പിടിവാശി!
ഞാൻ പദ്മിനി അമ്മ. എൻറെ ചെറുമകൾ ഗാഥ, പത്താംക്ലാസ്സുപരീക്ഷ കഴിഞ്ഞു നിൽക്കുന്നു. അൽപ്പം കഥ, കവിതയൊക്കെ കുത്തിക്കുറിക്കുന്ന രോഗം അവൾക്കുണ്ട്. അതിൽ ഞാനാണ് കൂടുതൽ അഭിമാനിക്കുന്നത്. ഞങ്ങൾ തമ്മിലുള്ള ഒരു സംഭാഷണം, ഞാൻ ഇവിടെ കുറിക്കുന്നു, "മോളെ, എത്രയോ നാളായി ഞാൻ നിനക്കു പുരാണ കഥകൾ പറഞ്ഞുതരുന്നു. നീണ്ടവധിയല്ലേ? നീ പുരാണത്തിലെ കഥയൊന്നും എഴുതിന്നില്ലല്ലോ, രാമായണത്തിലെ എന്തെങ്കിലുമെടുത്തു നീ ഒരു കഥയെഴുത് , കാണട്ടെ."
എഴുതാൻ മടിയൊക്കെ ഉണ്ടായിരുന്നെങ്കിലും, ഒരു കഥ പൂർത്തിയാക്കി അവളെൻ്റെ കൈയിൽ തന്നു.
അവൾ കഥയ്ക്കു 'പിടിവാശി' എന്നാണു പേരു കൊടുത്തത്. നോക്കട്ടെ എന്താണ് എഴുതിയത്?
കഥ: " മഹാരാജാ ദശരഥൻ കൈകേയിക്കു കൊടുത്ത പ്രതിജ്ഞകൾ - രാമൻ്റെ വനവാസവും ഭരതൻ്റെ കിരീടധാരണവും നിറവേറ്റാനായി ശ്രീരാമൻ വനയാത്രയ്‌ക്കൊരുങ്ങി. പിരിയാസഹജൻ ലക്ഷ്മണൻ കൂടെപ്പോകുമെന്നുള്ളത് ഒരു പച്ച പരമാർത്ഥം.
കൗസല്യ സുമിത്രയ്ക്കു നൽകിയ പായസപ്പരിണാമം ലക്ഷ്മണനും കൈകേയി സുമിത്രയ്ക്കു കൊടുത്ത പായസത്തിൻ്റെ ഫലമായി ശത്രുഘ്നനും പിറന്നു. അതാകാം രാമനും, ലക്ഷ്മണനും പിന്നെ ഭരതനും ശത്രുഘ്‌നനും, എന്ന ജോഡിജനനം സംഭവിച്ചത്.
സീതാദേവിക്കു രാമൻ്റെ കൂടെ പോകണമെന്നൊരേവാശി. സീതയുടെ സ്വഭാവത്തിൽ നിർബന്ധബുദ്ധി ഒരു ജേതാവിനെപ്പോലെ എപ്പോഴും മുന്നിൽ നിൽക്കും. ആവശ്യം വന്നാൽ ആ ബുദ്ധി സീതയിൽനിന്നും പുറത്തു ചാടും. എളിമ എല്ലാ നിർബന്ധത്തിനും കൂട്ടായി നില്കുന്നതുകൊണ്ട് കാര്യസിദ്ധി സുനിശ്ചിതം. അങ്ങനെ സീതയ്ക്കും വനവാസത്തിനുള്ള വിസ ലഭിച്ചു. അങ്ങനെയവർ വനവാസലക്ഷ്യത്തിലെത്തി.
ശരഭംഗൻ, സുതീക്ഷ്ണൻ, ഭരദ്വാജൻ, ഇത്യാദി മുനികളെയൊക്കെ വന്ദിച്ച്, കുറേ ദിനങ്ങൾ അവരുടെയോപ്പം പോക്കി. മുനിമാരുടെ ഉപദേശം മാനിച്ച് പഞ്ചവടിയിലവർ സാന്നിധ്യമറിയിച്ചു. അഗസ്ത്യമുനിയും ശ്രീരാമനെയും കൂട്ടരെയും കാണാൻ പഞ്ചവടിയിൽ എത്തിയിരുന്നു.
പ്രകൃതിയെല്ലാ സൗകര്യങ്ങളുമൊരുക്കി കാത്തിരുന്നു. സുന്ദരലതകൾ തലയാട്ടി അവരെ സ്വീകരിച്ചു.
മനോഹരമായ കാട്ടാറുകൾ അവരെ നോക്കി പുഞ്ചിരിച്ചു. അവർ സീതാരാമലക്ഷ്‌ണൻമാരെ കൈകാലുകളും മുഖവും വൃത്തിയാക്കാൻ പ്രേരിപ്പിച്ചു. പക്വമായ സൗരഭ്യം പൊഴിക്കുന്ന ഫലമൂലാദികൾ അവരുടെ ഉദരത്തെ സന്തുഷ്ടമാക്കി. ശരീരത്തെ സമ്പുഷ്ടമാക്കി. സുഗന്ധപൂരിതമായ പുഷ്പങ്ങൾ സീതയുടെ മുടിക്കെട്ടിനെ അതിരമണീയമാക്കി. കിളികളുടെ പാട്ടു കേട്ട് കുളിരു കോരി. അവർ ഉണർത്തുപാട്ടും ഉറക്കുപാട്ടും കൃത്യമായി പാടി. വന്യമൃഗങ്ങൾ കാവൽ നിന്നു. മാരുതൻ വിശറിവീശി ഉഷ്ണം മാറ്റി. അവിടെയവർ സുഖമായി പാർക്കാൻ തുടങ്ങി.
താടക, മകൻ സുബാഹു തുടങ്ങിയ രാക്ഷസന്മാരെയൊക്കെ യമപുരിക്കയച്ചു, എതിർത്തവരെയൊക്കെ തോൽപ്പിച്ചു പതംവരുത്തി. ഒരുദിവസം അതാ മറ്റൊരു മാരണം, ശൂർപ്പണഖയെന്നൊരു മനോഹരി, രാവണസോദരി ചിരിസമേതം അരികിലെത്തി. സൗന്ദര്യം മനുഷ്യരൂപം പ്രാപിച്ച രണ്ടു ചെറുപ്പക്കാരുടെ ചിത്രം അവളുടെ കണ്ണുകൾ ഒപ്പിയെടുത്തു മനസ്സിൽ വച്ചു. അതിൽ ഒരാളുടെ ഭാര്യയാകണമെന്ന ചിന്ത കലശലാകുകയും ചെയ്തു. അവരെ ഇമവെട്ടാതെ അവൾ നോക്കിനിന്നു. അതാ അവരുടെ അടുത്തായി ഒരു ലോകൈക സുന്ദരി, സീത.ശൂർപ്പണഖ സ്ത്രീയല്ലേ! അസൂയയുടെ നിഴലാട്ടമവളിലെത്തി നിന്നു.
സഹോദരന്മാരെ അവൾ മാറിമാറി സമീപിച്ചു. അവളോട് നേരെ കാര്യം പറയുന്നതായിരുന്നു നല്ലത്. പക്ഷെ പന്തുരുട്ടിക്കളിക്കുമ്പോലെ അവർ അവളെ അങ്ങോട്ടുമിങ്ങാട്ടും പായിച്ചു. സഹികെട്ടവൾ അവളുടെ രാക്ഷസീയ രൂപം പുറത്തെടുത്ത്, സീതാദേവിയെ
ആക്രമിക്കാൻ ചെന്നപ്പോൾ, അവളുടെ മൂക്കും ചെവിയും ലക്ഷ്മണൻ്റെ വാളിനു ഭോജ്യമായി.
ക്രോധത്തിൻ്റെ കൊടുമുടിയിലെത്തിയ രാവണസോദരി സ്വന്തം ഇരട്ടസഹോദരർ, ഖരദൂഷണരും മറ്റൊരു സഹജൻ ത്രിശ്ശിരസും രാമലക്ഷ്മണന്മാരോടു യുദ്ധത്തിന് പുറപ്പെടാനുള്ള കാര്യമൊരുക്കി.അവർ രാമൻ്റെ ബാണത്തിന് ഊണായി മാറി. പിന്നീടവൾ ജ്യേഷ്ഠ സഹജൻ രാവണനെ സമീപിച്ച് എരിവുകേറ്റി, "അയോദ്ധ്യയിലെ രാജകുമാരൻ രാമൻ്റെ ഭാര്യ,സീത ഹോ! ഒരു ഭൂലോകസുന്ദരി, എൻ്റെ ചേട്ടനു പറ്റിയ പെണ്ണുതന്നെ. ഞാൻ അവളെ ചേട്ടനു വേണ്ടി കൊണ്ടുപോരാൻ തുടങ്ങിയപ്പം, ഇളയവൻ ലക്ഷ്മണൻ എൻ്റെ മൂക്കും ചെവിയും മുറിച്ചു. ആ! എൻ്റെ ചേട്ടൻ ആണാണെങ്കിൽ പകരം ചോദിക്കണം, ആ പെണ്ണിനെ സ്വന്തമാക്കണം."
രാവണൻ സ്വപ്നം കാണാൻ തുടങ്ങി, വഴികണ്ടുപിടിച്ചു.അമ്മാവൻ മാരീചനെ സമീപിച്ചു പറഞ്ഞു," അമ്മാവാ! എന്നെ രക്ഷിക്കണം, എനിക്കാ സീതപ്പെണ്ണിനെ കൂടാതെ വയ്യ. അവളെ എനിക്കു വേണം. ഒരു പൊന്മാനായ് വേഷമെടുത്ത് രാമലക്ഷ്മണന്മാരെ അവളിൽ നിന്നും അകറ്റണം."
" ഭഗവാനേ! ഇവനെന്തായീ പറയുന്നേ? ഒരിക്കൽ രാമനെന്നെ കൊല്ലാതെ വിട്ടതാണ്. ങാ! പ്രഭുവിൻ്റെ അമ്പുകൊണ്ടു മരിച്ചാൽ പുണ്യം കിട്ടുമല്ലോ. ഈ ദുഷ്ടനെന്നെ കൊല്ലുന്നതിലും ഭേദം അതുതന്നെ," മാരീചനോർത്തു, "സ്വർണ്ണമാനായി അഭിനയിച്ച് അവിടെയെത്താം, സീത രാമനോടു നിർബന്ധം കാട്ടും എന്നെ പിടിക്കാൻ."
നിർബന്ധബുദ്ധി ശേഖരത്തിലുള്ള സീതയുടെ നിർബന്ധം വീണ്ടും പുറത്തുചാടി. ആരു പറഞ്ഞാലും മനസ്സിലേക്കെടുക്കാതെ, തരിമ്പും മറ്റുള്ളവർക്ക് മനസ്സിലാകാത്ത രീതിയിൽ തന്മയത്വത്തോടെ കാര്യമവതരിപ്പിച്ചു, സ്വർണ്ണമാനിനെ വേണമെന്ന്. രാമൻ മാനിൻ്റെ പിറകെ പോയി, അവനെ അമ്പെയ്തുവീഴ്ത്തി. അവൻ രാമസായകമേറ്റു വേദനയോടെ കരഞ്ഞു. രാമനായി അഭിനയിച്ചുകൊണ്ട്," ഹാ! ഹാ! ലക്ഷ്മണാ! മമ ഭ്രാതാവേ!ഓടി വരൂ രക്ഷിക്കൂ," എന്നുറക്കെ പറഞ്ഞു. സീത ലക്ഷ്മണനോട്, നാഥനെ രക്ഷിക്കാൻ നിർബന്ധിച്ചു. സീതയെ ഒറ്റയ്ക്കാക്കി പോകാൻ കൂട്ടാക്കാതിരുന്ന ലക്ഷ്മണനോട് അരുതാത്ത വർത്തമാനം പറഞ്ഞു.അങ്ങനെ
ലക്ഷ്മണൻ പോകണമെന്നത് മറ്റൊരു വാശി. ലക്ഷ്മണനു വരുംവരാവരായ്കയറിയാമെന്ന് സീത ചിന്തിച്ചെങ്കിൽ...
ചെവിപൊത്തിയ ലക്ഷ്മണനെ ആ വാചകം സീതയോടുള്ള ചുമതല മറന്നു രാമ ൻ്റെയടുത്തേക്കു പോകാൻ പ്രേരിപ്പിച്ചു "ഞാൻ ജ്യേഷ്ഠത്തിയുടെ പാദാരവിന്ദമാണ് കണ്ടിട്ടുള്ളത്. മുഖം ശ്രദ്ധിച്ചിട്ടില്ല, എന്തെങ്കിലും അപകടം ഓടിവന്നു പുല്കിയാൽ ജ്യേഷ്ഠത്തിയുടെ പാദയുഗ്മ൦ കണ്ടാലേ എനിക്ക് മനസ്സിലാക്കാൻ പറ്റൂ," എന്നു മനസ്സിലോർത്തുകൊണ്ട് അദ്ദേഹത്തിനു പോകേണ്ടിവന്നു.
ജ്യേഷ്ഠാനുജന്മാർ തിരികെയെത്തിയപ്പോൾ സീതാദേവി അപ്രത്യക്ഷയായിരിക്കുന്നു. അവിടെയില്ല. എവിടേക്കോ തിരോഭവിച്ചിരിക്കുന്നു. മനുഷ്യരൂപമെടുത്ത ഹൃഷീകേശന് മറ്റുള്ളവരെ കാണിക്കാൻവേണ്ടി
കരഞ്ഞല്ലേ പറ്റൂ! ഉറക്കെ വിലപിച്ചു,"ഹാ! ഹാ! സീതേ, നീയെങ്ങുപോയി? ആരു നിന്നെ കൊണ്ടുപോയി?
സീതയുടെ തിരോധാനം സംഭവിച്ചു. രാവണൻ സന്യാസിവേഷം ധരിച്ചു സീതാദേവിയെ തട്ടിക്കൊണ്ടുപോയി.
പുഷ്പക വിമാനത്തിൽ കയറിപ്പോയപ്പോൾ വഴിയിൽ ജടായു വീരത കാട്ടി സീതയെ രക്ഷിക്കാൻ ശ്രമിച്ചതും, ജടായുവിൻ്റെ മേൽ രാവണൻ്റെ ചന്ദ്രഹാസം എന്ന തുറുപ്പുചീട്ടു പതിച്ചു. രാക്ഷസ രാജാവിൻ്റെ തന്ത്രം ഉദ്ദേശിച്ചകാര്യം സാധിച്ചിരിക്കുന്നു. സീതയിപ്പോൾ രാവണൻ്റെ തടങ്കലിൽ. ഭൂമിയിൽ വീണ ജടായു രാമൻ വരുവോളം ജീവൻ പിടിച്ചു നിറുത്തി, രാമനോടു വിവരം പറഞ്ഞു, പിന്നെ ലോകം വെടിഞ്ഞു.
ശ്രീരാമനും ലക്ഷ്മണനും കൂടി സീതാദേവിയെ തേടിത്തേടിയലഞ്ഞു. സുഗ്രീവഹനുമാന്മാരെ കണ്ടുമുട്ടി, പരസ്പരസഹായത്തിനായി കൈകോർത്തു. സുഗ്രീവൻ സോദരൻ ബാലിയേ ശ്രീരാമനെക്കൊണ്ട് കാലപുരിക്ക് അയപ്പിക്കുന്നതിൽ വിജയിച്ചു. ബാലി അമ്പേറ്റമുറിവോടെ രാമനെ ചോദ്യം ചെയ്യുമ്പോൾ, രാമൻ ബാലിയുടെ അധർമ്മത്തെ ബാലിയുടെ ഹൃദയത്തിൻറെ മോണിറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരുന്നു. പക്ഷെ, ബാലിക്കു മരണവാറണ്ടു സമ്മാനിക്കുന്നതിനു മുൻപേ, ഇതേ കാര്യം രാമന് ചെയ്യാമായിരുന്നല്ലോ! ഭഗവാൻമാർക്കും തെറ്റുപറ്റുമല്ലേ, 'റ്റു ഏർ ഈസ് നോട്ട് ഒൺലി ഹ്യൂമൻ, ബട്ട് ഡിവൈൻ ഓൾസോ ' എന്നു വിവക്ഷിക്കാം. സീതാദേവിയെ ലങ്കയിൽ കൊണ്ടുപോയി, ലങ്കേശൻ അശോകവനിയിൽ താമസമൊരുക്കി കൊടുത്തു.
അഴുക്കു പിടിച്ച വസ്ത്രവും കണ്ണീർ ചാലുകൾ കീറിയ കവിൾത്തടങ്ങളും ക്ഷീണിച്ചശരീരവും, സീതയുടെ സ്ഥിതി ആകെ ശോചനീയം. സീതയുടെ കടിഞ്ഞാണില്ലാത്ത ഒരാഗ്രഹം, കൊണ്ടെത്തിച്ചത് എത്രയോ കഷ്ടത്തിൽ!
രാമലക്ഷ്മണന്മാർ ലങ്കാപുരിയിലെത്തി, ദശമുഖനു വൈകുണ്ഠം സമ്മാനിച്ചു സീതാദേവിയെ വീണ്ടെടുത്തു. അങ്ങനെ ഒരു സ്ത്രീയുടെ വാശി കണക്കില്ലാത്ത ജീവനുകൾക്കു ഭൂമി വിടേണ്ടിവന്നു. അപ്പോൾ 'കനകം മൂലം
കാമിനിമൂലം' എന്ന ചൊല്ലിവിടെ പ്രസക്തം. ഇന്നും ഇങ്ങനെതന്നെ, ഒരു മനസ്സിലുദിക്കുന്ന ആശയം ആണ് പല മനങ്ങളിലേക്കു പടർന്നു പന്തലിച്ച് വൻനാശം വിതയ്ക്കുന്ന വൻയുദ്ധമായിത്തീരുന്നത്."
കഥ അവസാനിപ്പിച്ചിട്ട് അവൾ എന്നോട് പറഞ്ഞു," ഒരു സ്ത്രീയുടെ പിടിവാശി രാമായണം, മറ്റൊരു സ്ത്രീയുടെ വാശി മഹാഭാരതം. എന്നാലും മഹത്തത്വങ്ങൾ നിറഞ്ഞ ഈ കൃതികൾ ജീവിത വഴികാട്ടികളാണ്. ധർമ്മമാണ് വിജയമെന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നും ഭാരതം മൂല്യത്തിൽ അടിയുറച്ച് നിൽക്കട്ടെ, അല്ലെ അമ്മുമ്മേ?"
Comments
Post a Comment