അംബികച്ചേച്ചിക്കെന്റെ ഓർമ്മച്ചുംബനം

  


എൻ്റെപേര് ഗീത. അന്നു ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. എല്ലാവിധ സ്ക്കൂൾ അവധികളിലും ഞങ്ങൾ അമ്മവീട്ടിലേക്കു  പോകും. 


അവധിക്കാലമാകാൻ വേണ്ടി അമ്മവീടു വഴിക്കണ്ണിട്ടു ഞങ്ങളെ വരവേൽക്കാൻ കാത്തിരിക്കും. ഞങ്ങൾ ഇരുപതിൽപ്പരം സഹോദരമക്കൾ,കുറച്ചുപേർ മുതിർന്നവർ, ഒരു പത്തുപേരെങ്കിലും സമപ്രായക്കാരോ അല്പംമൂത്തവരോ ഇളയവരോവൊക്കെയായിരുന്നു. ഞങ്ങളെത്തുന്നതും  അമ്മവീട് ഉഷാറാകും, അത് പറയുന്നപോലെ  തോന്നും, ”നിങ്ങൾ വന്നു, ഇനി കുറച്ചുദിവസം നമ്മക്കങ്ങടിച്ചുപൊളിക്കണം.”


എല്ലാവരും സ്വന്തം സഹജരെപ്പോലെ.  തമ്മിൽ  യാതൊരു വ്യത്യാസവുമില്ലാതെ അമ്മവീട്ടിൽ ആർമ്മാദിക്കും. അമ്മവീടിനെ ശബ്ദംകൊണ്ടലങ്കരിക്കും. കളികളാൽ ഇക്കിളിപ്പെടുത്തും. ശുണ്ഠികാട്ടി നൊമ്പരപ്പെടുത്തും. എന്നാലും ‘ ഞങ്ങളൊന്നാണേ’ യെന്ന പണ്ടത്തെ പാട്ടുപേലെ ഒരുമകാട്ടും. ആ നാലുകെട്ട് എന്നും ഞങ്ങൾക്കൊപ്പം രസം പങ്കിട്ടുപോന്നു.


പറമ്പുനിറയേ തെങ്ങും വാഴത്തോപ്പും, വാരംകേറ്റി നട്ടിരുന്ന അറുതിങ്ങൻ പയർച്ചെടിയും സസന്തോഷം തമ്മിൽ കലഹം കാട്ടാതെ വാണിരുന്നു. 


കിഴക്കുമൂലയിലെ തറയിറമ്പത്ത് വെണ്ടയും വഴുതിനങ്ങയും സൗഹൃദത്തിൽ ദിനങ്ങൾ പോക്കി.

പാവലിനും പടവലത്തിനും അപ്പൂപ്പൻ രാജകീയ പന്തലൊരുക്കിക്കൊടുത്തിരുന്നു. അവർ ആ പന്തലിൽ പിടിച്ചു കോണി കയറുമ്പോലെ കയറി അതിവേഗം ഉയരത്തിലെത്തി സസുഖം പൊറുത്തുപോന്നു.


ഈവക ചെടികളും മരങ്ങളും പന്തലും ഞങ്ങൾ കുട്ടികൾക്കു കിംഗ്, ഒളിച്ചുകളി, അടിച്ചേച്ചോട്ടം, കള്ളനും പോലീസും, എന്നിവയും  പിന്നെ പള്ളിക്കൂടം, കുടുംബം എന്നിവയുണ്ടാക്കൽ,  തുടങ്ങിയ മേളകൾക്കുള്ള സൗകര്യം ഒരുക്കിത്തന്നു. അവരും ഞങ്ങളും തമ്മിലുള്ള  സൗഹൃദം ഹാ! പറഞ്ഞറിയിക്കാൻ വയ്യ, ഇപ്പോഴും എപ്പോഴും മനസ്സിലേക്കെത്തിച്ചേരും. ധാരാളം  എരുക്കുകൾ  നിന്നിരുന്നു.  പൂക്കൾ നുള്ളി  ഞങ്ങൾ ക്ഷേത്രം, കൊട്ടാരം ഒക്കെ ഉണ്ടാക്കി. 


 എല്ലാവരും തെക്കുപുറത്തുള്ള വലിയകുളത്തിൽ മുങ്ങാംകുഴിയിട്ട്, കുളത്തിനടിയിലെ ചെളിക്ക്  ജലത്തിൻറെ  മേലേത്തട്ടിലേക്കായ്  സ്ഥാനക്കയറ്റം കൊടുക്കുമായിരുന്നു. ഇടയ്ക്കൊക്കെ അപ്പൂപ്പൻ്റെ ചോദ്യം“ഞാൻ വടിയുംകൊണ്ടു വരണോ?”.


“എല്ലാത്തിനും ഈരണ്ടെണ്ണം കൊടുത്താട്ടെ,” അമ്മൂമ്മ.


കുളം ഞങ്ങളെ കണ്ണിറുക്കിക്കാണിച്ച് ,”സാരമില്ല നിങ്ങൾ കളിച്ചോ,” എന്നുപറയും.


ഒരു കളി  എണ്ണാൻ  തുടങ്ങലാണ്. എത്രയെണ്ണുംവരെ ശ്വാസംപിടിച്ചു വെള്ളത്തിനടിയിൽ കിടക്കാൻ, കഴിയുമെന്നു നോക്കുന്നത് ഒരുതരം വിനോദം. മാറിമാറിയെണ്ണും. മറ്റുള്ളവർക്കുവേണ്ടി ഞാൻ എണ്ണുന്നതു വളരെ പതിയെ. എൻ്റെയൂഴം വരുമ്പോൾ ഞാൻ മനസ്സിലെണ്ണി മുകളിൽവന്നുകൂട്ടിപ്പറയും. മറ്റുള്ളവർ വഴക്കിടും. അംബികച്ചേച്ചി എൻ്റെ ഭാഗം ചേരും. മറ്റുള്ളവരെക്കൊണ്ടു ചേച്ചി ഞാൻ പറയുന്നതു  സമ്മതിപ്പിച്ചിരുന്നു.  അംബികച്ചേച്ചി എന്നും അങ്ങനെയായിരുന്നു. ഒരു നേതൃത്വപാടവം കാണിച്ചിരുന്നു, എല്ലാവരും അതു സമ്മതിച്ചുപോന്നു. 


ഒരുപ്രാവശ്യം അംബികച്ചേച്ചി നൂറെണ്ണിക്കഴിഞ്ഞപ്പോഴും വെള്ളത്തിൽനിന്നും പൊന്തിവന്നില്ല. ഞങ്ങൾക്കു പേടിയായി.  ഉച്ചത്തിൽ കരയാൻ  തുടങ്ങി.  പറമ്പിലെ പണിക്കാർ വെള്ളത്തിലേക്കു ചാടി.  ചേച്ചി താഴെ ചെളിയിൽ പൂണ്ടുപോയിരുന്നു. ഭയത്താൽ  മുകളിലേയ്ക്കു വരാൻ ശ്രമിച്ചില്ലയോ എന്തോ? ഏതായാലും അവർ ചേച്ചിയേ പൊക്കിയെടുത്ത് പ്രധമശുശ്രൂഷ (നാട്ടിൻപുറത്തുകാർ അങ്ങനെയുള്ളകാര്യങ്ങളിൽ സമർത്ഥർ) നല്കി. വീട്ടുകാർ വേഗം ആശുപത്രിയിലെത്തിച്ചു.


പിന്നീടൊരുദിവസം ഞങ്ങൾ കുളത്തിൽ കളിച്ചുമറിഞ്ഞുകൊണ്ടിരുന്നപ്പോൾ ചേച്ചി ഓരോകുട്ടിയുടെയടുത്തും നീന്തിച്ചെന്നു്,” മതി ഇനി കേറാം, ഇനി കേറാം,” എന്നുപറഞ്ഞുബഹളംകൂട്ടി. 

കളിയുടെ രസത്തിൽ ആരും ശ്രദ്ധിച്ചില്ല. 


ചേച്ചിക്കു പറമ്പിൽ പോകണമായിരുന്നു(ഡിഫീക്കേഷൻ ). ആരും വെള്ളത്തിൻ്റെ ആലിംഗനത്തിൽനിന്നും മോചനം ആഗ്രഹിക്കാഞ്ഞതുകൊണ്ട് ചേച്ചിയെ കേട്ടില്ലെന്നു നടിച്ചു. ചേച്ചി പണിപറ്റിച്ചു. കുറച്ചുകഴിഞ്ഞപ്പോഴുണ്ട് വെള്ളത്തിൽ മലം പൊങ്ങിവരുന്നു. 


എല്ലാവരും അറച്ചിട്ട് തുപ്പിത്തുപ്പി വടക്കേക്കുളത്തിലേക്ക് ഓടിയെടുത്തുചാടി. അങ്ങനേയും ഒരു വിനോദം ഞങ്ങളുടെ കൂട്ടത്തിൽ കൂടിയിരുന്നു. കരയിൽ നിന്നും പൊക്കത്തിൽ  എടുത്തു  ചാടുക.


    ഒരിക്കൽ  അംബികച്ചേച്ചി,”കണ്ടോണേ എല്ലാരേക്കാളും പൊക്കത്തിൽ ഞാൻ ചാടുന്നത്,” എന്നു പറഞ്ഞൊരുചാട്ടം.  ഉടുത്തിരുന്ന  തോർത്ത് കയ്യാലയിൽനിന്ന കമ്പിൽ കുരുങ്ങി താഴെ ഒരു മരക്കുറ്റി പൊന്തിനിന്നിരുന്നു. ചേച്ചി അതിലേക്കു  തെറിച്ചുവീണു. കമ്പു വയറിൽ കുത്തിക്കയറി,  ചോരയാറൊഴുകിഎന്ന് പറയാം.   കുളം ചതിച്ചിരുന്നില്ല. കുറ്റി  പക്ഷെ ചതിച്ചു! ആശുപത്രിക്കാർ  നിസ്സഹായരായിരുന്നു.


അതു പക്ഷെ  അംബികച്ചേച്ചിയുടേ അവസാന ചാട്ടമായിരുന്നു.  അവിടം ഞങ്ങളുടെ കണ്ണീരും ചേർന്നൊരു പുതിയകുളം രൂപംകൊണ്ടപോലെയായി.


ആ സുന്ദര കാലത്തിനെ താലോലിക്കാൻ എപ്പോൾ കൈയിലെടുത്താലും അംബികചേച്ചിയോടിയെത്തും. കണ്ണുനിറയും. 


“അംബികച്ചേച്ചീ,എൻ്റെ പ്രിയചേച്ചീ, ഇതാ എൻ്റെ

ഓർമ്മച്ചുംബനം.”

Comments

Popular posts from this blog

അവൾ സുധീര!

അങ്കിതിൻറെ കളിപ്പാട്ടം!

സുഹൃത്ത്!