ഭീഷണി വിജയിച്ചു!

(Checked)

 

 

 

എല്ലായ്പ്പോഴുംപോലെ ഇന്നും ചന്ദ്രിക മനസ്സിലേക്ക് കടന്നുവന്നു. അവൾ എപ്പോഴും  വിനോദ് പിള്ളയെ പിന്തുടർന്നുകൊണ്ടേയിരിക്കും. അയാൾക്കവളും അവൾക്കയാളും എല്ലാമെല്ലാമായിരുന്നു. അവളുടെ അച്ഛൻ ‍‍ പറഞ്ഞു, "ഞങ്ങൾ  ഒരു പരീക്ഷണത്തിനു തയ്യാറല്ല. "

എന്തു പരീക്ഷണമെന്നു തോന്നിയെങ്കിലും  വിനോദ് ആരോടും ചോദിച്ചില്ല.  അയാളുടെ ചിന്ത, "സാമ്പത്തികമത്ര നന്നല്ലെങ്കിലും കേന്ദ്ര ഗവണ്മെന്റു  ജോലി എല്ലാരും ഇമ്പോർട്ടൻസ്  കൊടുക്കാറുള്ളതാണെല്ലോ! പിന്നെന്തു പരീക്ഷണം? "

അങ്ങനെയൊക്കെ പൊയ്ക്കൊണ്ടേയിരുന്നു.

 

പക്ഷെ വിനോദിൻ്റെ  അച്ഛൻ പറഞ്ഞു,"   ഇരുപത്തോന്നാം നൂറ്റാണ്ടിൽ എന്തോന്ന് ജാതകം! അവരതിൽ വിശ്വസിക്കുന്നതു നമുക്ക് തടയാൻ കഴിയില്ല."

 

അപ്പോഴാണ് വിനോദ് മനസിലാക്കുന്നത് പ്രശ്നം ജാതകമാണെന്ന്.

 

 ഇനി ചന്ദ്രികയേ സ്വപ്നം കണ്ടിരിക്കുന്നതിൽ അർത്ഥമില്ലെന്നു വിനോദിനു   മനസ്സിലായി, അയാൾ  മനസ്സിനെ സമാധാനിപ്പിക്കാൻ ‍‍ ശ്രമിച്ചു.

 

 അതു അയാളെ  അനുസരിക്കാതെ ചന്ദ്രികയുടെ പിറകെ  പാഞ്ഞുകൊണ്ടേയിരുന്നു .

 

അതുകൊണ്ടുതന്നെ  വിനോദ്   എല്ലാവരിൽ നിന്നും എല്ലാകാര്യത്തിൽനിന്നും ഒരു ഒളിച്ചോട്ടമാഗ്രഹിച്ചു.

 

  ഓഫീസിൽനിന്നും ശമ്പളമില്ലാ അവധിയൊപ്പിച്ച്   ആള് സ്ഥലം കാലിയാക്കി.  പലപല സ്ഥലങ്ങളിലും പോയി ഹാജർ വെച്ചു . വെറുതെ! ഒരു ആശ്വാസവും തോന്നിയില്ല. ചന്ദ്രിക അനുവാദമില്ലാതെ  അകത്തുകടന്ന്, കൂടുതലായി മനസ്സിനെ അലട്ടിക്കൊണ്ടേയിരുന്നു. ഇതിനിടയിൽ  അയാൾ വടക്കേ  ഇന്ത്യയിലേക്കൊരു ഉദ്യോഗമാറ്റം  സംഘടിപ്പിച്ചു.

  പുതിയ സിം  പുതിയ ഫോണിലിട്ടുകൊണ്ടായിരുന്നു പിടിക്കപ്പെടാതിരിക്കാനുള്ള  യാത്രകൾ.  രണ്ടു  വർഷങ്ങൾ  കഴിഞ്ഞിട്ടും  സമാധാനം ഒരിടത്തുനിന്നും കണ്ടെത്താനോ വിലയ്ക്ക് വാങ്ങാനോ കഴിയില്ല, എന്നും സ്ഥലങ്ങൾ മാറിയാലും അയാൾ, അയാൾ തന്നെയെന്നും മനസ്സിലാക്കി. വീണ്ടും അയാൾ  മാറ്റം സംഘടിപ്പിച്ചു പഴയലവണത്തിലഭയം പ്രാപിച്ചു.  അമ്മയ്ക്കും അച്ഛനും കുറച്ചു സമാധാനം കിട്ടി എന്നുതോന്നുന്നു. ചന്ദ്രികയെക്കുറിച്ചാരുമൊന്നും പറഞ്ഞില്ല,  അയാളുടെ നാവതു  ശബ്ദിച്ചുമില്ല.

 

അച്ഛനമ്മമാർ  അയാൾക്കു വിവാഹം ആലോചിയ്ക്കുവാൻ തുടങ്ങി .അയാൾ  വഴങ്ങിയില്ല.  വിവാഹം വേണ്ടെന്നു തന്നെ പറഞ്ഞു. ഒടുവിൽ എല്ലാവരുടെയും ഇങ്ങിതത്തിനു വഴങ്ങി, പാതിസമ്മതം മൂളിയോ?  ഒരു ദിവസം,  ഒരു തുണ്ടു കടലാസ്സയാളെ  തേടി വന്നു.  കിഴക്കേതിലെ  മണിക്കുട്ടൻ  അയാൾക്കെത്തിച്ചുകൊടുത്തു . അതിൽ ഒറ്റ വാചകം, "ഞാനിറങ്ങി വന്നാൽ സ്വീകരിക്കുമോ? "

 

ചന്ദ്രികയുടെ ചോദ്യം! ഫോണിലല്ല, വാട്സാപ്പിലല്ല.

 

ചന്ദ്രികയുടെ  നിർബന്ധബുദ്ധി അച്ഛനേക്കാളും  ഒരുപടിമേലെനിന്നു, അവൾ വിവാഹിതയാകാൻ കൂട്ടാക്കിയില്ല.   വിവാഹം നിഷേധിച്ചുള്ള  അച്ഛൻ്റെ  വാക്കുകൾ  അവളുടെ മനസ്സിനെയും വായയേയും പൂട്ടിയിട്ടിരിക്കുകയായിരുന്നു.  അച്ഛൻ്റെ  മുന്നിൽ എന്തെങ്കിലും പറയാൻ ഭയമായിരുന്നു. എന്നാൽ ഇന്നവൾ വായയുടെ  പൂട്ട് തല്ലിപ്പൊട്ടിച്ച് ഭീഷണിയുടെ സ്വരത്തിൽ   മൊഴിഞ്ഞു, " വിനോദ് വന്നെന്നറിഞ്ഞു. കല്യാണമായിട്ടില്ലെന്നുമറിയാം, എന്നെ സ്വീകരിക്കുമെങ്കിൽ ഞാൻ  വീട്ടിലേക്കു പോകും." അത്രയും കടുത്തപടിയിലേക്കവൾ  കടക്കുമെന്ന്   അച്ഛൻ പ്രതീക്ഷിച്ചില്ല. പ്രതീക്ഷിക്കുന്നത് നടക്കണമെന്നില്ലല്ലോ!

 

  ചന്ദ്രികയ്ക്കെന്തു   മറുപടികൊടുക്കുമെന്ന ചിന്തയിലായി വിനോദ് , " വരാൻ പറഞ്ഞാൽ മോശം കാര്യമല്ലേ? ഒളിച്ചോടുന്നതിനു തുല്യമാകില്ലേ?  വരേണ്ടെന്നുപറഞ്ഞാലോ, എൻ്റെ    ഹൃദയം പൊട്ടും."  

 

അപ്പോഴതാ തേടിയവള്ളി കാലിൽചുറ്റിയിരിക്കുന്നു. രണ്ടു  വർഷങ്ങളായി  ഭാഗത്തേയ്ക്കു  തിരിഞ്ഞിട്ടില്ലാത്ത  രണ്ടുകാൽപ്പാദം,  ഗേറ്റ് കടന്നുവരുന്നു.  ചന്ദ്രികയുടെ അച്ഛൻ!  വിനോദിൻ്റെ വീട്ടിലേയ്ക്കതാ  വരുന്നു. വിനോദിൻ്റെ  പിതാവിൻ്റെ നെടുവീർപ്പിൽ  കഥ അവസാനിച്ചു.

 

 

Comments

Popular posts from this blog

അവൾ സുധീര!

അങ്കിതിൻറെ കളിപ്പാട്ടം!

സുഹൃത്ത്!