സെർട്രലിൻ
ദേവദാസ് കുറുപ്പിൻറ് കാലുകൾ മുന്നോട്ടുപോകുന്നുണ്ടെങ്കിലും മനസ്സ് അദ്ദേഹത്തിനെ പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നു. മനസ്സു പറയുന്നത് കൂട്ടാക്കാതെ അദ്ദേഹം ലിഫ്റ്റിൽ കയറി. ഉപബോധമനസ്സിന്റെ ആജ്ഞയാലാകാം വിരലുകൾ 'കോളിംഗ് ബല്ലിൽ' അമർത്തി. വിനായക് ഒന്ന് മേലു കഴുകാൻ കുളിമുറിയിലേക്കു കയറിയതായിരുന്നു. ബെല്ല് അയാളെ വാതിലിലേക്ക് ആനയിച്ചു.
വീട്ടിൽ ഇപ്പോൾ വിനായകു മാത്രമേ ഉള്ളു. മുമ്പു താമസിച്ചിരുന്ന 'അപ്പാർട്ടുമെൻറ്' സഹായിയെക്കൊണ്ടൊന്നു വൃത്തിയാക്കിക്കാൻ അമ്മ ശാരദ അങ്ങോട്ടു പോയിരുന്നു. വിനായകു വന്നു കതകു തുറന്നപ്പോൾ കണ്ടത് കുറുപ്പിനെ. അവൻ്റെ മുഖം അൽപ്പം ഗൗരവത്തിലായി, " ഉം എന്താണിപ്പോൾ ഇങ്ങോട്ട്? " മുഖത്തും അവൻ ആ ചോദ്യഛിഹ്നം അടയാളപ്പെടുത്തിയിരുന്നു.
"ഞാൻ സാധനങ്ങൾ വാങ്ങാൻ വരുന്നവഴി അടുത്ത കവലയിൽ എത്തിയപ്പോൾ സ്കൂട്ടർ നിന്നുപോയി . സ്റ്റാർട്ടാകുന്നില്ലാ. അപ്പോൾ ഇവിടെയൊന്നു കയറാമെന്നു കരുതി.
അത്രരസമല്ലാത്ത സ്വരത്തിൽ കുറുപ്പിനോട് ഇരിക്കാൻ പറഞ്ഞിട്ട് വിനായകു കുളിമുറിയിലേക്ക് പോയി. മേൽകഴുകൽ കഴിഞ്ഞ് തിരികെ കുറുപ്പിൻറെ അരികിലേക്കു വന്നു.
കുറുപ്പ് ,"പിന്നെ ഒരു കാര്യം..."
പെട്ടെന്നു വിനായക് പരുഷ സ്വരത്തിൽ, " എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരെ പറഞ്ഞോളൂ. മുഖവുരയൊന്നും വേണ്ടാ."
വിനായകിൻറെ അമ്മ ശാരദ. അവരുടെ വിവാഹജീവിതം അവർക്കൊരു പൊന്നുമോനെ സമ്മാനിച്ച് നേരത്തേ വിട പറഞ്ഞു. ജീവിതം പാകമാകും മുന്നേ വൈധവ്യം അവരെ കഷ്ടത്തിലാക്കി. കുറച്ചു ബുദ്ധിമുട്ടുകൾ കൂടെ പാർത്തെങ്കിലും, ഒരു വലിയ സ്വർണ്ണക്കടയിലെ കണക്കപ്പിള്ള ജോലി അവരെ നന്നായി സഹായിച്ചു എന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല. ഒരു ചെറിയ അപ്പാർട്ടുമെൻറ്' വാങ്ങി, മകനെ സി. എ. യ്ക്ക് പഠിപ്പിച്ച് ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ഉദ്യോഗസ്ഥനുമാക്കി. അസിസ്റ്റൻറ് മാനേജരായിട്ടു തുടക്കം കുറിച്ചു. ഇപ്പോൾ മാനേജരായി. വീടിനടുത്ത് മറ്റൊരു 'ടവർ' പൊങ്ങി വന്നപ്പോൾ അതിൽ ഒരു 'അപ്പാർട്ടുമെൻറ്' മകൻ അടുത്തകാലത്തു വിലയ്ക്കു വാങ്ങിയിട്ടുണ്ട്. ബുദ്ധിമുട്ടിൽ ജീവിച്ചതു കൊണ്ടാകാം യുവതയിൽ മങ്ങിനിൽക്കുന്ന സമ്പാദ്യ ഗുണം അവൻ സ്വന്തം സ്വഭാവത്തിൽ സമ്പാദിച്ചിട്ടുണ്ട്.
നല്ലനിലയിൽ ജോലിചെയ്യുന്ന നാട്ടുകാരുടെയും വീട്ടുകാരുടെയും സ്വഭാവ സർട്ടിഫിക്കറ്റു കൈവശമുള്ള പയ്യന്മാരെ കൊത്തിക്കൊണ്ടുപോകാൻ പെൺകുട്ടികളുടെ മാതാപിതാക്കളുണ്ടല്ലോ. അങ്ങനെ അവൻ്റെ മാട്രിമോണിയൽ ഐ.ഡി. യ്ക്ക് താഴെ നിരനിരയായി അന്വേഷണപരമ്പരകൾ പ്രത്യക്ഷപ്പെട്ടു.
ഒരു ദിവസം 'അമ്മ പറഞ്ഞു," മോനെ നമുക്ക് അദ്വികയെ ഒന്നാലോചിച്ചാലോ. ഒരു പൊന്നുമോളല്ലേ അവൾ ."
" അമ്മേ, അവൾ ..."
" വേണ്ട നീയൊന്നും പറയണ്ടാ. അവൾക്കുള്ള കുറവ് മാത്രം പറ. ജോലിയില്ലെങ്കിലും നിനക്കു നല്ല ശമ്പളം ഉണ്ടല്ലോ, അതുപോരെ. കുട്ടികളുണ്ടാവുമ്പോൾ ജോലിയില്ലാത്ത അമ്മ കുഞ്ഞുങ്ങളെ നന്നായി നോക്കിക്കൊള്ളും."
വിനായകിന് അമ്മേ വിഷമിപ്പിക്കുന്നതു ചിന്തയിലില്ലാത്ത കാര്യം. അമ്മയാണ് അവൻ്റെ കല്പവൃക്ഷം, മാതൃക, മാർഗ്ഗദർശി, അങ്ങനെ അങ്ങനെ എല്ലാം.
ഏതായാലും വിവാഹം നടന്നു. അമ്മയുടെ നിർബന്ധപ്രകാരം പുതുദമ്പതികൾ പുതു ഫ്‌ളാറ്റിലേയ്ക്കു താമസം മാറ്റി. അദ്വിക തുടക്കത്തിൽ പേരുപോലെ തന്നെ അതുല്യയായിരുന്നു. പാചകം, തയ്യൽ, വീടിൻ്റെ അലങ്കാരം ഒക്കെ അവളുടെ ഇഷ്ടവിനോദങ്ങൾപോലെ ആയിരുന്നു . അധികം വൈകാതെ ഒരു ചക്കരക്കുടം ആ വീട്ടിൽ പ്രത്യക്ഷപ്പെട്ടു. അവൻ വിനയ് എന്ന് നാമകരണം ചെയ്യപ്പെട്ടു.
ഈയിടെയായി അവളിലൊരു സംശയസിംഹം വന്നു താമസം തുടങ്ങിയോ? തുടങ്ങി, എന്നുതന്നെയല്ല, അതു സടകുടഞ്ഞെഴുന്നേറ്റി രിക്കുന്നു. വിനായക് ഓഫീസിൽനിന്നും അൽപ്പം വൈകിയാൽ അവൾ, " ഏതു പെണ്ണിൻറെകൂടെയാണു കറങ്ങാൻ പോയിരുന്നത്? അവളുടെ പേരെന്താ? " തുടങ്ങിയ പദാവലികൾ അവളുടെ വായിൽ പ്രത്യക്ഷപ്പെടും. പലദിവസങ്ങളിലും പെണ്ണ് ഉപവാസസമരത്തിൻറെകൂടെ പാർത്തു. വിനായക് അങ്ങനെ ആകെ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു. അതുകൊണ്ട് മക്കളെ പിടികൂടിയ പ്രേതത്തെ ഒഴിപ്പിക്കാമെന്നു കരുതി അമ്മ ആ വീട്ടിലേക്കു കുറച്ചു ദിവസത്തെ വാസത്തിനു വന്നിട്ടുണ്ട്.
അവൻ ചിന്തിച്ചു," വിത്തിനോടടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളി അറിയൂ, ഇത്രയും നാൾ അവൾ അവളുടെ ശരിക്കുള്ള സ്വഭാവം ഒളിച്ചുവച്ചിരുന്നതാകാം. ഏതായാലും കുറച്ചുനാൾകൂടി ഒന്നു നോക്കട്ടെ ."
എന്തുകൊണ്ടെന്നറിഞ്ഞില്ല, ഒരു പുതിയ അദ്വികയെ അടുത്തനാളുകൾ പതിയെ പതിയെ ഹാജരാക്കിത്തുടങ്ങി. വലിയ വഴക്കൊന്നുമില്ല. സ്വഭാവത്തിൽ ഒരു ശാന്തി കുടിവയ്ക്കാൻ വന്നപോലെ. കുറച്ചൊരു സമാധാന അന്തരീക്ഷം ആ വീടിനെ ആശ്ലേഷിക്കാനെത്തിയിരിക്കുന്നു.
ഒരുദിവസം വിനായക് ഓഫീസിൽനിന്നും വന്ന് വേഷം മാറുമ്പോൾ അവിടേക്ക് ഇഴഞ്ഞു വന്ന മകൻ, വിനയ് എന്തോ ഗുളികകളുടെ ഒരു ഒഴിഞ്ഞകൂട് വായിൽവച്ചു കടിക്കുന്നു . "കുഞ്ഞിനെ നീ ശ്രദ്ധിക്കുന്നില്ല" എന്ന് അവൻ അദ്വികയെ കുറ്റപ്പെടുത്തിക്കൊണ്ട് കുഞ്ഞിൻറെ കൈയിൽനിന്നും അതു വാങ്ങിനോക്കി, പിന്നെ കണ്ണുകളിൽ ചോദ്യം നിറച്ച് അദ്‌വികയെ നോക്കി. വിഷാദത്തിനു കഴിക്കുന്ന മരുന്നാണ് അതെന്നു അവൾ സത്യസന്ധമായി അവനു മറുപടി കൊടുത്തു.
വിനായക് ഒരക്ഷരവും പറയാതെ വളരെ സൗമ്യതയോടെ അവളോടു പറഞ്ഞു, " നീ വേഗം തയ്യാറാകൂ, കുഞ്ഞിനേം റെഡിയാക്കിക്കോ. നമുക്കൊരിടംവരെ പോകാം."
"എവിടെപ്പോകുന്നു, " എന്ന് അമ്മ ചോദിച്ചപ്പോൾ, ഇപ്പോ വരാം എന്നുമാത്രം പറഞ്ഞു. നേരേ അദ്വികയുടെ വീട്ടിലേക്കു വണ്ടിവിട്ടു. അവിടെയെത്തി അവൾ കുഞ്ഞിനേയും കൈയിലെടുത്തു ഗേറ്റു തുറന്നപ്പോൾ അയാൾ വേഗം വണ്ടി വന്നവഴിയേ ഓടിച്ചുപോയി. വിനായ...ക്... എന്നവൾ മുഴുമിപ്പിക്കും മുമ്പേ കാറു കടന്നുപോയി.
വീട്ടിൽ തിരിച്ചുചെന്നപ്പോൾ ശാരദ ചോദ്യസായകങ്ങൾ തൂണിയിൽ നിന്നും
പുറത്തെടുത്തു . അവൾ അവളുടെ വീട്ടിൽ നില്ക്കണമെന്നു പറഞ്ഞു എന്നൊരു കള്ളം അതിന് മറുപടിയായി അയാൾ തട്ടിവിട്ടു. അമ്മയ്ക്കു ഫോൺ കൈയിലുണ്ടെന്നയാൾക്ക് അറിയായ്കയല്ല, അപ്പോൾ അങ്ങനെ പറയാൻ തോന്നി.
പിന്നീട് ആരെല്ലാം ഉപദേശിക്കാൻ വന്നാലും അയാൾ കേൾക്കാൻ നിൽക്കില്ല. അഥവാ കേട്ടാലും മൗനം ആയിരുന്നു മറുപടി, ആരുടേയും വാക്കുകൾക്കു വിലകൊടുത്തില്ല. അമ്മ എന്തെങ്കിലും പറയാൻ തുടങ്ങുമ്പോൾ ഒരു അത്യാവശ്യമുണ്ടെന്നു കാണിച്ച് വേദിവിടും.
വേർപാടിനുള്ള നോട്ടീസു കൈപ്പറ്റിയപ്പോൾ കുറുപ്പിനെ ധർമ്മസങ്കടം മുറുകെപ്പുണർന്നു. അയാൾ സ്‌കൂട്ടറെടുത്തു നേരേ വിനായകിൻ്റെ ഫ്ളാറ്റിലേക്ക് പോയി.
കുറുപ്പു കൈകൂപ്പിക്കൊണ്ടു പറഞ്ഞു, " എനിക്കിത്തിരി പറയാനുണ്ട്, നീ അത് കേൾക്കണം."
"എനിക്കു സമയമില്ല, പുറത്തേക്കു പോകണം. സൈക്കോസിസിനു മരുന്ന് കഴിക്കുന്ന പെണ്ണിനെ ഇനി എനിക്കു വേണ്ടാ. "
മനോവിഷമം കുറുപ്പിനു നൽകിയ മനക്കരുത്ത് വിനായകിനെ ബലമായി പിടിച്ച് കസേരയിലിരുത്താൻ സഹായിച്ചു. " എന്നെ നീ കേൾക്കണം," അയാളുടെ ഹൃദയം പുറത്തേക്കിറങ്ങിവന്നു, " നീ വിചാരിക്കുമ്പോലെ ഒരു സംശയ രോഗിയോ വിഷാദരോഗിയോ ഒന്നുമല്ല അവൾ. ഈ രോഗം പ്രസവത്തോടെ വന്നതാ. "
" പ്രസവത്തോടെ വന്നതാണെങ്കിൽ അവൾ കാണിക്കുന്ന അഹങ്കാരങ്ങളെങ്ങനെ വന്നു? എപ്പോഴും ദുഖിച്ചിരിക്കും, ദേഷ്യത്തിൽ പെരുമാറും, ആഹാരം കഴിക്കാൻ കൂട്ടാക്കില്ല, ഇത്തിരിയില്ലാത്ത കുഞ്ഞിനെപ്പോലും ഒരുതവണ അടിക്കുന്നതു കണ്ടു. അങ്ങനെ പലതും ? "
" എടാ, അതങ്ങനെയാണ്. 'പോസ്ടപാർട്ടം ഡിസോർഡർ' (പി.പി.ഡി.) എന്നാണ് ഇതിൻറെ പേര്. നീ അവളെ ഒരു ഡോക്ടറെ കാണിക്കണമായിരുന്നു. ശാരദ പറഞ്ഞിട്ടും നീ ഡോക്ടറുമായി കൺസൾട്ടു ചെയ്തില്ല.
" അതിനാണോ ഞാനും അമ്മയും അറിയാതിരിക്കാൻ മോൾക്കു കഴിക്കാൻ 'സെർട്രലിൻ' എന്ന ഗുളിക ഒളിച്ചു കൊണ്ടുക്കൊടുത്തത്? ചതിയല്ലേ ചെയ്തത്. അമ്മാവനായിപ്പോയി, അല്ലെങ്കിൽ ഞാനിപ്പോൾ ..."
" നീ മടിക്കണ്ടാ, എന്ത് ശിക്ഷ വേണേ ലും തന്നോ. എന്നാൽ , നിനക്ക് തെറ്റി. ഞാനും ശാരദയും കൂടിയാണ് അവളെ ഡോക്ടറെ കാണിച്ചത്. ഡോക്ടർ എല്ലാം പറഞ്ഞു മനസ്സിലാക്കി. ഇവളുടെ രോഗം അധികം നീണ്ടുനിൽക്കില്ല. കടുപ്പം കുറവാണുപോലും. ആദ്യം ഡോക്ടർപോലും അവൾക്കു 'ബേബി ബ്ലൂസ് ' (baby blues) ആയിരിക്കുമെന്നു കരുതി. അദ്ദേഹം വല്യ സീരിയസ്നെസ്സ് കൊടുത്തില്ല. പക്ഷെ അതല്ല, അസുഖം പി.പി.ഡി. തന്നെയെന്നു പിന്നീട് മനസ്സിലായി. കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയാകും. എസ്.എസ്.ആർ.ഐ.എസ്. (Selective Serotonin Reuptake Inhibitors) പി.പി.ഡി. യ്ക്കുള്ള മരുന്നാണ്. അതിൽത്തന്നെ ശക്തികുറഞ്ഞ സെർട്രലിൻ ആണ് ഡോക്ടർ അവൾക്കു കൊടുത്തിരിക്കുന്നത് . എൻ്റെ ഒരേ ഒരു കൂടപ്പിറപ്പിൻറെ കുട്ടിയല്ലേ നീ! എനിക്ക് നിന്നെ ചതിക്കാൻ കഴിയില്ലടാ. ശാരദയാണു പറഞ്ഞത് മരുന്നിൻറെ കാര്യം തൽക്കാലം നീ അറിയേണ്ടെന്ന്. മോൾക്ക് കൃത്യമായിട്ടു മരുന്നു കൊടുക്കുന്നതും അവളാണ്. അവൾ വരുമ്പോൾ ചോദിക്ക്. "
"......................"വീണ്ടും വിനായക് മൗനത്തിൽ.
"ഇപ്പോൾ എൻറെ ശ്യാമളയുമില്ലല്ലോ! എൻ്റെ മോളെ നീ തനിച്ചാക്കരുത്," തൊണ്ടയിടറിക്കൊണ്ട് കുറുപ്പു പറഞ്ഞു.
“ നിനക്കു വേറെ കല്ല്യാണം കഴിക്കണമെന്നുണ്ടാകും. ആ പെണ്ണിനും ഇതേ സൂക്കേടു വന്നുകൂടെന്നില്ലല്ലോ!” കുറുപ്പു തുടർന്നു. അല്പനേരത്തേക്ക് നിശബ്ദത രണ്ടാളുടെയും കഴുത്തിനു കുത്തിപ്പിടിച്ചു.
വിനായക് അവൻ്റെ അച്ഛനെ കണ്ടിട്ടില്ലെന്നു വേണമെങ്കിൽ പറയാം. വളരെ കുഞ്ഞിലേ അവനേയും അമ്മയേയും തനിച്ചാക്കി അച്ഛൻ കടന്നുപോയതല്ലേ! എന്നാൽ ശാരദയുടെ സഹോദരൻ നാട്ടുമ്പുറത്തുനിന്നും ശാരദയെ പട്ടണത്തിലേക്കു കൊണ്ടുവന്ന് ജോലിക്കു ശ്രമിച്ചത്, വീണ്ടും വിവാഹിതയാക്കാനായിരുന്നു. കുഞ്ഞുമകനെ അച്ഛനമ്മമാരെ ഏൽപ്പിച്ച് വീണ്ടും വിവാഹിതയാകാൻ അവൾ ആഗ്രഹിച്ചില്ല. അതുകാരണം സഹോദരനും ഭാര്യ ശ്യാമളയും ശാരദയ്ക്കു വലിയ സഹായമായിരുന്നു.
കുറുപ്പ് വിഷമത്തോടെ തുടർന്നു "ഞാൻ പോകുന്നു, നീ ഒന്നുകൂടി ആലോച്ചിക്കുമോ? നിനക്കിനി അവളെ വേണ്ടെങ്കിൽ നിർബന്ധിക്കാൻ പറ്റിയ കാര്യമൊന്നുമല്ലല്ലോ! ഏതായാലും കുഞ്ഞിനെ നീ ഞങ്ങൾക്കു തന്നു! അത്രയും ആശ്വാസം . "
കുഞ്ഞിൻറെ കാര്യം പറഞ്ഞപ്പോൾ വിനായകിനെ ഒരുചിന്താക്കുഴപ്പം പിടികൂടി. ഇത്തിരി ആലോചിച്ച് അവൻ പറഞ്ഞു, "അമ്മ വരാൻ ഇനി അധികമില്ല, അമ്മ വരട്ടെ," അതു വരെ അമ്മാവൻ ഇരിക്കൂ.
അനന്തരവൻ്റെ ശബ്ദത്തിൻറെ, ശരീരത്തിൻറെ ഭാഷയിൽ നിന്നും, അനുകൂലമായ ഒരു തീരുമാനം ഉണ്ടാകാനുള്ള ഭാവമുണ്ടോ? കുറുപ്പു സംശയിച്ചു . ഏതായാലും അദ്ദേഹത്തിന്റെ ഉള്ളിലൊരു ആശ്വാസക്കാറ്റടിച്ചു.
Comments
Post a Comment