ഒരു വാട്സാപ്പ് സന്ദേശം!




ശാലീന ആ ഞായറാഴ്ച ഉച്ചയൂണുകഴിഞ്ഞ് ഉറങ്ങാൻതീരുമാനിച്ചു. അപ്പോഴതാ തൻ്റെ സന്തത സഹചാരിയായഫോൺ കൈകാട്ടി വിളിക്കുന്നു. ഫോണെടുത്തതും വാട്സാപ്പ് അവളെ നോക്കിച്ചിരിച്ചു. അവൾ വാട്സാപ്പിനെ നിരാശപ്പെടുത്താതെ ഒപ്പംക്കൂടി. വാട്സാപ്പ് തുറന്നപ്പോൾ അവൾക്കു പരിചയമില്ലാത്തയൊരു 'ഹൈ!’കിടക്കുന്നു. 'നോട്ട് ഇൻ യുവർ കോണ്ടാക്ട്, ബ്ലോക്ക്' എന്നൊക്കെയുള്ള നിർദ്ദേശം കണ്ടു.


 മറുപടികൊടുക്കണോ ‘ഡിലീറ്റു’ചെയ്യണോ, ‘ബ്ലോക്’ ചെയ്യണോയെന്നവൾ ഒരുനിമിഷം ആലോചിച്ചു. പിന്നെ പതിയെ അവൾ,"ഹൈ!’നിങ്ങളാരാ?എൻ്റെ നമ്പർ എങ്ങനെ കിട്ടി?" എന്നെഴുതി.


 വാട്സാപ്പുകാരൻ ശാലീനയ്ക്കു മറുപടികൊടുത്തു,"അതൊക്കെയൊരു മാജിക്, ഞാൻ പ്രശാന്ത്, ഞാൻ അയയ്ക്കുന്ന ഫോർവേഡുകളും പോസ്റ്റുകളുമൊക്കെ നോക്കുമല്ലോ!"


 പ്രശാന്തിനെ അവൻ്റെ കൂട്ടുകാരൻ രഞ്ജിത്ത് ശാലീനയുമായി ഒന്നുമുട്ടിക്കാൻ തീരുമാനിച്ചു,”എടാ, എൻ്റെയൊരു ബന്ധു ചേർത്തലയിലുണ്ട്.  നീ അവളോടൊന്നടുക്കാൻ നോക്ക്. നിന്നെ അവൾക്കിഷ്ടമാകും.”

 “വേണ്ടടാ, ഇങ്ങനൊക്കെയങ്ങുപോകട്ടെ,”പ്രശാന്ത്. 


“നിനക്കു മുപ്പത്തിമൂന്നുവയസ്സായി, മൂക്കിൽ പല്ലുവന്നില്ലെ? അവൾക്കും ഇരുപത്തെട്ടോ, ഇരുപത്തൊമ്പതോ കാണും.നിനക്കൊത്തിരിയാലോചനവന്നതല്ലെ? ഒന്നും നടന്നില്ലല്ലൊ, അവളെ കോണ്ടാക്റ്റു ചെയ്യ്. 

ഓൾ ദ ബെസ്റ്റ്,” രഞ്ജിത്ത്. 


"എനിക്കു നിങ്ങളെ അറിയില്ലല്ലോ!” എന്നാണവൾ മറുപടി കൊടുത്തത്. എങ്കിലുമവൻ വിട്ടില്ല, വീണ്ടുമവൻ്റെ സന്ദേശമവളോടു സംസാരിച്ചു. "ശരിക്കുള്ളപേരു ശാലീനാന്നുതന്നാണോ? ഞാനയച്ച ഫോർവേഡ് കൊള്ളാമോ?"


 " ഞാൻ ശാലീനതന്നെ, ഫോർവേഡ് നല്ല രസമുണ്ട്? പുതിയ സിനിമേടെ ടീസറല്ലേ? എഫ്.ബി. യിൽ അതിൻ്റെ വിശേഷങ്ങളൊക്കെ കണ്ടു. ജോലിയെന്താണ്?" 


"ഒരു കൊച്ചു ബിസിനസ്. അത്യാവശ്യം പൈസകിട്ടുന്നൊണ്ട്.ജീവിച്ചുപോകാം." അവർ അങ്ങനെ അടുത്തു അല്ലെങ്കിൽ കടുത്തകൂട്ടുകാരായിമാറിയെന്നു പറഞ്ഞാൽ മതിയല്ലോ! 


" ശാലുവെന്നേ ഞാൻ വിളിക്കൂ, ഞാൻ ജോലി ചോദിച്ചില്ല?" 


"എനിക്ക് ജോലിയൊന്നുമില്ല. വീട്ടുജോലീൽ അമ്മെ സഹായിക്കും. ബി.എ. പാസ്സായി.പിന്നെനിക്കു പഠിക്കാൻ തോന്നീല്ല?" 


" അപ്പൊ ഫോണിലും ടി.വി.യിലുമാണോ മുഴുവൻ ജീവിതോം?" 


"അല്ല, ഞാൻ ചെടിക്കു വെള്ളമൊഴിക്കും, തിണ്ണേലിരുന്നു കാഴ്ചകാണും, മുറ്റത്തിറങ്ങി ചെടികൾ വിളിക്കുമ്പോൾ അവരോടു വർത്താനം പറയാൻ പോകും. വായിക്കാറുമുണ്ട്."


 "ഓ! ചുരുക്കത്തിൽ ഒരു പ്രകൃതിസ്നേഹിയാണ്. എനിക്കും പ്രകൃതിയെ നോക്കിക്കാണാൻ ഇഷ്ടമാണ്."

 "അതെയോ! അപ്പം നമുക്ക് രണ്ടാൾക്കും ഒരേയിഷ്ടമാണെല്ലോ!" 


“കുട്ടിയുടെ കല്യാണമൊക്കെ കഴിഞ്ഞതാണോ, ഞാൻ കല്യാണം കഴിച്ചിട്ടില്ല,” അവനൊരു നമ്പറിട്ടുനോക്കി. 


അല്പനേരത്തെ മൂകതയ്ക്കുശേഷം ശാലീന, " എൻറേം  കല്യാണം കഴിഞ്ഞതല്ല." 


അങ്ങനെ കുറച്ചുനാൾ തുടർന്നപ്പോൾ ഒരുദിവസം പ്രശാന്ത് സന്ദേശമിട്ടു, "ഞാനൊരുകാര്യം നേരിട്ടു ചോദിക്കട്ടേ? നമുക്കു കല്യാണം കഴിച്ചാലോ?”


 "....." 


"ഇതുവരേ നമ്മൾ മെസ്സേജ് എഴുതീടുവല്ലേ ചെയ്തത്? ഞാൻ വിളിക്കാം, ഫോണെടുക്കുമല്ലോ?" 


"........." 


" എന്താ ഒന്നും മിണ്ടാത്തെ? എനിക്കു ശാലൂൻറെ പേരും പ്രൊഫൈൽ പിക്ച്ചറും ഇഷ്ടമായി. പേരുപോലെ ശാലീനയായിത്തോന്നി.നല്ലയടുപ്പംതോന്നുന്നു.അതാ ഞാനന്നു മെസ്സേജിട്ടത്. 


"....." 


പ്രശാന്ത് ഫോൺഡയൽചെയ്തു. അവളെടുത്തില്ല. അവൻ പിന്നീട് എഴുത്തു സന്ദേശത്തിനു വിരാമമിട്ട്, ശബ്ദ സന്ദേശത്തിലേയ്ക്ക് ചുവടുമാറ്റി. അവൾ അത് കണ്ടെങ്കിലും അതിൽനിന്നും അകലം പാലിച്ചപോലെ മറുപടികൊടുത്തില്ല. അവനെയതു സങ്കടക്കടലിലേക്കു തള്ളിയിട്ടു. വീണ്ടും വിളിച്ചപ്പോൾ അവൾ ഫോണെടുത്തു, അവിടെനിന്നും ആഴത്തിലെന്തോ മുറിവേറ്റപോലെ ഒരുതേങ്ങൽ അവൻ്റെ കാതിൽപ്പതിച്ചു. പെട്ടെന്നവളുടെ ഫോൺ നിശബ്ദമായി. 


അന്ന് വൈകിട്ടവളുടെ സന്ദേശമവനെ തൊട്ടുവിളിച്ചു. അവൻ വളരെയാകാംക്ഷയോടെയതു തുറന്നു. "എനിക്കു സംസാരിക്കാൻ കഴിയില്ല. കുഞ്ഞിലേ എനിക്കു ടോൺസിലൈറ്റിസ് സർജറികഴിഞ്ഞപ്പത്തൊട്ടു സംസാരമില്ല.  ചെറിയ ശബ്ദങ്ങളൊക്കെ ഉണ്ട്. അന്നെന്തോ പ്രോബ്ളം വന്നു. കേൾക്കാം,അതിനു കുഴപ്പമില്ല.


മിണ്ടലിനുംകൂടി ഡാക്ടർ സർജറിചെയ്തപോലെ അവൾ മൂകയായിപ്പോയി. ഒരുനിമിഷം അവൻ നിശബ്ദനായി.ഒന്നാലോച്ചിട്ടു ഫോൺചെയ്തു, വിഷമത്തോടെ അവളെടുത്തു.


 " അത്രേയൊള്ളോ! വിഷമിക്കേണ്ടാ, ഞാൻ ഞൊണ്ടിയാണ്. നമ്മളെ കല്യാണം കഴിക്കാനാരും വരില്ലെടോ,നമുക്കു ഒന്നിച്ചു ജീവിക്കാം.


” അങ്ങനെ പ്രശാന്ത് ശാലുവിൻ്റെ നാവായും ശാലു പ്രശാന്തിൻ്റെ ഊന്നുവടിയായും, മണ്ണാങ്കട്ടയും കരിയിലയുമ്പോലെ ജീവിച്ചു.മാരിയും കാറ്റുമൊന്നും അവരുടെ ജീവിതത്തെ അലോസരപ്പെടുത്തിയുമില്ല. .

Comments

Popular posts from this blog

അവൾ സുധീര!

അങ്കിതിൻറെ കളിപ്പാട്ടം!

സുഹൃത്ത്!