പറവപോലെ പറക്കും ഞാൻ!
ക്ളാസ്സിലേക്കു പോകും വഴി മകനെക്കുറിച്ചുള്ള ചിന്തകൾ മിസ്സിൻറെ മനസ്സിലേക്ക് അനുവാദംകൂടാതെ കടന്നുവന്നു. എപ്പോഴും അവരുടെ ഹൃദയം നിറയ്ക്കുന്നത് മകനാണ് , പിന്നീടാണ് പ്രിയൻ അവിടെയെത്തുന്നത്.
അവൻറെ കുട്ടിക്കാല കുറുമ്പുകൾ അവരുടെ മുഖത്തുചിരിപടർത്താറുണ്ട്. അവൻറെ ഇഷ്ടങ്ങൾ, അവനൊരു കൂട്ടുവേണമെന്ന ചിന്ത, അവധിക്കു വരുമ്പോൾ ഒന്നിച്ചു പോകേണ്ട സ്ഥലങ്ങൾ,അപ്പൂപ്പനമ്മൂമ്മമാരുടെ സ്വീകരണം ഒക്കെ അവരുടെ മനസ്സിനെ തഴുകിനിൽക്കും. പക്ഷെ അവർ ക്ളാസിൽ കയറിയാൽ വീടും കുടുംബവും അവരുടെ ഹൃദയത്തിൽനിന്നും അമ്പേ പമ്പകടക്കും.
അവൻ, സാത്വിക്ക് നാലാം ക്ലാസ്സിൽ, താമസം എറണാകുളത്ത് തേവരയിൽ. അവൻറെ അച്ഛൻ 'ബി.എസ്. എൻ. എൽ' ഉദ്യോഗസ്ഥൻ, പ്രവീൺ നാരായൺ. അമ്മ സുചിത്ര, ടീച്ചർ. അടുത്തുതാമസിക്കുന്ന അവൻറെ അടുത്ത കൂട്ടുകാരൻ അദ്വൈതിൻറെ പിതാവൊരു ,നേവൽ ഓഫീസർ'. കുട്ടികളെ രണ്ടുപേരേയും അദ്വൈതിൻറെ അച്ഛൻ ദേശസ്നേഹം ചാലിച്ചു ചേർത്ത നേവിയുമായി ബന്ധപ്പെട്ട ധാരാളം സാഹസിക കഥകളിൽ കുടുക്കിയിട്ടിരുന്നു. സാത്വിക്കിൽ ആ കഥകൾ ചലനമുണ്ടാക്കി. "ഞാൻ രാജ്യത്തിൻറെ പുത്രനാണ്, ദേശത്തിനുവേണ്ടി നേവീ ചേരണം, പൈലറ്റ് ആകണം." അൽപ്പം മുതിർന്നപ്പോൾ,"ആകാശത്തൊരു പറവപോലെ പറക്കണം, പൈലറ്റ് ആകണം. ഡിഫെൻസിൽ ചേരണം," എന്നായി ചിന്ത. ആ ആഗ്രഹം സദാ അവൻറെ കൂടെപ്പിറപ്പുപോലെ കൂടെ വാണു. പഠനത്തിലെ മികവും എൻ.സി.സി. യുമായുള്ള കൂട്ടുകെട്ടും അവനെ നേവൽ ഓഫീസറാകാൻ സഹായിച്ചു .
പക്ഷെ, അദ്വൈതിൻറെയുള്ളിൽ വിദേശരാജ്യങ്ങൾ എപ്പോഴും നിലകൊണ്ടു. അവൻറെ അച്ഛൻ പ്രതീക്ഷിച്ചതുപോലെ അവൻ സ്വദേശത്ത് നിന്നതേയില്ലാ. വിദേശപഠനം അവനെ കൊത്തിക്കൊണ്ടുപോയി.
സാഥ്വിക്ക് പൈലറ്റ് പരിശീലനമെടുത്ത് "വിംഗ് ബാഡ്ജ്' കരസ്ഥമാക്കിയപ്പോൾ അവൻറെ മോഹം പുഷ്പം ചൂടി. ലഫ്റ്റനൻറ് സാത്വിക്കിന് പറക്കലെന്നു പറഞ്ഞാലൊരുൾപ്പുളകമാണ് . പറക്കാൻ കിട്ടുന്ന ഒരവസരവുമവൻ പാഴാക്കാറില്ലായിരുന്നു.
ഫോണിനു 'സൈലൻറ് മോഡ് ' ക്ലാസ്സിൽ നിർബന്ധം , അതുകൊണ്ട് ഫോൺ മിണ്ടാട്ടമില്ലാതെ സുചിത്രയുടെ ബാഗിനുള്ളിൽ ഉറങ്ങാറാണ് പതിവ്. ഒരു ക്ലാസ്സു കഴിഞ്ഞു പുറത്തിറങ്ങി മകനെ വിളിക്കാനൊരുങ്ങിയപ്പോൾ ഫോണിൽ വിളികൾ വരിയിൽ നിൽക്കുന്നു. അപ്പോൾത്തന്നെ പ്രിൻസിപ്പലിൻറെ മുറിയിലേക്കു ചെല്ലാനുള്ള അറിയിപ്പും വന്നു. പോകും വഴി രാവിലത്തെ സംഭവം അവരുടെ കൂടെക്കൂടി, " ഈശ്വരാ! എൻറെ ക്ലാസ്സിലെ കുഞ്ഞുങ്ങളുടെ പേരൻറസ് ആരും ആ ഹെലികോപ്റ്ററിൽ പെട്ടുകാണല്ലേ," അവരുടെ മനസ്സിൽ പ്രാർഥന പ്രത്യക്ഷപ്പെട്ടു.
സ്കൂളിലെ വലിയ വാകമരത്തിൻറെ ചുവട്ടിൽ രാവിലത്തെ പ്രാർഥനാസദസ്സ്, അദ്ധ്യാപകർ അവരവരുടെ ക്ളാസ്സിലെ പിള്ളേരുടെ വരികൾക്കു പിറകിൽ സെക്യൂരിറ്റിഗാർഡുകളേപ്പോലെ നിൽക്കുന്നു. അവിടം മുഴുവൻ മരങ്ങൾ , കെട്ടിടങ്ങൾ - ആർക്കാണ് പൊക്കം കൂടുതലെന്നു മത്സരിക്കുന്നു. വാകമരം മുടിയിൽ ചുവന്നപൂക്കൾ ചൂടി സൗന്ദര്യം പ്രദർശിപ്പിച്ചാണു നിൽപ്പ് . സ്കൂൾ അൽപ്പം അഭിമാനത്തിലാണ്, കാരണം നേവൽ ബെയ്സിനടുത്താണ് സ്കൂൾ . നേവിക്കാർ തങ്ങളെ കാത്തുരക്ഷിക്കുമെന്നെ വിശ്വാസം. പെട്ടെന്ന് അവിടൊരു വലിയ ശബ്ദം, പറന്നുകൊണ്ടിരുന്ന ഹെലികോപ്റ്റർ തായേക്കു പതിക്കുന്നു. പിന്നീടെന്താണ് സംഭവിച്ചതെന്നുള്ളത് അവിടെ കുടികൊള്ളുന്ന കെട്ടിടങ്ങൾ ഒളിച്ചുവച്ചു. ഒരു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ കേട്ടു ആ ഹെലികോപ്റ്റർ തകർന്നുവീണു, കത്തി, മരണം പൂകി, പൈലറ്റും സഹപൈലറ്റും ഇഹലോകം വെടിഞ്ഞുവെന്നും. സങ്കടം മനസ്സുകളിലേക്കൊഴുകി, വിശദവിവരമറിയാൻ സുചിത്രാമിസ്സ് ഫോണെടുത്ത് നേവിയിലുള്ള മകനെ വിളിച്ചു, 'ഔട്ട് ഓഫ് കവറേജ്' .
" എപ്പോഴുമവനങ്ങനാ, ഫോൺ വിളിച്ചാലെടുക്കില്ല, അല്ലെങ്കിൽ ' ഔട്ട് ഓഫ് കവറേജ്' പിന്നീടൊരു നൂറു 'സോറി ' യുടെ അകമ്പടിയോടെ അവൻറെ ഫോൺ ശബ്ദിക്കും. ഇനി പിന്നെ വിളിക്കാം." അവർ പ്രിൻസിപ്പലിൻറെ മുറിയിലെത്തി. കുറെ മുഖവുരയോടെയും മൂല്യപ്രഭാഷണത്തോടുംകൂടി ആ വാർത്ത , ഉയിരെടുക്കാൻപറ്റിയ വാർത്ത അവരുടെ ഹൃദയം പിളർന്നു . താഴെവീണ ഹെലികോപ്റ്റർ പറത്തിയിരുന്നത് ലെഫ്റ്റനൻറ് സാത്വിക്കായിരുന്നു. ആ വാർത്ത അവരെയും താഴെ വീഴ്ത്തി. കുറച്ചു സമയത്തേക്ക് എന്താ സംഭവിച്ചത്! അവർക്കറിഞ്ഞുകൂടായിരുന്നു, ബോധമകന്നുനിന്നു. ബോധംവന്നപ്പോൾ അവർ ആശുപത്രിക്കിടക്കയിൽ. വീട്ടിലെത്തിയപ്പോഴേക്കും മകനെ ഔദ്യോഗികബഹുമതികളോടെ യാതായയാക്കാൻ സർവ്വതും തയാർ. സർവ്വരും തയാർ. റീത്വിക്കിൻറെ ശരീരം ഹാ! വിടപറഞ്ഞുപോയി.
"പാവം, സുചിത്ര ഒത്തിരി കാത്തിരുന്നു കിട്ടിയ മോനാ സാഥ്വിക്! എങ്ങനെ സഹിക്കും? കഷ്ടം! എന്തുപറയാനാ!" അനുകമ്പ വാക്കുകളായി പലനാവുകളിൽ നിന്നും ബഹിർഗമിച്ച് ചുറ്റും വിഷാദം പരത്തി.
ഇനിയെന്ത്? എന്തുചെയ്യാൻ? എന്തിനു ജീവിക്കണം? ചോദ്യങ്ങൾ ദമ്പതികളുടെ ചുറ്റും തെയ്യമാടി. ഏതായാലും വിഷാദത്തിലേക്കു കടക്കുന്നതിനുമുമ്പ് അവർക്ക് വേണ്ടപ്പെട്ടവർ ഒരു ഭക്തിചാനൽ തുറന്നുകൊടുത്ത് അതിലേക്കാകർഷിച്ചു. മനസ്സിൻറെ ദുരവസ്ഥമാറാൻ കുറച്ചധികകാലം പിടിച്ചു. ഒരുദിവസം ക്ഷേത്രദർശനത്തിനെത്തിയ ദമ്പതികൾക്ക് പൂക്കൾ വിൽക്കാനായിട്ട് ഒരു ചെറിയ ആൺകുട്ടി വട്ടമിട്ടു നടന്നു. അവൻറെ കണ്ണുകൾ അതീവദയനീയതയുടെ കഥകൾ പറയുന്നതായി അവർക്കു തോന്നി," നീ ഏതുക്ലാസ്സിലാ കുഞ്ഞേ! പഠിക്കുന്നത്?"
"ഞാൻ പഠിക്കുന്നില്ല, അച്ഛനു വയ്യാ, മരുന്നു വാങ്ങിക്കാൻ ഞാനും അമ്മയും ജോലി ചെയ്യുവാ."
ദമ്പതികളുടെ മനസ്സ് കരുണനീരിൽ അലിഞ്ഞുപോയി. അവർ ആ കുട്ടിയെ പഠിപ്പിക്കാനും സഹായിക്കാനുമുള്ള തീരുമാനമെടുത്തു.
ദരിദ്രർക്കും അനാഥപ്പിള്ളേർക്കും സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും നൽകുന്ന ഒരു സ്ഥാപനം ആ സ്ഥലത്തു ജന്മംകൊണ്ടു. അവർ അത് നടപ്പാക്കാനുള്ള എല്ലാ പ്രതിബന്ധങ്ങളെയും അറുത്തുമാറ്റി. മൂല്യവും ദേശസ്നേഹവുംചേർത്ത ഒരു പാഠ്യപദ്ധതി ഒൻപതാംക്ലാസ്വരെ അവിടെ ഉരുത്തിരിഞ്ഞു.
Comments
Post a Comment