മഹത്വമേറുമ്പോൾ
പ്രശാന്ത് ഒരു പത്രത്തിൻ്റെ ജീവനാഡികളിലൊന്ന്, പംക്തിഎഴുതുന്ന ആൾ( കോളമിസ്റ്റ്). ഗാന്ധി ജയന്തി അടുത്തു വരുന്നു, അതിനാൽ ഗാന്ധി ഈ ദിവസങ്ങളിൽ പത്രങ്ങളിൽ ജീവിക്കും, അദ്ദേഹം ഇപ്പോൾ പത്രങ്ങൾക്കൊരലങ്കാരം. ഇപ്രാവശ്യം ഒരു ഗാന്ധിയനെ ഇൻ്റെർവ്യൂ ചെയ്ത് അതുകൊണ്ടു സ്വധർമ്മം നിറവേറ്റാമെന്ന് അയാൾ ചിന്തിച്ചു. മണിസാർ ഒരു ഗാന്ധിയനാണ്. അദ്ദേഹത്തിൻ്റെ ഇൻറർവ്യൂ ഒരുമുതൽക്കൂട്ടാകുമെന്ന് അയാൾ കണക്കുകൂട്ടി.
അദ്ദേഹത്തിൻ്റെ വാസസ്ഥലം പട്ടണപ്രാന്തത്തിൽ. അദ്ദേഹത്തിൻ്റെ ശ്രമഫലമായി പാവങ്ങൾക്കുവേണ്ടി പൊന്തിച്ച വീടുകളെ കാക്കുന്ന കൊളനിക്കടുത്ത്. അവരുടെ വീടുപോലെതന്നെയൊരു കുഞ്ഞു വീട് അദ്ദേഹത്തിനേയും സ്നേഹത്തോടെ സംരക്ഷിക്കുന്നു . പ്രശാന്ത് അദ്ദേഹത്തിനെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല.
പ്രശാന്ത് ഫോൺ ചെയ്യാൻ നിൽക്കാതെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി സ്വയം പരിചയപ്പെടുത്തി," സാർ, ഞാൻ പ്രശാന്ത്. ഒരു കോളമിസ്റ്റ് ആണ്. ഒരു പേപ്പറിനു വേണ്ടി ഫീച്ചർ തയാറാക്കി അയക്കണമെന്നുണ്ട്. സാറിൻ്റെ ഇൻ്റെർവ്യൂ അതിനു കിട്ടിയാൽ നന്നായിരുന്നു."
" എപ്പോൾവേണമെങ്കിലും വന്നോളൂ കുട്ടി," സാർ.
" ശരി സാർ . സാറിനു സമയമുണ്ടെങ്കിൽ ഇപ്പോൾത്തന്നെ ആയാലോ?"
"ആകാം."
സാർ അകത്തേക്കു നോക്കി, രമേശനെ വിളിച്ച് എന്തെങ്കിലും കുടിക്കാൻ എടുത്തോളൂ എന്ന് പറഞ്ഞു.
പ്രശാന്ത് പതിയെ ഓരോന്നു ചോദിച്ചുതുടങ്ങി, "സാർ ഗാന്ധിയനാണെന്നാണ് പൊതുജന സംസാരം."
" ഗാന്ധിയനാണോന്നറിയില്ല, ഞാൻ പ്രത്യേകിച്ച് ഗാന്ധിജിയുടെ പാതയൊന്നും പിന്തുടരുന്നില്ല. പാവങ്ങളെ സഹായിക്കാൻ എന്നാൽ കഴിയുന്ന കുറച്ചു കാര്യങ്ങൾ ചെയ്യുന്നു അത്രതന്നെ. ഗാന്ധിയൻ എന്നറിയപ്പെടുന്നതിൽ സന്തോഷം."
" സാർ വീട് വച്ചു കൊടുക്കാറുണ്ടല്ലോ. ആർക്കൊക്കെയാണ്? അറിഞ്ഞാൽക്കൊള്ളാം."
“എനിക്ക് വീതം കിട്ടിയ രണ്ടേക്കർ സ്ഥലമുണ്ടായിരുന്നു, അതു മുപ്പതു കൂട്ടർക്കായി വീടു വച്ചു കൊടുക്കാമെന്നു വിചാരിച്ചു. അത്രയ്ക്കും പണമെൻ്റെ കൈയിൽ ഇല്ലായിരുന്നു. ഉള്ളതെടുത്തു, ചെലവാക്കി.വീടുകൾ തീർന്നില്ല . കുറെ ചെറുപ്പക്കാർ മുന്നോട്ടു വന്നു സഹായിച്ചു. ഏതായാലും മുപ്പതുകുടുംബങ്ങൾക്കു പാർപ്പിടമൊരുക്കാൻ കഴിഞ്ഞു. തന്നെയുമല്ല ആരൊക്കെയോ പിന്നേയും
സഹായവുമായി വന്നു, കൂടുതലാളുകൾക്കുവേണ്ടി സ്ഥലം വാങ്ങി വീടു വയ്ക്കാനും കഴിഞ്ഞു. “
" സാർ കുട്ടികൾക്കു വിദ്യാഭാസം കൊടുക്കാൻ ശ്രമിക്കുന്നുണ്ടല്ലോ. മറ്റദ്ധ്യാപകരാരുംതന്നെ സാറിനെപ്പോലെ കുട്ടികളെ സഹായിക്കാറില്ലല്ലോ!"
" ഉണ്ടാകും, നമ്മൾ അറിയാത്തതാകാം. ഞാൻ ഇത്രയേ ചെയ്യാറുള്ളു, ചെറിയകുട്ടികൾ സ്കൂളിൽ പോകാൻ മടികാണിക്കുന്നു. പഠനത്തിൽ അടിത്തറയില്ലാത്തതാണ് കാരണം. ചിലകുട്ടികൾ ശ്രദ്ധകുറവുമൂലവും പഠിത്തം ഉഴപ്പും. അങ്ങനെയുള്ളവർക്ക് അവർക്കു രസിക്കുന്നരീതിയിൽ ഒഴിവു സമയങ്ങളിൽ ക്ളാസ്സെടുക്കും. അടിത്തറ ശരിയായാൽ തനിയെ പഠിക്കാൻ മിടുക്കു കാണിക്കും.
"സാർ ചെറിയ കുഞ്ഞുങ്ങളെ മാത്രമല്ല, വലിയ കുട്ടികളേയും സഹായിക്കാറുണ്ടെന്നു കേട്ടിരിക്കുന്നു."
“ശരിയാണ്, വലിയ ക്ളാസ്സുകളിൽ പിള്ളേർക്ക് കണക്കിനോട് ഒരുതരം അലർജിയാണ്. അവർക്കു കോൺഫിഡൻസില്ല. അങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് കണക്കിൻ്റെ കുറെ ട്രിക്സും ടിപ്സും ഒക്കെ കൊടുത്തു ക്ളാസ്സെടുക്കും. കോൺഫിഡൻസു വന്നു കഴിഞ്ഞവർ പുരോഗതി കാണിക്കാറുണ്ട്," സാർ വാചാലനായി.
അദ്ദേഹം അങ്ങനെയാണ്. ആരെങ്കിലുമൊക്കെ കാര്യങ്ങൾ അറിഞ്ഞാലേ മറ്റുമുള്ളവരും സഹായഹസ്തവുമായി വരികയുള്ളു എന്നു സാർ വിശ്വസിക്കുന്നു. അത് ശരിയുമാണ്.
" ഇത്രയേ ചെയ്യാറുള്ളുപോലും, പോരേ, സാർ? ഒന്നും ചിന്തിച്ചും പ്രതീക്ഷിച്ചുമല്ല സാർ ഇതൊക്കെ ചെയ്യുന്നതെന്ന് എല്ലാർക്കുമറിയാം. എത്രയോ മഹത്തായ പ്രവൃത്തി. മഹത്വമേറുമ്പോൾ സ്വന്തംമാഹാത്മ്യം കാണാതെ പോകുന്നവ്യക്തികളുണ്ട്. അതിലൊന്നാണ് സാറെന്നു ഞാൻ പറയും."
"അത്രക്കൊന്നുമില്ല, കഷ്ടപ്പാടുകൾ തൂത്തുമാറ്റാനൊന്നും പറ്റില്ല,പ്രശാന്തേ.പക്ഷെ ചെയ്യാവുന്നത്രയും ചെയ്യാമെന്നേ ഞാൻ ചിന്തിക്കുന്നുള്ളു ."
" സാർ വിവാഹം കഴിച്ചിട്ടില്ലല്ലോ!"
" വിവാഹത്തെക്കുറിച്ചു ഞാൻ ആലോച്ചിച്ചില്ല. പക്ഷെ എപ്പോൾ വേണമെങ്കിലും ഓടിയെത്താൻ തയാറായി ധാരാളം മക്കൾ എനിക്കുണ്ട്.”
" സാർ സ്പെഷ്യലായി പഠിപ്പിച്ച് രക്ഷപ്പെട്ടവരുടെ ഉദാഹരണങ്ങൾ?"
" ഓ, ഈ കോളനിയിൽത്തന്നെ സ്വദേശത്തും വിദേശത്തും തിളങ്ങുന്ന കുട്ടികളുണ്ട്. പക്ഷെ അവരുടെ മാതാപിതാക്കൾ വലിയ മാളികകൾ കെട്ടി മാറിയിട്ടില്ല. ഈ കോളനി അവർക്കു വേണ്ട സന്തോഷം നൽകുന്നുണ്ട്."
" സാറിൻറെ നാളേക്കുള്ള സ്വപ്നം എന്തൊക്കെയാണ്?"
" റിട്ടയർ ചെയ്ത വയോധികനെന്തു സ്വപ്നം, കുട്ടീ? ഉണ്ട്, ആശങ്കളുണ്ട്. മദ്യം, മയക്കുമരുന്ന്, പെൺപീഡനം, അങ്ങനെ എന്തെല്ലാമിന്നു നമ്മുടെ യുവതയെ നശിപ്പിക്കുന്നു. കൊല ഇന്നൊരു കലപോലെ ആളുകൾ ആഘോഷിക്കുന്നു എന്നു തോന്നിപ്പോകുന്നു. അമ്മ, അച്ഛൻ, സഹോദരർ, സുഹൃത്തുക്കൾപോലും കത്തിക്കിരയാണിന്ന്. സ്നേഹബഹുമാനമൊന്നും മഷിയിട്ടാൽപ്പോലും കണ്ടുകിട്ടാനില്ല. മോഷണം, കള്ളനോട്ടുകച്ചവടം തുടങ്ങിയവ വാർത്തയല്ലാതെയായി മാറിക്കൊണ്ടിരിക്കുന്നു. സൈബർ അറസ്റ്റെന്നും പറഞ്ഞ് ഒരു പുതിയ സമ്പ്രദായം വയോധികരെ ഭയപ്പെടുത്തി അവരിൽനിന്നും ലക്ഷങ്ങളും കോടികളും തട്ടിയെടുക്കുന്നു. അവരെ ആത്മഹത്യയിലേക്കു നയിക്കുന്നു. പണത്തിനുവേണ്ടി ആരും എന്തും ചെയ്യുമെന്ന സ്ഥിതി കഠിനമാണ്. കാടു വെട്ടി നശിപ്പിച്ചതുകൊണ്ട് വന്യജീവികൾക്ക് അഭയവും ഭക്ഷണവും ഇല്ലാതാകുന്നുണ്ട്. നിവൃത്തിയില്ലാതെ അവർ നാട്ടിലേക്കിറങ്ങി മനുഷ്യരെ ശല്യം ചെയ്യുന്നു, നമ്മുടെ ഈ രാജ്യത്തിൻ്റെ ഭാവി എങ്ങോട്ടാണ്? " സാറിൻ്റെ ഉത്ക്കണ്ഠ സാറിൻ്റെ നാവിനെ പുറത്തേക്കു വലിച്ചിട്ടു.
" ശരിയാണ് സാർ, വല്ലാത്തൊരു കാലംതന്നെ, എന്തെങ്കിലും പരിഹാരം? " പ്രശാന്ത്.
"ഉണ്ടല്ലോ, പരിഹാരമില്ലാത്ത കാര്യമുണ്ടോ? ആദ്യംചെയ്യേണ്ടത് ഇല്ലാതാക്കിയ കൃഷിയെ തിരിച്ചുകൊണ്ടുവരണം. ഭക്ഷണത്തിൻ്റെ അടിസ്ഥാനം കൃഷിയാണല്ലോ! അതിനു വെള്ളത്തിൻ്റെ കാര്യം ശരിയാക്കണം . കുട്ടികൾക്ക് ജീവിതപാഠങ്ങൾ കിട്ടണം. അങ്ങനെ ഓരോന്ന് ചെയ്തുവന്നാൽ കാര്യങ്ങൾ നേരെയാക്കാം. നിങ്ങൾ പത്രക്കാർ, മാതാപിതാക്കൾ, ഗുരുജനങ്ങൾ, സാഹിത്യസാംസ്കാരികമേഖല ഒക്കെ ശ്രമിച്ചാൽ നേരെയാക്കാവുന്നതേയുള്ളു. ഭരണക്കാർക്കു കസേരമാത്രം മതി. പൗരന്മാർ എങ്ങനെയായാലും കുഴപ്പമില്ല," എല്ലാം പറയാനാധികാരികതയുള്ളൊരാളെ കിട്ടിയപ്പോൾ സാറിൻ്റെ ആകുലതകൾ പുറത്തുചാടി.
സാറി ൻ്റെ കാൽ തോട്ടുവന്ദിച്ചുകൊണ്ട് പ്രശാന്ത് " ഇനി ഞാനൊരു സത്യം വെളിപ്പെടുത്താം, സാർ. സാറെന്നെ ഒൻപതാം ക്ളാസിൽ പഠിപ്പിച്ചിട്ടുണ്ട്. ഓർക്കത്തക്ക മിടുക്കോ, പ്രത്യേകതയോ ഒന്നുമുള്ള കുട്ടിയല്ലായിരുന്നു ഞാൻ. പക്ഷെ കണ്ടപ്പോൾ മാത്രമേ സാറിനെ എനിക്ക് മനസ്സിലായുള്ളു. ചോദ്യോത്തരങ്ങൾ കഴിഞ്ഞു വെളിപ്പെടുത്താമെന്നു വിചാരിച്ചു. അന്ന് സാർ ഉമേഷ് മണിയായിരുന്നു. പിന്നെ സ്കൂളും സ്ഥലവും വേറെയായിരുന്നല്ലോ. അതുകൊണ്ട് ഞാനറിഞ്ഞില്ല സാറുതന്നെയാണ് ഗാന്ധിയനായി അറിയപ്പെടുന്ന മണി എന്ന്..”
" അതെയോ, മനസ്സിലായിരുന്നില്ലാ," സാറിൻ്റെ വാചകത്തിൽ അത്ഭുതത്തിൻ്റെ സ്ഫുലിംഗങ്ങൾ കാണാമായിരുന്നു.
“ഉമേഷ് മണിയായിരുന്നു ഞാൻ. വീട്ടുകാരുടെയും നാട്ടുകാരുടെ സംസാരത്തിൽ ഞാൻ
മണി മാത്രം."
പറഞ്ഞപ്പോൾ പക്ഷെ പ്രശാന്തിനെ സാർ ഓർത്തു, കാരണം അവൻ എന്നും കൂടുതൽ ആഹാരം കൊണ്ടുവന്ന് ഭക്ഷണം കൊണ്ടുവരാത്തഒരു കുട്ടിക്കുകൂടി കൊടുക്കുമായിരുന്നു. മണിസാറിനു മനസ്സിൽ കുരുത്ത സ്നേഹവും സന്തോഷവും വാക്കുകളായി പുറത്തേക്കൊഴുകി.
" സാർ, എൻ്റെ ഒന്ന് രണ്ടു ഫ്രണ്ട്സ് ഉണ്ട്, മോട്ടിവേഷണൽ ക്ലാസ് നന്നായി എടുക്കും. അവരെയും അവരുടെ അടുപ്പക്കാരേയും കൂട്ടി ഒരു സംഘടന ഉണ്ടാക്കാം. യുവതകളുടെയിടയിൽ, സ്കൂൾ, കോളേജു തലത്തിൽ ബോധവ ത്ക്കരണം നടത്താനാവും. എല്ലാ പ്രോഗ്രാമുകളും , സിനിമ ഉൾപ്പെടെ തുടങ്ങുന്നതിനു മുൻപും ഇടയിലും കുട്ടികളുടെ പോക്കിൻ്റെ വരുംവരായ്ക ഉൾപ്പെടുത്താം. പി.ടി.എ. മീറ്റിംഗ് ഇടയ്ക്കു വിളിച്ച് ചില മാതാപിതാക്കളെയും ബോധവൽക്കരിക്കേണ്ടതുണ്ട്. വിദ്യാലയ അസ്സംബ്ലിയിൽ പ്രതിജ്ഞ, അങ്ങനെ കുറെകാര്യങ്ങൾ."
സാറിൻ്റെ മനസ്സിൽ ആശ്വാസയലകൾ ചാഞ്ചാടി. പഠിപ്പിച്ച കുട്ടികൾ പലചില്ലകളിൽ ചേക്കേറിയാലും അധ്യാപകരെ കണ്ടുമുട്ടുമ്പോൾ അവർക്കു പണ്ടത്തെ സ്നേഹവല്ലരി വീണ്ടും പൂക്കും.
"യുവതീയുവാക്കൾ നാടിൻ്റെ സമ്പത്താണ്. സദ്ഗുണസമ്പന്നരാണെങ്കിൽ അവർ നാടിൻ്റെ സമൃദ്ധിയും. അവരുടെ ഭാവി ശോഭനമായിരിക്കും. അങ്ങനെയുള്ളവരാണ്, എൻ്റെ നാളേക്കുള്ള സ്വപ്നങ്ങൾ! മോനെ."
Comments
Post a Comment