കറുത്തവാവല്ലേ!ബലിക്കാക്കയല്ലെ ഞാൻ!

(കുട്ടിക്കഥ!)



ഒരു ദിനം കാക്കയും തത്തകളും പതിവുപോലാ വീട്ടിൽ കഴിക്കാൻ വന്നു. ഭക്ഷണപാത്രം പട്ടിണിയിൽ. പാത്രത്തിന്റെ ആമാശയം ഒഴിഞ്ഞുകിടപ്പായി.


“മുത്തിയെന്തേയിന്നു ഭക്ഷണം വച്ചില്ലാ?” കാക്കയുടെ സംശയം.


“മറവി മുത്തിയെ തഴുകാൻ വന്നോ? സാരമില്ല, ഇന്നേറെച്ചോറു വേറെ കിട്ടും,” ഒരു തത്ത പറഞ്ഞു.


“പക്ഷെ അതെല്ലാം ഒരുപോലെയുള്ളതല്ലേ? ഉണക്കലരിച്ചോറ്! മുത്തശ്ശിയല്ലേ രുചിയുള്ള ആഹാരം തരുന്നത് ?” മറ്റെ തത്ത.


“ബലിക്കാക്കയല്ലെ ഞാൻ! കറുത്തവാവല്ലേ? എനിക്കിന്നു മുത്തി ഭക്ഷണം തരാതിരിക്കില്ല,” കാക്ക പറഞ്ഞു.


 ഒരു തത്ത മെല്ലെ ജനലിൽക്കൂടി അകത്തേക്കു നോക്കി, “ദേ! മുത്തി തറയിൽ മുത്തമിടുന്നോ? കമഴ്ന്നു കിടക്കുന്നതെന്തേ?”അവൻ ആകാംക്ഷ പങ്കുവച്ചു. 


കാക്കയ്ക്കു കാര്യം കത്തി,”എടാ ആയമ്മ തെന്നിവീണതാകാം.”


തത്തകൾ പറഞ്ഞു,”പാവം! ആ വീഴ്ചയിൽ മരിച്ചുപോയിരിക്കും! "

കിളികളുടെ മനോയാനം സങ്കടക്കടലിൽ പതിച്ചു. അവർ ഉച്ചത്തിൽ ചിലയ്ക്കാനാരംഭിച്ചു.


മഴയും  പെയ്തു, അവരെ നനച്ചു.  മഴയിൽ അവരുടെ ഒച്ച ആര് കേൾക്കാൻ.  ദൂഃഖഭാരം, അവരെല്ലാം ശിരസ്സുതാഴ്ത്തി, കുമ്പിട്ടിരുന്നു രോദിച്ചു. കർക്കടമഴ കനത്തുപെയ്തപ്പോൾ അവർ തങ്ങളുടെ കൂടുകളിലേക്കു മടങ്ങി.  അവർക്കു വേറൊന്നും ചെയ്യാൻ വയ്യല്ലോ.


രുചിയുള്ള ഭക്ഷണം കൊടുത്ത മുത്തിക്കായവർ പ്രാർത്ഥിക്കാൻ തുടങ്ങി. 

പെട്ടന്നതാ മുത്തിയുടെ നായകുരയ്ക്കുന്ന ശബ്ദം. ആരുമെത്തിയില്ല, അവൻ അയലിൽപ്പോയി കുരച്ചു. ശല്യമെന്നു പറഞ്ഞുകൊണ്ട് വീട്ടമ്മയിറങ്ങിവന്നു. അവൻ മുത്തിയുടെ വീട്‍ലക്ഷ്യമാക്കി  ഓടാൻ തുടങ്ങി. "ഈ പട്ടിക്കെന്തുപറ്റി?" എന്നും പറഞ്ഞവർ  തിരിച്ചു കയറി.  നായുടെ കുര കുറേക്കൂടി ഉച്ചത്തിൽ കുറയ്ക്കാൻ തുടങ്ങി.  മഴയൽപ്പം ശാന്തമായി. അത് കാരണം നായയുടെ കുര ആളുകളുടെ ശ്രദ്ധ   ക്ഷണിച്ചുവരുത്തി.  നായ മുത്തിയുടെ കിടപ്പു ലക്ഷ്യമാക്കി പാഞ്ഞു . ആളുകളുമെത്തി. വീണതിന്റെ കെട്ടുവിട്ടപ്പോൾ മുത്തി പറഞ്ഞു, " എന്നെ ഒന്നെഴുന്നേൽക്കാൻ സഹായിക്കണേ, വീണു, അനങ്ങാൻ പറ്റുന്നില്ല. " സഹായകരങ്ങൾ നീണ്ടു. വീണ്ടും വന്നുചേർന്ന പക്ഷികൾക്കു സന്തോഷമായി, അവരുടെ 

ചിറകുകളുഷാറായി, പൊങ്ങിപ്പറന്നുപോയി.





 



Comments

Popular posts from this blog

അവൾ സുധീര!

അങ്കിതിൻറെ കളിപ്പാട്ടം!

സുഹൃത്ത്!