്നാൽ  ജോലി  കിട്ടാക്കിനാവായി അകലത്തിൽ നിന്നു  .


കൂടെ പഠിച്ച കുട്ടി,  മന്ത്രിയുടെ മകൾ, അയാളെ വിടാതെ പിടികൂടി.  അവരുടെ രണ്ടാളിൻ്റെയും വീടുകൾ തമ്മിലുളള  അകലമധികമല്ലെങ്കിലും സാമ്പത്തികയകലം  ആനയും ആടുമല്ലാ, ആനയും അണ്ണാനുംപോലെയാണ്.  ജാതിയുമല്പം  കീഴെമേലെയായി നിലകൊള്ളുന്നു.  ശങ്കരൻ   ശക്തിയായി കുടഞ്ഞിട്ടും  ആ കുട്ടി, അനുരാധ പിടി വിട്ടില്ലായെന്നല്ലാ, ഒരുദിവസം  അവൾ കൂടും കുടുക്കയുമായി ശങ്കരൻ്റെ വീടു  തേടി വരുകയും ചെയ്തു.  


 ദുരഭിമാനക്കുരുക്കിൽ  എങ്ങാനും പെടുമോന്നൊരു  ഭയമയാളുടെ ഉള്ളിൽ  അമ്പെയ്ത്തു നടത്തിക്കൊണ്ടേയിരുന്നു.  തിരികെ കൊണ്ടാക്കാമെന്നു വിചാരിച്ചാൽ പക്ഷെ   അനുരാധ പിന്നെ  ശവമായിമാറുമെന്നുള്ളതിനു  രണ്ടില്ല പക്ഷം. രണ്ടും കൽപ്പിച്ച്  ശങ്കരൻ, അനുരാധ ചെറുപ്പക്കാർ  ദമ്പതികളായി  മാറി.  ഭയം കാരണം ശങ്കരൻ്റെ  മാതാപിതാക്കൾപോലും  ചടങ്ങിനെത്തിയില്ല.  ദൈവവും, സുഹൃത്തുക്കളുമല്ലാതെ  ആരുംതന്നെ സാന്നിദ്ധ്യമറിയിച്ചില്ല.  മന്ത്രിപുംഗവൺ  വിവരം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നത്   സാമം, ദാനം, ഭേദമൊക്കെ ഇടനിലക്കാർ വഴി പ്രയോഗിച്ചു,  ഫലം പരാജയം.  ദണ്ഡം പ്രയോഗിച്ചാൽ, എതിർകക്ഷികളേറ്റെടുക്കാൻ  സാധ്യതയുണ്ട്, മാനത്തിനൊപ്പം ഒരുപക്ഷെ സ്ഥാനംകൂടി പോയേക്കും. അതുകൊണ്ട്  പുകഞ്ഞകൊള്ളിയെ പുറത്താക്കി, മകനോടുള്ള സ്നേഹത്തിൻ്റെ അളവു  കൂട്ടി.  

വർഷങ്ങൾ  രണ്ടുമൂന്നെണ്ണം രണ്ടിരട്ടപുത്രന്മാരെ ദമ്പതികളെയേൽപ്പിച്ചു കടന്നുപോയി.  റെഡിമേടിൻ്റെ വരവിൻറേയും,  സ്കൂൾ യൂണിഫോം  സ്കൂളുകൾ  കൊടുക്കുന്നതിൻ്റെയും ഫലമായി കടയിൽ നിന്നുള്ള   വരുമാനത്തിൻ്റെ വണ്ണം കുറഞ്ഞു തുടങ്ങി.  പതിയെ ഉള്ളതൊക്കെ  ചേർത്തൊരു  'ബോട്ടിക്‌( Boutique) തുടങ്ങി. ഒരുവിധം ലാഭമൊക്കെയായി പോകുന്നു.  ഓ! അതാ വരുന്നു ജപ്തിയെന്ന രാക്ഷസൻ  ദമ്പതികളെയും കുഞ്ഞുങ്ങളെയും വിഴുങ്ങാൻ. 


 അനുരാധ  ചോറുവയ്ക്കാൻ തുടങ്ങുമ്പോൾ ശങ്കരൻ അടുക്കളയിലേക്കു വന്നുപറഞ്ഞു, "ഞാൻ ഒന്നാ ബാങ്കുമാനേജരെയൊന്നു കണ്ടുനോക്കട്ടെ? "


"ഓ! വേണ്ടാ, ഇനി അവർ അവധി കേൾക്കില്ല.  ഇന്നാളല്ലേ എൻ്റെ കൈയിലുണ്ടായിരുന്ന സ്വർണ്ണം വിറ്റു കുറച്ചു പണമടച്ചത്? എന്നിട്ടുമവർ  ജപ്തി നോട്ടീസ് തന്നു."


"പണക്കാരോടവർ  ദയ കാണിക്കും. നമ്മൾ പാവങ്ങൾ പെട്ടുപോകും."


ശങ്കരൻ്റെ പെങ്ങളുടെ കല്യാണത്തിന് അച്ഛൻ ആധാരം സഹകരണ ബാങ്കിൽ പണയംവച്ച് വായ്പ്പയെടുത്തിരുന്നു. അച്ഛൻ്റെ തടിപ്പണികൊണ്ട്‌ വായ്പ്പഗഡു അടച്ചുപോന്നു. അമ്മയുടെ പെട്ടെന്നുള്ള മരണം അച്ഛനെ വിഷാദത്തിലേക്കാണ് ആനയിച്ചത്.   കുറെ പണം തിന്നശേഷം  രോഗം ആതിഥേയനെയും കൊണ്ടു  നാടു  കടന്നു.


 അച്ഛൻ്റെ ചികിത്സയും വീട്ടുചെലവുമൊക്കെയായി തയ്യൽക്കട കൊടുക്കുന്ന  വരുമാനവുമായി  ജീവിക്കുന്നശങ്കരന്  കടംവീട്ടാൻ , വീട്ടിൽ പണം വേണ്ടേ?   പണം തികയാതെവന്നു.  വായ്പ്പ വടവൃക്ഷം കണക്കെ വളർന്നുപന്തലിച്ച് അവരുടെ പുരയ്ക്കു മുകളിലേക്കു ചാഞ്ഞുവെന്നു പറയാം. ബാങ്കിൽനിന്നുമുള്ള ജപ്തിനോട്ടീസ്സെന്ന  കൊമ്പ്  വീടിൻ്റെ  മുകളിൽ പതിക്കാൻ  തയാറായി നിൽക്കുന്നു.  രണ്ടുതവണ അവധിചോദിച്ചു കിട്ടി.   മൂന്നാമത്തെത്തവണപക്ഷെ  അവധിയുടെ പടിക്കൽ പ്പോലുമെത്താൻ കഴിയില്ല.


"ഇനിവയ്യാ, അനൂ! തന്നേമല്ല, ഇനിയവർ അവധി കേക്കില്ല. ഞാനൊരു കാര്യം പറേട്ടേ, നമുക്കു നാലാൾക്കും കൂടിയങ്ങു..."


അനുരാധ വാചകം മുഴുമിപ്പിക്കാനനുവദിച്ചില്ല. പെട്ടെന്നു ശങ്കരൻ്റെ വായപൊത്തിപ്പിടിച്ചു," ഈശ്വരൻ ഒരു വഴി കാണിക്കാതിരിക്കില്ല." 


" നിൻ്റെയൊരീശ്വരൻ! എത്രനാളായി കഷ്ടപ്പെടുന്നു, കിട്ടുന്നതിൻ്റെ  ഇരട്ടി ചെലവല്ലേ? "  ശങ്കരൻ്റെ  ദൈവവിശ്വാസം ഒട്ടൊക്കെ വറ്റിപ്പോയിരുന്നു.


" ഞാനൊ ന്നു വീടുവരെ  പോയി ചോദിച്ചാലോന്നു വിചാരിക്കുവാ, " അനുരാധ ഒന്നു പറഞ്ഞു നോക്കി.

 

"വേണ്ടാ,  നിന്നെ  അകത്തേക്കു   കേറ്റത്തില്ല, " ഒരിക്കലും കോപിക്കാത്ത ശങ്കരൻ അൽപ്പം കോപത്തോടെതന്നെ പറഞ്ഞു.  


കുടുംബത്തിൻ്റെ  മുഖത്ത്  കരി വാരിത്തേച്ച മകൾക്കവർ  മുഖം കൊടുക്കില്ല, അതുറപ്പ്.  


മക്കൾ സ്കൂളിൽ പോയിരിക്കുകയായിരുന്നു.മൂന്നാം   ക്‌ളാസ്സിൽ. അവരെ  കൂടുതൽ പഠിപ്പിക്കണം. വീട്ടുചെലവ്, എല്ലാംകൂടെ  ആലോചിച്ചപ്പോൾ, അയാൾക്കു  ഭ്രാന്തു വരുമ്പോലെ. കടമില്ലായിരുന്നെങ്കിൽ വലിയ കുഴപ്പമില്ലാതെ   ജീവിക്കാമായിരുന്നുവെന്നു തോന്നി. 


പരിഹാരത്തിന് പലപല വഴികളിൽക്കൂടെ മനസ്സു സഞ്ചരിച്ചു, പക്ഷെ, രക്ഷനേടാനുള്ള ഒരു തുരുത്തും അവരെ പുണർന്നില്ല. അവസാനം അനുരാധയും  പറഞ്ഞു അടുത്തദിവസം  ബാങ്കിൽനിന്നും ഉദ്യോഗസ്ഥരും  ആമീനുമൊക്കെ എത്തുംമുമ്പേ സ്ഥലം വിടാമെന്ന്.  അവൾ ചിന്തിച്ചു  " അൽപ്പം എലിവിഷം മതി, എല്ലാം കെട്ടടങ്ങും. എല്ലാം തീരട്ടെ. പണമില്ലാതെ പിണംസമം എന്തിനു ജീവിക്കണം. നമ്മൾക്കു തന്നെത്താനേ  പിണമാകാം, എന്താ?"


ശങ്കരൻ  പുറത്തേയ്ക്കു പോയി കുറച്ച്‌ എലിവിഷം സംഘടിപ്പിക്കാൻ.  നഞ്ചുവാങ്ങാൻപോലും  പൈസയില്ലാതെയിരുന്ന  ശങ്കരൻ  അനുരാധയുടെ  കമ്മലുംകൊണ്ടു  പുറത്തേക്കു പോയി . അന്ന് രാത്രി അത്താഴത്തിനൊപ്പം കഴിക്കാമെന്നു  തീരുമാനിച്ചു.  


അനുരാധയ്ക്കതു  ചെയ്യാൻ  തീരെ മനസ്സില്ല, പക്ഷെ ബാങ്കുകാർ വീടു ജപ്തിചെയ്തുകൊണ്ട് പോകുന്നത് സഹിക്കാൻപറ്റില്ല. 

 

 മൂന്നുസെൻറിലെ   വീടൊക്കെ ഒന്നുകൂടി കാണണം. അവൾ വീടിനു ചുറ്റും നടന്നു. അവർതന്നെ  ഇഷ്ടികയും മണലുമൊക്കെ പെറുക്കിവച്ചുപുതുക്കിയ വീടിൻ്റെ ഓരോമൂലയേയും അവൾ  സ്നേഹത്തോടെ തലോടി. ഓരോചെടിയുടെ അടുത്തും പോയി തലോടി യാത്രചൊല്ലി. കിണറിൻ്റെ കരയിൽനിന്നു വെള്ളത്തിലേക്കു നോക്കിപ്പറഞ്ഞു, "ഇല്ല, നിന്നെ  ചീത്തയാക്കില്ല. അതുകൊണ്ടാണ് നിന്നിലേക്കു  ചാടാൻ തോന്നാത്തത്. "


 ശങ്കരൻ കടയിൽ നിൽക്കുമ്പോൾ അയാളുടെ ഫോണിലേക്കൊരു വിളിവന്നു. സുഹൃദ്‌വലയത്തിൽപ്പെട്ട  രാജൻ, "ശങ്കരാ നീ അന്നു ലോട്ടറിടിക്കറ്റ് എടുത്തതല്ലേ?  റിസൾട്ടു  നോക്കിയോ? "


"പിന്നെ ലോട്ടറി, മീശയ്ക്കു തീപിടിച്ചപോലോ ടുമ്പോഴാ നിൻ്റെയൊരു  ലോട്ടറി."


" എടാ, നീയന്നു നമ്പറു  നോട്ട് ചെയ്തിട്ട്  ടിക്കറ്റു  പിന്നീടെടുക്കാമെന്നും പറഞ്ഞാണ് പോയത്? എടാ, ആ ടിക്കറ്റിനാണു ഫസ്റ്റ്  പ്രൈസ്."


"ലോട്ടറിക്കാരൻ  രാജൻ നിർബന്ധിപ്പിച്ചെടുത്ത ടിക്കറ്റാണ്, " ശങ്കരൻ ഓർത്തു.


ശങ്കരൻ എന്തുപറയേണ്ടൂവെന്നറിയാതെമുകളിലേക്കു നോക്കി, " ദൈവമേ! " അയാൾ വിളിച്ചുപോയി.

 



Comments

Popular posts from this blog

അവൾ സുധീര!

അങ്കിതിൻറെ കളിപ്പാട്ടം!

സുഹൃത്ത്!