വിചിത്രവിനോദങ്ങൾ!
(Checked)
വല്ലകി അതാണവളുടെ പേര്.ഉറങ്ങാൻ കിടന്നിട്ട് അവൾക്കുറക്കം വരുന്നില്ല. മനസ്സുനിറയെ നൊമ്പരമാണ്.അവൾ കാര്യമായ ചിന്തയിലാണ്ടു. ഇനിയെന്തെന്നചിന്ത അവളുടെ ഉറക്കത്തെ അടുത്തേയ്ക്കടുപ്പിക്കുന്നില്ല. പതിയെയെഴുന്നേറ്റു ജനാലയ്ക്കരികിലേയ്ക്കു നടന്നു.നിലാവുണ്ട്,കാറ്റില്ല , ഇലയനങ്ങുന്നില്ല. വാല്മീകിയുടെ ആശ്രമപ്രാന്തത്തിലെത്തിയ സീതയുടെ കരച്ചിലിലലിഞ്ഞ് പ്രകൃതിപോലും ദുഃഖിതയായി നിശ്ചലമായപോലെ വല്ലകിയുടെ ചുറ്റുവട്ടം നിശ്ചലമായിരിക്കുന്നു. ഇനിയെങ്ങനെയായിരിക്കും അവളുടെ രാപ്പകലുകളെന്നുള്ള ആകാംക്ഷ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട്.
അങ്ങനെ അവൾ പലതും ചിന്തിച്ചുകൊണ്ടിരുന്നു.
അമ്മ മല്ലിക അച്ഛൻ സന്തോഷ്, സന്തോഷമായിരുന്നു അവരുടെ ജീവിതത്തിൻ്റെ ആകെത്തുക.
വല്ലകി,ഈ പേര് കുറേയാളുകളുടെ ശ്രദ്ധയിൽ പുതുമയുള്ളപേരായി തങ്ങിനിന്നു. എന്നാൽ കുറേപ്പേരുടെ പരിഹാസത്തിനുമതു പാത്രമായിട്ടുണ്ട്. ആദ്യമൊക്കെ അവൾക്കൊരു ചെറിയ അപകർഷതാബോധമൊക്കെ തോന്നിയിരുന്നു, കാരണം ആ നാട്ടിൻപുറത്ത് ഈ പേര് ആരും കേട്ടിരുന്നില്ല.മറ്റുള്ളവരുടെ ചോദ്യത്തിനു ഒഴിഞ്ഞുമാറലോ , ഒരു മൂളലോ ആയിരുന്നു അവളുടെ മറുപടി.
അൽപ്പം വലുതായപ്പോൾ അവളറിഞ്ഞു അവളുടെ അച്ഛൻ, സന്തോഷ് മലയാളം ബി.എ.പാസ്സായതാണ്, ജോലികിട്ടാതായപ്പോൾ അച്ഛൻ്റെ ഭാഷയിൽപ്പറഞ്ഞാൽ 'മൊബൈൽ ഫ്രൂട്ട് ആൻഡ് വെജിറ്റബൾ മാർക്കറ്റിങ് യൂണിറ്റ്'(ഉന്തുവണ്ടിയിൽ പഴം ,പച്ചക്കറിക്കച്ചവടം) തുടങ്ങി.
ഒരിക്കൽ അവൾ ചോദിച്ചു, "എനിക്കിടാൻ അച്ഛനു വേറെപേരൊന്നും കിട്ടിയില്ലേ? ഒരു പേരു കണ്ടുപിടിച്ചത്!"
" മോളെ, വീണയെന്നു പേരിടുമല്ലോ! വല്ലകിയെന്നു വച്ചാൽ വീണ. ആരുമിടാത്ത നല്ല പേര്."
വീണ,വല്ലകി കൊള്ളാം, മലയാളം ബി.എ.യുടെ മഹിമ. അതോടെ അവളുടെ മറുപടിക്കു നട്ടെല്ലു മുളച്ചു. പിന്നീട് ധൈര്യമായി അച്ഛൻ പറഞ്ഞതുപോലെ പറയാൻ തുടങ്ങി. പഠിക്കാൻ മിടുക്കിയായിരുന്നു,അതുകാരണം അച്ഛൻ അവളെ കോളേജിൽ ചേർത്തു.
നാട്ടിപുറങ്ങളിൽ പഴം, പച്ചക്കറിയെന്നിവകൾക്കു ആവശ്യക്കാർ അധികമില്ല. അതിനാൽ അയാൾ പട്ടണപ്രാന്തപ്രദേശംവരെ തൻ്റെ ഉന്തവണ്ടിയുന്തി വിൽപ്പനനടത്തി കുറെയൊക്കെ നല്ല വരുമാനമുണ്ടാക്കി. മകൾക്കു നല്ലവസ്ത്രം, ഒരുക്കത്തിനുള്ള സാമഗ്രികൾതുടങ്ങിയവ ലോഭമില്ലാതെ വാങ്ങി നൽകിയിരുന്നു.
" അച്ഛൻ്റെ ഈ പണം കായ്ക്കുന്ന മരമേതാണ്? എനിക്കൊന്നറിയണം. എനിക്കും അതീന്നു പറിച്ചെടുക്കാമല്ലോ. ഒരു മൊബൈൽ വെജിറ്റബിൾ ഫ്രൂട്ട് മാർക്കറ്റിംഗ് യൂണിറ്റിൻ്റെ പ്രൊപ്രൈറ്ററിൻ്റെ മോളെപ്പോലല്ല, ഒരു മുതലാളിയുടെ മകളെപ്പോലാണ് ഞാൻ കോളേജിൽ പോകുന്നത്,” ഒരിക്കൽ അവൾ കളിയാക്കി.
അയാൾ, " ആ…ഞാനൊരു മുതലാളിയാ, അല്ലേ?”
അതേ! അതേ! മൊതലാളി!” ഭാര്യ ചിരിച്ചു.
“സാരമില്ല, മോളെ, എല്ലാം നടക്കും. ഇപ്പം എൻ്റെ മോള് പഠിച്ചാൽ മതി.”
മല്ലിക പറയാറുണ്ട്, "മോൾക്കിനി വലിയചെലവ് വരുന്നേയൊള്ളു. ഇങ്ങിനെ ചെലവാക്കിയാലെങ്ങനാ മുന്നോട്ടുപോവുന്നന്നത്?"
ആ ചോദ്യത്തിൻ്റെയൊക്കെ ശക്തി തെറിപ്പിച്ചുകളയാൻ അയാൾക്കു മിടുക്കു കൂടുതലാണ്, " എടീ ഞാനതിനല്ലേ ഈ പകലും രാത്രീലും കഷ്ടപ്പെടുന്നത്. നീ ചോദിക്കാറില്ലേ ഈ പത്തുമണി വരെ വണ്ടീംകൊണ്ടു നടക്കണോന്ന്. ഓഫീസീന്നു താമസിച്ചു വരുന്നവരുണ്ട്. അവർ സ്ഥിരമായി എൻ്റെടുത്തു വന്നു സാധനം വാങ്ങും."
വല്ലകിക്കൊരു മധുരം കിനിയുന്നകണ്ഠം ഈശ്വരൻ കല്പിച്ചുനല്കിയിരുന്നു. അവളുടെ പാട്ടിൻ്റെ മാധുര്യം അപാരംതന്നെ.അതുകാരണം കുട്ടികൾക്കിടയിൽ അവൾ 'സ്കൈലാർക്' എന്നാണറിയപ്പെട്ടത്? കൂടാതെ, 'ചാരുത'യെന്നു നാമകരണം ചെയ്യാൻ പറ്റിയ രൂപലാവണ്യം വാരിപ്പൂശിയപോലെതോന്നുന്ന ശരീരവടിവും മുഖവും. എല്ലാം കൊണ്ടും കോളേജിലെ ഒരു താരമാണവൾ. ധാരാളം ആൺകുട്ടികൾ അവളെ കണ്ണുവച്ചിട്ടുണ്ട്. എങ്കിലും അവരുടെ പരിമിതികൾ നന്നായി അറിഞ്ഞിരുന്ന ആ കുട്ടി അഹങ്കാരത്തിൻ്റെ പടവുകൾ ഒരിക്കലും കയറിയിട്ടില്ല.
അവളുടെ വല്ലകിയെന്ന പേരും അവൾ കോളേജിൽ കൂടുതൽ അറിയപ്പെടാനുള്ള കാരണമായി, "ഇതെന്തുപേര്, കുട്ടിയുടെ പാരന്റ്സിനു വേറെ പേരുകിട്ടിയില്ലേ? നിങ്ങളുടെ നാട്ടിൽ പേരുകൾക്ക് ക്ഷാമമാണോ?" എന്നൊക്കെ പരിഹസിച്ചവരുടെമേൽ സൗമ്യമായി ചുട്ടമറുപടിശരങ്ങൾ അവൾ തൊടുത്തു,"നിങ്ങളൊക്കെ മലയാളികളല്ലേ? നല്ല മലയാളം വാക്കുകൾ അറിയില്ല, അല്ലേ?"
രണ്ടു വർഷം കടന്നുപോയപ്പോഴതാ പി.ജി.ക്ക് ഒരു കോമളൻ, കരുൺ വന്നു ചേർന്നിരിക്കുന്നു. ആദ്യകാഴ്ചയിൽതന്നെ അവൻ അവളെ മനസ്സിനുള്ളിലെ ഒരുപ്രധാന അറയിൽ സൂക്ഷിച്ചുവച്ചു.
കരുൺ വല്ലകിയെ മുട്ടിനോക്കാനൊക്കെ ശ്രമിച്ചെങ്കിലും അവൾ ഇരുമ്പുദണ്ഡു സമാനം വളയാതെനിന്നു. പക്ഷെ അയാളുടെ വദനത്തിൽനിന്നും ഉതിർന്ന ഇമ്പംചൂടിയവാക്കുകൾ അവളെ തളച്ചിട്ടുവെന്നുള്ളതാണ് വാസ്തവം.
അച്ഛൻ്റെ പഴക്കച്ചവടക്കാര്യവും, വീടിൻ്റെ വലിപ്പത്തിനുള്ള ചെറുപ്പം തുടങ്ങിയ സ്ഥിതിവിവരക്കണക്കുകൾ അവൾ അവനോടു പറഞ്ഞു കേൾപ്പിച്ചു. ഒന്നും അവനു പ്രശ്നമായിരുന്നില്ല. അവൻ സാമാന്യം സാമ്പത്തികമുള്ള കുടുംബത്തിലെ അംഗം. വല്ലകി ഡിഗ്രി കഴിഞ്ഞപ്പോൾ കരുൺ പി.ജി. കഴിഞ്ഞു. അവനു പട്ടണത്തിൽ ജോലിയായി. ഉദ്യോഗപ്പടവുകളിൽ നിന്നുംകൊണ്ട് അവൻ വീട്ടിൽ കല്യാണക്കാര്യം അവതരിപ്പിച്ചു.അവൻ്റെ വീട്ടുകാർ സ്വാഭാവികമായും എതിരുനിന്നു. പക്ഷെ അവൻ്റെ വാക്ക്ചാതുര്യം എല്ലാകടമ്പകളേയും കാറ്റിൽപ്പറത്തി.
വിവാഹം മംഗളപൂർവ്വം, പറ്റുംവിധം ആഭരണസമേതം അരങ്ങേറി. ദമ്പതികൾ സന്തോഷപ്രദമായ വിവിവാഹജീവിതമാരംഭിച്ചു. ഫ്ലാറ്റ് വാടകക്കെടുത്ത് താമസം തുടങ്ങി. അവൾക്കു ഉയർന്നവിദ്യാഭ്യാസത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കരുൺ ഒരുവർഷം കഴിഞ്ഞു പഠിക്കാമെന്ന് അവളെക്കൊണ്ട് സമ്മതിപ്പിച്ചു.
പട്ടണത്തിലെത്തിയതും കരുൺ വല്ലകിയെ വല്ലാതങ്ങു പരിഷ്കാരിയാക്കി. ഭർത്താവിനോടുള്ള അമിതപ്രണയം കാരണം അവൾ അതെല്ലാം കരുണിനുവേണ്ടി ചെയ്തു, അല്ല സഹിച്ചു. അലമാരയിലേക്കു വച്ച ജീൻസും ടീഷർട്ടും അവിടെയിരുന്ന അവളുടെ ചൂടിദാറിനെ പുച്ഛഭാവത്തിൽ നോക്കിച്ചിരിച്ചു.
അങ്ങനെയൊക്കെ ഏകദേശം ഒരുമാസം കഴിഞ്ഞു, "ഇന്നു നമുക്കൊരു പാർട്ടിക്കു പോകണം. എനിക്കുകുറെ നല്ല ഫ്രണ്ട്സിനെക്കിട്ടിയിട്ടുണ്ട്. നീ ഒരുങ്ങിക്കോളൂ. നന്നായി ഡ്രസ്സ് ചെയ്യണം,കേട്ടോ. അവർ ഡ്രൈവ് ചെയ്ത് പട്ടണംവിട്ട് കുറെദൂരമെത്തിയപ്പോൾ,ഒരു വലിയപറമ്പിൻ്റെ നടുവിൽ ഒരു വലിയവീട്, പത്തുകാറുകൾ പറമ്പിൽ കിടപ്പുണ്ട്.ഗേറ്റിൽ ഒരു സെക്യൂരിറ്റിയുമുണ്ട്.
ഗേറ്റിൽ നിന്നും അകലെയായിട്ടാണ് വീട്. ആരുടെവീടെന്ന് അവൾ അന്വേഷിച്ചപ്പോൾ കരുൺ പറഞ്ഞു ഒരു സുഹൃത്തിൻ്റെ വീടെന്ന്. അയാൾക്കു വേറെ വീടുണ്ട് പാർട്ടിക്കുമാത്രം അവിടേയ്ക്കു പോകുവൊള്ളുവെന്നും അയാൾ കൂട്ടിച്ചേർത്തു. ഇവരെക്കൂട്ടി പതിനൊന്നു കുടുംബാംങ്ങൾ. എല്ലാവരും ചെറുപ്പക്കാർ.
കരുൺ ഭാര്യയെയും എല്ലാവരേയും തമ്മിൽ പരിചയപ്പെടുത്തി,” ഇവൾ വല്ലകി,” കരുൺ.
തിരിഞ്ഞ് അവളോട്,“ഇവർ എനിക്ക് അടുത്തസമയത്തുമാത്രം കിട്ടിയ ഫ്രണ്ട്സ് ആണ്. ഇപ്പോൾ അടുത്തകൂട്ടുകാരും."
എല്ലാവരും കടിയും കുടിയും കുശലവും ബഹളവുമൊക്കെ കഴിഞ്ഞപ്പോൾ സമയം പത്തുമണി. വല്ലകി പരിചയക്കുറവു നല്ലപോലെ കാട്ടിയെങ്കിലും മറ്റുപെണ്ണുങ്ങൾ പ്രോത്സാഹിപ്പിച്ചു. പക്ഷെ അവൾ ഗ്ലാസ്സ് കൈയിൽ വച്ചതല്ലാതെ കുടിച്ചില്ല.
ആഹാരമൊക്കെ കഴിഞ്ഞു ഒരു വിനോദത്തിനുള്ള ഗെയിം ആണ് അടുത്തത്. എല്ലാവരും കാറിൻ്റെ താക്കോൽ മറ്റുള്ളവർ കാണാതെ ചായമേശയിൽ വയ്ച്ചു. പെണ്ണുങ്ങൾ ഓരോരുത്തരായി ഓരോ താക്കോൽ എടുക്കണം. നംബറെഴുതിയതുണ്ടിൻ്റെ മുകളിലാണ് താക്കോൽ.
താക്കോലെടുക്കുന്ന സ്ത്രീകൾ നംബറനുസരിച്ചുള്ളമുറിയിൽ പോകണം. വല്ലകിക്ക് ഒന്നാം നംബർ, അവൾ പുതിയ ഗെയിം എന്തെന്നറിയാനുള്ള സന്തോഷത്തോടെ ഒന്നാമത്തെ മുറിയിൽ പോയി.
അല്പം കഴിഞ്ഞപ്പോൾ ആ കൂട്ടത്തിൽ നിന്നുമൊരാൾ അവളുടെ മുറിയിൽ കയറി. കതകടയ്ക്കാൻ തുടങ്ങിയപ്പോൾ, അവൾ പുറത്തേയ്ക്ക് ഓടാൻ ശ്രമിച്ചു. അയാൾ അവളെ ബലമായിപ്പിടിച്ചു. അവൾ കരുണിനെ വിളിച്ച് ഒച്ചവെച്ചു, " നീ അവനെ വിളിക്കെണ്ടാ. അവനിപ്പോൾ വേറെ പെണ്ണിൻ്റെ കൂടെയാണ്.”അവൾ അപകടം മണത്തു. ‘സ്പൗസ് എക്സ്ചെയ്ചിംഗ് ഗെയിം’. എവിടെയോ അവൾ കേട്ടിട്ടുണ്ടത്. അയാളെപ്പിടിച്ചുതള്ളി ഒരുചവിട്ടും കൊടുത്തു പുറത്തേയ്ക്കോടി അവൾ. നല്ലവിധം കുടിച്ചിരുന്നതുകൊണ്ടു അയാൾ അൽപ്പംസമയമെടുത്തു വീണിടത്തുനിന്നും പൊങ്ങിവരാൻ.
തടയാൻ ശ്രമിച്ച സെക്യൂരിറ്റിയെയും തള്ളിമാറ്റി അവൾ ഓടി. ഭാഗ്യത്തിന് ഒരു ഓട്ടോറിക്ഷ കിട്ടി. അതിൽ കയറിയതും അവൾ പോലീസിനെ വിളിച്ച് അനാശാസ്യവിവരംകൊടുത്തു. പോലീസ് വേഗം സ്ഥലത്തെത്തി എല്ലാവരേയും പിടിച്ചു.
അടുത്തദിവസം രാവിലെ വല്ലകി സ്വന്തം വീട്ടിലെത്തി. പോലീസും ചോദ്യംചെയ്യലും നിറഞ്ഞസംഭവബഹുലമായ പകൽ കഴിഞ്ഞു. രാത്രിയിൽ ഉറങ്ങാൻ കിടന്നു ഉറക്കം അക്കരെ നിൽക്കുന്നു. അടുത്തു വരുന്നില്ല.
അത്രയും വിശ്വസിച്ച ഭർത്താവു വഞ്ചിച്ചപ്പോൾ അവളുടെ കണ്ണുകൾ കണ്ണീരിൽമുങ്ങി.
അമ്മയേയും അച്ഛനേയുമോർത്തവൾക്ക് വേവലാതിയായി.
മകളുറങ്ങിയോന്നു നോക്കാൻ വന്ന മാതാപിതാക്കൾ ആകെ വിഷമിച്ചു. ധൈര്യം സംഭരിച്ച് അച്ഛൻ,
“എൻ്റെ പൊന്നുമോൾ പഠിക്കണം. ജോലിനേടണം. ബാക്കിക്കാര്യങ്ങൾ പിന്നെ നോക്കാം. നീ കിടന്നുറങ്ങ്.”
Comments
Post a Comment