ശ്രാദ്ധദിനം!
ചന്ദ്രകുമാർ ചന്ദ്രികാദേവിയുടെ മൂത്തമകൻ. അയാളുടെ അച്ഛൻ നല്ലപാതിക്കു നൽകിയിരുന്ന കരുതൽ-മൂത്തമകന്റെ നല്ലനാമം. അടുത്തയാൾ ശ്രീജേഷ്, മൂന്നാമതേതു മകൾ വാണി.
ചന്ദ്രന്റെ ചിന്തകൾ ഒരാണ്ട് മുന്നേയ്‌ക്കു പറന്നുപോയി," അമ്മ, വളരെ പ്രസന്നയായിരുന്നു, നല്ല ചുറുചുറുക്ക് . നാട്ടിൻപുറത്തിന്റെ സൗന്ദര്യം അയൽവക്കക്കാരുമായുള്ള അടുപ്പമൊക്കെക്കാരണം അമ്മയുടെ വണ്ടി പട്ടണത്തിലേക്കു വരില്ലാ."
ചന്ദ്രനും സഹോദരരും കൊച്ചിയിൽ പല സ്ഥലങ്ങളിൽ വസിക്കുന്നു. അവധിനാളുകളിൽ മൂന്നുപേരുടെയും വണ്ടികൾ തറവാട് ലക്ഷ്യമാക്കി പായും. മക്കൾ മൂന്നാളും കുടുംബങ്ങളും പട്ടണത്തിൽ നിന്നുമെത്തിയാൽ പിന്നെ ആ വീട്ടിൽ ഒരുമ്പതാമുത്സവ മേളമാണ്.
“എടാ വാസവാ, നീയാ മേലോട്ടു ചന്തയിൽ ചെന്ന് കുറച്ചു നീറുമീൻ വാങ്ങി വരണം. ചന്ദ്രന് ഭയങ്കര ഇഷ്ടവാ കൊള മീൻ.”
“എടീ ഓമനേ, നീയാ മീൻ നല്ലപോലെ വെട്ടിക്കഴുകി വറത്തരച്ച് വയ്ക്കണം.”
ഇങ്ങനെ അവരുടെ സംസാരം ഏപ്പോഴും ഓരോ ആളിന്റേയും ഇഷ്ടംനോക്കി അവിടെ നിറഞ്ഞു നിന്നു.
കുട്ടികളുടെ ഓട്ടവും ചാട്ടവും ചന്ദ്രികാദേവി നേരത്തെതന്നെ തയ്യാറാക്കിയിട്ടുള്ള ഊഞ്ഞാലിലെ ആട്ടവും എല്ലാംകൂടി വളരെമേളമുള്ള ദിവസങ്ങൾ. പട്ടണത്തിലെ പിള്ളേർക്ക് വിശാലപറമ്പും വൃക്ഷങ്ങളും ഇപ്പോഴും സൂക്ഷിക്കുന്ന വച്ചാരാധനയുള്ള കാവും കുളവും ഒക്കെ വലിയ വിനോദോപാധികൾ. അണ്ണാന്റെ പിറകെ ഓട്ടപ്പന്തയവും, കിളികൾക്കൊപ്പം ഗാനമേളയും എല്ലാം അവരുടെ വിനോദപട്ടികയിലെ അംഗങ്ങൾ. മണൽത്തരികൾ പുഞ്ചിരിയോടെ എല്ലാ കുസൃതികൾക്കും കൂട്ടുനിന്നുകൊടുത്തു.
ഇളയ അനുജന് നിർബന്ധം,” അമ്മേ നമ്മൾക്കു മൂന്നാൾക്കും കൊണ്ടുപോയി മാറിമാറി താമസിപ്പിക്കാം.”
ചന്ദ്രനും ചിന്തിച്ചു, “അമ്മയെ എത്രനാൾ അയൽവക്കക്കാരുടെ കാരുണ്യത്തിൽ നിർത്തും. അച്ഛൻ മരിച്ചിട്ടു മൂന്നു വർഷമായി.”
മക്കൾ ഏറെ നിർബന്ധിച്ചപ്പോൾ കുറച്ച് നാളേയ്‌ക്കെന്നു പറഞ്ഞ് അമ്മ കൂടെപ്പോയി. കുറച്ചുനാൾ മൂത്തമകന്റെ വീട്ടിലും പിന്നീട് അനുജന്മാരുടെ വീട്ടിലുമായി മാറിമാറിത്താമസിച്ചു. ഇപ്പോൾ അവർ ശ്രീജേഷിൻറെ വീട്ടിൽ. ഒരുദിവസം ചന്ദ്രികാദേവി ഇളയ മകന്റെ വീട്ടിൽ നിന്നും ഫോണിൽക്കൂടെ., “ ചന്ദ്രാ, മോനെ, ഇനി ഞാൻ തിരിച്ചുപോകട്ടെ. നിങ്ങൾ എല്ലാവര്ക്കും സൗകര്യപ്പെടുന്ന ദിവസം നോക്കി നമുക്ക് പോകാം,”
“ അത്, അമ്മെ പിന്നെ....അമ്മെ ...”
“അതെന്താ ലീവുകിട്ടില്ലേ ?”
“അതല്ല, ശ്രീജേഷ്... ശ്രീജേഷ്… അവൻ ഒരു പ്ലോട്ട് , ഒരു പ്ലോട്ടുനോക്കിവച്ചിട്ടുണ്ടെന്ന്. അതു വാങ്ങാൻ നാട്ടിലെ വീടും സ്ഥലവും വിറ്റു. അല്ല, അതവിടെ കെടന്നിട്ടെന്തു ചെയ്യാനാ?”
" അയ്യോ! ഭഗവാനേ ! മോനെ! എന്നോട് പറഞ്ഞില്ലല്ലോ, അച്ഛൻ താമസിച്ച വീട്, കാവ്, കൊളം..." അവർ മുഴുമിപ്പിച്ചില്ലാ.
"നമ്മുടെ ബന്ധത്തിലുള്ള ഭാസ്കരേട്ടനില്ലേ? അദ്ദേഹമാണ് വാങ്ങിയത്. അവർ അതു നന്നായി നോക്കിക്കോളാമെന്നു പറഞ്ഞു. നാളെ എല്ലാരും അമ്മയെക്കൂടി വരുമിവിടെ. അന്നേരം പറയാമെന്നു വച്ചു,"
ചന്ദ്രനു വീട് വിൽക്കാനിഷ്ടമില്ലായിരുന്നുവെങ്കിലും അനുജന്റെ പക്ഷം പറഞ്ഞു. അനുജന്മാരുടെ വഴിയിൽ മുള്ളുപാകുന്നത് അയാളുടെ കോപ്പയിലെ ചായയല്ലായിരുന്നു.
“ഞാൻ എന്റെ പൊന്നുമക്കളിലുള്ള വിശ്വാസം കൊണ്ടാ വീതം വച്ചത്. അച്ഛൻ പറഞ്ഞതാ - വീട് നീ നിന്റെ പേരിൽ നിലനിർത്തണം. എനിക്കും… അച്ഛന്റെ കൂടെ… അവിടെ...., “ അമ്മ മുഴുമിപ്പിച്ചില്ല.'
അവർ എന്തോ, ഒന്നും മിണ്ടാതെ കിടക്കമുറിയിലേയ്ക്കുപോയി.
"അമ്മേ! അമ്മെ!, " ചന്ദ്രൻ തുടർന്നു. മറുതലയ്ക്കൽനിന്നും മറുപടിയില്ല.
അടുത്ത ദിവസം, "ചന്ദ്രാ നീ വന്നെന്നെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോകൂ," വളരെ നേർത്ത ശബ്ദത്തിൽ ചന്ദ്രികാദേവി ആവശ്യം പ്രകടിപ്പിച്ചു . ചന്ദ്രൻ അമ്മയ്ക്ക് സ്വന്തം വീട്ടിൽ നല്ല താവളമൊരുക്കി. എങ്കിലും
അവരുടെ സംസാരരീതിയുടെ അലകും പിടിയും മാറി വരുന്നുണ്ടായിരുന്നു. ആർക്കുമത് ദൃശ്യമായില്ലെന്നു മാത്രം. കറികളുടെ പൊടിക്കൈകൾ മരുമകളുമായി പങ്കുവയ്ക്കുകയും കുട്ടികളുടെ പാഠഭാഗങ്ങളിലെ അറിവ്, അമ്മയുടേതായ അളവുകോൽ ഉപയോഗിച്ച് അളക്കുകയുമൊക്കെ ചെയ്തിരുന്ന അമ്മ, അവരോടുപോലും വെറും കാര്യമാത്രപ്രസക്തമായി സംസാരിച്ചുതുടങ്ങി. പത്രവായന നിർബന്ധമായിരുന്ന അവർ അതൊക്കെ വല്ലപ്പോഴും ചെയ്തെങ്കിലായി.
അവർ സ്വയം നെയ്തെടുത്ത കൂടിനുള്ളിൽക്കയറി, അച്ഛനുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോലെ പഴയകാര്യങ്ങൾ പറയുന്നത് കേൾക്കാമായിരുന്നു. മക്കൾ എത്ര ശ്രമിച്ചട്ടും പഴയ വാക്ക്‌ചാതുരിക്കുപ്പായമണിഞ്ഞില്ല. അതവരുടെ ലൗകിത്തിനോടു മുഖം തിരിക്കുന്ന ഒരു രീതിയുടെ തിരഞ്ഞെടുപ്പ്, അല്ല ആരംഭമായിരുന്നു.
ഇതിനിടയിൽ അൽപ്പം സാങ്കേതിക വിദ്യ വശമുണ്ടായിരുന്നതുകൊണ്ട് അകലെയുള്ള ഒരു ആശ്രമത്തിലേക്കു താമസം മാറ്റാൻ വേണ്ട തയ്യാറെടുപ്പും തനിയെ നടത്തി നോക്കി. പക്ഷേ ആരോഗ്യം ക്ഷയിച്ചു വരുന്നകാര്യം അവരുടെ മനസ്സു മുന്നറിയിപ്പു കൊടുത്തു. അവരുടെ ആ സ്ഥിതി മകൻ,മരുമകൾ എന്നിവരിൽനിന്നും ഒളിച്ചുനിന്നു. അവരുടെ കണ്ണിൽപ്പെട്ടില്ല. അവരുടെ മുഖം ആളുകളുടെ മുന്നിലേയ്ക്കെത്തിക്കാതിരിക്കാൻ അവർ ശ്രദ്ധവച്ചിരുന്നതിനാൽ, അത് ചൊല്ലിയ ക്ഷീണകഥകളും ആരും കേട്ടില്ല.
ഇന്ന് അമ്മയുടെ ശ്രാദ്ധദിവസമാണ്. രാവിലെ തന്നെ ബലിയിടൽ കർമ്മം പൂർത്തിയാക്കാൻ ചന്ദ്രൻ തയ്യാറായി. അയാളുടെ കണ്ണുനീർ അനുസരണയില്ലാത്ത കുട്ടിയെപ്പോലെ പുറത്തേയ്ക്കു ചാടാൻ വെമ്പിനിന്നു. എല്ലാവരും ബലിച്ചടങ്ങുകൾ നിർന്നിമേഷരായി നോക്കി തൊഴുതു നിൽക്കുന്നു. മക്കൾ മൂവരും ചടങ്ങുകൾ ഓരോന്നോരോന്നായി പൂജാരിയുടെ നിർദ്ദേശാനുസരണം സാവധാനം പൂർത്തിയാക്കി. ചന്ദ്രൻ അമ്മയേ മനസ്സിൽ ധ്യാനിച്ച് അവസാനമായി കുമ്പിട്ടൊന്നു തൊഴുതു, പൊട്ടിപ്പൊട്ടിക്കരഞ്ഞു. കുറേനേരം ആ സ്ഥിതിയിൽ തുടർന്നു. സമയം അതിക്രമിക്കുന്നു. അയാളെന്തേ നിവരാത്തത്? ആകാംക്ഷ മുഖങ്ങളിൽ. അതെ , അതുതന്നെ സംഭവിച്ചു, 'മാതാപിതാക്കളുടെ നാട്ടിലേക്ക് ടിക്കറ്റെടുത്തയാൾ യാത്രയായി.
Comments
Post a Comment