കളമെഴുത്തും പാട്ടും!

(Checked)

 

ഇപ്പോൾ   കാവിൽ വിളക്കു വയ്ക്കുന്നത് മഞ്ജരിയാണ് .  അവൾക്കു പതിനൊന്നു വയസ്സ്. മുമ്പൊക്കെ   അവളുടെ ചേച്ചി, മഞ്ജിമയായിരുന്നു കാവിലേക്കാര്യം നോക്കിയിരുന്നത്. പന്ത്രണ്ടു വയസ്സു കഴിഞ്ഞാൽ പിന്നെ പെൺകുട്ടികൾ അവിടെ  വിളക്കു കൊളുത്തരുതുപോലും. അന്ന് ഞായറാഴ്ച്ച,  മഞ്ജരി  കാവിൽ വിളക്കു വയ്ക്കാൻ  പോയതായിരുന്നു.  വിളക്കുകല്ലിൽ ചുറ്റിപ്പിടിച്ചതാ  ഒരു സർപ്പം കിടക്കുന്നു. അവൾ ആകെ ഭയപ്പെട്ടെങ്കിലും, " എന്നെ പേടിപ്പിക്കല്ലേ, ഞാൻ നിങ്ങൾക്കു വെട്ടം  തരാൻ വന്നതല്ലേ?" എന്ന് ചോദിച്ചുകൊണ്ട്  അവൾ പതിയെ എണ്ണയും തിരിയും ഇട്ടു, തിരികൊളുത്തി. 'സർപ്പങ്ങൾ ഒന്നും ചെയ്യില്ല, സന്തോഷം പങ്കുവയ്ക്കാനും  പോരായ്മ അടയാളപ്പെടുത്താനും സർപ്പങ്ങൾ വെട്ടപ്പെടുമത്രേ!' എന്ന് അവളുടെ അമ്മൂമ്മ പഠിപ്പിച്ചിരുന്നു.  

 

 വിളക്കുകൊളുത്തിക്കഴിഞ്ഞ് മഞ്ജരി കൈകൂപ്പിത്തൊഴുതു. കണ്ണ് തുറന്നു നോക്കിയപ്പോൾ  സർപ്പം പതിയെ  കല്ലിൽനിന്നും അഴിഞ്ഞ്  അവളുടെ നേരെ  ഇഴഞ്ഞുവരുന്നു. അവൾ  ഓടി. വീട്ടിലേക്കോടാൻ  ശ്രമിച്ചപ്പോഴൊക്കെ സർപ്പം മുന്നിൽ കയറി പകുതി ശരീരം പൊക്കി നിൽപ്പുറപ്പിച്ചു.   അവൾ എങ്ങോട്ടെന്നില്ലാതെ തിരിഞ്ഞോടി. ഓടിയോടി തളർന്നു. ഭീതിയോടെയെങ്കിലും,  എന്തും വരട്ടെ എന്ന ചിന്തയിൽ  ഒരു പാറയിൽ ഇരിപ്പുറപ്പിച്ചു.   

 

അവൾ എവിടമെന്നറിയാതെ ചുറ്റും നോക്കി, " ഈശ്വരാ!  സർപ്പപൂജയ്ക്കുള്ള  വല്യ  കളമോ?  ഇതാര് വരച്ചു? ആരുടെ  സ്ഥലമാ  ഇത് ?" ചോദ്യങ്ങളുടെ ഒരു ഘോഷയാത്ര അവളുടെ  മനസ്സിലൂടെ കടന്നുപോയി.  

 

 ഭയമോ , ആകാംക്ഷയോ, ആനന്ദമോ; പറഞ്ഞറിയിക്കാൻ വയ്യാത്ത  ഒരു വികാരം അവളുടെ മനസ്സിൽ കുടിയേറി! " ആരെയും കാണാത്തതെന്താണ്?" അവൾ  ചിന്തിച്ചു. അപ്പോഴതാ  ദൂരെനിന്നും കുറച്ചു സ്ത്രീകളും  കുറെപുരുഷന്മാരും വരുന്നു. വയസ്സരും കുട്ടികളും എല്ലാം കൂട്ടത്തിലുണ്ട്.  സ്ത്രീകൾ  മുണ്ടും  രണ്ടാംമുണ്ടും പുരുഷന്മാർ  കാവിവേഷവും  ധരിച്ചിരുന്നു. കുട്ടികൾ  ഒരേരീതിയിലുള്ള  കുട്ടിവേഷങ്ങളുമണിഞ്ഞിരുന്നു.

 

വന്നപാടെ രണ്ടു കുമാരിമാർ കളത്തിലിരുന്നു മുടിയഴിച്ചാടാൻ തുടങ്ങി. ശരിക്കും സർപ്പങ്ങളെപ്പോലെ അംഗവിക്ഷേപങ്ങൾ നടത്തി. ഉരുണ്ടു പിരണ്ട്‌, ഇഴഞ്ഞ്  ആടാൻ തുടങ്ങി. രണ്ടുപെണ്ണുങ്ങൾ സർപ്പം പാട്ടു പാടാൻ തുടങ്ങി.  ഒരു കാവി വസ്ത്രധാരി ആട്ട ത്തിനൊപ്പം മകുടിയൂതി ഈണം നിറച്ചവിടെയെല്ലാം. ഇപ്പോൾ മഞ്ജരി ഭയം മറന്നു, പരിസരം മറന്നു,  അവളുടെ  കാലുകൾ  അവളെയും വലിച്ചുകൊണ്ട്  അവരുടെ കൂടെച്ചേർന്നു. അവളുടെ അനുവാദം കാക്കാതെ മഞ്ജരിയുടെ   ശരീരവും  ആടാൻ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ അവൾ തളർന്നു വീണു.  ആരോ ഓടിവന്നു, അവളെ പൊക്കിയെടുത്ത് ഒരു പാറമേൽ കിടത്തി. നോക്കുമ്പോൾ അയാൾ അച്ഛനെപ്പോലെയുണ്ട്, പക്ഷെ  തീരെകുറിയ കണ്ണുകൾ, ചെറിയ കൈയുകൾ. കൂടാതെ രണ്ടു  ചിറകുകളുടെ  ഉടമയാണയാൾ.  സുന്ദരമായ വർണ്ണച്ചിറകുകൾ.  അയ്യോ! ഇതെന്താ!   ചിറകുകൾ വളരുന്നല്ലോ!  അവൾ  ഭയപ്പെട്ടു കരയാൻ തുടങ്ങി. ശബ്ദം പുറത്തേയ്ക്കു വരുന്നില്ല.  അപ്പോൾ  അയാൾ അടുത്തുവന്നു തലോടി. നോക്കിയപ്പോൾ അത് അച്ഛൻതന്നെയായിരുന്നു. ഇപ്പോൾ പേടിപോയി, ശബ്ദവും  വരുന്നുണ്ട് . അവൾ  ഉറക്കെ വിളി ച്ചുകൂവി, " അച്ഛാ! അച്ഛൻ്റെ ചെറകെന്തിയേ?  ഇപ്പം കാണുന്നില്ലല്ലോ. നല്ല ഭംഗിയാരുന്നു അച്ഛൻ്റെ ചെറകിന്. അതു  കളഞ്ഞതെന്തിനാ? "

 

അച്ഛൻ ചിരിച്ചു ഒന്നും പറഞ്ഞില്ല. അവൾ പിന്നെയും ഉറക്കെയുറക്കെ  ചോദിച്ചുകൊണ്ടേയിരുന്നു.

 

"  കുട്ടിയോട് നേരത്തെ ഉറങ്ങാൻ പറഞ്ഞാൽ കേൾക്കില്ല,  ഐപാഡിലും ടി.വി.യിലുമൊക്കെ വേണ്ടാത്തതും കണ്ടോണ്ടിരുന്ന്   വൈകിയേ ഉറങ്ങൂ.  സ്വപ്നം കണ്ടു വിളിച്ചുകൂവുന്നതാരിക്കും,"  അമ്മ  രാവിലെ അടുക്കളയിൽ നിന്നും വന്നു വഴക്കു പറഞ്ഞു.

 

" ഇനി ഞാൻ  സമയത്തിനുറങ്ങും, സ്വപ്നം കണ്ടു പേടിക്കേണ്ടല്ലോ," അവൾ തീരുമാനിച്ചു.

    

 

    

 

                     

 

Comments

Popular posts from this blog

അവൾ സുധീര!

അങ്കിതിൻറെ കളിപ്പാട്ടം!

സുഹൃത്ത്!