ഒതുക്കമുള്ളകുട്ടി!
ശൂരനാടു പ്രദേശത്തെ പ്രകൃതിയുടെ പ്രിയതയേറെയുള്ള ഒരു ഗ്രാമം, അവിടെ ആഹാ! പച്ചപ്പും പഴവർഗ്ഗങ്ങളും കനിഞ്ഞേകിയ സമൃദ്ധി കാണാം. പുതിയകാലത്തായി ഭീമാകാരമന്ദിരങ്ങൾ തലപൊക്കിയിട്ടുണ്ടെങ്കിലും ഗ്രാമസുന്ദരിയുടെ അഴകിനെ ആധുനികത പൂർണ്ണമായും വിഴുങ്ങിയിട്ടില്ല.
ജ്യോതി, ഭർത്താവു സുദീപ് , ശാരിയെന്നുവിളിക്കപ്പെടുന്ന മകൾ ശരണ്യ, ശൂരനാട്ടെ ഗ്രാമാന്തരീക്ഷത്തിൻ്റെ ഉപഭോക്താക്കളിൽപ്പെടുന്നഒരുകുടുംബം.
സുദീപ് വിദേശത്ത്, മുറയ്ക്കു നാട്ടിലെത്തുന്നുണ്ട്. ആ കാര്യത്തിൽ സുദീപ് പിശുക്കിൻ്റെ ഏഴയലത്തുപോലുമില്ല. ജ്യോതിയാണെങ്കിലോ അധ്യാപിക; മകൾ ശാരിയിൽ നല്ല അച്ചടക്കം, സന്ദർഭോചിതമായ പെരുമാറ്റം, വിനയം, ഒതുക്കം എന്നീ സദ്ഗുണങ്ങളുടെ വിത്തുവിതച്ചു. ലാളനയും വാത്സല്യവും വളമായിച്ചേർത്ത് അവയെ നന്നായി വളർത്തി.
ശരണ്യയെക്കുറിച്ചൽപ്പം കാര്യം. ജ്യോതി, സുദീപ് ദമ്പതികൾക്ക് വിവാഹാനന്തരം അഞ്ചുവർഷംകഴിഞ്ഞുണ്ടായ പുന്നാരമകൾ, മണ്ണാറശാലയിൽ ഉരുളികമഴ്ത്തിക്കിട്ടിയ സമ്മാനമാണവൾ.
കാണാൻ നല്ലകുട്ടി. അഞ്ചുവയസ്സെത്തിയപ്പോൾമുതൽ മാതാപിതാക്കൾ, പ്രത്യേകിച്ച് അമ്മ അവളുടെ വിദ്യാഭ്യാസം, ജോലി, വിവാഹം എന്നീ കാര്യങ്ങളെക്കുറിച്ച് സ്വർണ്ണനൂലുകൊണ്ടു സ്വപ്നങ്ങൾ നെയ്യാൻ തുടങ്ങി.
ശാരി പന്ത്രണ്ടാം ക്ലാസ്സു കഴിഞ്ഞ് ശ്രീബുദ്ധാ എൻജിൻറിങ് കോളേജിൽ ചേർന്നു. മകൾ ഹോസ്റ്റലിൽ പോയപ്പോൾ, ജ്യോതി ആകുലതകളുടെ മുന്നിൽ ഓച്‌ഛാനിച്ചു നിന്നുവെങ്കിലും കണ്ണീരിനു പുറംലോകം കാണാനിടയൾ കൊടുത്തില്ല.
ശാരി മറ്റു കോളേജുകുമാരിമാരെപ്പോലെ പച്ചപരിഷ്ക്കാരിയൊന്നുമായില്ല. കാരണം ബാഹ്യപ്പകിട്ടിൽ ഭ്രമം ഇല്ലതന്നെ. അവളുടെയൊരുക്കം ശൂരനാടിനു ചേരുംവിധം ഒതുക്കമുള്ളതായിരുന്നു - ചൂടിദാർ, പൈജാമ,നാടൻ മട്ടിൽ മുടിവിതാനശൈലി(ഹെയർസ്റ്റൈൽ ) എന്നിവ.
ഒതുക്കമുള്ളകുട്ടിയെന്ന പദവികൊടുത്തു നാട്ടുകാർ അവളെ അലങ്കരിച്ചു, അല്ല ആദരിച്ചു.
ശരണ്യക്കു പഠനത്തിനോട് കലശലായ പ്രേമം, ആ പ്രേമം അവളെ എത്തിച്ചത് ബംഗ്ളൂരുവിലെ ബഹുരാഷ്ട്രക്കമ്പനിയിൽ. മകളുടെ വേർപാട് ജ്യോതിയുടെ മിഴികളിൽ ചാറ്റൽ മഴയായിപെയ്തിറങ്ങി. അത്രയ്ക്കുണ്ടായിരുന്നു മകളോടുള്ള അടുപ്പം.
മകൾ നട്ടുവളർത്തിയ അരിമുല്ല തലതാഴ്ത്തിയോ,അവളുടെ കുറിഞ്ഞിപ്പൂച്ച ആഹാരം കുറച്ചോ, അവളെപ്പോഴും പ്രണയിക്കുന്നമഴ വരാൻ മടിക്കുന്നുവോയെന്നുപോലും ജ്യോതിക്കു സംശയം തോന്നി.
ഫോൺവിളിയും വീട്ടിലേയ്ക്കുള്ള വരവും വിഡിയോവിളിയും മകൾ മുറയ്ക്കു കൊണ്ടാടി. വാട്സാപ്പ് സന്ദേശങ്ങളും മാതാപിതാക്കളുമായി സംവദിക്കാനുള്ള ഭൂമിക നിർവഹിച്ചു. അടുത്തിടെ കമ്പനിയുടെ ഒരു വലിയ പ്രോജെക്റ്റു കാരണം ശാരിയുടെ വിളികുറഞ്ഞു, വരവും നീണ്ടു. വാട്സാപ്പ്സന്ദേശത്തിൽക്കൂടിമാത്രമാണ് ശബ്ദിച്ചുകൊണ്ടിരുന്നത്. അമ്മയുടെ മനസ്സിൽ മകളെ താലിച്ചരടിൽ കുടിപാർപ്പിക്കാനുള്ള അതിയായമോഹം തുടികൊട്ടി നിന്നു.
ഇടയ്ക്കൊക്കെ അമ്മ കൗശലപൂർവ്വം ഉപദേശിക്കാൻ മറന്നില്ല, " മോളെ, നിനക്കു ചേരുന്നൊരു ചെറുക്കനെ 'അമ്മ കണ്ടു വച്ചിട്ടുണ്ട് . നമുക്കതു നടത്താം. അല്ല നിന്നെ ആരെങ്കിലും ഇഷ്ടമാണെന്നു പറഞ്ഞുവന്നാൽ, നമ്മുടെ വീട്ടുകാർക്കിഷ്ടം തോന്നുന്നതരം പയ്യനാണെങ്കിലേ നീ ‘എസ്’ പറയാവൂ."
“അമ്മ വിഷമിക്കണ്ടാ, നിങ്ങൾ ആലോചിക്കുന്ന കല്യാണം മതിയെനിക്ക്," അവൾ പാറപോലെയുള്ള ഉറപ്പു കൊടുത്തു .
ആരും കൊതിക്കുന്നതരം പെരുമാറ്റം ശാരിയെ പത്തരമാറ്റാക്കി മാറ്റി. ജ്യോതി മകളുടെ പെരുമാറ്റത്തിലെന്നും സന്തോഷിച്ചിരുന്നു ,അഭിമാനിച്ചിരുന്നു.
അമ്മ മകളുടെ വിവാഹക്കാര്യം പറഞ്ഞ് ഒന്നിടവിട്ടമാസങ്ങളിൽ വരുന്ന ഭർത്താവു സുദീപിനേ നിർബന്ധിച്ചു.
" വിവാഹം കുറച്ചു കഴിഞ്ഞു മതി , അവൾക്കു പ്രായം കൂടിയൊന്നുമില്ലല്ലോ ," അച്ഛൻ.
ദിവസങ്ങൾ, മാസങ്ങൾ സമയത്തിൻ്റെ കുലയിൽനിന്നുമടർന്നുപൊയ്‌ക്കൊണ്ടിരുന്നു.
അന്നു രാവിലെ ജ്യോതി ചായയുംകൊണ്ട് സുദീപിൻ്റെ കസാലയ്ക്കടുത്തെത്തിയപ്പോൾ ഒരു കൊച്ചുനിക്കറിട്ട്, മുടിമുറിച്ച ഒരു പയ്യനും നീട്ടിയമുടി ഒരു ഹെയർബാൻഡുകൊണ്ടു കെട്ടിയ മറ്റൊരുരൂപവും കടന്നുചെന്നു. വീടുതോറും നടന്നു വിൽപ്പന നടത്തുന്ന പിള്ളേർ. രണ്ടാമത്തെയാൾ ഒറ്റക്കടുക്കനുമിട്ടിട്ടുണ്ട്. മുടി രണ്ടാളും എന്തോപുരട്ടി തവിട്ടു നിറമാക്കിയിട്ടുണ്ട്.
ജ്യോതിക്കവരെയൊട്ടും ഇഷ്ടമായില്ല, " വേണ്ടാ ,കുട്ടികളേ, ഒന്നും വാങ്ങാനില്ലാ. ഈ മാസത്തെ സാധനമെല്ലാം വാങ്ങിക്കഴിഞ്ഞു. പിന്നൊരിക്കൽ വാ," അവരെ വേഗമൊഴിവാക്കാനുള്ള ശ്രമം.
മുന്നേവന്നപയ്യനൊന്നു പുഞ്ചിരിച്ചു. അയാൾ അധരലേപനം പുരട്ടിയിരിക്കുന്നതു കണ്ടപ്പോൾ, "ഓ! ആൺകുട്ടികൾ ലിപ്സ്റ്റിക്കിടാനും തുടങ്ങിയോ? ജ്യോതി സംശയിച്ചു.
സൂക്ഷിച്ചുനോക്കി ,"ഓ! പെൺകുട്ടിയാണല്ലോ," ജ്യോതി മനസ്സിലോർത്തു.
" അമ്മേ, ഇതെന്താ മൈൻഡ് ചെയ്യാത്തെ? "
പെട്ടെന്ന് ജ്യോതി," മോളേ…. , നീയോ….?
അതൊരു വിലാപമായിരുന്നു.അച്ഛനുമമ്മയ്ക്കുമുണ്ടായ ഞെട്ടൽ, എന്തുപറയാൻ!
ഒരുകൂസലുമില്ലാതെ ശരണ്യ മറ്റെയാളെ ചൂണ്ടി, “അച്ചാ, അമ്മേ , ഹി ഇസ് മി. അരുൺ അറോറ, വി ആർ പാർട്ണർസ് ഇൻ ദി കമ്പനി. സൂൺ വി' ൽ രജിസ്റ്റർ ഔർ മാര്യേജ് ."
"എന്ത്! കല്യാണം രജിസ്റ്റർ ചെയ്യുമെന്നോ?" മകളുടെ വിവാഹം കൊതിച്ചിരുന്ന ജ്യോതി ഇടിവെട്ടും ശബ്ദത്തിൽ ചോദിച്ചു..
" ഫോർമൽ മാരിയജ് ഒന്നും വേണ്ടമ്മേ. അതൊക്കെ പഴഞ്ചൻ രീതി. വി ഡോൺഡ് ബിലീവ് ഇൻ സച്ച് തിംഗ്സ്. "
പെട്ടെന്നുള്ള ദേഷ്യം, ജ്യോതി അടിക്കാൻ കൈപൊക്കിയപ്പോൾ, " അരുത് ജ്യോതി, കാലം മാറി. ഇപ്പോൾ ന്യൂജെൻകാലം. എല്ലാംമാറി," അച്ഛൻ വേദനയെ മനസ്സിൽ തടഞ്ഞുനിറുത്താൻ ഒരു തടയണ പണിഞ്ഞുകൊണ്ട് പറഞ്ഞു
ജ്യോതിയുടെ ഹൃദയംപൊട്ടിവന്ന വേദന ഒരുനെടുവീർപ്പിൽ അവസാനിപ്പിച്ചുവെന്ന് പറയാം.
Comments
Post a Comment